ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിൽ പങ്കുചേർന്നും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചും നടനും സംവിധായകനുമായ പ്രകാശ് രാജ്. ശരിയായ മരണത്തിന് മുമ്പ് മരിക്കാൻ തനിക്ക് കഴിയില്ലെന്നും, ഭയം കാരണമാണ് വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കുചേരാൻ ബോളിവുഡ് നടന്മാർ അടക്കമുള്ള സെലിബ്രിറ്റികൾ മടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അദ്ദേഹം സന്ദർശിച്ചു.
“അവർ ഒന്നിച്ചു ചേർന്നിരിക്കുകയാണ്. രാജ്യത്തുടനീളം അവർ സമാധാനപരമായി പ്രതിഷേധിക്കുന്നു. അവർ രാജ്യം മുഴുവനും യാത്ര ചെയ്തു. എന്നിട്ടും അത് നിഷേധിക്കാനാണ് നമ്മുടെ സർക്കാർ ശ്രമിക്കുന്നത്. നമ്മുടെ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല. മേക്ക് ഇൻ ഇന്ത്യ നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഒരു സർക്കാർ, വിദ്യാർത്ഥികളുടെ ജീവനെടുക്കുന്ന ചോദ്യപേപ്പർ ചോർച്ചയ്ക്ക് കൂട്ടുനിൽക്കുമ്പോൾ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്… എന്നിട്ടും അവരെ പാറ്റകളെന്നും രാജ്യദ്രോഹികളെന്നും വിളിക്കാനുള്ള ധാർഷ്ട്യം നിങ്ങൾക്കുണ്ട്… ഇതൊരു ശ്രദ്ധേയമായ പോരാട്ടമാണ്. ഇതൊരു സമാധാനപരമായ സമരമാണ്. ഈ രാജ്യത്തെ യുവാക്കളെക്കുറിച്ച് എനിക്ക് വലിയ അഭിമാനമുണ്ട്. അവർ അക്രമത്തിലേക്ക് തിരിഞ്ഞില്ല, പകരം പൂക്കളുമായാണ് അവർ വന്നിരിക്കുന്നത്.” – പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രകാശ് രാജ് പറഞ്ഞു.
ഒരു മാധ്യമപ്രവർത്തകനുമായി സംസാരിക്കവെയാണ് സിജെപി പ്രക്ഷോഭത്തിനു നേരെയുള്ള സെലിബ്രിറ്റികളുടെ മൗനത്തെ അദ്ദേഹം വിമർശിച്ചു. അണ്ണാ ഹസാരെ സമരം നടത്തിയപ്പോൾ പിന്തുണച്ച ആമിർ ഖാൻ, അനുപം ഖേർ, അമിതാഭ് ബച്ചൻ തുടങ്ങിയ സെലിബ്രിറ്റികൾ സിജെപിയെ പിന്തുണക്കാൻ മടിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രകാശ് രാജിന്റെ മറുപടി ഇപ്രാകരമായിരുന്നു:
‘വ്യാജം പറയുന്നതിനെയാണ് ഭയക്കേണ്ടത്. നേര് പറയുന്നതിനെ എന്തിന് ഭയക്കണം? നഷ്ടപ്പെടാൻ എന്താണുള്ളത്? സത്യസന്ധത നഷ്ടപ്പെടുത്തരുത്. ഞാനിത് ചെയ്യുന്നത് എനിക്കു വേണ്ടി തന്നെയാണ് രാജ്യത്തിന് വേണ്ടിയല്ല.. എന്റെ ബോധം ഒന്നേയുള്ളൂ. വിദ്യാഭ്യാസമുള്ള, ലോകം കണ്ടയാളാണ് ഞാൻ. അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയുമെല്ലാം ചരിത്രം അറിയുന്ന നമുക്ക് ഒരൽപം വേദനയെങ്കിലും സഹിക്കാൻ കഴിയില്ലേ? എനിക്ക് മരണത്തിനു മുമ്പ് മരിക്കേണ്ട.’ – പ്രകാശ് രാജ് പറഞ്ഞു.
നേരത്തെ തന്നെ സി ജെ പി ക്ക് പിന്തുണ പ്രഖ്യാപിച്ചയാളാണ് പ്രകാശ് രാജ്. ബംഗളൂരുവിൽ നടന്ന സിജെപി റാലിയിൽ പങ്കെടുത്ത അദ്ദേഹം, പാകിസ്താനികൾ അല്ലെങ്കിൽ തീവ്രവാദികൾ തുടങ്ങിയ മുദ്രകുത്തലുകളിൽ ഭയക്കരുതെന്നും സ്വന്തം ഭാവിക്കായി പോരാടണമെന്നും യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു.
