September 17 Thursday 2026

അദീന മസ്ജിദിനു മേൽ അവകാശവാദവുമായി ഹിന്ദുത്വ സംഘടനകൾ

പശ്ചിമ ബംഗാളിലെ ചരിത്രപ്രസിദ്ധമായ അദീന മസ്ജിദ് പുരാതന ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നിരിക്കുന്നു. മാൾഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പതിനാലാം നൂറ്റാണ്ടിലെ ഈ പള്ളിക്കുള്ളിൽ ഹിന്ദു ആചാരങ്ങൾ നടത്താനുള്ള ശ്രമങ്ങൾ പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള സ്മാരകമാണിത്.

​’ഹിന്ദു സുരക്ഷാ സമിതി’ എന്ന സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലൈ 27-ന് പള്ളിക്ക് പുറത്ത് ഒന്നര ടൺ ഭാരമുള്ള വലിയൊരു ശിവലിംഗം കൊണ്ടുവന്ന് പൂജകൾ നടത്തിയിരുന്നു. അടുത്ത വർഷം പള്ളിക്കുള്ളിൽ തന്നെ പൂജ നടത്തുമെന്നും, ഇതിനായി കോടതി ഉത്തരവില്ലെങ്കിലും പിന്നോട്ടില്ലെന്നുമാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ അഭിജിത് ദാസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആർ.എസ്.എസുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണിത്.

പള്ളി മുൻപ് ശിവക്ഷേത്രമായിരുന്നുവെന്ന വാദത്തിന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സമീക് ഭട്ടാചാര്യയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
​അതേസമയം, ഹിന്ദുത്വ സംഘടനകളുടെ അവകാശവാദങ്ങളെ ചരിത്രകാരന്മാർ പൂർണ്ണമായും തള്ളിക്കളഞ്ഞു. പേർഷ്യൻ ഭാഷയിൽ ‘വെള്ളിയാഴ്ച’ എന്നാണ് അദീന എന്ന വാക്കിന്റെ അർത്ഥമെന്നും, ഇതൊരു ജുമാ മസ്ജിദാണെന്നും ചരിത്രകാരനായ ദീപാഞ്ജൻ ഘോഷ് വ്യക്തമാക്കി. 1369-ൽ സുൽത്താൻ സിക്കന്ദർ ഷായാണ് മസ്ജിദ് പണികഴിപ്പിച്ചത്. നിർമ്മാണത്തിന് താമരയുടെ കൊത്തുപണികൾ ഉൾപ്പെടെയുള്ള പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അതൊരിക്കലും ഒരു ക്ഷേത്രം തകർത്തു എന്നതിന് തെളിവല്ല. മധ്യകാലഘട്ടത്തിൽ ഇത്തരം നിർമ്മാണ രീതികൾ സർവ്വസാധാരണമായിരുന്നു. ജീർണ്ണാവസ്ഥയിലുള്ള യഥാർത്ഥ ഹൈന്ദവ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ തയ്യാറാകാത്തവർ സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ചരിത്രകാരന്മാർ വിമർശിക്കുന്നു.

​ഇതിനിടെ പള്ളിക്കുള്ളിൽ സർവേ നടത്താനും ആരാധനയ്ക്കുള്ള അനുമതിയും തേടി കൊൽക്കത്ത ഹൈകോടതിയിൽ ഒരു പൊതുതാത്പര്യ ഹരജി ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്യാൻവാപി, മഥുര കേസുകളിൽ ഹിന്ദുത്വ സംഘടനകൾക്ക് വേണ്ടി ഹാജരാകുന്ന ഹരിശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ എന്നീ അഭിഭാഷകരാണ് ഇതിനു പിന്നിലും. അദീന മസ്ജിദിന് പുറമെ ഹൂഗ്ലിയിലെ ബംഗാളിലെ ഏറ്റവും പഴക്കമുള്ള മുസ്‌ലിം സ്മാരകമായ സഫർ ഖാൻ ഗാസി പള്ളിയും ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും മിശ്രവിവാഹങ്ങൾ നിരോധിക്കണമെന്നും ഹിന്ദു സുരക്ഷാ സമിതി ആവശ്യപ്പെടുന്നുണ്ട്.

​എ.എസ്.ഐ ചട്ടപ്രകാരം സംരക്ഷിത സ്മാരകങ്ങളിൽ പുതിയ ആരാധനാ കർമ്മങ്ങൾ അനുവദനീയമല്ല. മസ്ജിദിനുള്ളിൽ പൂജകൾ നടന്നെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വന്ന വ്യാജ പ്രചാരണങ്ങൾ മാൾഡ പൊലീസ് തള്ളിയിട്ടുണ്ട്. എ.എസ്.ഐ നിശ്ചയിച്ച അതിർത്തിക്ക് പുറത്താണ് പരിപാടി നടന്നതെന്നും ബി.ജെ.പിക്ക് ഇതിൽ ഔദ്യോഗിക പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ, നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്ത് എങ്ങനെ പള്ളിക്ക് സമീപം പരിപാടി നടത്താൻ അനുമതി നൽകി എന്നതിൽ പൊലീസിന് വ്യക്തമായ മറുപടിയില്ല.

​ചരിത്രമുറങ്ങുന്ന അദീന മസ്ജിദ് :

​ബംഗാൾ സുൽത്താനേറ്റിലെ ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരി സിക്കന്ദർ ഷായാണ് അദീന മസ്ജിദിന്റെ നിർമ്മാണം ആരംഭിച്ചത്. ഡൽഹി സുൽത്താനേറ്റിനെതിരായ രണ്ട് വലിയ വിജയങ്ങളുടെ പ്രതീകമായാണ് 1373-ൽ പാണ്ഡുവ നഗരത്തിൽ ഈ കൂറ്റൻ പള്ളി പണികഴിപ്പിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ പള്ളികളിലൊന്നായ ഇത്, സിറിയയിലെ ഡമാസ്കസിലുള്ള ഉമയ്യദ് മസ്ജിദിന്റെ വാസ്തുവിദ്യയോട് വലിയ സാമ്യമുള്ളതാണ്. അറബ്, പേർഷ്യൻ, ബംഗാളി, ബൈസന്റൈൻ ശൈലികളുടെ മികച്ച സങ്കലനമാണിത്. മസ്ജിദ് നിർമ്മിച്ച സിക്കന്ദർ ഷായെ അടക്കം ചെയ്തിരിക്കുന്നതും ഇതേ പള്ളിക്കുള്ളിൽ തന്നെയാണ്.

Related