August 9 Sunday 2026

തോന്നൂറ് വർഷം പൂർത്തിയാകുന്ന ‘ സ്വാതന്ത്ര സമുദായം ’

“ധർമത്തിലേകമേ ജാതി
ധർമത്താലേകമാം മതം
ധർമം താനേകമാം ദൈവം
ധർമം ദീക്ഷിക്ക സർവരും”

– ശ്രീനാരായണഗുരുവിന്റെ അവസാന സന്ദേശം (1928)

പോയ വർഷം 90 ആം വാർഷികം ആഘോഷിച്ച പുസ്തകമാണ് എന്റെ കയ്യിലുള്ള ഇ മാധവൻ രചിച്ച ‘ സ്വതന്ത്ര സമുദായം ’ എന്ന പുസ്തകം. ഈ പുസ്തകം ഒരു കാലഘട്ടത്തിൽ സാധിച്ചടുത്ത വിപ്ലവംഎന്തായിരുന്നു?.90 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിലും ഈ പുസ്തകം കാലികപ്രസക്തമാകുന്നത് എന്തുകൊണ്ട്?.
നമുക്ക് പരിശോധിക്കാം.

തീയ യുവജന സംഘം മുൻ അധ്യക്ഷനും കേരളത്തിന്റെ നവോത്ഥാന നായകന്മാരിൽ ഒരാളുമായിരുന്ന ഇ മാധവൻ രചിച്ച് 1935 ഒൿടോബർ മാസം പുറത്തിറങ്ങിയ പുസ്തകമാണ് സ്വതന്ത്ര സമുദായം ഈഴവർ ഹിന്ദുക്കളല്ല എന്ന പുസ്തകം.1934 ൽ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് കൂടിയ കേരള തീയ്യ യുവജന സമാജത്തിന്റെ മൂന്നാമത് സമ്മേളനത്തിൽ ഇ മാധവൻ നിർവഹിച്ച പ്രസംഗത്തെ ആധാരമാക്കി അദ്ദേഹം തന്നെ എഴുതിയ പുസ്തകമാണ് സ്വതന്ത്ര സമുദായം. ആ കാലത്ത് ഏറെ കോലിളക്കം സൃഷ്ടിച്ച പുസ്തകം തിരുവിതാംകൂറിലും കൊച്ചിയിലും മദ്രാസിലും നിരോധിക്കപ്പെട്ടു.
ഭരണകൂടത്തെയും വരേണ്യ വിഭാഗങ്ങളെയും ഇത്രയുമധികം അസ്വസ്ഥതപ്പെടുത്തുവാൻ മാത്രം എന്താണ് ഈ പുസ്തകം പറഞ്ഞുവെച്ച രാഷ്ട്രീയം?. പരിശോധിക്കാം.

പുസ്തകത്തിന്റെ പേര് പോലെ തന്നെ പുസ്തകം മുന്നോട്ടുവെക്കുന്നത് സ്വതന്ത്ര സമുദായം എന്ന നിർമത സങ്കല്പത്തെയാണ്, ആശയത്തെയാണ്.ഈഴവ സമുദായ അംഗമായിരുന്നു ഈ മാധവൻ. മിഷനറിമാരുടെ ഇടപെടലിലൂടെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ കച്ചവടത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച ആറാട്ടുപുഴ വേലായുധ പണിക്കരിലൂടെ അഭിമാന ബോധം സിദ്ധിച്ച ശ്രീനാരായണഗുരുവിലൂടെ നവോത്ഥാനത്തിലേക്ക് എത്തിപ്പെട്ട ഈഴവ സമുദായത്തെയാണ് ഇ മാധവൻ അഭിസംബോധന ചെയ്തത്.ഈഴവർ അടക്കമുള്ള പിന്നോക്ക ജാതി വിഭാഗങ്ങൾ അനുഭവിക്കുന്ന എല്ലാ മർദ്ദന പീഡന അവസ്ഥകളുടെയും മൂല കാരണമായി മാധവൻ കണ്ടെത്തുന്നത് സനാതന ഹിന്ദുമതത്തെയാണ്.ഈഴവർ ഹിന്ദുമതത്തിന്റെ ഭാഗമായി നിൽക്കുന്നിടത്തോളം കാലം അവരുടെ അധസ്ഥിതത്വത്തിന് യാതൊരു മാറ്റവും വരികയില്ലെന്നും അന്തസ്സും അഭിമാനവുമുള്ള ഒരു ജീവിതം അവർക്ക് കരഗതമാവുകയില്ലെന്നും ഇ മാധവൻ പുസ്തകത്തിൽ ശക്തിയുക്തം പറഞ്ഞുവെക്കുന്നുണ്ട്. ഇത്തരമൊരു പതിതാവസ്ഥയിൽ നിന്നും സമൂലമായ ഒരു മാറ്റം ആഗ്രഹിക്കുന്ന ഈഴവ യുവജനങ്ങൾക്ക് മുന്നിൽ ഇ മാധവൻ മുന്നോട്ടുവയ്ക്കുന്ന വിമോചന സങ്കല്പത്തിന്റെ പേരാണ് സ്വതന്ത്ര സമുദായം എന്നത്. ഒരു മതത്തിന്റെയും ജാതി ഘടനയുടെയും ഭാഗമാകാതെ സ്വതന്ത്രമായി നിൽക്കുന്നതിലൂടെ അന്തസ്സും അഭിമാനവും സമൃദ്ധിയുമുള്ള ഒരു ലോക സങ്കല്പത്തെയാണ് സ്വതന്ത്ര സമുദായത്തിലൂടെ ഈ മാധവൻ ലോകസമക്ഷം മുന്നോട്ടുവെക്കുന്നത്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന മാർക്സിയൻ ചിന്തയുടെ മറ്റൊരു വകഭേദമാണ് സ്വതന്ത്ര സമുദായവും മുന്നോട്ട് വെക്കുന്നത്. മതം മൂലം ചരിത്ര വർത്തമാനങ്ങളിൽ ഉടലെടുത്തിട്ടുള്ള ഹിംസ കളെ അക്കമിട്ട് നിരത്തിക്കൊണ്ട് ആധികാരിക വസ്തുതകളുടെ പിൻബലത്തോടെ മതത്തെ ചൂഷണ വ്യവസ്ഥിതിയുടെ ഉൾപ്രേരകമായി പുസ്തകത്തിൽ മാധവൻ അവതരിപ്പിക്കുന്നു.സനാതനധർമ്മം ഒട്ടും സനാതനമല്ല എന്നതാണ് മാധവന്റെ പക്ഷം. വേദ ഇതിഹാസ പുരാണ പാഠങ്ങളിലെ യുക്തിഹീനമായ വശങ്ങളെയും, പ്രതിലോമ ആഖ്യാനങ്ങളെയും മാധവൻ പുസ്തകത്തിൽ തുറന്നു കാട്ടുന്നുണ്ട്.

ക്ഷേത്ര നിർമ്മാണം അരുത് എന്നു പറഞ്ഞ വിഗ്രഹാരാധന വിരോധിയായിരുന്ന ശ്രീനാരായണഗുരു പിന്നെ എന്തിനാണ് അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് എന്ന ചോദ്യം പ്രസക്തമാണ്? എന്നാൽ ഗുരു ജീവിതം അതിന് കൃത്യമായ ഉത്തരവും പറഞ്ഞുവെക്കുന്നുണ്ട് . ക്ഷേത്രപ്രവേശനം എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിച്ച അവർണ്ണ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രപ്രവേശനം എന്നത് സ്വാഭിമാനത്തിന്റെ പ്രതീകമായിരുന്നു. അത്തരം ഒരു പ്രതിഷ്ഠയും ക്ഷേത്രപ്രവേശനവും നടക്കുന്നതിലൂടെ അവരുടെ ഹൃദയങ്ങളിൽ അടിഞ്ഞുകൂടിയ അധസ്ഥിത മനോനിലയെ കീഴ്മേൽ മറിച്ചുകൊണ്ട് അവരെ അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും തലത്തിലേക്ക് ഉയർത്തുവാൻ വേണ്ടി മാത്രം ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു അരുവിപ്പുറം അടക്കമുള്ള ഗുരുവിന്റെ ക്ഷേത്രപ്രവേശന ചടങ്ങുകളും പ്രതിഷ്ഠകളും. അല്ലാതെ അതിലൊന്നും ആത്മീയതയും ബ്രാഹ്മണ്യവും അദ്ദേഹം കണ്ടിരുന്നില്ല. അത്തരം ഒരു ആത്മീയത ആ വിഗ്രഹ പ്രതിഷ്ഠകളിൽ അദ്ദേഹം കണ്ടിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ അവസാന കാലത്ത് കണ്ണാടിയെ അദ്ദേഹം പ്രതിഷ്ഠിക്കുമായിരുന്നില്ല. കണ്ണാടി പ്രതിഷ്ഠയിലൂടെ ഓരോരുത്തരുടെയും ഉള്ളിലാണ് ദൈവം എന്ന സങ്കൽപ്പത്തെയാണ് ഗുരു മുന്നോട്ട് വെച്ചത്. ഈയൊരു ഗുരുവിന്റെ നിലപാടിലൂടെ ഗുരു മുന്നോട്ടുവെച്ച സ്വതന്ത്ര ചിന്ത അഥവാ യുക്തിവാദ മനസ്ഥിതിയെ ഇ മാധവൻ തുറന്നു കാട്ടുന്നുണ്ട്.നമ്മുടെ മലയാളത്തെ സംബന്ധിച്ചിടത്തോളം സ്വതന്ത്ര യുഗത്തിന്റെ പ്രവാചകൻ ശ്രീനാരായണഗുരുവാണെന്ന് പ്രമുഖ യുക്തിവാദി ആചാര്യൻ എം സി ജോസഫ് പറയുന്നുണ്ട്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനത്തെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന വ്യാഖ്യാനം നൽകിയ സഹോദരൻ അയ്യപ്പനെ ഇതിനോട് ചേർത്തു വായിക്കണം.മതം ധർമ്മമാണ് എന്നതായിരുന്നു ഗുരുവിന്റെ അവസാനത്തെ സന്ദേശം. ആ ധർമ്മം സ്വാഭാവികമായി മനുഷ്യന്റെ മനസ്സിൽ ഉൾചേർന്നതാണ് എന്നാണ് മാധവന്റെ പക്ഷം. ആ ധർമ്മത്തെ കണ്ടെത്തുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും യാതൊരു മതത്തിന്റെയും ആവശ്യമില്ല എന്ന ഡോക്ടർ പൽപ്പുവിന്റെ അതേ നിലപാടായിരുന്നു ഈ മാധവൻ തന്റെ പുസ്തകത്തിലും പറഞ്ഞുവെക്കുന്നത്.മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ യുക്തിവാദ ഗ്രന്ഥം എന്ന പ്രത്യേകതയും സ്വതന്ത്ര സമുദായത്തിന് ഉണ്ട്.

 

മുസ്ലിം മതത്തെയും ക്രിസ്തീയ മതത്തെയും പുസ്തകം വിമർശന വിധേയമാക്കുന്നുവെങ്കിലും ഹിന്ദുമത വിമർശനമാണ് പുസ്തകത്തിന്റെ കാതൽ.മിസ്റ്റർ മാധവൻ ഈ പുസ്തകം എഴുതുന്ന ഘട്ടം ലോകത്ത് അതി നിർണായകമായ മാറ്റത്തിന്റെ കൊടുങ്കാറ്റുകൾ വീശിയടിച്ച ഒരു കാലം കൂടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധവും റഷ്യൻ വിപ്ലവവും എല്ലാം അതിൽ ചിലതാണ്.മതപരോഹിത്യത്തിന്റെ അനുഗ്രഹാശിസുകളോടെ റഷ്യയിൽ സാർ ചക്രവർത്തിമാർ നടത്തിയ കിരാത ഏകാധിപത്യ ഭരണത്തിനെതിരെ ലെനിന്റെ നേതൃത്വത്തിൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവവും തദടിസ്ഥാനത്തിൽ രൂപപ്പെട്ട നിർമത നിരീശ്വര വ്യവസ്ഥയിലെ റഷ്യയും ഈ കാലഘട്ടത്തിൽ ഈഴവ യുവാക്കൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. പുസ്തക രചനയിൽ ഇ മാധവനും റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനത്തിൽ നിന്നും മുക്തമായിരുന്നില്ല എന്ന് മനസ്സിലാകും.

ഇ മാധവനും, ശ്രീനാരായണഗുരുവും, സഹോദരൻ അയ്യപ്പനും തുടക്കമിട്ട സാമൂഹിക വിപ്ലവങ്ങളുടെ വിളവെടുപ്പ് നടത്തിയത് 1938 ൽ കണ്ണൂരിലെ പാറപ്പുറത്ത് രൂപം കൊണ്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.കേരളം ആദരിക്കുന്ന നവോത്ഥാന നായകന്മാരുടെ നേതൃത്വത്തിൽ ഒരുകാലത്ത് നടത്തപ്പെട്ട നവോത്ഥാന പ്രക്രിയയുടെ സന്താനമായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറയാവുന്നതാണ്. അതുകൊണ്ടായിരിക്കാം ഇ മാധവന്റെ കുടുംബം ഒന്നടങ്കം പിന്നീട് കമ്യൂണിസ്റ്റുകൾ ആയി മാറിയത്. നിലവിൽ സി.പി.ഐ കേരള സെക്രട്ടറി ബിനോയ് വിശ്വം ഇ മാധവന്റെ കൊച്ചുമകനാണ് എന്നതും ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.മാധവന്റെ പ്രസംഗങ്ങൾ കേട്ടാണ് താൻ യുക്തിവാദിയും കമ്മ്യൂണിസ്റ്റുകാരനും ആയതെന്ന് പരേതനായ സഖാവ് കെ ടി ജേക്കബ് തന്നോട് പറഞ്ഞതായി എം കെ കുമാരൻ രേഖപ്പെടുത്തുന്നുണ്ട്.

മഹാത്മാഗാന്ധിയും മദൻമോഹൻ മാളവ്യയും ബി.ആർ അംബേദ്കറും പൂന കരാറുമെല്ലാം പുസ്തകത്തിൽ കടന്നു വരുന്നുണ്ട്. ജാതി വരേണ്യതയുടെ പ്രവാചകനായാണ് മഹാത്മാഗാന്ധിയെ മാധവൻ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ഗാന്ധിയെക്കുറിച്ചും കോൺഗ്രസിനെ കുറിച്ചും രാമരാജ്യത്തെക്കുറിച്ചും പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്.

“ നമ്മെ ഹരിജനങ്ങളാക്കി ഹിന്ദുമതവലയിൽ കുടുക്കി ഇന്ത്യയി ലാകെ രാമരാജ്യം വരുത്തി, തേനും പാലും ഒഴുക്കുവാനാണ് ഗാന്ധിയും കൂട്ടരും ഇപ്പോൾ ഒരുമ്പെട്ടിരിക്കുന്നത്. വെറും ബ്രാഹ്മണപക്ഷവാദിയും, അബ്രാഹ്മണ കുലദ്രോഹിയും ആയിരുന്നെന്ന് രാമായണം സമ്മതിക്കുന്ന രാമൻ രാജ്യം ഇന്ത്യയിൽ വീണ്ടും വന്നുപോയാലുള്ള ഭയങ്കരമായ ജനദ്രോ ഹപരിപാടിയെപ്പറ്റി ഊഹിക്കരുതോ? ഈ രാമഭക്തന്മാരായ സനാതനികളുടെ കയ്യിൽ ഇന്ത്യ അകപ്പെട്ടുപോയാൽ അവർ വീണ്ടും വൈദികകാലത്തെ പ്രാകൃതജീവിതത്തിലേയ്ക്ക ജനതയെ കെട്ടിവലിച്ചുകൊണ്ടുപോകുമെന്നുള്ളതിന് സംശ യമില്ല. അങ്ങനെ വന്നാൽ അന്ന് വർണ്ണവ്യവസ്ഥപ്രകാരം അതാതുജാതിക്കാരുടെ ധർമ്മങ്ങളെത്തന്നെ അനുഷ്‌ഠിപ്പിക്കു ന്നതിനായിരിക്കും അന്നത്തെ പോലീസ് നിയോഗിക്കപ്പെടുന്നത്. ”
(പുറം 99)

ഗാന്ധിയുടെ അയിത്തോചാടനം അല്ല മിശ്രവിവാഹവും മിശ്രഭോജനവുമാണ് ജാതിവ്യത്യാസം ഇല്ലാതാക്കാനായി പ്രയോഗവൽക്കരിക്കേണ്ടത് എന്നാണ് ഗ്രന്ഥകാരന്റെ വാദം.രാമരാജ്യം അവർണ്ണന് നരകതുല്യം എന്ന് പുസ്തകം അടിവരയിടുന്നു.രാമൻ അബ്രാഹ്മണ കുല ദ്രോഹിയും ബ്രാഹ്മണ പക്ഷപാതിയും ആയിരുന്നു എന്നാണ് മാധവന്റെ കണ്ടെത്തൽ.സി കേശവനും ഇ മാധവനും നാരായണഗുരുവും സഹോദരൻ അയ്യപ്പനും എല്ലാം മുന്നോട്ടുവെച്ച സ്വതന്ത്ര സമുദായം എന്ന നിരീശ്വര – നിർമത ആശയം നവോത്ഥാനത്തിന്റെ അഭിവാജ്യ ഘടകമായിരുന്നു.എന്നാൽ ഈ ആശയത്തെ ബ്രാഹ്മണ യാഥാസ്ഥിതികത്വം പൂർണ്ണമായും വിഴുങ്ങുന്ന കാഴ്ചയ്ക്കാണ് പിന്നീട് കേരളം സാക്ഷിയാകുന്നത്.

1933 ജൂലൈ 31 ആം തീയതി ചേർത്തലയിൽ വെച്ചു നടന്ന അഖില തിരുവിതാംകൂർ ഈഴവ യുവജന സമാജത്തിന്റെ ഒന്നാം സമ്മേളനത്തിൽ ഈഴവർ ഹിന്ദുക്കൾ അല്ലെന്ന് എസ്.എൻ.ഡിപി യോഗം പ്രഖ്യാപിക്കണമെന്ന പ്രമേയം സർവ്വ സമ്മതമായി അംഗീകരിച്ചിരുന്നു.
“ മതത്തിന്റെ പേരിൽ മനുഷ്യരെ ബന്ധിച്ചിരുന്ന ആചാര ശൃംഖലകളെ വെട്ടി മുറിക്കാൻ ഈഴവരെ ഉപദേശിച്ച ആ ഗുരു തന്നെയാണ് യുക്തിവാദ പ്രസ്ഥാനം ഈഴവരുടെ ഇടയിൽ മുളപ്പിച്ചത് എന്നു പറഞ്ഞാൽ ആരും അത്ഭുതപ്പെടില്ല ”എന്ന് സി കേശവൻ പറയുമ്പോൾ അദ്ദേഹം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്നു.മുഴുവൻ ജനതക്കുമായി ഈഴവ സമുദായത്തിൽ നിന്നും ഉയർന്നു കേട്ട,നവോത്ഥാന നായകന്മാർ മുന്നോട്ട് വെച്ച നിർമതവും നിരീശ്വരവുമായ ഈ സ്വതന്ത്ര സമുദായ സങ്കല്പം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന് ചോദിച്ചാൽ അതിനുത്തരം വെള്ളാപ്പള്ളി നടേശന്റെ സമീപകാല മുസ്ലിം വിരുദ്ധ പ്രസ്താവനകളാണ്.

Brahmanic acculturation അഥവാ ബ്രാഹ്മണിക് സ്വാംശീകരണം എന്ന് കേട്ടിട്ടുണ്ടോ?.ഡൽഹി സർവകലാശാല അധ്യാപകനായ വിജയ് നാഥ്‌ മുന്നോട്ടുവെച്ച സാങ്കേതിക പദപ്രയോഗമാണ് Brahmanic acculturation. അതായത് ബ്രാഹ്മണ്യമല്ലാത്ത ഒരു വ്യവസ്ഥയെ ഒരു സങ്കല്പത്തെ ബ്രാഹ്മണാധിപത്യ യാഥാസ്ഥികത്വം എങ്ങനെയാണ് വിഴുങ്ങുന്നത് അഥവാ സ്വാംശീകരിക്കുന്നത് എന്നതിനെക്കുറിക്കാനാണ് ഈ പ്രയോഗം നടത്തപ്പെടുന്നത്.കേരളത്തിൽ നിരീശ്വര- യുക്തിവാദ ആശയധാരയ്ക്ക് തുടക്കം കുറിച്ച്,രാമരാജ്യത്തെയും സനാതന ഹിന്ദു ധർമ്മത്തെയും തുറന്നെതിർത്ത ശ്രീനാരായണഗുരു മഹാവിഷ്ണുവിന്റെ അവതാരമായി മാറ്റപ്പെടുന്ന,വിഗ്രഹാരാധനയെ എതിർത്ത പാരമ്പര്യമുള്ള ഗുരുവിന്റെ പ്രതിമ തന്നെ സ്ഥാപിച്ച് ആരാധനയും അർച്ചനയും അർപ്പിക്കുകയും ചെയ്യുന്ന ഈ പ്രതിഭാസത്തെയാണ് brahmanic acculturation എന്ന് പറയുന്നത്. ഇന്നു കാണുന്ന ശ്രീനാരായണഗുരുവിന്റെ പ്രതിമകളും ക്ഷേത്രങ്ങളും ബ്രാഹ്മണിക് acculturation ന്റെ ഒരു ഉദാഹരണം മാത്രമാണ്.

മാധവൻ പ്രതിവിദാനം ചെയ്ത സമുദായം ഈഴവ സമുദായമാണ്. ഈഴവർ ഹിന്ദുക്കൾ ആയിരുന്നില്ല. അവർ ബുദ്ധമത വിശ്വാസികളായിരുന്നു. കാലാന്തരത്തിൽ മേൽ സൂചിപ്പിച്ച brahmanic acculturation പ്രക്രിയയിലൂടെ ഹിന്ദുമതം അവരെ വിഴുങ്ങിയതാണ്. സനാതനധർമ്മം ആകുന്ന ഈ നുകത്തെ വലിച്ചെറിഞ്ഞ് അവർ ഒരു മതവുമായും ബന്ധമില്ലാതെ സ്വതന്ത്രരാകണം എന്നതായിരുന്നു മാധവന്റെ സ്വപ്നം. ഈ പ്രമേയമാണ് പുസ്തകം ഉടനീളം ചർച്ച ചെയ്യുന്നത്.

ഈ മാധവനും സഹോദരൻ അയ്യപ്പനും കേരള നവോത്ഥാനം മുന്നോട്ടുവെച്ച സ്വതന്ത്ര സമുദായം എന്ന സങ്കൽപ്പനവും ഈ ബ്രാഹ്മണിക അക്കൽട്ടറേഷന് വിധേയമായി എന്നതാണ് ഏറെ വ്യഥയും വ്യസനവും ഉണ്ടാക്കുന്ന യാഥാർത്ഥ്യം. ശ്രീനാരായണ പ്രസ്ഥാനങ്ങൾ നവോത്ഥാനന്തരം ബ്രാഹ്മണിക വൽക്കരിക്കപ്പെട്ടു. അതിന്റെ ഫലമായി ശ്രീനാരായണ പ്രസ്ഥാനങ്ങൾ ഇന്ന് ഹൈന്ദവത്കരിക്കപ്പെട്ടു. നിരീശ്വരവാദം,യുക്തിവാദം തുടങ്ങിയ നവോത്ഥാന ആശയങ്ങൾ ഇന്ന് കോർപ്പറേറ്റ് മുതലാളിത്തത്തിനും ഹിന്ദുത്വ ഫാസിസത്തിനും മുസ്ലിം വിരുദ്ധതയ്ക്കും വെറുപ്പില്പാദത്തിനുമായി സോഷ്യൽ മീഡിയയിൽ രംഗം കയ്യടക്കുന്നു.

ഈ കാരണങ്ങൾ കൊണ്ട് തന്നെ ഏറെ വിഷമത്തോടെ അല്ലാതെ മാധവന്റെ സ്വതന്ത്ര സമുദായം വായിച്ചു തീർക്കുവാൻ നമുക്ക് കഴിയില്ല. നവോത്ഥാനം കീഴ്മേൽ മറക്കപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിലാണ് പുസ്തകത്തിന്റെ അവസാന താളും മറിച്ചു നോക്കിയതിനു ശേഷം വായനക്കാരൻ എത്തിച്ചേരുന്ന നിഗമനം. നവോത്ഥാനത്തിന്റെ പ്രധാന ഘടകമായ,നവോത്ഥാനത്തെ കേരള മണ്ണിൽ സാധ്യമാക്കിയ നിരീശ്വര നിർമത യുക്തിവാദ പ്രസ്ഥാന ധാരകൾ ഇന്ന് എങ്ങനെയാണ് മുസ്ലിം വിരുദ്ധതയും മുതലാളിത്ത സേവയും ഹിന്ദുത്വ സേവയെയും നടത്തുന്നത് എന്നതിന് നാം സാക്ഷിയാണ്.ഈയൊരു കാലത്ത് ഇ മാധവനും ‘ സ്വതന്ത്ര സമുദായവും’ ഏറെ വായിക്കപ്പെടേണ്ടതാണ് ഏറെ ചർച്ച ചെയ്യപ്പെടേണ്ടതും

Related