August 9 Sunday 2026

കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക’; ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സമര ജാഥ 16 മുതൽ

കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിക്കുന്ന സമര ജാഥ മെയ് 16 മുതൽ 30 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യവസ്ഥാപിത കൊലപാതകത്തിനിരയായ നിതിൻ രാജ് പഠിച്ച കണ്ണൂർ അഞ്ചക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥികൾ മെയ് 15ന് വൈകീട്ട് ജാഥ ക്യാപ്റ്റന് പതാക കൈമാറും. 16ന് രാവിലെ കാസർകോട് ടൗണിൽ ഉദ്ഘാടന സമ്മേളനം നടക്കും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൻ്റെ പൊതുമണ്ഡലവും ക്യാമ്പസുകളും ജാതിരഹിതമാണെന്നും വംശീയ വിവേചനങ്ങൾ അന്യം നിൽക്കുന്ന ഇടങ്ങളാണെന്നുമുള്ള പരമ്പരാഗതമായ ആഖ്യാനങ്ങളാണ് ഇവിടെ നിലനിൽക്കുന്നത്. കേരളത്തിലെ കാസസുകളിൽ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വസ്തുതയെ ഒരിക്കലും നിരാകരിക്കാൻ കഴിയില്ല. കോട്ടയം എം.ജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാർത്ഥിനിയായിരുന്ന ദീപ പി.മോഹനൻ തൻ്റെ അധ്യാപകൻ നന്ദകുമാർ കളരിക്കലിൽ നിന്ന് പത്തുവർഷത്തിലേറെയായി നേരിട്ട ജാതിവിവേചനവും കേരള സർവകലാശാലയിലെ സംസ്കൃത വിഭാഗത്തിൽ ദലത് ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയൻ എച്ച്.ഒ.ഡിയും ഡീനുമായ ഡോ. സി.എൻ.വിജയകുമാരിയിൽ നിന്നും നേരിട്ട ജാതി വിവേചനവും അധിക്ഷേപവുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രമാണ്. പഠന മേഖലയിൽ കൂടുതൽ സമയം ചെവഴിക്കേണ്ട സമയത്ത് സ്വന്തം നീതിക്കുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന ദുരവസ്ഥയാണ് ഇവിടുത്തെ മുസ് ലിം, ദലിത്, ആദിവാസി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ളത്. പലരും വ്യവസ്ഥാപിത കൊലപാതകത്തിനിരയാകുന്നു. ഏറ്റവും ഒടുവിൽ നിതിൻ രാജിൻ്റെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. നിതിൻ രാജിൻ്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക പോലും ചെയ്യാതെ സംരക്ഷിക്കുകയാണ് ഇവിടുത്തെ അധികാരി വർഗം.
ഇത്തരത്തിലുള്ള പ്രത്യക്ഷമായ വിവേചനങ്ങൾക്കപ്പുറത്ത് നമ്മുടെ ശ്രദ്ധയിൽ പെടാത്ത പരോക്ഷമായി നിലനിൽക്കുന്ന വിവേചനങ്ങളും കേരളത്തിലെ കാമ്പസുകളിൽ ഉണ്ടാകുന്നുണ്ട്. വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തിന് യാതൊരു വിലയും കൽപ്പിക്കപ്പെടാതെയുള്ള അധിക്ഷേപ വർഷങ്ങൾ കാമ്പസുകളിൽ ധാരാളമായുണ്ടാകുന്നു. ഇസ് ലാമോഫോബിയയുടെ ഇരയായി വസ്ത്രത്തിൻ്റെയും വേഷത്തിൻ്റെയുമെല്ലാം പേരിൽ ഒരുപാട് വിദ്യാർത്ഥികൾ പ്രത്യേകിച്ച് പെൺകുട്ടികളടക്കം അധിക്ഷേപിക്കപ്പെടുന്നുണ്ട്. ഈ സന്ദർഭത്തിലാണ് ജാതീയ വിവേചനങ്ങളോടൊപ്പം ഇസ് ലാമോഫോബിയക്കെതിരായ നടപടികൾ കൂടി ഉൾക്കൊള്ളിച്ചുള്ള നിയമനിർമ്മാണത്തെക്കുറിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസാരിക്കുന്നത്. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അമർച്ച ചെയ്യാൻ ശക്തവും സമഗ്രവുമായ നിയമനിർമ്മാണം ആവശ്യമാണെന്നും ആ നിലക്കാണ് രോഹിത് വെമുല ആക്ട് എന്ന ആശയം മുന്നോട്ടുവെക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളിലും ജാഥക്ക് സ്വീകരണം നൽകും. ജില്ല, മണ്ഡലം കേന്ദ്രങ്ങൾക്ക് പുറമെ മെഡിക്കൽ കോളേജുകൾ, എൻ.ഐ. ടി, പ്രാദേശിക യൂണിറ്റുകൾ എന്നിവിടങ്ങളിലും സ്വീകരണം നൽകും. സ്വീകരണ സമ്മേളനങ്ങളിൽ സാമുദായിക സംഘടന പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. കലാലയങ്ങളിൽ ജാതി വിവേചനത്തിനിരയായ നിതിൻ രാജിൻ്റെ കുടുംബമടക്കമുള്ളവരും പങ്കെടുക്കും. മെയ് 30ന് തിരുവനന്തപുരത്ത് ആയിരങ്ങൾ അണിനിരന്ന് നടക്കുന്ന റാലിയും അവകാശ സംരക്ഷണ സമ്മേളനത്തോടും കൂടിയാണ് ജാഥ സമാപിക്കുക.ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജനറൽ സെക്രട്ടറി ബാസിത് താനൂർ,വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കോഴിക്കോട് ജില്ല പ്രസിഡൻ്റ് മുജാഹിദ് മേപ്പയൂർ,കോഴിക്കോട് ജില്ല സെക്രട്ടറി ഫഹ്മി ഫരിയാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Related