കേരള രാഷ്ട്രീയത്തില്‍ ഇനി പഴയ സമവാക്യങ്ങളും കോര്‍പ്പറേറ്റ് ശൈലിയിലുള്ള സാമുദായിക വിലപേശലുകളും ചെലവാകില്ലെന്ന് 2026-ലെ ജനവിധി ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഇത് കേവലം ഒരു മുന്നണിയുടെ പരാജയമല്ല; മറിച്ച്, കേരളത്തിലെ വോട്ടര്‍മാരെ തങ്ങളുടെ പോക്കറ്റിലാണെന്ന് കരുതിയ ചില ‘തമ്പുരാക്കന്മാര്‍ക്കും’ ഭരണാധികാരിക്കും ജനങ്ങള്‍ നല്‍കിയ ശക്തമായ പ്രഹരമാണ് .
തകര്‍ന്നുപോയ എല്‍ഡിഎഫ് കണക്കുകൂട്ടലുകള്‍
ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ പിണറായി വിജയന്‍ പയറ്റിയ എല്ലാ തന്ത്രങ്ങളും പാളിപ്പോയി. ജോസ് കെ. മാണിയിലൂടെ ക്രിസ്ത്യന്‍ വോട്ടുകളും, വെള്ളാപ്പള്ളിയിലൂടെയും സുകുമാരന്‍ നായരിലൂടെയും ഹിന്ദു സമുദായ വോട്ടുകളും പെട്ടിയിലാക്കാം എന്ന കണക്കുകൂട്ടലിനെ ജനങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞു. കേരള കോണ്‍ഗ്രസ് (എം) പൂജ്യമായി മാണി ഗ്രൂപ്പിനെ കൂടെ നിര്‍ത്തിയാല്‍ മധ്യതിരുവിതാംകൂര്‍ ഭരിക്കാം എന്ന മോഹം പൊലിഞ്ഞു. മത്സരിച്ച 12 സീറ്റിലും തോറ്റ് തൊപ്പിയിട്ടതോടെ സമുദായം നേതാവിനൊപ്പമല്ലെന്ന് തെളിഞ്ഞു.
ഭരണവിരുദ്ധ തരംഗം
വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സാധാരണക്കാരന്‍, സാമുദായിക പ്രീണനത്തേക്കാള്‍ പ്രാധാന്യം നല്‍കിയത് തന്റെ ജീവിതസാഹചര്യങ്ങള്‍ മാറ്റുന്ന രാഷ്ട്രീയത്തിനാണ്.
ചുവപ്പ് കൈവിട്ട ദലിത് ഹൃദയങ്ങള്‍: യുഡിഎഫിന്റെ വിജയരഹസ്യം!
ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ നെഞ്ചകം തകര്‍ത്ത ഏറ്റവും വലിയ ഘടകം പരമ്പരാഗത വോട്ട് ബാങ്കുകളുടെ ചോര്‍ച്ചയാണ്. കാലങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ ഇത്തവണ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികളുടെ മരവിപ്പ്, പിന്‍വാതില്‍ നിയമനങ്ങള്‍, സാമ്പത്തിക പ്രതിസന്ധി മൂലം ആനുകൂല്യങ്ങള്‍ മുടങ്ങിയത് മുന്നോക്ക സംവരണം തുടങ്ങി നിരവധി കാരണങ്ങളാല്‍ ഈ ജനവിഭാഗങ്ങളെ ഇടതുപക്ഷത്തില്‍ നിന്ന് അകറ്റി. തങ്ങളെ വെറും ‘വോട്ട് യന്ത്രങ്ങള്‍’ മാത്രമായി കണ്ട്, വരേണ്യവര്‍ഗ സമുദായ നേതാക്കളുടെ പിന്നാലെ പ്രീണനവുമായി പോയ പിണറായി സര്‍ക്കാരിന് ദലിത് ജനവിഭാഗങ്ങള്‍ തങ്ങളുടെ വോട്ടവകാശം കൊണ്ട് മറുപടി നല്‍കി. യുഡിഎഫിന് ലഭിച്ച ഈ വന്‍ ഭൂരിപക്ഷത്തില്‍ ഈ വിപ്ലവകരമായ മാറ്റം നിര്‍ണായക പങ്കുവഹിച്ചു.
സമുദായ നേതാക്കളുടെ ‘രാഷ്ട്രീയ അസ്തമയം’
വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് മുസ്ലിം ലീഗിന് കോണ്‍ഗ്രസ് വഴങ്ങുന്നതുകൊണ്ടാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ജി. സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളി നടേശനും ഏറ്റ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
അപ്രസക്തമായ തിട്ടൂരങ്ങള്‍
സതീശന്‍ വേണ്ട എന്ന് ഈ നേതാക്കള്‍ പരസ്യമായി പറഞ്ഞിട്ടും 102 സീറ്റുകളുടെ വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തിലേറ്റുകയും വിഡി സതീശനെ നെഞ്ചിലേറ്റുകയും ചെയ്തു. സമുദായംഗങ്ങള്‍ നേതാക്കളുടെ ‘കല്പന’കള്‍ക്കല്ല, സ്വന്തം രാഷ്ട്രീയ ബോധ്യങ്ങള്‍ക്കാണ് വോട്ട് ചെയ്തത്.
വെറുക്കപ്പെട്ട വിലപേശല്‍
രാഷ്ട്രീയ പാര്‍ട്ടികളെ വിരട്ടി സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നേതാക്കളുടെ ശൈലിയെ സമുദായത്തിനകത്തുള്ളവര്‍ തന്നെ വെറുത്തു കഴിഞ്ഞു എന്നതിന്റെ തെളിവുകൂടിയാണിത്.
സതീശന്റെയും യു.ഡി.എഫിന്റെയും മുന്നേറ്റം
മതനിരപേക്ഷതയില്‍ ഉറച്ചുനിന്നുകൊണ്ട്, തീവ്ര സാമുദായിക നിലപാടുകളോട് സന്ധി ചെയ്യാതെ വി.ഡി. സതീശന്‍ നടത്തിയ പോരാട്ടം കേരളം നെഞ്ചേറ്റി. ഈ വിജയം കേരളത്തിലെ പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ തുടക്കമാണ്.
ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് ആരും കരുതേണ്ട. ഇത് പ്രബുദ്ധ കേരളമാണ്. ഇവിടെ വോട്ട് തീരുമാനിക്കുന്നത് എന്‍എസ്എസ് ആസ്ഥാനത്തോ കണിച്ചുകുളങ്ങരയിലോ അല്ല, മറിച്ച് സാധാരണക്കാരന്റെ അടുക്കളയിലും അവന്റെ രാഷ്ട്രീയ ബോധ്യത്തിലുമാണ്. എല്‍ഡിഎഫിനൊപ്പം ഈ സമുദായ നേതാക്കളെയും ജനങ്ങള്‍ കൈയ്യൊഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി മോഹം തകര്‍ന്ന രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും കൂടി ഈ തെരഞ്ഞെടുപ്പ് ഒരുപാഠമാണ്. കേരള രാഷ്ട്രീയത്തെ സുകുമാരന്‍ നായരാണ് നിയന്ത്രിക്കുന്നതെന്ന് അവരുടെ ധാരണ ഇനിയെങ്കിലും അവര്‍ തിരുത്തണം.
