August 9 Sunday 2026

തന്നെ അറസ്റ്റ് ചെയ്തത് സാർവദേശീയ ഗാനം പാടിയതിന് – കെ. സച്ചിദാനന്ദൻ

സാർവദേശീയ ഗാനം പാടിയതിന് 1981 ൽ തന്നെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത് കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന് കവി സച്ചിദാനന്ദൻ. ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന മാവോവാദി നേതാവ് രൂപേഷിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് സിപിഎമ്മിനെതിരെ പ്രസ്താവനയുമായി സച്ചിദാനന്ദൻ രംഗത്ത് എത്തിയത്. താനും സുഹൃത്തുക്കളും അറസ്റ്റിലായത് തങ്ങൾ സാംസ്കാരിക വേദിയുടെ പ്രവർത്തകർ ആയതിനാലാണ്. ഇപ്പോഴും തന്റെ കയ്യിൽ ആ ചാർജ് ഷീറ്റ് ഉണ്ടെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കഴുത്തിൽ നമ്പർ തൂക്കിയിടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വളരെ ചെറുപ്പം മുതലേ തനിക്ക് ജയിലുമായി ബന്ധമുണ്ട്. ഇനിയും ജയിലിൽ കഴിയാൻ തനിക്ക് ഭയമില്ല. അതുകൊണ്ടാണ് കർഷക സമരത്തിൽ പങ്കെടുത്തത്.

ഏത് അവസരത്തിലും തീവ്രവാദ ചാപ്പയടിച്ച് ആളുകളെ ജയിലിൽ അടക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത്. ഈ കാലത്ത് തീവ്രവാദി എന്ന വാക്കിന്റെ അർത്ഥം വിശാലമായി മാറി. മുസ്ലിം നാമം ഉണ്ടായാൽ, മാർക്സിന്റെ പേര് പറഞ്ഞാൽ, ഭരണ വ്യവസ്ഥിതിയുടെ ജനാധിപത്യമില്ലായ്മയെ ചോദ്യം ചെയ്താൽ, തീവ്രവാദിയായി മുദ്രകുത്തപ്പെടുമെന്ന് സച്ചിദാനന്ദൻ പറഞ്ഞു.

രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെ ഇടതുപക്ഷ സർക്കാരാണ് നോവലിന് അനുമതി നിഷേധിച്ചത്. അന്നും സച്ചിദാനന്ദൻ അതിനെതിരെ രംഗത്തുവന്നിരുന്നു. 11 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം മാർച്ച് മാസമാണ് രൂപേഷ് ജയിൽ മോചിതനായത്.

Related