October 10 Saturday 2026

മുസ്‌ലിംകളുടെ ഹിന്ദു അമീർ: കൊളോണിയൽ ചരിത്രവായനകളെ തിരുത്തുന്ന പഠനം

വർത്തമാന ഇന്ത്യയിൽ, ചരിത്രരചനയുടെയും സിലബസ് നിർമ്മാണത്തിൻ്റെയും മറവിൽ ഭൂതകാലത്തെ വർത്തമാനകാല രാഷ്ട്രീയാവശ്യങ്ങൾക്കനുസരിച്ച് പുനർനിർവചിക്കാനുള്ള ഹീന ശ്രമങ്ങൾ അതിശക്തമായി തുടരുകയാണ്. അതിൻ്റെ ഭാഗമായി ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെയും സാന്നിധ്യത്തേയും ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും ഏകമുഖ ആഖ്യാനമായി അവതരിപ്പിക്കുവാനുള്ള ശ്രമങ്ങൾ ഔദ്യോഗിക സ്ഥാപനങ്ങൾ വഴി നടന്നുകൊണ്ടിരിക്കുകയാണ്. അത്തരം ചരിത്ര`നിർമ്മിതികളിൽ ഭൂതകാലത്തെ ഹിന്ദു-മുസ്‌ലിം സൗഹാർദ്ദത്തിൻ്റെ തിളക്കമാർന്ന അധ്യായങ്ങളെല്ലാം തമസ്ക്കരിക്കപ്പെടുകയോ വക്രീകരിക്കപ്പെടുകയോ ആണ് ചെയ്യുന്നത്. ഈയൊരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് യുവചരിത്ര ഗവേഷകനായ ഡോ.അബ്ബാസ് പനക്കൽ രചിച്ച `മുസ്‌ലിംകളുടെ ഹിന്ദു അമീർ(Hindu Amir of Muslims) എന്ന ഗ്രന്ഥം പ്രസക്തമാവുന്നത്.

മലബാർ ഇസ്‌ലാമിനെ മുൻനിർത്തിയുള്ള ഈ ഗവേഷണ ഗ്രന്ഥം, വർഗീയചരിത്രരചനയുടെ പൊള്ളത്തരം തുറന്നുകാട്ടുകയും സൗഹാർദ്ദത്തിൻ്റെ മനോഹരമായ ഭൂതകാലത്തെ അനാവരണം ചെയ്യുകയും ചെയ്യുന്നു. മലബാറിലെ ഇസ്‌ലാമിന്റെ ചരിത്രം വാളിന്റെ ചരിത്രമല്ല, കടലിന്റെ ചരിത്രമാണ്; അധിനിവേശത്തിന്റെ ചരിത്രമല്ല, ഇടപെടലിന്റെയും സാംസ്‌കാരികമായ കൊടുക്കൽ വാങ്ങലുകളുടേയും (Cultural give and take)ചരിത്രമാണെന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ അടിസ്ഥാന പ്രമേയം.

മലബാറിന്റെ ചരിത്രം സംഘർഷങ്ങളുടെ മാത്രം ചരിത്രമല്ല; സഹവർത്തിത്വത്തിന്റെയും പങ്കാളിത്ത ഭരണത്തിന്റെയും സാമൂഹിക സഹകരണത്തിന്റെയും ചരിത്രം കൂടിയാണെന്ന ആശയമാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. സാമൂതിരിയുടെ ഭരണത്തിൽ മുസ്ലിം സമൂഹത്തിന്റെ സ്ഥാനം, ഇന്ത്യൻ മഹാസമുദ്ര ലോകവുമായി മലബാറിനുണ്ടായിരുന്ന ബന്ധങ്ങൾ, പ്രാദേശിക സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളിൽ രൂപംകൊണ്ട തനത് ഇസ്ലാമിക പാരമ്പര്യം എന്നിവയെ ചരിത്രരേഖകളുടെയും സാഹിത്യസ്രോതസ്സുകളുടെയും അടിസ്ഥാനത്തിൽ പുനർവായിക്കാനുള്ള ഒരു ശ്രമമാണ് ഈ ഗ്രന്ഥം.

ചരിത്രം എന്നത് ഭൂതകാലത്തിന്റെ രേഖപ്പെടുത്തൽ മാത്രമല്ല; വർത്തമാനത്തെ മനസ്സിലാക്കാനും ഭാവിയെ കൂടുതൽ കരുത്തുറ്റതാക്കാനും സഹായിക്കുന്ന വിമർശനാത്മകമായ അറിവുകൂടിയാണ്. മലബാറിന്റെ ബഹുസ്വര പാരമ്പര്യവും മതങ്ങൾക്കിടയിലെ സഹകരണവും പരസ്പര ബഹുമാനവും വീണ്ടും ചർച്ചയാകുന്നത് വർത്തമാന കാലത്ത് ഏറെ പ്രസക്തമാണ്.

ഈ പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തിക സംഭാവന, ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ കരകേന്ദ്രിതമായ രാഷ്ട്രീയചരിത്രത്തിൽ നിന്ന് സമുദ്രകേന്ദ്രിതമായ സാംസ്കാരികചരിത്രത്തിലേക്ക് മാറ്റി പ്പണിയുന്നു എന്നതാണ്. മലബാറിനെ ഗ്രന്ഥകാരൻ ഒരു പ്രാദേശിക ഭൂപ്രദേശമെന്നതിലുപരി ഇന്ത്യൻ മഹാസമുദ്രത്തിന്റെ സജീവമായ വ്യാപാര-സാംസ്കാരിക ശൃംഖലയിലെ ഒരു കേന്ദ്രമായാണ് അവതരിപ്പിക്കുന്നത്.

അറബ്, പേർഷ്യൻ, ആഫ്രിക്കൻ, മലായ്, ചൈനീസ് വ്യാപാരികളുമായുള്ള നിരന്തര സമ്പർക്കം വഴി മലബാർ ഒരു ബഹുസാംസ്കാരിക സ്ഥലിയായി മാറി. ഈ പശ്ചാത്തലത്തിൽ ഇസ്‌ലാം വ്യാപാരത്തിന്റെയും വിശ്വാസത്തിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും ഭാഗമായി വളർന്നുവന്ന ഒരു സാമൂഹിക സാന്നിധ്യമാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

ഗ്രന്ഥത്തിന്റെ ശീർഷകത്തിൽ തന്നെയുള്ള Indigenized Islam എന്ന പരികൽപ്പന കേരള മുസ്‌ലിം പഠനങ്ങൾക്ക് പുതിയ ദിശ നൽകുന്നതാണ്. പ്രാദേശിക ഭാഷയും കലയും സംഗീതവും വാസ്തുവിദ്യയും സാമൂഹിക ആചാരങ്ങളും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ട ഇസ്‌ലാമിക സാംസ്കാരിക ലോകമാണ് മലബാറിലേതെന്ന് ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.

അറബി-മലയാളം, മാപ്പിളപ്പാട്ടുകൾ, കേരളീയ ശൈലിയിലുള്ള പള്ളികൾ, നേർച്ചകൾ, പ്രാദേശിക കലാരൂപങ്ങൾ എന്നിവ മതവും സംസ്കാരവും തമ്മിലുള്ള സജീവ സംവാദത്തിന്റെ ഫലമാണെന്ന് അബ്ബാസ് സമർത്ഥിക്കുന്നു. ഇത് മതത്തിൻ്റെ ശുദ്ധസംസ്കാര(Puritan Islam)മെന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. എല്ലാ സംസ്കാരങ്ങളും നിരന്തരമായ കൈമാറ്റങ്ങളുടെയും പുനർരൂപീകരണങ്ങളുടെയും ഫലമാണെന്ന ആധുനിക സാംസ്കാരിക പഠനങ്ങളുടെ നിലപാടുമായി ഇതിനെ ചേർത്തുവായിക്കാവുന്നതാണ്.

കൊളോണിയൽ ചരിത്രരചന ഇന്ത്യൻ സമൂഹത്തെ ഹിന്ദു–മുസ്‌ലിം ദ്വന്ദ്വത്തിലേക്ക് ചുരുക്കിയെന്ന് വസ്തുതകൾ നിരത്തി അബ്ബാസ് പനക്കൽ സമർത്ഥിക്കുന്നു. ബ്രിട്ടീഷ് ചരിത്രകാരന്മാർ ഇന്ത്യയുടെ ഭൂതകാലത്തെ മതസംഘർഷങ്ങളുടെ പരമ്പരയായി അവതരിപ്പിച്ചതിലൂടെ വിഭജനപരമായ രാഷ്ട്രീയത്തിന് ബൗദ്ധിക അടിത്തറ സൃഷ്ടിക്കപ്പെട്ടു. ഈ ആഖ്യാനത്തിനെതിരായി, മലബാറിലെ ചരിത്രസ്രോതസ്സുകളും അറബി ഗ്രന്ഥങ്ങളും പ്രാദേശിക ചരിത്രരേഖകളും ഉപയോഗിച്ച് സഹവർത്തിത്വത്തിന്റെ മറ്റൊരു ചരിത്രം ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. ഈയൊരർത്ഥത്തിൽ, ഈ ഗ്രന്ഥം ചരിത്രത്തെ ‘ഡീകൊളോണൈസ്’ ചെയ്യുകയും വാർപ്പു മാതൃകകളെ തച്ചുടയ്ക്കുകയും ചെയ്യുന്നു.

കേരളീയ സാമൂഹിക ഘടനയിൽ ജാതിവ്യവസ്ഥ നിർണായക ശക്തിയാണ്. കീഴാള ജനവിഭാഗങ്ങൾ അടിമ ജീവിതത്തിൻ്റെ നരകപഥങ്ങളിലൂടെയാണ് എക്കാലത്തും കടന്നുപോയ്കൊണ്ടിരുന്നത്. ഈ പശ്ചാത്തലത്തിൽ ഇസ്‌ലാം അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വിമോചനത്തിൻ്റെ വാതായനങ്ങൾ തുറന്നുകൊടുത്തുവെന്ന ചരിത്ര യാഥാർത്ഥ്യം ഗ്രന്ഥകാരൻ വസ്തുതകൾ നിരത്തി അനാവരണം ചെയ്യുന്നു. വാസ്തവത്തിൽ, മതപരിവർത്തനം കീഴാള ജനത നടത്തിയ സാമൂഹിക സമത്വത്തിന്റെയും മാന്യതയുടെയും വഴികൾ തേടലിൻ്റെ അനന്തര ഫലമായിരുന്നു. ഈ നിരീക്ഷണം മതപരിവർത്തനത്തെ വെറും മതവിഷയമായി കാണാതെ സാമൂഹികചരിത്രത്തിന്റെ ഭാഗമായി പഠിക്കേണ്ടതിന്റെ അനിവാര്യതയാണ് ഓർമ്മപ്പെടുത്തുന്നത്.

വർത്തമാനകാലത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ആശയങ്ങളിലൊന്നായ ജിഹാദി(ധർമ്മസമരം)നെപ്പറ്റി ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്നുണ്ട്. സമകാലിക രാഷ്ട്രീയത്തിൽ ഈ പദം അക്രമവുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ, മലബാറിലെ ചരിത്രത്തിൽ അത് സാമൂഹിക ഐക്യത്തിന്റെയും നാടിന്റെ സംരക്ഷണത്തിന്റെയും ധാർമ്മിക ഉത്തരവാദിത്വമായാണ് ഉപയോഗിക്കപ്പെട്ടതെന്ന് ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. പ്രത്യേകിച്ച് പോർച്ചുഗീസ് അധിനിവേശത്തിനെതിരായ പ്രതിരോധത്തെ അദ്ദേഹം മതവിരുദ്ധ സമരമായി മാത്രമല്ല, മലബാറിന്റെ ബഹുസ്വര സാമൂഹിക വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ജനകീയ പ്രതിരോധമായി അവതരിപ്പിക്കുന്നു. ഈ വായന, ചരിത്രത്തിലെ മതസങ്കൽപ്പങ്ങളെ സമകാലിക രാഷ്ട്രീയ വ്യാഖ്യാനങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമം കൂടിയായി മാറുന്നു.

ഈ പുസ്തകത്തിൻ്റെ ആധികാരിക സ്വഭാവം, ഗ്രന്ഥകാരൻ ഉപയോഗപ്പെടുത്തിയ നിരവധി ദത്ത(Data) ങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്. അറബി, മലയാളം, പേർഷ്യൻ, പോർച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളിലെ പ്രാഥമികവും ദ്വിതീയവുമായ രേഖകൾ, യാത്രാവിവരണങ്ങൾ, മഖ്ദൂം കൃതികൾ, പ്രാദേശിക ആഖ്യാനങ്ങൾ, വാസ്തുവിദ്യ, കലാരൂപങ്ങൾ,അറബി-മലയാളം എന്നിവയെല്ലാം ഗവേഷണത്തിന്റെ അടിസ്ഥാന സ്രോതസ്സുകളായി ഈ പഠനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചരിത്രം, നരവംശശാസ്ത്രം, മതപഠനം, സാംസ്കാരിക പഠനം, ഇന്ത്യൻ മഹാസമുദ്ര പഠനം എന്നീ മേഖലകളെ സമന്വയിപ്പിക്കുന്ന അന്തർവിഷയ സമീപനമാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു പ്രധാന സവിശേഷത.

Hindu Amir of Muslims കേരള മുസ്‌ലിം ചരിത്രത്തെക്കുറിച്ചുള്ള ഒരു പഠനം എന്നതിലുപരി സമകാലീന ഇന്ത്യൻ ചരിത്രരചനയുടെ രീതിശാസ്ത്രത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ബൗദ്ധിക ഇടപെടൽ കൂടിയാണ്. മതപരമായ വൈരമല്ല നമ്മുടെ ചരിത്രമെന്നും സാംസ്കാരികമായ സഹവർത്തിത്വത്തിന്റെയും സൗഹാർദ്ദത്തിൻ്റെയും പുഷ്ക്കലമായ കാലമാണ് കടന്നുപോയതെന്നും ഈ ചരിത്രഗ്രന്ഥം അടിവരയിടുന്നു.

Related