“ ഞാൻ കുട്ടികളെ അങ്ങാടിയിലേക്ക് കൊണ്ടുപോകാറില്ല.ആയതിനാൽ അവിടെ ലഭ്യമായ ഭക്ഷണം അവർ കാണുകയുമില്ല. ഇനിയെങ്ങാനും അവർ അങ്ങാടിയുടെ സമീപത്തുകൂടെ പോയാൽ അവരുടെ കണ്ണുകൾ മൂടാൻ ഞാൻ അവരോട് പറയും ”
അതേ പട്ടണത്തിലെ മറ്റൊരമ്മ പറയുന്നത് താൻ ഒരു ആപ്പിൾ മാത്രം വാങ്ങി അത് തന്റെ നാല് കുട്ടികൾക്കായി വീതം വെച്ചാണ് കഴിക്കുന്നത് എന്നാണ്.
വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കമ്മ്യൂണിക്കേഷൻ മേധാവിയോട് ഗസ്സയിലെ രണ്ടുമ്മമാർ പറഞ്ഞ വർത്തമാനങ്ങളാണിത്.നവംബർ 24 ലെ യൂനിസഫിന്റെ കണക്ക് പ്രകാരം കരാർ പ്രാബല്യത്തിൽ വന്നതിനുശേഷവും ഓരോ ദിവസവും രണ്ടു കുട്ടികൾ പലസ്തീനിൽ കൊല്ലപ്പെടുന്നുണ്ട്.നവംബർ 24 ലെ കണക്കു പ്രകാരം എഴുപതോളം കുട്ടികളാണ് ഗസ്സയിൽ വെടി നിർത്തൽ നിലവിൽ വന്നതിന് ശേഷം കൊല്ലപ്പെട്ടത്.ഒക്ടോബർ മൂന്ന് മുതൽ ആരംഭിച്ച വെടിനിർത്തൽ കാലയളവിൽ ഇതുവരെ ജീവൻ നഷ്ടമായത് 377 ഫലസ്തീനികൾക്കാണ്.വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള 44 ദിവസങ്ങളിൽ അഞ്ഞൂറോളം തവണയാണ് ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ദുരിത മേഖലയിലേക്കുള്ള സഹായങ്ങളും മെഡിക്കൽ ഉപകരണങ്ങളും വെടിനിർത്തൽ കരാറിന്റെ ഭാഗമായി എത്തിക്കുന്നതിന് തടസ്സമായി ഇസ്രായേലിന്റെ കനത്ത നിയന്ത്രണം ഇപ്പോഴും നിലനിൽക്കുകയാണ്.ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗസ്സയിലെ മേഖലയിൽ , അതായത് മഞ്ഞ നിയന്ത്രണ രേഖയ്ക്കുള്ളിൽ ഒരു ഹമാസ് പോരാളി ഇസ്രായേൽ പട്ടാളക്കാരെ ആക്രമിച്ചു എന്നതാണ് പുതിയ ആക്രമണത്തിന് ഹേതുവായി നെതന്യാഹുവിന്റെ ഓഫീസ് ചൂണ്ടിക്കാട്ടുന്നത്.എന്നാൽ ആ ഹമാസ് പോരാളി ആരാണ് എന്നത് ഇസ്രായേൽ വെളിപ്പെടുത്തണം എന്ന നിലപാടിലാണ് ഹമാസ്.
നവംബർ ഇരുപത്തിരണ്ടിന് ഗാസയുടെ ഉത്തര മധ്യ മേഖലകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇരുപത്തി രണ്ടോളം ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
വെടിനിർത്തലിനു ശേഷം കൊലചെയ്യപ്പെട്ട മുന്നൂറ്റിയൻപത്തിനാല് ഫലസ്തീനികൾ ഉൾപ്പെടെ എഴുപതിനായിരത്തോളം ഫലസ്തീനികളാണ് ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊലചെയ്യപ്പെട്ടതെന്ന് ഗസ്സയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ടുകൾ പ്രകാരം ദുരിത മേഖലയിലെ നാലിൽ ഒന്ന് കുടുംബങ്ങൾ ഒരു നേരമാണ് ഭക്ഷണം കഴിക്കുന്നത്.
അവശ്യഭക്ഷ്യവസ്തുക്കളുടെ വില യുദ്ധം ആരംഭിക്കുന്നതിനു മുമ്പുള്ള വിലയേക്കാൾ ക്രമാതീതമായി ഉയർന്ന നിലയിലാണ് നിലവിൽ. മൂന്നിൽ രണ്ട് കുടുംബങ്ങളും പണത്തിന്റെ അഭാവത്താൽ ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിൽ പ്രതിസന്ധി നേരിടുന്നു എന്ന് സർവ്വേകൾ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ട്രംപ് മുന്നോട്ടുവെച്ച ഗസ്സ പദ്ധതിക്ക് അംഗീകാരം നൽകിയതിന് ശേഷം തൊട്ടടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ് ലോകം.
ദക്ഷിണഗാസയിലെ കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ ടെന്റുകൾ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയ നിലയിലാണ്.പാതകളും ജലസംഭരണികളും മലിനജല സംസ്കരണ ശൃംഖലകളും ഇസ്രയേൽ ആക്രമണത്തിൽ തകർന്നതോടെ മേഖലയിലെ സാഹചര്യം ഏറെ ദുരിത പൂർണമാണ്.മേഖലയിലെ പ്രാദേശിക അധികൃതരുടെ കണക്കനുസരിച്ച് 220000 മീറ്റർ വരുന്ന റോഡ് ശൃംഖലയാണ് യുദ്ധ കാലയളവിൽ തകർക്കപ്പെട്ടത്.
ഗസ്സയിലേക്കുള്ള ശൈത്യകാല സാമഗ്രികൾ എത്തിക്കുന്നതിനുള്ള സഹായ സംഘങ്ങളുടെ ട്രക്കുകൾക്ക് ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ മൂലം പരിമിതി ഏർപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ പറയുന്നു.വെടിനിർത്തൽ കരാർ പ്രകാരമുള്ള സഹായസാമഗ്രികൾ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുവാൻ ഇസ്രായേൽ അനുമതി നൽകുന്നില്ല എന്നാണ് ഹമാസ് ആരോപിക്കുന്നത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഓസ്‌ലോ കരാർ ഇസ്രായേൽ ഏകപക്ഷീയമായി ലംഘിച്ചതിന് ലോകം സാക്ഷിയാണ്. കരാറുകളും സമാധാന ഉടമ്പടികളും ലംഘിക്കുക എന്നുള്ളത് സയണിസ്റ്റ് രാഷ്ട്രീയത്തിന്റെ പതിവ് ശീലമാണ്. തങ്ങളുടെ മധ്യസ്ഥതയിൽ രൂപപ്പെട്ട കരാർ തങ്ങളുടെ സഖ്യരാഷ്ട്രം പാലിക്കാതിരിക്കുമ്പോൾ സ്വാഭാവികമായും ഉണരേണ്ട രോഷം അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുക സഹായങ്ങൾ എത്തിക്കുക എന്നതിനപ്പുറം ഇസ്രായേലിനുമേൽ രാഷ്ട്രീയ സമ്മർദ്ദം ശക്തിപ്പെടുത്തുവാൻ യു എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾക്കും സാധ്യമാകുന്നില്ല എന്നതാണ് കരാറാനന്തര ഗസ്സ പറഞ്ഞുവെക്കുന്നത്.
അബ്രഹാം കരാറിലേക്ക് എത്തിപ്പെടാൻ സാകൂതം കാത്തിരിക്കുന്ന അറബ് രാഷ്ട്രത്തലവൻമാർക്ക് ഗസ്സയുടെ തൽസ്ഥിതിയെ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല.പോളണ്ട് തങ്ങളുടെ റേഡിയോ സ്റ്റേഷൻ ആക്രമിച്ചു എന്ന വ്യാജവാദമുയർത്തിയാണ് ഹിറ്റ്ലർ പോളണ്ടിനെ ആക്രമിക്കുന്നതും അതുവഴി രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ലോകം എടുത്തറിയപ്പെടുന്നതും.ഹിറ്റ്ലറിനെ പദാനുപദം അനുധാവനം ചെയ്യുന്ന നെതന്യാഹുവും ഇതുതന്നെയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇസ്രായേലിൽ താൻ നേരിടുന്ന അഴിമതി ആരോപണങ്ങളാണ് നിലവിലെ ആക്രമണ പരമ്പരകൾക്കുള്ള നെതന്യാഹുവിന്റെ പരോക്ഷ കാരണം എന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.മൂന്ന് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ അഞ്ച് വർഷമായി വിചാരണ നേരിടുന്നയാളാണ് നേതാന്യാഹു. ഒടുവിൽ തനിക്കെതിരെയുള്ള കേസിൽ തനിക്ക് മാപ്പ് നൽകണമെന്ന് ഇസ്രായേൽ പ്രസിഡണ്ട് ഐസക് ഹെർസോഗിനോട് നാണംകെട്ട് അപേക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. കരാറിനു ശേഷവും അയാൾ അഴിച്ചുവിടുന്ന ആക്രമണ പരമ്പരകളുടെ യഥാർത്ഥ കാരണം ഇനി വിശദീകരിക്കേണ്ടതില്ലല്ലോ…
