കേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നതവിദ്യാഭ്യാസ മേഖല ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അക്കാദമിക മികവിന്റെയും ഗവേഷണങ്ങളുടെയും കേന്ദ്രങ്ങളാകേണ്ട സർവ്വകലാശാലകൾ ഗുണനിലവാരത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, ഈ ഗുണനിലവാരത്തകർച്ചയേക്കാൾ കേരളീയ സമൂഹത്തെ ഭയപ്പെടുത്തേണ്ടത് സർവ്വകലാശാലകളിൽ അരങ്ങേറുന്ന അത്യന്തം അപകടകരമായ കാവിവത്കരണ അജണ്ടകളാണ്. ചാൻസലർ എന്ന നിലയിലുള്ള പദവി ദുർവിനിയോഗം ചെയ്തുകൊണ്ട് ഗവർണർമാർ നടത്തുന്ന ഇടപെടലുകൾ കേരളത്തിലെ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെയും മതേതര സ്വഭാവത്തെയും പൂർണ്ണമായും അട്ടിമറിച്ചിരിക്കുകയാണ്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി എത്തിയതുമുതലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണ ഇടപെടലുകൾക്ക് ഔദ്യോഗിക പരിവേഷം ലഭിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ (CAA) സമരകാലത്ത് തുടങ്ങിയ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകൾ, പിന്നീട് സർവ്വകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനങ്ങളിലേക്കും സെനറ്റ്/സിൻഡിക്കേറ്റ് നോമിനേഷനുകളിലേക്കും വ്യാപിക്കുന്നതാണ് കേരളം കണ്ടത്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വി.സിയെ നിയമിക്കുക എന്ന കാലാകാലങ്ങളായുള്ള കീഴ്‌വഴക്കം കാറ്റിൽപ്പറത്തി, സംഘ്പരിവാർ ബന്ധമുള്ളവരെ തിരഞ്ഞുപിടിച്ച് ഉന്നത പദവികളിൽ കുടിയിരുത്തുന്ന പ്രവണത ഇന്ന് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു.
ആരിഫ് മുഹമ്മദ് ഖാനും പൗരത്വ സമരവും
ഗവർണർ പദവിയെ ഒരു രാഷ്ട്രീയ ആയുധമായി മാറ്റിയതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ഭരണകാലം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിനെയും കേരളത്തിലെ കാമ്പസുകളിൽ ഉയർന്നുവന്ന ശക്തമായ പ്രതിഷേധങ്ങളെയും അദ്ദേഹം നേരിട്ടത് ഒരു രാഷ്ട്രീയ നേതാവിനെപ്പോലെയാണ്. ചരിത്ര കോൺഗ്രസിൽ വെച്ചുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് അദ്ദേഹത്തിന്റെ നിലപാടുകൾ കൂടുതൽ ശത്രുതാപരമായി മാറി.
സർവ്വകലാശാലാ നിയമനങ്ങളിലെ സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളെ നിരന്തരം ചോദ്യം ചെയ്ത അദ്ദേഹം, സാങ്കേതിക സർവ്വകലാശാല (KTU) വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ആയുധമാക്കി കേരളത്തിലെ ഒൻപത് സർവ്വകലാശാലാ വി.സിമാർക്ക് കൂട്ടത്തോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റികളെ അംഗീകരിക്കാതിരിക്കുകയും, തന്റേതായ നിലയിൽ വി.സിമാരെ നിയമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സർവ്വകലാശാലകൾ പൂർണ്ണമായും ഭരണസ്തംഭനത്തിലേക്ക് നീങ്ങി.
നിയമനിർമ്മാണവും രാഷ്ട്രപതിയുടെ ഇടപെടലും
കേരള സംസ്ഥാനം കാണിച്ച ചരിത്ര പരമായ അബദ്ധമാണ് സർവ്വകലാശാലയുടെ ചാൻസലർ പദവി ഗവർണ്ണർക്ക് എന്ന നിലയിലെ 1957 ലെ യൂണിവേഴ്സിറ്റി നിയമം. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാലയായ തിരുവിതാംകൂർ സർവകലാശാല 1937-ൽ സ്ഥാപിതമായപ്പോൾ തിരുവിതാംകൂർ രാജാവായിരുന്നു അതിന്റെ ചാൻസലർ. കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം, ഇ.എം.എസ് ന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരാണ് 1957-ൽ കേരള സർവകലാശാലാ നിയമം പാസ്സാക്കിയത്. ഈ നിയമപ്രകാരം തിരുവിതാംകൂർ സർവകലാശാലയെ ‘കേരള സർവകലാശാല’യായി പുനർനാമകരണം ചെയ്യുകയും, അതുവരെ മഹാരാജാവ് വഹിച്ചിരുന്ന ചാൻസലർ പദവി സംസ്ഥാന ഗവർണർക്ക് ഔദ്യോഗിക പദവിയുടെ ഭാഗമായി നൽകുകയും ചെയ്തു. പിന്നീട് നിലവിൽ വന്ന 1974-ലെ കേരള സർവകലാശാലാ നിയമം (Kerala University Act, 1974) ആണ് ഈ വ്യവസ്ഥകൾ കൂടുതൽ സമഗ്രമാക്കിയത്. ഈ നിയമത്തിലെ വകുപ്പ് 7(1) കൃത്യമായി പറയുന്നത്, “കേരള ഗവർണർ തന്റെ ഔദ്യോഗിക പദവിയാൽ സർവ്വകലാശാലയുടെ ചാൻസലർ ആയിരിക്കും” എന്നാണ്. നിലവിൽ കേരള സർവകലാശാലയെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്. കേരളത്തിൽ എല്ലാ സർവ്വകലാശാലകൾക്കും പൊതുവായ ഒറ്റ നിയമമല്ല ഉള്ളത്. ഓരോ സർവ്വകലാശാലയും നിയമസഭ പാസ്സാക്കുന്ന പ്രത്യേക നിയമപ്രകാരമാണ് (Specific Acts) പ്രവർത്തിക്കുന്നത്. എന്നാൽ 1957-ലെയും 1974-ലെയും കേരള സർവകലാശാലാ നിയമങ്ങളെ മാതൃകയാക്കി, പിന്നീട് വന്ന എല്ലാ യൂണിവേഴ്സിറ്റി നിയമങ്ങളിലും ഗവർണറെ ചാൻസലറായി ഉൾപ്പെടുത്തുകയായിരുന്നു. ഈ നിയമം ചരിത്രപരമായ അബദ്ധമാണ് എന്നാണ് ഇന്ന് തെളിയിക്കുന്നത്.
ഗവർണർ ചാൻസലറാകുന്നത് ഭരണഘടനാപരമായ നിർബന്ധം കൊണ്ടല്ല, മറിച്ച് 1957 മുതൽ കേരള നിയമസഭ പാസ്സാക്കിയ സർവ്വകലാശാലാ നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ്. ഈ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനാണ് 2022-ൽ കേരള നിയമസഭ ‘സർവ്വകലാശാലാ നിയമ ഭേദഗതി ബിൽ’ പാസ്സാക്കിയതും, അതിൽ ഒപ്പുവെയ്ക്കാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതും. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കി, പകരം പ്രഗത്ഭരായ അക്കാദമിസ്റ്റുകളെ ചാൻസലർമാരായി നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ ബിൽ. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്താനും ഇതിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പുവെയ്ക്കാതെ ഗവർണർ അത് പിടിച്ചുവെച്ചു. ഒടുവിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം ഉയർന്നപ്പോൾ മാത്രമാണ് അദ്ദേഹം ഈ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാൻ തയ്യാറായത്. 2024 ഫെബ്രുവരിയിൽ, യാതൊരു വിശദീകരണവും നൽകാതെ രാഷ്ട്രപതി ദ്രൗപദി മുർമു ഈ ബില്ലുകൾക്ക് അനുമതി നിഷേധിച്ചു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും നിയമനിർമ്മാണ അവകാശത്തെയും കേന്ദ്ര സർക്കാരും രാഷ്ട്രപതി ഭവനും ചേർന്ന് അട്ടിമറിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഗവർണർ എന്ന പദവി ഉപയോഗിച്ച് സംസ്ഥാനങ്ങളെ നിയന്ത്രിക്കുക എന്ന കേന്ദ്ര അജണ്ടയാണ് ഇവിടെ നടപ്പിലായത്.
അർലേക്കർ യുഗം: മറനീക്കുന്ന സംഘ്പരിവാർ വത്കരണം
ആരിഫ് മുഹമ്മദ് ഖാന് പകരം 2025 ജനുവരിയിൽ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരള ഗവർണറായി എത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. ആരിഫ് മുഹമ്മദ് ഖാൻ സംഘ്പരിവാരിൻ്റെ വെറും കാവൽക്കാരനായിരുന്നു എങ്കിൽ അർലേക്കർ കറകളഞ്ഞ ആർ.എസ്.എസുകാരനാണ്. ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിച്ച വിവാദങ്ങളുടെ പുകമറകൾക്ക് പകരം, വളരെ ആസൂത്രിതമായും നിശബ്ദമായും സംഘ്പരിവാർ അജണ്ടകൾ സർവ്വകലാശാലകളിൽ നടപ്പിലാക്കുന്ന രീതിയാണ് അർലേക്കർ അവലംബിച്ചത്. ഗോവയിൽ നിന്നുള്ള ബി.ജെ.പി നേതാവും ആർ.എസ്.എസ് പശ്ചാത്തലവുമുള്ള അദ്ദേഹം തന്റെ രാഷ്ട്രീയ വിധേയത്വം തുറന്നുകാട്ടുന്ന നടപടികളാണ് ചുരുങ്ങിയ കാലംകൊണ്ട് കൈക്കൊണ്ടത്.
എം.ജി യൂണിവേഴ്സിറ്റിയിലെ സെനറ്റ് നിയമനം: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഇടക്കാല വി.സിയായി മാവൂത്തു ദുരൈപാണ്ഡിയെ നിയമിച്ച ഗവർണർ, സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത് 30 പേരെയാണ്. ഇതിൽ ജനറൽ കാറ്റഗറിയിൽ ഉൾപ്പെട്ട 15 പേരും മറ്റ് ചിലരുമടക്കം 19-ഓളം പേർ കൃത്യമായ സംഘ്പരിവാർ പശ്ചാത്തലമുള്ളവരായിരുന്നു. ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം ജെ. പ്രമീള ദേവി, എ.ബി.വി.പി, ഭാരതീയ അഭിഭാഷക പരിഷത്ത്, സംഘ്പരിവാർ അനുകൂല അധ്യാപക സംഘടനകൾ എന്നിവയുടെ നേതാക്കൾ എന്നിവരെയാണ് യാതൊരു അക്കാദമിക മാനദണ്ഡങ്ങളുമില്ലാതെ സെനറ്റിലേക്ക് കുടിയിരുത്തിയത്. സർവ്വകലാശാലാ സിൻഡിക്കേറ്റിന്റെയും സെനറ്റിന്റെയും ജനാധിപത്യ സ്വഭാവം തകർക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
കേരള കാർഷിക സർവ്വകലാശാലയും ഡോ.സജിതാ റാണിയുടെ നിയമനവും: ഏറ്റവും ഒടുവിലായി 2026 ജൂണിൽ നടന്ന കേരള കാർഷിക സർവ്വകലാശാല വി.സി നിയമനം ഗവർണറുടെ അധികാര ദുർവിനിയോഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അക്കാദമിക മികവിന്റെയും ദേശീയ-അന്തർദേശീയ പ്രശസ്തിയുടെയും അടിസ്ഥാനത്തിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് നൽകിയ പാനൽ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഗവർണർ പ്രവർത്തിച്ചത്. പകരം, സീനിയോറിറ്റി എന്ന വാദം ഉയർത്തി പടന്നക്കാട് കാർഷിക കോളേജ് ഡീൻ ആയ ഡോ. ടി. സജിതാ റാണിയെ വൈസ് ചാൻസലറുടെ ചുമതല ഏൽപ്പിച്ചു. ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ ‘അധ്യാപക പരിഷത്തിന്റെ’ നേതാവാണ് സജിതാ റാണി എന്നത് ഈ നിയമനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നു. പ്രോ-ചാൻസലർ കൂടിയായ വകുപ്പ് മന്ത്രിയുടെ ശുപാർശകളെ കാറ്റിൽപ്പറത്തി, അക്കാദമിക മികവിനേക്കാൾ രാഷ്ട്രീയ വിധേയത്വത്തിന് മുൻഗണന നൽകുന്നതാണ് ഈ നടപടി.
കേരള സർവകലാശാലയിലെ വി.സിയുടെ ആർ.എസ്.എസ് ബന്ധം: കേരള സർവകലാശാലയുടെ ഇടക്കാല വി.സിയായ ഡോ. മോഹനൻ കുന്നുമ്മൽ തിരുവനന്തപുരത്ത് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. സർവ്വകലാശാലയുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കേണ്ട ഒരു വ്യക്തി പരസ്യമായി സംഘ്പരിവാർ പരിപാടിയിൽ പങ്കെടുത്തത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ‘തെമ്മാടികൾ’ എന്നും ‘മയക്കുമരുന്നിന് അടിമപ്പെട്ടവർ’ എന്നും അദ്ദേഹം അധിക്ഷേപിച്ചു. ഇതേത്തുടർന്ന് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ചും രജിസ്ട്രാറെ സസ്പെൻഡ് ചെയ്തുമാണ് വി.സി നേരിട്ടത്.
സിലബസുകളിലെ സംഘ്പരിവാർ അജണ്ട
ഭരണപരമായ തലപ്പത്ത് മാത്രമല്ല, വിദ്യാർത്ഥികൾ പഠിക്കുന്ന സിലബസുകളിലും വളരെ തന്ത്രപരമായി കാവിവത്കരണം നടപ്പിലാക്കുന്നുണ്ട്. കണ്ണൂർ സർവ്വകലാശാലയിലെ പി.ജി സിലബസ് വിവാദം ഇതിന്റെ നേർചിത്രമാണ്. തലശ്ശേരി ബ്രണ്ണൻ കോളേജിലെ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ എം.എസ് ഗോൾവാൾക്കറുടെ വിചാരധാര (Bunch of Thoughts), ഹിന്ദു മഹാസഭാ നേതാവ് വി.ഡി സവർക്കറുടെ ‘ഹിന്ദുത്വ’ (Hindutva: Who is a Hindu?) എന്നീ പുസ്തകങ്ങളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തിയത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. വിമർശനാത്മക പഠനത്തിനാണ് ഇവ ഉൾപ്പെടുത്തിയത് എന്നായിരുന്നു സർവ്വകലാശാലാ അധികൃതരുടെ വിശദീകരണമെങ്കിലും, വലതുപക്ഷ ഫാസിസ്റ്റ് ആശയങ്ങളെ അക്കാദമികമായി സാധൂകരിക്കാനും അവയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമായാണ് ഇത് വിലയിരുത്തപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത നേതാക്കളുടെയും, ന്യൂനപക്ഷങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന പുസ്തകങ്ങളുടെയും ആശയങ്ങൾ ഉന്നത കലാലയങ്ങളിൽ പാഠ്യവിഷയമാക്കുന്നത് മതേതര കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ഏറ്റ വലിയ പ്രഹരമാണ്.
നിയമ പോരാട്ട സാദ്ധ്യതകൾ
ഗവർണർമാരുടെ ഈ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികൾക്കെതിരെ ശക്തമായ നിയമ പോരാട്ടങ്ങൾ അനിവാര്യമാണ്. സർവ്വകലാശാലകളുടെ ചാൻസലർ പദവി ഗവർണർമാർക്ക് നൽകുന്നത് ഭരണഘടനാപരമായ ബാധ്യതയല്ല, മറിച്ച് സംസ്ഥാന സർക്കാരുകൾ പാസ്സാക്കിയ സർവ്വകലാശാലാ നിയമങ്ങളിലൂടെ നൽകപ്പെട്ട ഒരു പദവി മാത്രമാണ്. എം.എം പൂഞ്ചി കമ്മീഷൻ (Punchhi Commission) വളരെ വ്യക്തമായി ശുപാർശ ചെയ്തത് ഗവർണർമാരെ സർവ്വകലാശാലാ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കണം എന്നാണ്. ഈ ശുപാർശ മുൻനിർത്തി സുപ്രീം കോടതിയിൽ ശക്തമായ നിയമ പോരാട്ടം നടത്തേണ്ടതുണ്ട്.
നിയമസഭ പാസ്സാക്കിയ ബില്ലുകൾ യാതൊരു കാരണവും വ്യക്തമാക്കാതെ രാഷ്ട്രപതി തടഞ്ഞുവെച്ചതിനെതിരെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കണം. ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണിത്. പഞ്ചാബ്, തമിഴ്നാട് സർക്കാരുകൾ ഗവർണർമാർക്കെതിരെ നേടിയ അനുകൂല കോടതി വിധികൾ കേരളത്തിനും മാതൃകയാക്കാവുന്നതാണ്. കാർഷിക സർവ്വകലാശാലയിലടക്കം അക്കാദമിക മികവ് പരിഗണിക്കാതെ, കേവലം സീനിയോറിറ്റിയും രാഷ്ട്രീയ വിധേയത്വവും മാത്രം വെച്ച് ഗവർണർ നടത്തുന്ന നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജികൾ ഫയൽ ചെയ്യുകയും, യു.ജി.സി മാർഗ്ഗരേഖകളുടെ ലംഘനം ചൂണ്ടിക്കാട്ടുകയും വേണം.
രാഷ്ട്രീയ പോരാട്ടങ്ങളുടെ ആവശ്യകത
നിയമപരമായ പോരാട്ടങ്ങൾക്കൊപ്പം തന്നെ, തെരുവുകളിലും കലാലയങ്ങളിലും അതിശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഗവർണർ എന്ന പദവിയെ ഉപയോഗിച്ച് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് ശാഖകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ കേവലം ഭരണപരമായ പ്രശ്നമായി കാണാൻ കഴിയില്ല. കേരള സർവകലാശാലയിലും എം.ജിയിലും വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരങ്ങൾ കൂടുതൽ വ്യാപകമാക്കേണ്ടതുണ്ട്. സംഘ്പരിവാർ അനുകൂലികളായ വി.സിമാരെയും നോമിനികളെയും കലാലയങ്ങളിൽ ബഹിഷ്കരിക്കുക എന്ന ജനാധിപത്യപരമായ സമരം ശക്തിപ്പെടണം. യൂണിവേഴ്സിറ്റി അധ്യാപകർ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാൻ ശക്തമായി രംഗത്തുവരണം. ഗുണനിലവാരം തകർത്ത് സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിനെതിരെ അക്കാദമിക സമൂഹം ഒന്നടങ്കം ശബ്ദമുയർത്തണം. ഭരണ-പ്രതിപക്ഷ ഭേദമന്യേ, കേരളത്തിലെ എല്ലാ മതേതര ജനാധിപത്യ പാർട്ടികളും ഈ കാവിവത്കരണത്തിനെതിരെ ഒന്നിക്കണം. ലോക്ഭവനുകൾ സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ ലാവണങ്ങളായി മാറുമ്പോൾ, അതിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു വലിയ രാഷ്ട്രീയ മുന്നേറ്റം അനിവാര്യമാണ്. സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളെ ഹനിക്കുന്നതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണം.
സർവ്വകലാശാലകൾ കേവലം ബിരുദങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളല്ല; അവ സ്വതന്ത്ര ചിന്തയുടെയും നവോത്ഥാന ആശയങ്ങളുടെയും പോറ്റില്ലങ്ങളാണ്. ഗുണനിലവാരമില്ലായ്മ എന്ന പ്രതിസന്ധിയെ മറികടക്കാൻ സർവ്വകലാശാലകൾക്ക് മികച്ച അക്കാദമിസ്റ്റുകളെയും ഗവേഷകരെയും ഭരണാധികാരികളായി ആവശ്യമുണ്ട്. എന്നാൽ അതിന് പകരം, രാജേന്ദ്ര അർലേക്കറെയും ആരിഫ് മുഹമ്മദ് ഖാനെയും പോലുള്ള ഗവർണർമാർ ചരടുവലിക്കുന്നത് സർവ്വകലാശാലകളെ കാവിവത്കരിക്കാൻ മാത്രമാണ്. സജിതാ റാണിയെയും ദുരൈപാണ്ഡിയെയും പോലെയുള്ള നിയമനങ്ങളും, സിലബസുകളിലെ ഗോൾവാൾക്കർ വൽക്കരണവും കേരളീയ സമൂഹം അതീവ ഗൗരവത്തോടെ കാണണം. അക്കാദമിക മികവിനെ ബലികഴിച്ച് രാഷ്ട്രീയ വിധേയത്വത്തിന് ചുവപ്പുപരവതാനി വിരിക്കുന്ന ഈ പ്രവണത തുടർന്നാൽ, കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല പൂർണ്ണമായും തകർന്നടിയും. ഇതിനെ പ്രതിരോധിക്കാൻ സുതാര്യമായ നിയമ പോരാട്ടങ്ങളും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ സമരങ്ങളും മാത്രമാണ് ഇനി നമ്മുടെ മുന്നിലുള്ള ഏകവഴി.
