September 16 Wednesday 2026

September 16 Wednesday 2026

Freedom at Midnight: സഞ്ചാരസ്വാതന്ത്ര്യമോ സഞ്ചാരനിയന്ത്രണമോ?

‘Freedom at Midnight’ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതീതി ഉണ്ടാകും. അർധരാത്രിയിൽ സ്ത്രീകൾക്ക് പൊതുസ്ഥലം തുറന്നുകൊടുക്കുക, രാത്രി നഗരത്തെ സ്ത്രീകൾക്കായി തിരിച്ചുപിടിക്കുക ആശയം കേൾക്കാൻ മനോഹരമാണ്. പക്ഷേ അതിനകത്തെ രാഷ്ട്രീയ ചോദ്യം കൂടുതൽ ഗൗരവമുള്ളതാണ്: സ്ത്രീകൾക്ക് പുരുഷന്മാരില്ലാത്ത സുരക്ഷിത ഇടമാണോ വേണ്ടത്, അതോ പുരുഷന്മാരോടൊപ്പം തുല്യരായി പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണോ വേണ്ടത്?

സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യം സർക്കാർ ഒരു രാത്രിക്ക് അനുവദിക്കുന്ന പ്രത്യേക അവകാശമല്ല. പകലോ രാത്രിയോ, ഒറ്റയ്ക്കോ കൂട്ടമായോ, പൊതുഗതാഗതത്തിലോ സ്വന്തം വാഹനത്തിലോ, പരിചിതരോടൊപ്പമോ അപരിചിതർക്കിടയിലോ പൊതുസ്ഥലം ഉപയോഗിക്കാനുള്ള തുല്യ പൗരാവകാശമാണ് അത്. അതുകൊണ്ട് സ്ത്രീകൾക്ക് മാത്രം ഒരു രാത്രി നഗരത്തിന്റെ ഒരു ഭാഗം തുറന്നുകൊടുക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യം എല്ലാ ദിവസവും എല്ലാ പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്.

ഇവിടെയാണ് ‘സുരക്ഷ’യും ‘സ്വാതന്ത്ര്യ’വും തമ്മിലുള്ള വ്യത്യാസം നിർണായകമാകുന്നത്. ‘നിനക്ക് പുറത്തിറങ്ങാം; പക്ഷേ എവിടെ, എപ്പോൾ, ആരോടൊപ്പം പോകണം എന്ന് ഞങ്ങൾ തീരുമാനിക്കും’ എന്നത് സുരക്ഷയായിരിക്കാം. പക്ഷേ അത് സ്വാതന്ത്ര്യമല്ല. സ്ത്രീയുടെ ചലനപരിധി ചുരുക്കിക്കൊണ്ടല്ല സ്ത്രീസുരക്ഷ സൃഷ്ടിക്കേണ്ടത്. അവളുടെ ചലനസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിയമപരവും സാമൂഹികവുമായ അന്തരീക്ഷമാണ് യഥാർത്ഥ സുരക്ഷ.

പഴയ കേരളത്തിലെ സ്മാർത്തവിചാരണയുടെ ചരിത്രം ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. സ്ത്രീ എവിടെ പോയി, ആരോടൊപ്പം കണ്ടു, എന്ത് ചെയ്തു, അവളുടെ പെരുമാറ്റം ‘മാന്യ’മായിരുന്നോ അവളുടെ ജീവിതം തന്നെ ഒരു സാമൂഹിക വിചാരണയ്ക്ക് വിധേയമായിരുന്നു. ഇന്ന് ഇല്ലവും നാട്ടുകൂട്ടവും ഇല്ല. പകരം സോഷ്യൽ മീഡിയയും രാഷ്ട്രീയ അധിക്ഷേപവും ‘സുരക്ഷ’യുടെ പേരിലുള്ള നിയന്ത്രണവുമുണ്ട്. ഭാഷ മാറിയെങ്കിലും അടിസ്ഥാന ചോദ്യം ചിലപ്പോൾ അതേപടി തുടരുന്നു: സ്ത്രീ എവിടെ പോയി? ആരോടൊപ്പം പോയി?

അതിനാൽ ‘Freedom at Midnight’ യഥാർത്ഥത്തിൽ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പരിപാടിയാകണമെങ്കിൽ അതിന്റെ സന്ദേശം ‘പുരുഷന്മാരില്ലാത്തപ്പോൾ സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാം’ എന്നതായിരിക്കരുത്. അതിന്റെ സന്ദേശം മറിച്ചായിരിക്കണം: പുരുഷന്മാരുള്ള പൊതുസ്ഥലത്തും സ്ത്രീക്ക് തുല്യ അവകാശത്തോടെ സഞ്ചരിക്കാം.

ഇതുകൊണ്ടുതന്നെ സമീപകാലത്തെ ടി.ജി. മോഹൻദാസ് വിവാദവും ഈ ചർച്ചയിൽ നിന്ന് വേർതിരിച്ചുകാണാനാകില്ല. പൊതുരാഷ്ട്രീയത്തിൽ പുരുഷന്മാരോടൊപ്പം നിൽക്കുന്ന സ്ത്രീയെ അപമാനിക്കുകയും അവളുടെ രാഷ്ട്രീയ സാന്നിധ്യത്തെ ലൈംഗിക അധിക്ഷേപത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ഭാഷ, സ്ത്രീയുടെ പൊതുസ്ഥല സാന്നിധ്യത്തോടുള്ള പിതൃമേധാവിത്വ അസഹിഷ്ണുതയുടെ പ്രകടനമാണ്. ഒരു സ്ത്രീ ആരോടൊപ്പം രാഷ്ട്രീയമായി നിൽക്കുന്നു എന്നതിനെ അവളുടെ സ്വഭാവത്തെയും ലൈംഗികതയെയും ചോദ്യം ചെയ്യാനുള്ള അവസരമാക്കി മാറ്റുന്നിടത്ത് ആധുനിക സ്മാർത്തവിചാരണയുടെ മറ്റൊരു രൂപം തന്നെയാണ് പ്രവർത്തിക്കുന്നത്.

ഇവിടെ ഒരു വിരോധാഭാസമുണ്ട്. ഒരു വശത്ത് സ്ത്രീ പൊതുസ്ഥലത്ത് പുരുഷന്മാരോടൊപ്പം നിൽക്കുന്നതിനെ അപമാനിക്കുന്ന രാഷ്ട്രീയം. മറുവശത്ത് സ്ത്രീ സുരക്ഷിതയാകണമെങ്കിൽ പുരുഷന്മാരിൽ നിന്ന് വേർതിരിച്ചൊരു പ്രത്യേക ഇടം വേണമെന്ന ഭരണകൂട സമീപനം. രണ്ടും ഒരുപോലെയല്ല. എന്നാൽ രണ്ടിന്റെയും അപകടകരമായ പൊതുബിന്ദു സ്ത്രീയുടെ പൊതുസ്ഥല സാന്നിധ്യത്തെ ഒരു പ്രത്യേക പ്രശ്നമായി കാണുന്നതിലാണ്.

സ്ത്രീകൾക്ക് പുരുഷന്മാരില്ലാത്ത നഗരം വേണ്ടതല്ല. പുരുഷന്മാരുള്ള നഗരത്തിലും ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്.ഇവിടെ യു.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം കൂടുതൽ വലുതാണ്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പോലുള്ള നടപടികളെ കുടുംബം പുലർത്താൻ വരുമാനം സമ്പാദിക്കാൻ പോകുന്ന സ്ത്രീക്കുള്ള സഹായമായി ചുരുക്കരുത്. സ്ത്രീയുടെ യാത്രയുടെ ലക്ഷ്യം സർക്കാർ നിർവചിക്കേണ്ടതില്ല. വിദ്യാഭ്യാസത്തിനും തൊഴിലിനും രാഷ്ട്രീയത്തിനും സൗഹൃദത്തിനും വിനോദത്തിനും പ്രതിഷേധത്തിനും തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് സഞ്ചരിക്കാനുള്ള അവകാശമാണ് സ്ത്രീയുടെ പൗരാവകാശം.

അതുപോലെ സ്ത്രീസുരക്ഷയുടെ പേരിൽ പുരുഷന്മാരെ പൊതുസ്ഥലങ്ങളിൽ നിന്ന് ഒഴിവാക്കുന്ന മാതൃകയും ശാശ്വത പരിഹാരമല്ല. ഒരു രാത്രി ‘പുരുഷന്മാരില്ലാത്ത നഗരം’ കാണിച്ചുകൊടുക്കുന്നതിന് പകരം എല്ലാ രാത്രികളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായി ഉപയോഗിക്കാവുന്ന സുരക്ഷിത പൊതുസ്ഥലം സൃഷ്ടിക്കുകയാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം.

ഇവിടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിക്കുന്നത് ഹിന്ദുമതത്തെ വിമർശിക്കുന്നതല്ല. എന്നാൽ സ്ത്രീയുടെ ‘മര്യാദ’, കുടുംബം, സംസ്കാരം, ലൈംഗികത, ദേശീയത എന്നിവയെ നിയന്ത്രിക്കുന്ന പിതൃമേധാവിത്വ രാഷ്ട്രീയബോധത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. സ്ത്രീ പുരുഷന്മാരോടൊപ്പം പൊതുവേദിയിൽ നിൽക്കുമ്പോൾ അവളുടെ രാഷ്ട്രീയ വാദത്തെ നേരിടുന്നതിനുപകരം അവളുടെ സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നുവെങ്കിൽ, അവിടെ പ്രശ്നം സ്ത്രീയുടെ പെരുമാറ്റത്തിലല്ല; അവളെ കാണുന്ന രാഷ്ട്രീയ കണ്ണിലാണ്.

ജന്തർ മന്തർ പോലുള്ള പൊതുപ്രതിഷേധ ഇടങ്ങളിൽ സ്ത്രീകളുടെ രാഷ്ട്രീയ സാന്നിധ്യം തന്നെ ആക്രമിക്കപ്പെടുന്ന സാഹചര്യം ഈ ചർച്ചയെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. സ്ത്രീയെ രാഷ്ട്രീയ പൗരയായി അംഗീകരിക്കാൻ കഴിയാത്ത ഒരു പിതൃമേധാവിത്വ മനഃശാസ്ത്രം, അവളുടെ രാഷ്ട്രീയ ഇടപെടലിനെ ‘ഫെമിനിസം’ എന്ന അപമാനപദത്തിലേക്ക് ചുരുക്കുന്നു. പുരുഷന്മാരോടൊപ്പം പൊതുസ്ഥലത്ത് നിൽക്കുന്ന സ്ത്രീയാണ് പ്രശ്നമെന്ന ധാരണയും, സ്ത്രീയെ പുരുഷന്മാരിൽ നിന്ന് വേർതിരിച്ചാൽ സുരക്ഷിതയാക്കാമെന്ന ധാരണയും ഒരേ രാഷ്ട്രീയത്തിന്റെ രണ്ട് മുഖങ്ങളായി മാറാനുള്ള സാധ്യത ഇവിടെയാണ്.

അതുകൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് ആവശ്യം വലതുപക്ഷത്തേക്ക് ചായുന്ന സംരക്ഷണവാദമല്ല; വലതുപക്ഷ പിതൃമേധാവിത്വ ഹിംസയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിനൊപ്പം സ്വന്തം സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള രാഷ്ട്രീയമാണ്. വേട്ടക്കാരെയും ഇരകളെയും ഒരുപോലെ സുഖിപ്പിക്കാമെന്ന നിലപാട് ലിംഗനീതിയല്ല. സ്ത്രീയെ അപമാനിക്കുന്നവരോട് മൃദുത്വവും സ്ത്രീയുടെ സഞ്ചാരത്തിന് നിയന്ത്രണവും ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്നത് രാഷ്ട്രീയ പക്വതയല്ല.

സ്വാതന്ത്ര്യദിനത്തെ സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധിപ്പിക്കാൻ കേരളത്തിന് ഇതിലും ഭാവനാപൂർണമായ വഴികളുണ്ട്. ദേശീയപ്രസ്ഥാനത്തിലും സ്വതന്ത്ര ഇന്ത്യയിലെ പൗരാവകാശ പോരാട്ടങ്ങളിലും സ്ത്രീകൾ വഹിച്ച പങ്ക് ഓർക്കാം. രാത്രിയിൽ സ്ത്രീകൾക്ക് ഒരു ചെറിയ പൊതുസ്ഥലം വിട്ടുകൊടുക്കുന്നതിനു പകരം, എല്ലാ രാത്രികളിലും എല്ലാ പൊതുവഴികളും സ്ത്രീകൾക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കാം.

യു.ഡി.എഫ്. സർക്കാരിനോട് ചോദിക്കേണ്ട അടിസ്ഥാന ചോദ്യം അതാണ്: സ്ത്രീയെ സംരക്ഷിക്കുകയാണോ നിങ്ങളുടെ ലക്ഷ്യം, അതോ സ്ത്രീയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയാണോ?

കഴിഞ്ഞ സർക്കാരിന്റെ വെള്ളംചേർത്ത ലിംഗനീതിബോധത്തിന്റെയും യാന്ത്രിക പ്രതീകാത്മക പരിപാടികളുടെയും തുടർച്ചയായി നിൽക്കേണ്ട രാഷ്ട്രീയ ബാധ്യത പുതിയ സർക്കാരിനില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയ രഥയാത്രയ്ക്ക് സർക്കാർ കുഴലൂത്ത് നടത്തേണ്ടതില്ല. അതുപോലെ ഹിന്ദുത്വത്തിന്റെ പിതൃമേധാവിത്വ ഭാഷയ്ക്ക് അറിയാതെയെങ്കിലും ഇടം നൽകുകയും വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; സ്ത്രീയുടെ സ്വാതന്ത്ര്യം സ്ത്രീയുടെ അവകാശമായി തന്നെ നിലനിൽക്കട്ടെ.

സ്ത്രീയെ പുരുഷന്മാരിൽ നിന്ന് വേർതിരിച്ചല്ല സ്വതന്ത്രയാക്കേണ്ടത്. പുരുഷന്മാരോടൊപ്പം തുല്യമായി ജീവിക്കാനുള്ള പൊതുസ്ഥലം അവൾക്ക് തിരികെ നൽകിയാണ്.

സ്മാർത്തവിചാരണയുടെ പഴയ ചോദ്യം‘എവിടെ പോയി? ആരോടൊപ്പം പോയി?’സ്ത്രീയോട് വീണ്ടും ചോദിക്കാത്ത കേരളമാണ് യഥാർത്ഥ Freedom at Midnight.

 

 

Related