പശ്ചിമബംഗാളിൽ സിപിഐഎമ്മും കോൺഗ്രസ്സും തൃണമൂലുമായി എല്ലാം മറന്ന് ഒന്നിക്കണമെന്നും ഒന്നിച്ചുള്ള ബിജെപിക്കെതിരെയുള്ള പോരാട്ടം സാധ്യമാക്കണമെന്നും മമത ബാനർജി. എന്നാൽ, തൃണമൂലമായി വേർപിരിഞ്ഞവരുമായി യാതൊരുവിധ ബന്ധവും ഉണ്ടാകില്ലെന്നും അവർക്ക് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാമെന്നും കൊൽക്കത്തയിൽ രക്തസാക്ഷിത്വ റാലിയിൽ പ്രസംഗിക്കവെ മമത പറഞ്ഞു.
ദേശീയതലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ് ഈ മൂന്ന് പാർട്ടികൾ എങ്കിലും, പശ്ചിമബംഗാളിൽ ഇവർ ബദ്ധവൈരികളാണ്. അതുകൊണ്ടുതന്നെ മമതയുടെ പ്രസ്താവന ഏറെ പ്രാധാന്യം അർഹിക്കുന്നു.
“ഇൻഡ്യ സഖ്യത്തിന് കീഴിൽ ബിജെപിയെ നേരിടാൻ എല്ലാവരും ഒന്നിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. താൻപോരിമയോ താൽപര്യങ്ങളോ എനിക്ക് ഇക്കാര്യത്തിൽ ഇല്ല. ഭിന്നതകൾ മറന്ന് മറ്റുള്ളവരെല്ലാം ഒരുമിച്ച് നിന്ന് പോരാടണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ് ” മമത പറഞ്ഞു. വ്യാജന്മാരും സ്ഥാനമോഹികളും പാർട്ടി വിട്ടു പോയതിൽ സന്തോഷമാണെന്നും അവർ ബിജെപി സ്പോൺസേർഡ് മുന്നണിയാണെന്നും മമത കൂട്ടിച്ചേർത്തു.
