August 9 Sunday 2026

“അസ്വാഭാവിക ജനസംഖ്യാ മാറ്റം” കണക്കെടുപ്പ്: അപരവത്കരണത്തിൻറെ പുതിയ അധ്യായമോ?

2025 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ രാജ്യത്ത് ഒരു “ഹൈപവേഡ് ഡെമോഗ്രഫി മിഷൻ” രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പല തെരഞ്ഞെടുപ്പുകളിലും ബിജെപി ഉപയോഗിച്ച നുഴഞ്ഞുകയറ്റക്കാർ ജോലി തട്ടിയെടുക്കുന്നു, സ്ത്രീകളെ ലക്ഷ്യംവെക്കുന്നു, ഭൂമി കയ്യേറുന്നു തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇതിന്റെ തുടർച്ചയായി ഈ വർഷം മേയ് 26ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം “ഉന്നതാധികാര ജനസംഖ്യാ മാറ്റ സമിതി” (High-Level Committee on Demographic Change) ഔദ്യോഗികമായി രൂപീകരിച്ചു.

അനധികൃത കുടിയേറ്റവും മറ്റ് “അസ്വാഭാവിക കാരണങ്ങളും” മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി, അതിനുള്ള കാരണങ്ങൾ പഠിച്ച്, ഉചിതമായ നയപരവും നിയമപരവും ഭരണപരവുമായ നടപടികൾ ശിപാർശ ചെയ്യുകയാണ് സമിതിയുടെ ചുമതല എന്നാണ് സർക്കാർ പ്രമേയത്തിൽ പറയുന്നത്.

സമിതിയിൽ ആരൊക്കെ?

അധ്യക്ഷൻ: റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി പ്രകാശ് പ്രഭാകർ നവ്‌ലേക്കർ. അംഗങ്ങൾ: സെൻസസ് കമ്മീഷണർ, റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ദുർഗ ശങ്കർ മിശ്ര, റിട്ടയേഡ് ഐ.പി.എസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഡോ. ശാമിക രവി (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം). മെമ്പർ സെക്രട്ടറി: ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി.
നിയമപരവും, ബ്യൂറോക്രാറ്റിക്, സാമ്പത്തികവുമായ കാഴ്ചപ്പാടുകൾ ചേർത്തുവെച്ചാണ് സന്തുലിതമായ പരിശോധന ഉറപ്പാക്കുന്നത് എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ, ഈ ആറംഗ സമിതിയിൽ ഒരു ജനസംഖ്യാ ശാസ്ത്രജ്ഞൻ (demographer) പോലുമില്ല എന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

സമിതിയുടെ പ്രവർത്തന രീതി
മേയ് 26ന് രൂപീകൃതമായി ഒരാഴ്ചക്കകം തന്നെ സമിതി ആദ്യ യോഗം ചേർന്നു. ജൂൺ 13ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്, അതിർത്തി ജില്ലകൾ, മെട്രോ നഗരങ്ങൾ, വ്യവസായ ടൗണുകൾ എന്നിവിടങ്ങൾ സന്ദർശിക്കാൻ സമിതിയോട് നിർദേശിച്ചു. ജൂലൈ ഒന്നിന് സമിതി വീണ്ടും അമിത് ഷായെ കണ്ട്, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിച്ച് നേരിട്ട് വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചു. സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളിൽനിന്ന് മുൻകൂട്ടി വിവരങ്ങൾ ശേഖരിക്കാൻ വിശദമായ ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്. ശിപാർശകൾ എത്രയും വേഗം സമർപ്പിക്കണമെന്ന് അമിത് ഷാ സമിതിയോട് ആവശ്യപ്പെട്ടു. ഒരു വർഷത്തിനകം അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് വ്യവസ്ഥ. സമിതിക്ക് ഏത് മന്ത്രാലയത്തിൽനിന്നും സംസ്ഥാന സർക്കാരിൽനിന്നും വ്യക്തിയിൽനിന്നും വിവരങ്ങളും രേഖകളും ആവശ്യപ്പെടാൻ അധികാരമുണ്ട്.

ടേംസ് ഓഫ് റഫറൻസ്
സമിതി പഠിക്കേണ്ട പ്രധാന വിഷയങ്ങൾ ഇവയാണ്: പ്രത്യുൽപാദനക്ഷമത (fertility) വ്യതിയാനങ്ങൾ, അതിർത്തി കടന്നുള്ള നീക്കം, സാമ്പത്തിക കുടിയേറ്റം എന്നിവ പോലുള്ള കാരണങ്ങൾ, അസ്വാഭാവിക താമസ രീതികളും ആസൂത്രിത കുടിയേറ്റവും തിരിച്ചറിയൽ, മത, സാമൂഹിക വിഭാഗങ്ങളുടെ തലത്തിലുള്ള ജനസംഖ്യാ ഘടനാമാറ്റം പ്രത്യേകിച്ച് ദേശീയ പ്രവണതയിൽനിന്ന് വ്യതിചലിക്കുന്നവ വിശകലനം ചെയ്യൽ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ്, തടങ്കലിലാക്കി, നാടുകടത്താനുള്ള സ്ഥിരം സംവിധാനം ശിപാർശ ചെയ്യൽ. അതിർത്തി നിയന്ത്രണവും ജനസംഖ്യാ സ്ഥിരതയും ശക്തിപ്പെടുത്താനുള്ള സംവിധാനങ്ങൾ നിർദേശിക്കൽ. ഈ അജണ്ട അതിർത്തി മേഖലകളിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച കേന്ദ്രത്തിന് “അസ്വാഭാവികം” എന്ന് തോന്നുന്ന ഏതൊരു പ്രദേശവും (ഗോത്ര മേഖലകൾ, വ്യവസായ ഇടനാഴികൾ, നഗരകേന്ദ്രങ്ങൾ ഉൾപ്പെടെ) പരിശോധനാ പരിധിയിൽ വരും.

ജനസംഖ്യാ ശാസ്ത്രജ്ഞൻ ഇല്ലാത്ത “ജനസംഖ്യാ” സമിതി
ഇത്രയും സങ്കീർണമായ ജനസംഖ്യാ വിഷയങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതിയിൽ ഒരു ജനസംഖ്യാ വിദഗ്ധൻ പോലും ഇല്ലാത്തത് സമിതിയുടെ കണ്ടെത്തലുകളുടെ ഗുണനിലവാരത്തെക്കുറിച്ചുതന്നെ ചോദ്യമുയർത്തുന്നു. ജഡ്ജി, ബ്യൂറോക്രാറ്റുകൾ, ഒരു സാമ്പത്തിക വിദഗ്ധ എന്നിവരടങ്ങിയ സംഘത്തിന് ജനസംഖ്യാശാസ്ത്രത്തിന്റെ സാങ്കേതിക സൂക്ഷ്മതകൾ (പ്രത്യുൽപാദന നിരക്ക്, മരണ നിരക്ക്, പ്രായഘടന തുടങ്ങിയവ) വിശകലനം ചെയ്യാൻ ആവശ്യമായ വൈദഗ്ധ്യമുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്.

സെൻസസ് നടക്കുമ്പോൾ തന്നെ സമാന്തര “കണക്കെടുപ്പ്”
ഒന്നര പതിറ്റാണ്ടിന് ശേഷം സെൻസസ് 2027ന്റെ ആദ്യഘട്ടം (വീടെണ്ണൽ) ആരംഭിച്ചിരിക്കെ, രണ്ടാം ഘട്ടത്തിന്റെ (ജനങ്ങളെ എണ്ണുന്ന) മാർഗനിർദേശങ്ങൾ പോലും തയാറാകാത്ത അവസ്ഥയിലാണ് ഈ പ്രത്യേക സമിതി ധൃതിപിടിച്ച് പ്രവർത്തിക്കുന്നത്. ആധികാരികമായ ജനസംഖ്യാ ഡാറ്റ ലഭ്യമാകുന്നതിന് മുമ്പുതന്നെ “അസ്വാഭാവിക ജനസംഖ്യാ മാറ്റം” എന്ന നിഗമനത്തിലേക്ക് സർക്കാർ എത്തിക്കഴിഞ്ഞു എന്നതാണ് വൈരുധ്യം, തെളിവിന് മുമ്പേ വാദം എത്തുന്ന അവസ്ഥ.

ശ്രദ്ധ അനധികൃത കുടിയേറ്റത്തിൽ മാത്രം
യഥാർഥ ജനസംഖ്യാ വെല്ലുവിളികളായ പ്രത്യുൽപാദനക്ഷമതാ നിരക്കിലെ കുറവ്, വാർധക്യമടയുന്ന ജനസംഖ്യ എന്നിവ അവഗണിച്ചുകൊണ്ട് അനധികൃത കുടിയേറ്റത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രശ്നമാണ്. ഇന്ത്യ അഭിമുഖീകരിക്കുന്ന യഥാർഥ ജനസംഖ്യാപരമായ വെല്ലുവിളികളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുന്ന ഒരു ഇടുങ്ങിയ കാഴ്ചപ്പാടാണ് ഇതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിമർശനം.

രാഷ്ട്രീയ ലക്ഷ്യമോ ശാസ്ത്രീയ അന്വേഷണമോ?
സമിതിയിൽ ജനസംഖ്യാ ശാസ്ത്രജ്ഞൻ ഇല്ലെന്നത് ശ്രദ്ധേയമാണെന്നും, ബംഗാളിലെ ചരിത്രത്തിൽ ജനസംഖ്യാ കണക്കുകൾ സാമുദായിക സംഘർഷം ഉണർത്താൻ ഉപയോഗിച്ചിരുന്നതും ആശങ്കകൾ ഉണ്ടാക്കുന്നതാണ് . “അസ്വാഭാവിക ജനസംഖ്യാ മാറ്റം” പഠിക്കാൻ സമിതി രൂപീകരിച്ചത് സാമൂഹിക പഠനത്തിനല്ല, മറിച്ച് ഇന്ത്യയിൽ ഹിന്ദുക്കൾ എണ്ണത്തിൽ പിന്തള്ളപ്പെടുമെന്ന സാംസ്കാരിക ആശങ്ക സൃഷ്ടിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

തദ്ദേശീയ ജനസംഖ്യയെ ബോധപൂർവം ആസൂത്രിതമായ കുടിയേറ്റത്തിലൂടെ ന്യൂനപക്ഷമാക്കുന്നു എന്ന “ജനസംഖ്യാ പ്രതിസ്ഥാപനം” (population replacement) എന്ന ഗൂഢാലോചനാ സിദ്ധാന്തം യൂറോപ്പിലും യു.എസിലും വലതുപക്ഷ, വെള്ളക്കാരൻ മേധാവിത്വ രാഷ്ട്രീയക്കാർ പ്രചരിപ്പിക്കുന്ന അതേ ആശയമാണ്.

ഇത് പുതിയ പ്രതിഭാസമല്ല, ബംഗാളിൽ ഭൂവുടമകളായ മേൽജാതി ഹിന്ദുക്കൾ മുസ്‌ലിം കർഷകർ ഭൂരിപക്ഷമുള്ള പ്രദേശത്ത് ന്യൂനപക്ഷമായിരുന്നപ്പോൾ ഇതേ ആശങ്ക ഉടലെടുത്തിരുന്നു. 1909-ൽ യു.എൻ. മുഖർജി എഴുതിയ “ഹിന്ദുസ്: എ ഡൈയിംഗ് റേസ്” എന്ന പുസ്തകം മുസ്‌ലിം ജനസംഖ്യാ വർധനവിനെക്കുറിച്ച് ഭയം സൃഷ്ടിച്ചതും ഇതേ പാറ്റേണിന്റെ ഭാഗമായിരുന്നു. ഈ “കാവി ജനസംഖ്യാശാസ്ത്ര”ത്തിന്റെ (saffron demography) പ്രധാന ഊന്നൽ മതം, ഫലഭൂയിഷ്ഠത, ജനസംഖ്യാ വളർച്ച എന്നിവയിലാണ്.

കണക്കുകൾ വാദത്തെ പിന്തുണക്കുന്നില്ല
ദേശീയ കുടുംബാരോഗ്യ സർവേ (NFHS) പ്രകാരം ഹിന്ദു-മുസ്‌ലിം പ്രത്യുൽപാദനക്ഷമത നിരക്കുകൾ തമ്മിലുള്ള അന്തരം വർഷങ്ങളായി ചുരുങ്ങിവരികയാണ്. യഥാർഥത്തിൽ മുസ്‌ലിം പ്രത്യുൽപാദനക്ഷമത നിരക്ക് ഹിന്ദു നിരക്കിനെക്കാൾ വേഗത്തിലാണ് കുറഞ്ഞുവരുന്നത്. പശ്ചിമ ബംഗാളിൽ ഇത് 2001-ൽ 4.1 ആയിരുന്നത് 2011-ൽ 2.2 ആയി. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശ് 2017-ൽ തന്നെ ജനസംഖ്യാ സ്ഥിരതാ നിരക്കിലെത്തി, ഇന്ത്യ മൊത്തത്തിൽ ആ നിരക്കിലെത്തുന്നതിന് ഏഴ് വർഷം മുമ്പ്.

അതിർത്തി സുരക്ഷാ സേനയുടെ (BSF) കണക്കുകൾ പ്രകാരം 2017 മുതൽ ഇന്ത്യയിലേക്ക് കടക്കുന്നവരെക്കാൾ കൂടുതൽ പേർ രാജ്യം വിട്ടുപോകുന്നു എന്നാണ് കാണിക്കുന്നത്. പശ്ചിമ ബംഗാളിൽ 2001-2011 കാലയളവിൽ മൊത്തം ജനസംഖ്യയിലെ മുസ്‌ലിം വിഹിതത്തിന്റെ വാർഷിക വർധന ശരാശരി 0.26 ശതമാനം പോയിന്റ് മാത്രമാണ്, അതും പ്രത്യുൽപാദനക്ഷമത പ്രവണതകൾ കണക്കിലെടുക്കുമ്പോൾ ചുരുങ്ങിവരുന്ന ഒന്ന്.

ബംഗ്ലാദേശിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയുടേതിന് സമാനവും, ആരോപിക്കപ്പെടുന്ന കുടിയേറ്റ കേന്ദ്രമായ പശ്ചിമ ബംഗാളിനെക്കാൾ കൂടുതലുമാണ്. മാനവവികസന സൂചികകളിലും ബംഗ്ലാദേശ് മെച്ചമായ നിലയിലാണ്. അതിനാൽ ദുരിതം കാരണം കൂട്ടത്തോടെ ഇന്ത്യയിലേക്ക് കുടിയേറ്റം നടക്കുന്നു എന്നതിന് തെളിവില്ല. യഥാർത്ഥത്തിൽ കുടിയേറ്റ ഭീതി ഒരു ഫലപ്രദമായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പശ്ചിമ ബംഗാൾ, അസം, ബിഹാർ എന്നീ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടതായി നമുക്ക് കാണാം.

എസ്ഐആറുമായുള്ള ബന്ധം
പൗരത്വ (ഭേദഗതി) നിയമം, പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആർ) എന്നിവയുടെ തുടർച്ചയായാണ് സമിതി പ്രവർത്തിക്കുന്നതെന്നും, “കണ്ടെത്തി, നീക്കി, നാടുകടത്തുക” എന്ന നയത്തിന്റെ ഭാഗമാണ് ഇതും എന്നും വിമർശനമുണ്ട്. പശ്ചിമ ബംഗാളിൽ SIR ഡാറ്റ ഉപയോഗിച്ച് ബഹുഭൂരിപക്ഷവും മുസ്‌ലിംകളായ ഒരു stateless citizens സൃഷ്ടിക്കപ്പെടുന്നു എന്നാണ് ആരോപണം. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SIR പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമീഷൻ വെട്ടിമാറ്റിയ ഏകദേശം ആറ് കോടി പേർ ക്ഷേമ പദ്ധതികളിൽനിന്ന് പുറത്താണ്.

ജൂൺ രണ്ടിന് ചേർന്ന ആദ്യ യോഗത്തിൽത്തന്നെ, എസ്ഐആർലൂടെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ കാര്യം കൂടി പഠനവിധേയമാക്കാൻ സമിതി തീരുമാനിച്ചത് ശ്രദ്ധേയമാണ്. ഇത് സൂചിപ്പിക്കുന്നത്, തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണപരമായ ഒരു നടപടി (SIR), ജനസംഖ്യാ സമിതിയുടെ അന്വേഷണ പരിധിയിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. അതായത്, വോട്ടർപട്ടികയിൽനിന്ന് പുറത്തായവരെ “സംശയാസ്പദ പൗരന്മാർ” എന്ന ഗണത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു സ്ഥാപനപരമായ കണ്ണി ഇവിടെ രൂപപ്പെടുന്നു.

സമിതിക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ ശ്രദ്ധിച്ചാൽ, ഇത് വെറുമൊരു ഉപദേശക സമിതിയല്ല എന്ന് വ്യക്തമാകും. ഏത് മന്ത്രാലയത്തിൽനിന്നും, സംസ്ഥാന സർക്കാരിൽനിന്നും, പൊതു അധികാര സ്ഥാപനത്തിൽനിന്നും, വ്യക്തിയിൽനിന്നും വിവരങ്ങളും രേഖകളും ആവശ്യപ്പെടാൻ സമിതിക്ക് അധികാരമുണ്ട്. സ്വന്തം അന്വേഷണ രീതികൾ തീരുമാനിക്കാനും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ ഉപസമിതികൾ രൂപീകരിക്കാനും സമിതിക്ക് സ്വാതന്ത്ര്യമുണ്ട്.

ഇത്രയും വിശാലമായ അധികാരം, ജനസംഖ്യാ വിദഗ്ധരില്ലാത്ത, മുൻവിധിയോടെ അജണ്ട തയാറാക്കിയ ഒരു സമിതിക്ക് നൽകുന്നത, ആരെ, എവിടെ, എങ്ങനെ പരിശോധിക്കണം എന്നതിൽ വലിയ വിവേചനാധികാരം (discretionary power) നൽകുന്നു എന്നതാണ് ആശങ്കയുടെ കാതൽ. “അസ്വാഭാവികം” എന്ന വാക്ക് ആരാണ് നിർവചിക്കുന്നത്, ഏത് മാനദണ്ഡപ്രകാരമാണ് ഒരു പ്രദേശത്തെ ജനസംഖ്യാ മാറ്റം “സ്വാഭാവികം” അല്ലാതാകുന്നത് എന്നതിന് വ്യക്തമായ ശാസ്ത്രീയ നിർവചനം പ്രമേയത്തിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.

ചരിത്രം പരിശോധിച്ചാൽ ജനസംഖ്യാ കണക്കുകൾ രാഷ്ട്രീയ ആയുധമാക്കുന്നത് കൊളോണിയൽ കാലം മുതലുള്ള ഒരു തന്ത്രമാണെന്ന് കാണാം. ബ്രിട്ടീഷ് ഭരണകാലത്ത് സെൻസസ് കണക്കുകൾ തന്നെ സമുദായങ്ങൾ തമ്മിലുള്ള അകലം വർധിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. ബംഗാളിൽ ഭൂവുടമ വർഗമായ ഹിന്ദുക്കൾ സംഖ്യാപരമായി ന്യൂനപക്ഷമായപ്പോൾ ഉടലെടുത്ത അതേ ഭയമാണ്, ഇന്ന് “കാവി ജനസംഖ്യാശാസ്ത്ര”ത്തിന്റെ (saffron demography) രൂപത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. വർഗപരമായ (class) മാനം കൂടി ഇതിനുണ്ട്, ദരിദ്രരും തൊഴിലാളിവർഗവുമായ ബംഗാളി മുസ്‌ലിംകളെ “ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ” എന്ന് മുദ്രകുത്തുന്നത് ഈ പഴയ പാറ്റേണിന്റെ തുടർച്ചയാണ്.

സർക്കാർ ഭാഷ്യത്തിൽ, ദേശസുരക്ഷ, ക്രമസമാധാനം, ഗോത്ര സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഗൗരവമായ ഒരു ശാസ്ത്രീയ പഠനമാണ് ഈ സമിതി നടത്തുന്നത്. എന്നാൽ, വിമർശകർ ചൂണ്ടിക്കാട്ടുന്ന വാദങ്ങൾ ഒരുമിച്ചു വായിക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്: ജനസംഖ്യാ വിദഗ്ധരില്ലാതെ, സെൻസസ് പൂർത്തിയാകും മുമ്പേ, ലഭ്യമായ ഡാറ്റ തന്നെ എതിർദിശയിൽ ചൂണ്ടുമ്പോൾ, ഈ സമിതി യഥാർഥത്തിൽ ഒരു ജനസംഖ്യാശാസ്ത്ര അന്വേഷണമാണോ, അതോ മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഒരു രാഷ്ട്രീയ നിഗമനത്തിന് ശാസ്ത്രീയ ഭാഷ്യം നൽകാനുള്ള ഒരു സംവിധാനമാണോ എന്നത്. നാടുകടത്തലിനുള്ള “സ്ഥിരം സംവിധാനം” രൂപപ്പെടുത്താനുള്ള ചുമതല സമിതിക്ക് നൽകിയിരിക്കുന്നത് കൂടി കണക്കിലെടുക്കുമ്പോൾ, ജനസംഖ്യാ പഠനത്തിനപ്പുറം ഒരു ഭരണപരവും രാഷ്ട്രീയവുമായ ഉപകരണമായി ഇത് മാറുന്നു എന്ന് പറയാതെ വയ്യ.

റഫറൻസ് :
https://thewire.in/government/demographic-change-committee-minus-a-demographer-why-sole-focus-on-illegal-immigration-is-a-problem
https://www.etvbharat.com/en/bharat/high-level-committee-on-demographic-change-to-visit-states-and-uts-enn26070105666
https://www.epw.in/journal/2026/26-27/editorials/abnormal-demography-or-demography-tool-othering.html
https://www.pib.gov.in/PressReleasePage.aspx?PRID=2265494&reg=3&lang=2
https://www.madhyamam.com/columns/delhidiary/another-survey-before-the-census-1533852
https://www.lokmattimes.com/national/committee-on-demographic-changes-to-visit-stats-uts-to-collect-report-hm-asks-for-earliest-recommendation/

 

Related