ഗസ്സയിൽ വെടിനിർത്തൽ ഉണ്ടായതിനുശേഷം ഇസ്രായേൽ ഗസ്സയിൽ നിർദയം കൊന്നുതള്ളിയത് 28 മനുഷ്യരെയാണ്.ഇസ്രായേൽ പട്ടാളത്തിന്റെ നിയന്ത്രണ രേഖയായ ‘മഞ്ഞ രേഖ’ മുറിച്ചു കടന്നു എന്ന പേരിൽ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബത്തിലെ പതിനൊന്ന് പേരാണ് ഇസ്രായേൽ സേനയുടെ കൂട്ടക്കൊലക്ക് ഇരയായത്.സമീപ ദിവസം ഗസ്സയിൽ കൊല്ലപ്പെട്ട സലാഹ് അൽ ജാഫറാവി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം കൊല്ലപ്പെട്ടവരിലെ പ്രമുഖനാണ്.യുദ്ധം ആരംഭിച്ച ദിനം മുതൽ മാധ്യമപ്രവർത്തകരെ ഉന്നം വെച്ചുകൊണ്ടുള്ള ആക്രമണങ്ങൾക്ക് ഇസ്രായേൽ തുടക്കം കുറിച്ചിരുന്നു.അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് പ്രവേശന വിലക്ക് നേരിടുന്ന ഗസ്സയിൽ ഗസ്സക്ക് ഉള്ളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടിങ്ങുകളാണ് ഇസ്രായേൽ നരനായാട്ടിനെ ലോകത്തെ അറിയിച്ചത്. ഇതേ കാരണത്താലാണ് ഇസ്രായേൽ സൈന്യത്തിന്റെ നോട്ടപ്പുള്ളികളായി ജേണലിസ്റ്റുകൾ മാറിയതും.ഗസ്സയിലെ വിമോചന പോരാട്ടത്തിന്റെ പ്രതീകമായി മാറിയ അൽ ജസീറയുടെ റിപ്പോർട്ടർ വാ ഇൽ ദഹ്ദൂദിന്റെ കുടുംബാംഗങ്ങളെ ഉൾപ്പെടെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയിട്ടും ഇസ്രായേലിന് ദഹ്ദൂദിനോടുള്ള കലി അടങ്ങിയിരുന്നില്ല. വീണ്ടും അദ്ദേഹം ടാർഗറ്റ് ചെയ്യപ്പെടുകയും ഇസ്രായേൽ ആക്രമണങ്ങളിൽ നിന്നും അത്ഭുതകരമായി നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഗസ്സയിലെ അൽ ജസീറയുടെ റിപ്പോർട്ടിംഗ് മൊത്തമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുക എന്നത് ഇസ്രായേലി ആഭ്യന്തര സുരക്ഷാ വിഭാഗമായ ഷിൻ ബെറ്റും സൈനിക വൃത്തങ്ങളും മുൻകൂട്ടി തീരുമാനിച്ചതായിരുന്നു. അതിന്റെ ഭാഗമായാണ് മുഹമ്മദ് അൽ ഖാലിദി(37), അനസ് അശ്ശരീഫ്(28),മുഹമ്മദ് ഖുറൈഖ്(33),മുഹമ്മദ് നൗഫൽ (29) എന്നീ ജേണലിസ്റ്റുകളെ ഇസ്രായേൽ തിരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞത്.സലാഹ് അൽ ജാഫറാവിയുടെ വധവും ഇതിൽ നിന്നും വിഭിന്നമല്ല.
ഇസ്രായേൽ പട്ടാളത്തെ ഉപയോഗിച്ചുകൊണ്ട് മാത്രമല്ല സയണിസ്റ്റ് പടയെ ഉപയോഗിക്കാതെയും വെടിനിർത്തലിനു ശേഷം ഗസ്സയിൽ ചോര ചിന്താൻ ഇസ്രായേലിന് സാധിക്കുന്നുണ്ട് എന്നതാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയൽ തന്ത്രമാണ് ഇസ്രയേൽ ഗസ്സയിൽ ഇപ്പോൾ പയറ്റുന്നത്. അതിന്റെ ഭാഗമായാണ് ഗസ്സയിൽ സമീപ ദിവസങ്ങളിൽ ഉണ്ടായ പോരാട്ട ഗ്രൂപ്പുകളുടെ ചേരിതിരിഞ്ഞുള്ള തമ്മിൽതല്ലിനെ നോക്കി കാണേണ്ടത്.
ഉപരോധിക്കപ്പെട്ട ഗസ്സാ മുനമ്പിലേക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുവാനുള്ള സാധനസാമഗ്രികളുമായി കാത്തു നിൽക്കുന്ന സഹായ ട്രക്കുകളെ റഫ അതിർത്തി കടത്തിവിടുവാൻ വെടിനിർത്തൽ നിലവിൽ വന്നിട്ടും ഇസ്രായേൽ ഒരുക്കമല്ല.
മൂന്നുമാസത്തേക്ക് ഗസ്സയിൽ വിതരണം ചെയ്യുവാനുള്ള ഭക്ഷ്യ വസ്തുക്കൾ തങ്ങളുടെ കൈവശം ഉണ്ടായിട്ടും ഇസ്രായേൽ അനുമതി നിഷേധിച്ചതിനാൽ ഗസ്സയിലേക്ക് എത്തിക്കാൻ സാധിച്ചില്ലെന്ന് വ്യക്തമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ UN ഏജൻസീസ് ഫോർ ഫലസ്തീൻ റെഫുജീസ്.
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് പോലും ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ എത്തുന്നതിനുള്ള നിയന്ത്രണങ്ങളെ ഇസ്രായേൽ മയപ്പെടുത്തിയില്ല.
വെടിനിർത്തൽ കരാർ പ്രകാരം ഏകദേശം അറുനൂറ് മാനുഷിക സഹായ ട്രക്കുകൾ ഗസ്സയിലേക് കടത്തി വിടണം എന്നാണ് വ്യവസ്ഥ. എന്നാൽ സമീപ ദിവസം വരെ ഇസ്രായേൽ അറുനൂറ് ട്രക്കുകൾ എന്നതിനെ മുന്നൂറ് ട്രക്കുകളായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.ഗസ്സയിൽ കൊടും ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് ഇസ്രായേലിന്റെ പ്രസ്തുത നടപടി.
ഐക്യരാഷ്ട്രസഭയുടെ മുഖ്യ മനുഷ്യാവകാശ വക്താവ് ഇസ്രായേലിനോട് അടിസ്ഥാന മാനുഷിക വസ്തുക്കൾ എത്തിക്കാൻ കൂടുതൽ അതിർത്തി ചെക്ക് പോസ്റ്റുകൾ തുറക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ഇസ്രായേൽ വഴങ്ങില്ല എന്നതാണ് യാഥാർത്ഥ്യം.
ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയായ United nations relief and works agency ക്ക് നിലവിൽ വലിയ തോതിലുള്ള നിയന്ത്രണങ്ങളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രസ്തുത ഏജൻസിയാണ് മരുന്നും ഭക്ഷണവും അടക്കമുള്ള അവശ്യസാധനങ്ങൾ ഗസ്സയിൽ വിതരണം ചെയ്യുന്നത്.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും,അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇസ്രായേലിനെ പ്രതിചേർത്ത് സൗത്ത് ആഫ്രിക്ക തുടങ്ങിവച്ച നിയമ പോരാട്ടം അവസാനിപ്പിക്കില്ലെന്ന സൂചനയാണ് ലഭ്യമാകുന്നത്. കരാറിനെ തുടർന്ന് ഇസ്രായേൽ കൈമാറിയ ഫലസ്തീനി തടവുകാരുടെ മൃതശരീരങ്ങൾ അങ്ങേയറ്റം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു എന്നത് തടവുകാർ അനുഭവിച്ച പീഡനത്തിന്റെ തീവ്രതയാണ് വ്യക്തമാക്കുന്നത്. ഫലസ്തീനികളെ ഇതിലൂടെ ഭയപ്പെടുത്തി അവരെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശവും അടങ്ങുന്നതായിരുന്നു സിയോണിസ്റ്റ് രാഷ്ട്രത്തിന്റെ ഈ കിരാത നടപടി.
ജനസംഖ്യയുടെ മൂന്ന് ശതമാനവും ഭൂമിയിൽ നിന്നും തുടച്ചുനീക്കപ്പെട്ട ജനതയാണ് ഫലസ്തീൻ ജനത. “ഫലസ്തീനികൾ അവരുടെ ഓർമ്മകൾ സൂക്ഷിക്കുന്നുണ്ടോ എന്നതാണ് അവരെക്കുറിച്ച് ഞാൻ ഭയപ്പെടുന്ന ഏക സംഗതി” എന്ന് പറഞ്ഞുവെച്ചത് ഇസ്രായേലിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെൻഗൂറിയനാണ്.കരാറിനു മുമ്പും ശേഷവും ഉണ്ടായ സംഭവ വികാസങ്ങൾ ബെൻഗൂറിയന്റെ പ്രസ്താവനയോട് ചേർത്ത് ഒന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
കരാറുകളുടെ ലംഘനം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം പുത്തരിയൊന്നുമല്ല. 1948 ൽ ഇസ്രായേൽ പിറന്നു വീണതുതന്നെ അന്താരാഷ്ട്ര മര്യാദകളെയും നിയമങ്ങളെയും നോക്കുകുത്തിയാക്കി കൊണ്ടാണല്ലോ. മൂന്ന് ഘട്ടമായി നിലവിൽ വന്ന 2025 ജനുവരി 19 ലെ വെടിനിർത്തൽ കരാറിൽ ആദ്യഘട്ടം പിന്നിട്ടപ്പോഴേക്കും ഏകപക്ഷീയമായി കരാർ ലംഘിച്ചത് ഇസ്രയേലായിരുന്നു. ഈ നടപടിക്ക് അമേരിക്കയുടെ പിന്തുണയും ഇസ്രായേലിന് ലഭിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ഒരുക്കമല്ല എന്ന വ്യാജ ആരോപണമാണ് കരാർ ലംഘനത്തിനായി ഇസ്രായേൽ കണ്ടെത്തിയത്.എന്നാൽ ഹമാസ് കരാർ പാലിക്കുകയും മൂന്ന് ഘട്ടങ്ങളും പൂർത്തിയാകുന്ന മുറയ്ക്ക് മുഴുവൻ ബന്ദികളുടെയും മോചനം സാധ്യമാക്കുകയും ചെയ്യുമായിരുന്നു.1993 ലെ ഓസ്‌ലോ ഉടമ്പടി മുതൽ ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡിനെ തുടർന്നുണ്ടായ താൽക്കാലിക വെടി നിർത്തലിൽ വരെ ഏകപക്ഷീയമായ കരാർ ലംഘനങ്ങൾ നടത്തിയ സിയോണിസ്റ്റ് രാഷ്ട്രം നിലവിലെ ദീർഘകാല വെടിനിർത്തൽ കരാറിനെ എങ്ങനെയാണ് സമീപിക്കുക എന്നറിയണമെങ്കിൽ ഇസ്രായേലിന്റെ ചരിത്ര വർത്തമാനങ്ങളിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാൽ മതിയാകും.
