August 11 Tuesday 2026

‘ഫ്രാക്ചേർഡ് കമ്മ‍്യൂണിറ്റീസ്’: ഉമർ ഖാലിദിൻറെ പുസ്തകം പുറത്തിറങ്ങി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ‍്യാർഥി ഉമർ ഖാലിദ‍ിൻറെ ആദ‍്യ പുസ്തകം പുറത്തിറങ്ങി. ‘ഫ്രാക്ചേർഡ് കമ്മ‍്യൂണിറ്റീസ്’ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. ജഗ്ഗർനോട്ടാണ് പുസ്തകത്തിൻറെ പ്രസാധകർ. ജെഎൻയുവിലെ ഖാലിദിൻറെ പിഎച്ച്ഡി പ്രബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുസ്തകം.

പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം ബ്രിട്ടീഷ് ഭരണകാലത്ത് ഝാർഖണ്ഡിലെ സിംഗ്ഭും മേഖലയിലുള്ള ആദിവാസി സമൂഹങ്ങളുടെ ചരിത്രമാണ് പറയുന്നത്. പുസ്കത്തിൽ സോഷ‍്യോളജിസ്റ്റ് നന്ദിനി സുന്ദറാണ് പിൻകുറിപ്പ് എഴുതിയിരിക്കുന്നത്. ആമസോൺ മുഖാന്തരം പുസ്തകത്തിൻറെ കിൻഡിൽ എഡിഷൻ വായനക്കാർക്ക് സൗജന‍്യമായി ഡൗൺലോഡ് ചെയ്ത് വായിക്കാം.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ജയിലിൽ തുടരുകയാണ് ഉമർ ഖാലിദ്. നിരവധി തവണ ജാമ്യാപേക്ഷകൾ തള്ളിക്കളഞ്ഞിരുന്നു. അടുത്തിടെ ഉമർ ഖാലിദും സഹതടവുകാരൻ ഷർജീൽ ഇമാമും വീണ്ടും സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജ് സുമേധ് സൈനി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. കേസ് ജൂലൈ നാലിന് കോടതി പരിഗണിക്കും.

Related