August 11 Tuesday 2026

‘ഞാനെന്ന ഭാരതീയൻ’ ചില സന്ദേഹങ്ങൾ വിതയ്ക്കുന്നുണ്ട്

azad

‘ഞാനെന്ന ഭാരതീയൻ’ ഒരു ആത്മപ്രകാശന ശീർഷകമാണ്. പ്രശസ്ത ആർക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദിന്റെ ആത്മകഥ. കഴിഞ്ഞ ദിവസം ഡോ. ഉമർ തറമ്മലിന്റെ അലിഗഢ് അനുഭവക്കുറിപ്പുകൾ വായിച്ചപ്പോൾ തീർത്തും ആകസ്മികമായി മുഹമ്മദിൽ എത്തി. അദ്ദേഹത്തിന്റെ പേപ്പറുകളും പുസ്തകങ്ങളും അഭിമുഖങ്ങളും തേടി വായിക്കാതെ തരമില്ലെന്നു വന്നു. അങ്ങനെയാണ് പഴയ പത്രത്താളുകൾ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ടുകൾ, വിയോജിക്കുന്നവരുടെ വാദമുഖങ്ങൾ എന്നിവയൊക്കെ തേടാൻ ഇടയായത്. ആത്മകഥ കിട്ടി വളരെ വേഗം വായിച്ചു.

കെ.കെ മുഹമ്മദ് രാജ്യത്തെ മികച്ച ആർക്കിയോളജി വകുപ്പുദ്യോഗസ്ഥൻ ആയിരുന്നു. സമയനിഷ്ഠമായി പ്രതിബദ്ധതയോടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചു. കാടുമൂടിപ്പോകുമായിരുന്ന പല ചരിത്ര സ്മാരകങ്ങളും ക്ഷേത്രങ്ങളും പുനരുദ്ധരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ചുവപ്പുനാടകളിൽ കുടുങ്ങി ഒരു നല്ല വികസന പ്രവൃത്തിയും ഇല്ലാതാവരുതെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കൊള്ളക്കാരായാലും നക്സലൈറ്റുകളായാലും ഉദ്യോഗസ്ഥ മേധാവിത്തമായാലും എതിർനിൽക്കുന്ന തടസ്സങ്ങൾ നീക്കുന്നതിലുള്ള സാമർത്ഥ്യവും ധീരതയും മുഹമ്മദിനെ ശ്രദ്ധേയനാക്കി. 2019ൽ പത്മശ്രീ ബഹുമതി ലഭിച്ചു.

മികച്ച ട്രാക്റിക്കാർഡാണ് മുഹമ്മദിന്റേത്. സേവനത്തിന്റെയും സമർപ്പണത്തിന്റെയും ഉത്തമ മാതൃക. എന്നിട്ടും ചില പൊരുത്തക്കേടുകൾ അദ്ദേഹത്തിന്റെ വാക്കും വാസ്തവവും തമ്മിൽ കണ്ടു. വളരെ ആത്മനിഷ്ഠമായ തോന്നലുകളെ ഒരുവിധ വിശകലനങ്ങൾക്കും വിട്ടുകൊടുക്കാതെ എകപക്ഷീയ വിധികളായി വിളിച്ചുപറയുന്ന രീതി കണ്ടു. സാക്ഷാൽ ശിവഭഗവാൻ സ്വപ്നത്തിൽ വന്നു തോന്നിച്ചത് അതേമട്ട് സംഭവിച്ചു എന്നുപോലും എഴുതി വെക്കുന്നവിധം ആത്മനിഷ്ഠ സമീപനം വളർന്നു. രാജ്യത്തെ മികച്ച ആർക്കിയോളജിസ്റ്റ് ആയിട്ടും ശ്രദ്ധേയമായ ഒരു പേപ്പറോ പുസ്തകമോ പര്യവേഷണ റിപ്പോർട്ടോ പ്രസിദ്ധീകരിച്ചു കണ്ടില്ല. അത്തരം രചനകൾക്കും സമീപനങ്ങൾക്കും വേണ്ട തത്വവും യുക്തിയും അദ്ദേഹത്തിന്റെ പര്യവേഷണസംബന്ധിയായ അഭിപ്രായ പ്രകടനങ്ങളിൽ കാണുന്നുമില്ല. എന്തുകൊണ്ടാവും അത്?

ആത്മകഥകൾ ഏറെയും സ്വയംപുകഴ്ത്തലുകളാകാറുണ്ട്. അതിൽ പരിഭവപ്പെടുന്നില്ല. എന്നാൽ, രാജ്യം മുഴുവൻ അറിയുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന വിഷയങ്ങളിൽ അങ്ങനെ വരാമോ? ”1976 -77 കാലത്താണ് എനിക്ക് ആർക്കിയോളജി പഠനകാലത്ത് അയോദ്ധ്യാ പര്യവേഷണത്തിന് അവസരം ലഭിച്ചത്” എന്ന വാക്യം കണ്ടാൽ അദ്ദേഹത്തെയാണ് അധികാരികൾ അതേൽപ്പിച്ചത് എന്നേ തോന്നൂ. ”പര്യവേഷണത്തിനായി ഞാനവിടെ എത്തുമ്പോൾ ബാബരി മസ്ജിദിന്റെ ചുമരുകളിൽ ക്ഷേത്രത്തൂണുകളുണ്ടായിരുന്നു” എന്ന് പിറകിൽ വരുന്ന മറ്റൊരു വാക്യവും ഞാൻ എന്ന അധീശത്വം വിളിച്ചോതുന്നു.

വാസ്തവത്തിൽ 1976-77ലെ പര്യവേഷണസംഘത്തിൽ നിയോഗിക്കപ്പെട്ട അംഗമായിരുന്നോ കെ.കെ മുഹമ്മദ്? അങ്ങനെയൊരു നിയമന രേഖ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ. പര്യവേഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രൊഫ. ബി.ബി ലാലിന്റെ വകുപ്പിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിനു ചേർന്ന പന്ത്രണ്ടു പേരിൽ ഒരാൾ മാത്രമായിരുന്നില്ലേ കെ.കെ മുഹമ്മദ്? ആ വർഷങ്ങളിൽ പുറത്തിറങ്ങിയ ആർക്കിയോളജി സർവ്വേയുടെ വാർഷിക റിപ്പോർട്ടുകളിൽ അദ്ദേഹത്തിന്റെ പേരോ അദ്ദേഹം പിന്നീട് പുറത്തുവിട്ട വിവരങ്ങളോ കാണാത്തത് എന്തുകൊണ്ടാണ്? ഇനി പര്യവേഷണത്തിന്റെ പൂർണറിപ്പോർട്ട് ബി.ബി ലാൽ രേഖപ്പെടുത്തിയത് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ആർ.എസ്എ.സ് അനുഭാവിയായിരുന്ന ലാൽ മന്ഥനിലും കെ.കെ മുഹമ്മദ് ഓർഗനൈസറിലും വെളിപ്പെടുത്തുന്ന വിവരങ്ങൾ ഔദ്യോഗിക റിപ്പോർട്ടുകളായി കാണാൻ പറ്റില്ലല്ലോ.

ബാബരി മസ്ജിദിനടിയിൽ ക്ഷേത്രമുണ്ടായിരുന്നു എന്ന് വളരെ ആധികാരികതയോടെ പറയാൻ, താൻ പര്യവേഷണ സംഘത്തിലെ ഏക മുസ്ലീം അംഗമായിരുന്നു എന്ന് ഇങ്ങനെ തറപ്പിച്ചും ഉറപ്പിച്ചും ആവർത്തിച്ചും പറയേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ബി.ബി ലാൽ അങ്ങനെ ഒരു ആധികാരിക റിപ്പോർട്ട് നൽകിയിരുന്നൃങ്കിൽ അത് മുഖവിലയ്ക്ക് എടുക്കാം. അന്നത്തെ ഒരു ഡിപ്ലോമ വിദ്യാർത്ഥി പ്രൊഫ. ലാലിനെ മറികടന്ന് കാണിക്കുന്ന ഉത്സാഹം ഒരുതരം അമിതമായ ആധികാരികതാനാട്യമാണ്. അപഹാസ്യമാണത്. ഇബാദത് ഖാന ഉദ്ഖനനവും മുഹമ്മദിന്റെ നേതൃത്വത്തിൽ ആയിരുന്നില്ല. എങ്കിലും ആർക്കിയോളജി അസിസ്റ്റന്റ് എന്നതിൽ കവിഞ്ഞ ഇടപെടൽ നടത്താൻ അന്ന് അദ്ദേഹത്തിന് സാധിച്ചു കാണണം. പ്രൊഫ. രാമചന്ദ്ര ഗോറിനെപ്പോലെയുള്ള പ്രശസ്തരായ ചരിത്രകാരന്മാർ ആ സംഘത്തെ നയിക്കുന്നുണ്ടായിരുന്നു. ഒരു പര്യവേഷണ സംഘം ആ സംഘത്തെ നയിച്ചവരുടെ പേരിലാണ് സാധാരണ അറിയപ്പെടുക. ആ പതിവിലൊന്നും മുഹമ്മദിന് വിശ്വാസം കാണില്ലെന്ന് കരുതാം. വാസ്തവത്തിൽ മുഹമ്മദിന്റെ പര്യവേഷണ വൈഭവം സംഘത്തിന്റെ തലവൻ രേഖപ്പെടുത്തിയിരുന്നെങ്കിൽ അതാകും വലിയ അംഗീകാരമാവുക. അതു കാണുന്നില്ല.

ബാബരി മസ്ജിദ് ഹിന്ദുക്കളുടെ പുണ്യക്ഷേത്രമാണെന്നും മുസ്ലീങ്ങൾക്ക് മക്കയും മദീനയും എന്നപോലെ ഹിന്ദുക്കൾക്ക് ഏറെ പ്രധാനപ്പെട്ടതാണ് അതെന്നും സ്ഥാപിക്കാൻ ആർഎസ്എസ് സംഘ്പരിവാരങ്ങളെക്കാൾ വലിയ താൽപ്പര്യവും ഉത്സാഹവുമാണ് കെ.കെ മുഹമ്മദ് കാണിക്കുന്നത്. ബാബരി മസ്ജിദ് വിട്ടുകൊടുക്കാൻ മുസ്ലീങ്ങൾ വിട്ടുവീഴ്ച്ചയ്ക്ക് ഒരുക്കമായിരുന്നെന്നും എസ്. ഗോപാൽ, റോമീലാ ഥാപ്പർ, ബിപിൻചന്ദ്ര തുടങ്ങിയ ഇടതുപക്ഷ ചരിത്രകാരന്മാരാണ് മുസ്ലീങ്ങളിൽ ശാഠ്യം നിറച്ചതെന്നും പലയിടത്തും പറയുന്നുണ്ട് മുഹമ്മദ്. വിശ്വഹിന്ദു പരിഷത്തും ആർഎസ്എസ്സുമൊക്കെയായി അദ്ദേഹത്തിന് ഒരു ‘ഭാരതീയ ബന്ധം’ വളർന്നുവന്നത് എങ്ങനെയാണാവോ!

‘അശോക് സിംഗാൾജി’ക്കും ‘സുദർശൻജി’ക്കും ഔദ്യോഗികചട്ടങ്ങൾ മറികടന്ന് കത്തെഴുതുന്നുണ്ട് മുഹമ്മദ്. മറ്റുള്ളവരെക്കുറിച്ചു പറയുമ്പോഴില്ലാത്ത ഒരു ‘ജി’യുടെ അധികതൂക്കം ആ പേരുകൾക്കു പിറകിൽ ചേർക്കുന്നുമുണ്ട്. ”അന്നത്തെ ശങ്കരാചാര്യർ സത്യേന്ദ്ര ഹരസ്വതി എന്നെ ചില ദൗത്യങ്ങളേൽപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനാലാവാം ഈ പരിഗണന” എന്ന് ഒരിടത്ത് എഴുതുന്നതും നോക്കൂ. ഈ പറഞ്ഞവരാരും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റീജിനൽ ഡയറക്ടരുടെ മേലധികാരികൾ അല്ലല്ലോ. കെ.കെ മുഹമ്മദിന് ആർക്കിയോളജിയുടെയും ചരിത്രത്തിന്റെയും ജ്ഞാനവഴികളും രീതികളും അറിയാതെ വരില്ല. ചരിത്ര വേരുകൾ തേടിപ്പോകുമ്പോൾ ഏകപക്ഷീയമായ തോന്നലുകളിൽ പാറുകയല്ല വേണ്ടത്. ബാബരി മസ്ജിദിലെ ഉദ്ഖനനം സംബന്ധിച്ച് പണ്ഡിതരും പ്രഗത്ഭരുമായ ആളുകൾ ഉയർത്തിയ സംശയങ്ങൾ തെളിവുകളുടെ പിൻബലത്തിൽ ദുരീകരിക്കാനോ വിശദീകരിക്കാനോ മുഹമ്മദിന് കഴിഞ്ഞിട്ടില്ല. അവ്വിധം ഒരു പേപ്പർപോലും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടില്ല.

ആധികാരികമല്ലാത്ത കാഴ്ച്ചകളും പ്രസ്താവനകളുംകൊണ്ട് രാജ്യചരിത്രത്തിലെ വലിയ കലഹങ്ങൾക്കും അട്ടിമറികൾക്കും രക്തച്ചൊരിച്ചിലുകൾക്കും വഴിമരുന്നിട്ടുകൂടാത്തതാണ്. മുമ്പൊരു കെ.കെ നായർ എന്ന മലയാളി മജിസ്ത്രേട്ട് ബാബരി മസ്ജിദിൽ ചിലർ ഒളിച്ചു കടത്തിയ പ്രതിഷ്ഠ എടുത്തുമാറ്റാതെ സംരക്ഷിച്ച കഥ നാം കേട്ടിട്ടുണ്ട്. ഈ മലയാളി ആർക്കിയോളജിസ്റ്റ് സമാനമായ ഒരു സഹായമാണ് ഇന്ത്യൻ ഫാഷിസ്റ്റുകൾക്ക് ചെയ്തുകൊടുത്തത് എന്നു വിചാരിക്കേണ്ടിവരുന്നതിൽ വേദനയുണ്ട്.

ഞാനെന്ന ഭാരതീയൻ എന്ന് ഇക്കാലത്ത് സ്വയം പരിചയപ്പെടുത്തുന്ന ഒരാൾ ചില സന്ദേഹങ്ങൾ വിതയ്ക്കുന്നുണ്ട്. ഇന്ത്യക്കാരൻ എന്ന് പട്ടികയിൽ പേരുവരാൻ തെളിവുകൾ തികയാതെ പുറംതള്ളപ്പെടുന്ന അനേകലക്ഷം മനുഷ്യരുടെ നിലവിളികൾ നാം കേൾക്കുന്നു. അതിനിടയിൽ പേരുകൊണ്ടും ജീവിതംകൊണ്ടും അവരെ പ്രതിനിധീകരിക്കേണ്ട ഒരാൾ അഭിമാനപൂർവ്വം ഞാനെന്ന ഭാരതീയനെ അവതരിപ്പിക്കുന്നു! ഒരു വിഖ്യാതനായ കോഴിക്കോട്ടുകാരനെപ്പറ്റി അഭിമാനംകൊള്ളേണ്ടതാണ്. പക്ഷേ, ഇപ്പോൾ വ്യസനവും ആശങ്കയും ഭയവും മാത്രമാണ് നിറയുന്നത്.

Related