August 9 Sunday 2026

ഹിന്ദുത്വ മാര്‍ക്‌സിസം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ചര്‍ച്ച മുസ്ലിം രാഷ്ട്രീയത്തെയും മുസ്ലിംകളുടെ സാമൂഹിക രാഷ്ട്രീയ സാന്നിധ്യത്തെയും സംബന്ധിച്ചുള്ളതാണ്. സ്വാഭാവികമായും ഹിന്ദുത്വ വംശീയത അതിന്റെ ഏറ്റവും വലിയ മൂര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്ത്, സംഘ്പരിവാര്‍ പ്രത്യയശാസ്ത്രപരമായിത്തന്നെ ശത്രുപക്ഷത്ത് നിര്‍ത്തിയ മുസ്ലിംകളെ കുറിച്ച് രാഷ്ട്രീയവും സാമൂഹികവുമായ ആലോചനകള്‍ ഉണ്ടാവേണ്ടതുമാണ്. പക്ഷേ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന മുസ്ലിം സംബന്ധിയായ ചര്‍ച്ചകള്‍ ഒരിക്കലും ഫാഷിസത്തിന് ഇരയാകുന്ന ഒരു സമുദായത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയോ രാഷ്ട്രീയ സാഹോദര്യത്തിന്റെയോ ഭാഷയിലുള്ളതല്ല. മറിച്ച്, സംഘ്പരിവാര്‍ തന്നെ മുസ്ലിം ന്യൂനപക്ഷത്തെ അന്യവല്‍ക്കരിക്കാനും അപരവല്‍ക്കരിക്കാനും ഉപയോഗിക്കുന്ന ഭാഷയും ശൈലിയും രീതികളും കേരളത്തിന്റെ പൊതുമണ്ഡലത്തിന്റെ മൊത്തം സവിശേഷതയായി മാറുന്ന കാഴ്ചയാണ് നിര്‍ഭാഗ്യവശാല്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും സുപ്രധാനമായ പങ്ക് വഹിക്കുന്നത് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്നു പറയുന്ന ഭരണ പാര്‍ട്ടിയായ സി പി എം തന്നെയാണ്.

പിണറായി വിജയന്‍ എന്ന കേരളത്തിന്റെ മുഖ്യമന്ത്രി നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ മുസ്ലിം സമുദായത്തില്‍ തീവ്രവാദ ചിന്തകള്‍ ഉള്ളവരുണ്ടെന്നും അവര്‍ക്കെതിരായ നിലപാടുകള്‍ സമൂഹം കൈക്കൊള്ളണം എന്നുമാണ്. എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്ന തീവ്രവാദം എന്നോ ആരാണ് അത് പ്രവര്‍ത്തിക്കുന്നത് എന്നോ വസ്തുനിഷ്ഠമായി തെളിയിക്കാനും പ്രശ്‌നവല്‍ക്കരിക്കാനും മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹം വലതുപക്ഷ ആഖ്യാനങ്ങള്‍ നിരന്തരമായി പറഞ്ഞു കൊണ്ടേയിരിക്കുകയുമാണ്. സി പി എം നിരന്തരമായി ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ മുസ്ലിംവിരുദ്ധ ആഖ്യാനങ്ങളെ കേവല വോട്ട്ബാങ്ക് രാഷ്ട്രീയമായി മാത്രം കാണാന്‍ കഴിയില്ല. സ്വാഭാവികമായും മുസ്ലിംവിരുദ്ധമായ ഹിന്ദു – ക്രിസ്ത്യന്‍ ബോധങ്ങളെ നിര്‍മിച്ചെടുത്ത് അത് തങ്ങളുടെ വോട്ട്ബാങ്ക് ആക്കി മാറ്റാം എന്ന് സ്വന്തം പാര്‍ട്ടി വോട്ടുകള്‍ തന്നെ ബി ജെ പിയിലേക്ക് കുത്തിയൊലിച്ചു പോകുന്ന സി പി എം ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. പക്ഷെ, അതിലുമുപരിയായി നില്‍ക്കുന്ന പ്രത്യയശാസ്ത്രപരമായ ഒരു പരാജയമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളിലൂടെ സി പി എം വ്യക്തമാക്കുന്നത്.

ഹിന്ദുത്വ വംശീയതയുടെ കാലത്ത് മജോരിറ്റേറിയന്‍ വംശീയയുക്തിക്ക് കുട പിടിക്കുക എന്നതിലേക്ക് സി പി എം എത്തിപ്പെട്ടു എന്നത് ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എത്താന്‍ കഴിയുന്ന താഴ്ചയുടെ അങ്ങേയറ്റമാണ്. മുസ്ലിം ന്യൂനപക്ഷം വംശീയാതിക്രമങ്ങള്‍ നേരിടുന്ന കാലത്ത് മുസ്ലിംകളെ വീണ്ടും അന്യവല്‍ക്കരിക്കുന്ന സമീപനം സ്വീകരിക്കുക വഴി സി പി എം ചരിത്രത്തില്‍ തുല്യതയില്ലാത്ത വഞ്ചനയാണ് മുസ്ലിം സമുദായത്തോട് ചെയ്യുന്നത്.

ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും മാധ്യമപ്രചാരണങ്ങളും രണ്ടാം പിണറായി സര്‍ക്കാരിന് ശേഷം സി പി എം സവിശേഷമായി എടുക്കുന്ന തീരുമാനങ്ങളുടെ ഭാഗമാണെങ്കിലും മുസ്ലിംവിരുദ്ധമായ സമീപനങ്ങള്‍ എളുപ്പത്തില്‍ എടുക്കാനും വേഗത്തില്‍ പ്രയോഗിക്കാനും കഴിയുന്ന ഇസ്ലാമോഫോബിക് ബോധമണ്ഡലം സി പി എമ്മിനകത്ത് കാലങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു സാംസ്‌കാരികതയെ ആഘോഷിക്കുകയും അതിലൂടെ മികച്ച ഒരു മുസ്ലിംവിരുദ്ധ പാര്‍ട്ടിയാണ് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയലൈന്‍ സ്വീകരിക്കുന്നതിലൂടെ സി പി എം ഒരു ഹിന്ദുത്വ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായി കൂടുതല്‍ പരിണമിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. ഹിന്ദുത്വ വംശീയതയുടെ കാലത്ത് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാതിരിക്കുന്ന സി പി എം മുസ്ലിം ശരീരങ്ങള്‍ക്കു മേല്‍ നിരന്തരം നോട്ടങ്ങള്‍ പതിപ്പിക്കുന്നത് വഴി ഹിന്ദുത്വയുടെ അതേ ധര്‍മ്മം നിര്‍വഹിക്കുകയും സംഘ്പരിവാര്‍ പദ്ധതികളുടെ ഭാഗമായിത്തീരുകയും ചെയ്യുകയാണ്.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും രക്ഷ നേടാനാണ് സി പി എം ഇത്തരമൊരു ലൈന്‍ സ്വീകരിക്കുന്നത് എന്ന് പറയുന്നവരുണ്ട്. പക്ഷെ, ഈ ലൈന്‍ സ്വീകരിക്കാന്‍ സി പി എമ്മിന് എളുപ്പത്തില്‍ കഴിയുന്നത് അത് നിലകൊള്ളുന്ന രാഷ്ട്രീയ മണ്ഡലത്തിന്റെ രാഷ്ട്രീയവും ധാര്‍മികവുമായ അപചയത്തിന്റെയും ഹിന്ദുത്വവല്‍ക്കരണത്തിന്റെയും തെളിവാണ്.

ദേശവിരുദ്ധര്‍ – മതേതരത്വത്തോട് കൂറില്ലാത്തവര്‍

മുസ്ലിം സംഘടനകളെ കുറിച്ചും സമുദായത്തെക്കുറിച്ചും നടത്തിയ മുഖ്യമന്ത്രിയുടെ പ്രസ്താവനകളില്‍ മുഴച്ചു നില്‍ക്കുന്ന കാര്യം സംഘ്പരിവാര്‍ മുസ്ലിംകളെ കുറിച്ച് പ്രചരിപ്പിക്കുന്ന നരേറ്റീവിന്റെ അതേ അംശങ്ങളാണ്. ‘ദ ഹിന്ദു’വില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അനധികൃതമായ വിദേശസമ്പത്ത് മലപ്പുറത്തേക്ക് എത്തുന്നു എന്ന് പറയുന്നുണ്ട്. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തുകയും അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയുകയും ചെയ്തു. പക്ഷെ, മുഖ്യമന്ത്രിയുടെ പൊതുവായ ശൈലികളില്‍ നിന്നും സി പി എമ്മിന്റെ പൊതുവായ രീതികളില്‍ നിന്നും മുഖ്യമന്ത്രിയുടെ തിരുത്ത് ഒരു രാഷ്ട്രീയ തിരുത്തായി കാണാന്‍ കഴിയില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് എ വിജയരാഘവന്‍ വയനാട് മണ്ഡലത്തില്‍ നിന്നും പ്രിയങ്ക ഗാന്ധി വിജയിച്ചത് മുസ്ലിം തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് എന്ന് പ്രസംഗിച്ചത്.

മുസ്ലിംകള്‍ ഈ രാജ്യത്തോടും മതനിരപേക്ഷതയോടും കൂറില്ലാത്തവരാണ് എന്നും അവര്‍ എപ്പോഴും ദേശത്തിന് പുറത്ത് നില്‍ക്കുന്നവരാണ് എന്നും സങ്കല്‍പ്പിക്കുന്നത് ഇന്ത്യയിലെ ഭൂരിപക്ഷ വംശീയതയുടെ സ്വഭാവമാണ്. അതേ സ്വഭാവത്തില്‍ നിന്ന് ഒട്ടും ഭിന്നമായിട്ടല്ല സി പി എം നേതാക്കളും സംസാരിക്കുന്നത് എന്ന് കാണാം. വി എസ് അച്യുതാനന്ദന്‍ ലവ് ജിഹാദ് പരാമര്‍ശം നടത്തിയതും പിന്നീട് സംഘ്പരിവാര്‍ അതിനെ ഏറ്റു പിടിച്ചതും എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ പ്രചാരണങ്ങളുടെയെല്ലാം യുക്തി മുസ്ലിംകള്‍ ദേശത്തോട് കൂറില്ലാത്ത, മതനിരപേക്ഷതയോട് പ്രതിബദ്ധതയില്ലാത്ത ജനങ്ങളാണ് എന്നും അവര്‍ മെരുക്കപ്പെടേണ്ടവരാണ് എന്നുമുള്ള ധാരണയാണ്. വി എസ് അച്യുതാനന്ദന് എന്തു കൊണ്ട് മറ്റു ജനതകള്‍ കല്യാണം കഴിക്കുന്നതു പോലെയും ജനസംഖ്യ വര്‍ധിക്കുന്നത് പോലെയും മുസ്ലിംകളെ കുറിച്ചും കണ്ടു കൂടാ? അങ്ങനെ നോക്കിക്കാണുന്നതിന് പകരം അദ്ദേഹം മുസ്ലിംകളുടെ ജനസംഖ്യാപരവും വിദ്യാഭ്യാസപരവും മറ്റുമായ വളര്‍ച്ചയെ വളരെ ഭീതിയോടെയാണ് നോക്കിക്കണ്ടിരുന്നത്. ഇത് ന്യൂനപക്ഷസ്ഥാനത്ത് മെരുക്കപ്പെട്ടു കഴിയേണ്ട മുസ്ലിംകള്‍ വളരുന്നു എന്ന ഭൂരിപക്ഷ വംശീയ ഭീതിയെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയില്‍ നിന്നുകൊണ്ടു തന്നെയാണ് സി പി എം നേതാവ് പി മോഹനന്‍ നടത്തിയ പ്രഭാഷണത്തെയും കാണാന്‍ കഴിയുകയുള്ളൂ. അദ്ദേഹം പറഞ്ഞത് ജമാഅത്തെ ഇസ്ലാമി രാജ്യം കീഴടക്കിയാല്‍ ഇന്ത്യ ഒരു മുസ്ലിം രാജ്യമാവുമെന്നും അങ്ങനെ വന്നാല്‍ ഇവിടെ പീഡിപ്പിക്കപ്പെടുക ഹിന്ദുക്കളായിരിക്കും എന്നുമാണ്. ഇന്ത്യയില്‍ ഹിന്ദുത്വ വംശീയത അതിന്റെ സമഗ്രാധിപത്യം പുലര്‍ത്തുന്ന കാലത്ത് ഇത്തരമൊരു പ്രസ്താവനയുടെ വിഡ്ഢിത്തം ശരിയായിരിക്കെ തന്നെ ഇതില്‍ ഉള്ളടങ്ങിയിട്ടുള്ള മുസ്ലിംഭീതി അങ്ങേയറ്റം വംശീയമാണ്. മുസ്ലിംകള്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഭാവിയില്‍ എന്നോ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന ഒരു സ്വപ്നകഥ മെനഞ്ഞുണ്ടാക്കി മുസ്ലിംകളെ വീണ്ടും പ്രതിസ്ഥാനത്തു നിര്‍ത്തുന്ന അങ്ങേയറ്റം വംശീയമായ പ്രസ്താവനയാണ് മോഹനന്‍ എന്ന സി പി എം നേതാവിലൂടെ പുറത്തു ചാടിയത്. ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നു അല്ലെങ്കില്‍ ചരിത്രത്തില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന സംഘ്പരിവാര്‍ വാദം അതേപടി ആവര്‍ത്തിക്കുന്നതാണ് സി പി എം നേതാക്കളില്‍ നാം കണ്ട കാഴ്ച.

ഇത് കേവലമായ നാക്ക്പിഴയോ വോട്ട് രാഷ്ട്രീയമോ മാത്രമാണ് എന്ന് കരുതാനാവില്ല. സി പി ഐയില്‍ നിന്ന് വേര്‍പ്പെട്ട സി പി എമ്മിനെ ശക്തമായ ബഹുജന പിന്തുണ കൊണ്ട് ബലപ്പെടുത്തിയ മുസ്ലിം സമുദായത്തോട് സി പി എമ്മിനുള്ള ബന്ധം ദീര്‍ഘകാലത്തേതാണ്. ബംഗാളിലും കേരളത്തിലും മുസ്ലിം സമുദായം വലിയ അളവില്‍ വോട്ട് രേഖപ്പെടുത്തിയാണ് സി പി എമ്മിനെ അധികാരത്തില്‍ എത്തിച്ചിരുന്നത്. എന്നിട്ടു പോലും പ്രസ്തുത സമുദായത്തോട് സി പി എമ്മിനുള്ള അറിവും ധാരണയും ഇത്തരത്തില്‍ ആകണമെങ്കില്‍ അത് ഹിന്ദുത്വയുടെ വംശീയരാഷ്ട്രീയത്തെ മറികടക്കാന്‍ കഴിയാത്ത സി പി എമ്മിന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധിയായി മാത്രമേ കാണാന്‍ കഴിയൂ. ബംഗാളിലെ മദ്രസകളില്‍ തീവ്രവാദം പഠിപ്പിക്കുന്നുണ്ട് എന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവനകള്‍ കൂടി ഇതിനോട് ചേര്‍ത്തു വെച്ചാല്‍ ഇതിന്റെ ദീര്‍ഘകാല ചരിത്രം മനസ്സിലാക്കാന്‍ കഴിയും.

സി പി എം മുസ്ലിം സംഘടനകള്‍ക്കെതിരെ നിരന്തരം ഉന്നയിക്കുന്ന മറ്റൊരു ആരോപണം അവരുടെ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്. ഇന്ത്യയിലെ മതേതരത്വവുമായി ബന്ധപ്പെട്ട വ്യവഹാരം മതേതരത്വം – വര്‍ഗീയത എന്ന ദ്വന്ദത്തെ കേന്ദ്രീകരിച്ചാണ് നില കൊള്ളുന്നത്. ഇതില്‍ മുസ്ലിം സാന്നിധ്യങ്ങള്‍ എപ്പോഴും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് വര്‍ഗീയത എന്ന കോളത്തിലാണ്. അതു കൊണ്ടാണ് ഹിന്ദു സാംസ്‌കാരിക ചിന്തകള്‍ സ്വയമേ തന്നെ മതേതരമായും മുസ്ലിം സാംസ്‌കാരിക ചിഹ്നങ്ങളും രാഷ്ട്രീയ പ്രതിനിധാനങ്ങളും ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ വര്‍ഗീയമായും ഹിന്ദു ചിഹ്നങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രം മതേതരമായും ഗണിക്കപ്പെടുന്നത്. മുസ്ലിം രാഷ്ട്രീയ സംഘാടനങ്ങളെയും പ്രതിനിധാനങ്ങളെയും വര്‍ഗീയമായി മുദ്ര കുത്തപ്പെടുന്നതിന് ഇത്തരമൊരു വ്യാവഹാരിക പശ്ചാത്തലം കൂടിയുണ്ട്. ഇതിനകത്ത് കൂടി മാത്രമാണ് സി പി എം മുസ്ലിം രാഷ്ട്രീയത്തെയും സംഘടനകളെയും മുസ്ലിം രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കാണുന്നത് എന്നതാണ് മൗലികമായ പ്രശ്‌നം.

തീവ്രവാദം എന്ന ചാപ്പ

സമീപ കാലത്ത് ഉയര്‍ന്നു വന്ന ഇസ്ലാമോഫോബിക് ആരോപണങ്ങളില്‍ ഏറ്റവും രൂക്ഷവും അപകടകരവുമായ ഒന്ന് മെക് സെവന്‍ എന്ന വ്യായാമ കൂട്ടായ്മയുമായി ബന്ധപ്പെട്ടുള്ളതാണ്. മുസ്ലിംകള്‍ അതില്‍ പങ്കു കൊള്ളുന്നു എന്ന ഒറ്റക്കാരണം കൊണ്ട് പി മോഹനന്‍ എന്ന സി പി എം നേതാവ് അതിനെ തീവ്രവാദം പരിശീലിപ്പിച്ചെടുക്കുന്ന വിദ്യയായി ചിത്രീകരിച്ചു. അദ്ദേഹം അതില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും മാപ്പ് പറയാനോ തിരുത്തിപ്പറയാനോ തയ്യാറായില്ല. കേവലമായ വ്യായാമ കൂട്ടായ്മകളെ പോലും തീവ്രവാദം, ഭീകരവാദം എന്നീ പദാവലികള്‍ കൊണ്ട് വിശേഷിപ്പിക്കുന്ന സി പി എം നേതാക്കള്‍ ആഗോള വലതുപക്ഷത്തിന്റെ ആഖ്യാന മാതൃകകളെ അപ്പടി വിഴുങ്ങുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ വംശീയതയോട് കക്ഷിചേരാനും ഇതിലൂടെ അവര്‍ക്ക് സാധിക്കുന്നുണ്ട്. മുസ്ലിംകളുടെ സ്വാഭാവിക കാര്യങ്ങളെ പോലും തീവ്രവാദ – ഭീകരവാദ അടയാളങ്ങളായി കാണുന്ന സംഘ്പരിവാര്‍ രീതി തന്നെയാണ് സി പി എം നേതാക്കളിലും കാണാന്‍ കഴിയുന്നത്.

വയനാട്ടിലെ മുസ്ലിം വോട്ടര്‍മാര്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്യുക വഴി ഒരു ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുക എന്ന സ്വാഭാവിക പൗരധര്‍മ്മം ആയിരുന്നു നിര്‍വഹിച്ചിരുന്നത്. പക്ഷെ, വോട്ട് ചെയ്യുക, അതും ഇന്ത്യയിലെ ഏറ്റവും പ്രവിലേജ് ഉള്ള ഗാന്ധി കുടുംബത്തിന് തന്നെ ചെയ്യുക എന്ന ജനാധിപത്യ ഇടപാട് നിര്‍വഹിച്ചിട്ട് പോലും ആ വോട്ടില്‍ മുസ്ലിം സാന്നിധ്യം ഉണ്ട് എന്നതു കൊണ്ട് അത് തീവ്രവാദ – ഭീകരവാദ അടയാളമായി ചിത്രീകരിക്കുകയാണ് വിജയരാഘവന്‍ എന്ന പോളിറ്റ് ബ്യൂറോ മെമ്പര്‍ ചെയ്തത്. അഥവാ, മുസ്ലിംകള്‍ അടിസ്ഥാനപരമായിത്തന്നെ തീവ്രവാദികളാണ് എന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അതേ പാറ്റേണിലാണ് കേരളത്തിലെ സി പി എം നേതാക്കള്‍ ചിന്തിക്കുന്നതും വംശീയ ചാപ്പകള്‍ മുസ്ലിംകള്‍ക്ക് മേലെ മുദ്രയടിക്കുന്നതും. ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമഗ്രാധിപത്യകാലത്ത് ഒരു രാഷ്ട്രീയ വകതിരിവില്ലായ്മയുടെ പ്രശ്‌നമായി മാത്രം കാണാന്‍ കഴിയില്ല. മറിച്ച്, മുസ്ലിംകള്‍ക്കെതിരെ രൂപപ്പെടുത്തപ്പെടുന്ന വംശീയ പൊതുബോധത്തിന്റെ മാര്‍ക്‌സിസ്റ്റ് പരിപ്രേക്ഷ്യമായി മാത്രമേ കാണാന്‍ കഴിയൂ. അതുകൊണ്ടാണ് ഇത്രയും വിമര്‍ശനം മുസ്ലിം സമുദായത്തിനകത്ത് നിന്ന് സി പി എമ്മിനെതിരെ ഉണ്ടായിട്ടും ആ പാര്‍ട്ടിയുടെ അകത്തു നിന്ന് ഒരു ശബ്ദം പോലും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉണ്ടാവാത്തത്. പാര്‍ട്ടിക്ക് അകത്തു നിന്ന് സംസാരിക്കുന്ന മുസ്ലിം ആണെങ്കില്‍ പോലും അവരുടെ മതേതരത്വവും ദേശീയബോധവും പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ ചോദ്യമുനയില്‍ ആവും എന്നത് തന്നെ കാരണം.

ജമാഅത്തെ ഇസ്ലാമി – മൗദൂദി

സി പി എം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ആഖ്യാനം എല്ലാത്തിനും പിന്നില്‍ ജമാഅത്തെ ഇസ്ലാമി ആണെന്നും മൗദൂദിയുടെ ചിന്തകളാണ് എല്ലാത്തരം അപകടങ്ങള്‍ക്കും കാരണം എന്നും വരുത്തിത്തീര്‍ക്കലാണ്. കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ അമീര്‍ – ഹസന്‍ – കുഞ്ഞാലിക്കുട്ടി പരാമര്‍ശം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിര്‍വഹിച്ച മുസ്ലിംകള്‍ക്കെതിരായ വംശീയവല്‍കരണ പശ്ചാത്തലം ആരും മറക്കാന്‍ സാധ്യതയില്ല. ഇത് നിരന്തരം ആവര്‍ത്തിക്കുകയാണ് പിണറായി വിജയന്‍ അടക്കമുള്ള സി പി എം നേതാക്കള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നിരന്തരമായി സി പി എമ്മിന് വോട്ട് നല്‍കിക്കൊണ്ടിരുന്ന ജമാഅത്തെ ഇസ്ലാമി യു ഡി എഫിന് വോട്ട് ചെയ്ത് തുടങ്ങിയതോടു കൂടി അവര്‍ മതരാഷ്ട്ര വാദികളും ഭീകരവാദികളുമായി മാറി. ഇവിടെയും സി പി എം പയറ്റുന്ന തന്ത്രം ഇസ്ലാമിക രാഷ്ട്രം വരുമെന്ന ഒരു ഭീതിയെ നിര്‍മിച്ചെടുക്കുകയാണ്. ഇന്ത്യയില്‍ ഒരു ഇസ്ലാമികരാഷ്ട്രം വരാനുള്ള വിദൂരസാധ്യത പോലും ഇല്ല എന്നിരിക്കെ എന്തിനാണ് ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി നിരന്തരമായി ചാനല്‍ ചര്‍ച്ചകളും മറ്റും കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത് അതിന് ഒരൊറ്റ കാരണമേയുള്ളൂ. സി പി എം ഒരു മുസ്ലിം സംഘടനയെ തെരഞ്ഞെടുക്കുകയും അതിനെ കേന്ദ്രീകരിച്ച ഭീതിയിലൂടെ പൊതുമണ്ഡലത്തെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണത്. പി ജയരാജനെ കൊണ്ട് സി പി എം ഒരു പുസ്തകം എഴുതിപ്പിച്ചതും അതിനു വേണ്ടിത്തന്നെയാണ്. ഒട്ടും ബൗദ്ധിക സത്യസന്ധതയില്ലാതെ ഒരു ഗുണ്ടാപ്പണി കണക്കെ പുസ്തകം എഴുതിവിട്ട പി ജയരാജന്‍ മുസ്ലിം രാഷ്ട്രീയത്തോടും സമുദായത്തോടും ചെയ്ത പല നീതികേടുകളില്‍ ഒന്നാണ് ആ പുസ്തകം.

ദേശീയത, മതേതരത്വം ജനാധിപത്യം തുടങ്ങിയ സംവര്‍ഗങ്ങളോട് വിമര്‍ശനാത്മകമായി ഇടപെട്ടതിനാണ് ജമാഅത്തിനെ സി പി എം കുരിശിലേറ്റുന്നത്. ഈ സംവര്‍ഗങ്ങള്‍ വിമര്‍ശനാതീത സത്യങ്ങളായി സി പി എം എന്നു മുതലാണ് കണക്കാക്കാന്‍ തുടങ്ങിയത് എന്ന ചോദ്യം അവിടെ ഇരിക്കട്ടെ. രാഷ്ട്രവും ദേശവും വിമര്‍ശനങ്ങള്‍ ഇല്ലാത്ത പരിശുദ്ധാത്മാക്കളായി നിലകൊള്ളണം എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അതേ വഴിയിലൂടെയാണ് സി പി എമ്മും സഞ്ചരിക്കുന്നത്. ബൂര്‍ഷ്വാ ജനാധിപത്യത്തെ സി പി എം കാണുന്നത് എത്തരത്തിലാണ് എന്ന് സി പി എമ്മുകാര്‍ പോലും മറന്നിരിക്കുന്നു. അവര്‍ക്കിന്ന് കമ്പം ദേശത്തെ വിശുദ്ധമായ ആരാധ്യവസ്തുവായി കാണുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തോടാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ദേശീയതയെയും ആരെങ്കിലും വിമര്‍ശിക്കുന്നുണ്ട് എന്നതിന്റെ അര്‍ത്ഥം അവര്‍ അവരെ അല്ലാത്ത ജനതകളെ അംഗീകരിക്കുന്നില്ല എന്നും ജനങ്ങള്‍ക്ക് ഇടമില്ലാത്ത സമഗ്രാധിപത്യത്തിന് വേണ്ടി വാദിക്കുന്നു എന്നുമല്ല. ജനാധിപത്യത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഒരു ഘട്ടത്തിലും സമഗ്രാധിപത്യവാദികള്‍ ആവുകയില്ല എന്ന് കരുതാനും വയ്യ. ഹിറ്റ്‌ലര്‍ മുതല്‍ മോദി വരെ അധികാരത്തില്‍ എത്തിയത് ജനാധിപത്യത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചായിരുന്നല്ലോ. ഇവിടത്തെ പ്രശ്‌നം ഭൂരിപക്ഷാധിപത്യത്തിനു വേണ്ടി ജനാധിപത്യത്തെ പഴുതാക്കുന്ന രീതികളെ വിമര്‍ശിച്ച ജമാഅത്തെ ഇസ്ലാമിയുടെ സമീപനമല്ല. മറിച്ച് സി പി എമ്മിന് ഒരു മുസ്ലിം അപരനെ ആവശ്യമാണ് എന്നതാണ്. പൊതുമണ്ഡലത്തില്‍ ആ മുസ്ലിം അപരനെ കേന്ദ്രീകരിച്ച ഭീതി നിറച്ചു കൊണ്ട് തങ്ങളുടെ ഹിന്ദു സാംസ്‌കാരികത കൊണ്ടാടുന്ന രാഷ്ട്രീയത്തെ വിജയിപ്പിച്ചെടുക്കാം എന്ന് സി പി എം കരുതുന്നു. ജമാഅത്തിനോടോ മൗദൂദിയോടോ അവര്‍ക്ക് വല്ല വിമര്‍ശനവും ഉണ്ടായിരുന്നെങ്കില്‍ ഒരു സംവാദമായിരുന്നു വേണ്ടത്. പക്ഷേ ഒരു സംവാദം അവര്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇത് ഒരു രാഷ്ട്രീയ പ്രോപഗണ്ട മാത്രമാണ് എന്നതാണ്. മറ്റൊരു കാരണം, തങ്ങളല്ലാത്ത ആരും ന്യായയുക്തിയുള്ള രാഷ്ട്രീയം സംസാരിക്കുന്നുണ്ട് എന്നംഗീകരിക്കാന്‍ ബൗദ്ധിക വരേണ്യത സ്വയം സങ്കല്‍പ്പിക്കുന്ന സിപിഎമ്മിന് കഴിയുകയില്ല എന്നതുമാണ്.

ചിലര്‍ പറയുന്നതു പോലെ ഇത് ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയ്ക്ക് എതിരായ മാത്രം ആരോപണമല്ല എന്ന് സി പി എമ്മിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മുസ്ലിം ലീഗിനെ മുന്നണിയില്‍ എടുക്കുകയും അതിനു ശേഷം വര്‍ഗീയവാദികള്‍ എന്നും മതമൗലികവാദികള്‍ എന്നും വിളിച്ചതാണ് സാക്ഷാല്‍ ഇ എം എസ് നമ്പൂതിരിപ്പാട് മുതക്ക് സി പി എമ്മില്‍ നിന്നുള്ള അനുഭവം. പി ഡി പി എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് സി പി എം കാണിച്ച അല്ലെങ്കില്‍ കാണിച്ചു കൊണ്ടിരിക്കുന്ന സമീപനം എന്താണ്? ഐ എന്‍ എല്ലിനെ കാലങ്ങളായി മുറ്റത്ത് നിര്‍ത്തുകയും അവസാനം അവര്‍ എല്ലാ തരത്തിലുള്ള രാഷ്ട്രീയവും പണയം വെച്ചതിനു ശേഷം മാത്രം അകത്തോട്ട് കയറ്റുകയും ചെയ്ത സി പി എമ്മിന് എല്ലാ തരത്തിലുള്ള മുസ്ലിം സംഘാടനങ്ങളോടും വംശീയ സമീപനം തന്നെയാണ്.

സി പി എം എത്തിപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നാണ് അവര്‍ ഹിന്ദുത്വ ലൈന്‍ സ്വീകരിക്കുന്നത് എന്ന് വിചാരിക്കാവുന്നതാണ്. എങ്കിലും ഈ ലൈനിലൂടെ അവര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിപ്പെടുക മാത്രമേ ചെയ്യുകയുള്ളൂ. ഇത്തരം പ്രചാരണങ്ങളിലൂടെ ബി ജെ പി യിലേക്ക് കുത്തിയൊലിച്ച പാര്‍ട്ടി വോട്ടുകള്‍ മടക്കിക്കൊണ്ടു വരാം എന്നാണ് സി പി എം കരുതുന്നതെങ്കില്‍ സ്വന്തം പ്രവര്‍ത്തകരെയടക്കം കൂടുതല്‍ ഹിന്ദുത്വവല്‍ക്കരിക്കുകയും മികച്ച ഒരു ബി ജെ പി യായി സി പി എം മാറിക്കൊണ്ടിരിക്കുന്നു എന്നതുമാണ് സംഭവിക്കുന്നത്. എന്നാല്‍, ഇവിടെ ഒരു ബി ജെ പി ഉള്ള കാലത്ത്, അതും കേരളത്തില്‍ വിജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബി ജെ പി യെന്ന് ലോകസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ബി ജെ പി ആകാന്‍ സി പി എമ്മിനല്ല ബി ജെ പിക്ക് തന്നെയാണ് കഴിയുക. ഇക്കാര്യം ഹിന്ദുത്വവല്‍കൃത വോട്ട്ബാങ്ക് തിരിച്ചറിയുകയും അവര്‍ സി പി എമ്മിനെ കയ്യൊഴിയുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇത് വോട്ട് ബാങ്കിനെ മുന്‍നിര്‍ത്തിയുള്ള ആലോചനയാണെങ്കില്‍ മറുവശത്ത് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്ര രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി ആലോചിക്കുമ്പോള്‍ സി പി എം അമ്പേ പരാജയമാണ് എന്ന് കാണാന്‍ കഴിയും. ഹിന്ദുത്വ വംശീയതയുടെ കാലത്ത് മജോരിറ്റേറിയന്‍ വംശീയയുക്തിക്ക് കുട പിടിക്കുക എന്നതിലേക്ക് സി പി എം എത്തിപ്പെട്ടു എന്നത് ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എത്താന്‍ കഴിയുന്ന താഴ്ചയുടെ അങ്ങേയറ്റമാണ്. മുസ്ലിം ന്യൂനപക്ഷം വംശീയാതിക്രമങ്ങള്‍ നേരിടുന്ന കാലത്ത് മുസ്ലിംകളെ വീണ്ടും അന്യവല്‍ക്കരിക്കുന്ന സമീപനം സ്വീകരിക്കുക വഴി സി പി എം ചരിത്രത്തില്‍ തുല്യതയില്ലാത്ത വഞ്ചനയാണ് മുസ്ലിം സമുദായത്തോട് ചെയ്യുന്നത്.

പശ്ചിമ ബംഗാളില്‍ സി പി എമ്മിന് കാലങ്ങളായി പിന്തുണ നല്‍കിയ മുസ്ലിം സമുദായത്തിന് സി പി എം തിരികെ നല്‍കിയത് പട്ടിണിയും ദാരിദ്ര്യവും മാത്രമാണ്. സി പി എം രാഷ്ട്രീയമായ തിരുത്തുകള്‍ക്ക് തയ്യാറാവാതെ കൂടുതല്‍ കൂടുതല്‍ കൂടുതല്‍ ഹിന്ദുത്വ ലൈന്‍ സ്വീകരിക്കുമ്പോള്‍ ബിജെപിക്ക് അനുഗുണമാകുന്ന ഒരു സോഷ്യല്‍ ബേസ് കേരളത്തില്‍ ശക്തിപ്പെട്ടു വരുന്നു എന്നു മാത്രമേ കരുതാന്‍ കഴിയുകയുള്ളൂ.

(ഹൈദരാബാദ് ഇഫ്‌ലുവില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

 

Related