കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് അറിയപ്പെടുന്നതെങ്കിലും, ലോകകപ്പ് ഫുട്ബോൾ കാലത്ത് അത് ‘ഫുട്ബോൾ ദൈവങ്ങളുടെ സ്വന്തം നാടായി’ മാറും. ഗ്രാമങ്ങളിലെ കവലകൾ മുതൽ നഗരവീഥികൾ വരെ കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ, അർജന്റീനയുടെ നീലയും വെള്ളയും ബ്രസീലിന്റെ മഞ്ഞയും, മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ നിറങ്ങളും കൊണ്ട് കേരളം നിറയും. കേരളത്തിലെ ഈ ഫുട്ബോൾ ജ്വരം കേവലം ഒരു കായിക വിനോദത്തോടുള്ള താല്പര്യം മാത്രമല്ല; അതിൽ നൂറ്റാണ്ടുകളുടെ ചരിത്രവും, രാഷ്ട്രീയവും, മൂന്നാം ലോക രാജ്യങ്ങളുടെ അതിജീവന പോരാട്ടങ്ങളോടുള്ള ഐക്യദാർഢ്യവും, സങ്കീർണ്ണമായ സാമൂഹിക മനഃശാസ്ത്രവും അടങ്ങിയിട്ടുണ്ട്. കാൽപ്പന്തിന്റെ വരവ് മുതൽ 2026 ലോകകപ്പ് വരെയുള്ള കേരളത്തിന്റെ ഫുട്ബോൾ പരിണാമത്തെ ചരിത്രം, രാഷ്ട്രീയം, മനഃശാസ്ത്രം എന്നീ തലങ്ങളിലൂടെ വിശദമായി പരിശോധിക്കാം.
കേരളത്തിൽ ഫുട്ബോൾ എത്തിയത് എങ്ങനെ?
കേരളത്തിൽ ഫുട്ബോൾ എന്ന കായികവിനോദം എത്തിയത് ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ഭാഗമായാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് കേരളത്തിൽ കാൽപ്പന്ത് കളി ജനകീയമാകുന്നത്.
കണ്ണൂരിലെ കാന്റോൺമെന്റ്, മലപ്പുറത്തെ കോട്ടപ്പടി മൈതാനങ്ങളിലാണ് കേരളത്തിലെ ആദ്യകാല ഫുട്ബോൾ മത്സരങ്ങൾ നടന്നത്. ബ്രിട്ടീഷ് പട്ടാളക്കാർ തങ്ങളുടെ ഒഴിവുസമയങ്ങളിൽ കളിച്ചിരുന്ന ഈ വിനോദം, പതുക്കെ നാട്ടുകാർക്കിടയിലേക്കും പടർന്നു.
1921-ലെ മലബാർ കലാപത്തിന് ശേഷം രൂപീകരിക്കപ്പെട്ട മലബാർ സ്പെഷ്യൽ പോലീസിലെ ഉദ്യോഗസ്ഥർ ഫുട്ബോൾ പരിശീലനത്തിന്റെ ഭാഗമാക്കി. ഇത് മലബാറിൽ ഫുട്ബോൾ വേരുറപ്പിക്കാൻ കാരണമായി.
കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ പന്തുകളിക്കാൻ തുടങ്ങിയ മലബാറുകാർ, സ്ഥലപരിമിതി കാരണം പതിനൊന്ന് പേർക്ക് പകരം ഏഴുപേരെ വെച്ച് കളിക്കാൻ തുടങ്ങി. അങ്ങനെയാണ് കേരളത്തിന്റെ തനതായ ‘സെവൻസ് ഫുട്ബോൾ’ സംസ്കാരം രൂപപ്പെടുന്നത്.
തിരുവിതാംകൂറിൽ സ്പോർട്സിനെ പ്രോത്സാഹിപ്പിച്ച ജി.വി. രാജയെപ്പോലുള്ളവരും ഫുട്ബോളിന് വലിയ സംഭാവനകൾ നൽകി. കോഴിക്കോട്ടെ സേട്ട് നാഗ്ജി ട്രോഫി പോലെയുള്ള ടൂർണമെന്റുകൾ ഇന്ത്യയിലെ തന്നെ പ്രഗൽഭരായ ക്ലബ്ബുകളെ കേരളത്തിൽ എത്തിച്ചു.
ലോകകപ്പ് ഫുട്ബോളും കേരളവും
ലോകകപ്പ് ഫുട്ബോൾ കേരളത്തിൽ സർവ്വസാധാരണമായത് ഒറ്റ രാത്രികൊണ്ടല്ല. അതൊരു പടിപടിയായുള്ള പ്രക്രിയ ആയിരുന്നു.
60-കളിലും 70-കളിലും റേഡിയോ കമന്ററികളിലൂടെയും (പ്രധാനമായും ബി.ബി.സി, വോയിസ് ഓഫ് അമേരിക്ക) പിറ്റേദിവസം വരുന്ന പത്രവാർത്തകളിലൂടെയുമാണ് മലയാളി ഫുട്ബോൾ ലോകകപ്പിനെ അറിഞ്ഞിരുന്നത്. അന്ന് ലോകകപ്പ് എന്നത് അക്ഷരങ്ങളിലൂടെ ജനങ്ങൾ അനുഭവിച്ചറിഞ്ഞ ഒരു അത്ഭുതമായിരുന്നു.
1982-ലെ സ്പെയിൻ ലോകകപ്പിലെ ചില മത്സരങ്ങൾ ദൂരദർശൻ സംപ്രേഷണം ചെയ്തെങ്കിലും (അന്ന് ടി.വി വന്നു തുടങ്ങിയതേയുള്ളൂ), കേരളത്തിൽ ഫുട്ബോൾ ലോകകപ്പ് ഒരു ഉത്സവമായി മാറിയത് 1986-ലെ മെക്സിക്കോ ലോകകപ്പോടെയാണ്. തത്സമയ സംപ്രേഷണവും അല്ലെങ്കിൽ വൈകിയുള്ള സംപ്രേഷണവും ദൂരദർശനിലൂടെ സ്വീകരണമുറികളിൽ എത്തിയതോടെ, ലോകകപ്പ് ഫുട്ബോൾ മലയാളിക്ക് സ്വന്തമായി. 1982 മുതൽ 1996 വരെ തുടർച്ചയായി ആൾ ഇന്ത്യാ ഫുഡ്ബോൾ ഫെഡറേഷൻ നടത്തിയിരുന്ന നെഹ്രറു കപ്പ് ഫുഡ്ബോൾ വിവിധ യൂറോപ്യൻ. ലാറ്റിനമേരിക്കൻ, ഏഷ്യൻ. ആഫ്രിക്കൻ ടീമുകളെ പരിചയപ്പെടാൻ കേരളീയർക്കായിട്ടുണ്ട്.
ലാറ്റിനമേരിക്കൻ പ്രണയവും ഇടതുപക്ഷ സ്വാധീനവും
കേരളത്തിലെ ഫുട്ബോൾ ആരാധകർ ആദ്യഘട്ടത്തിൽ ലാറ്റിനമേരിക്കൻ ടീമായ ബ്രസീലിനെയാണ് നെഞ്ചേറ്റിയിരുന്നത്. പീന്നീട് അർജന്റീനയെയും. ഇതിന് വ്യക്തമായ രാഷ്ട്രീയ-സാമൂഹിക കാരണങ്ങളുണ്ട്. ഇതിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഫുഡ്ബോളിൽ ലോക ശക്തിയല്ലെങ്കിലും യു.എസ്.എസ്.ആർ ടീമിൻ്റെയും ഫാനുകൾ കേരളത്തിലുണ്ടായിരുന്നു.
യൂറോപ്യൻ രാജ്യങ്ങൾ (ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ) മുൻപ് കോളനിവത്കരണം നടത്തിയിരുന്ന സാമ്രാജ്യത്വ ശക്തികളായിരുന്നു. എന്നാൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ദാരിദ്ര്യത്തോടും സാമ്രാജ്യത്വത്തോടും പൊരുതുന്ന “മൂന്നാം ലോക” രാജ്യങ്ങളായിരുന്നു. കേരളത്തിലെ ശക്തമായ ഇടതുപക്ഷ പശ്ചാത്തലം, സ്വാഭാവികമായും ഈ അടിച്ചമർത്തപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മലയാളികളെ പ്രേരിപ്പിച്ചു. ബ്രസീലിലെയും അർജന്റീനയിലെയും തെരുവുകളിൽ നിന്നും, ചേരികളിൽ നിന്നും ദാരിദ്ര്യത്തോട് പടവെട്ടി ഉയർന്നുവരുന്ന കളിക്കാരുടെ ജീവിതകഥകൾ കേരളത്തിലെ സാധാരണക്കാരായ തൊഴിലാളി വർഗ്ഗത്തിന് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ സാധിക്കുന്നതായിരുന്നു. യൂറോപ്യൻ ഫുട്ബോൾ കായികക്ഷമതയ്ക്കും തന്ത്രങ്ങൾക്കും പ്രാധാന്യം നൽകിയപ്പോൾ, ലാറ്റിനമേരിക്കൻ ഫുട്ബോൾ വ്യക്തിഗത മികവിനും, ഡ്രിബ്ലിംഗിനും, സൗന്ദര്യത്തിനും മുൻതൂക്കം നൽകി. ഈ സൗന്ദര്യാത്മകത മലയാളികളെ ആകർഷിച്ചു.
പെലെ മുതൽ മറഡോണ വരെ
ബ്രസീലിൽ നിന്ന് അർജന്റീനയിലേക്ക് 70-കളിലെ തുടക്കം മുതൽ 1980 കളുടെ പകുതിവരെ കേരളത്തിലെ ഫുട്ബോൾ ആരാധന തികച്ചും ഏകപക്ഷീയമായി ബ്രസീലിനൊപ്പമായിരുന്നു. അത് പിന്നീട് പതുക്കെ പതുക്കെ അർജന്റീനയിലേക്ക് വഴിമാറി എന്നത് രസകരമായ ഒരു പരിണാമമാണ്. എഴുപതുകളിൽ കേരളത്തിൽ ബ്രസീൽ ആരാധനയ്ക്ക് തുടക്കമിടുന്നത് ഇതിഹാസ താരം പെലെ ആണ്. 1970-ലെ മെക്സിക്കോ ലോകകപ്പ് നേട്ടങ്ങളെക്കുറിച്ചുള്ള പത്രവാർത്തകളും കായിക മാസികകളിലെ വിവരണങ്ങളും പെലെയെ കേരളത്തിൽ ഒരു അമാനുഷിക പരിവേഷമുള്ള താരമാക്കി മാറ്റി. ആ കാലഘട്ടത്തിൽ ഫുട്ബോൾ എന്നാൽ ബ്രസീൽ എന്നും, ബ്രസീൽ എന്നാൽ പെലെ എന്നും മാത്രമായിരുന്നു മലയാളികൾക്ക്. കറുത്ത വർഗ്ഗക്കാരനായ ഒരു താരം ലോകത്തിന്റെ നെറുകയിൽ എത്തുന്നത് മലയാളി ആവേശത്തോടെ കണ്ടു.
1982 വരെ കേരളത്തിൽ പൂർണ്ണമായും ബ്രസീലിയൻ ആധിപത്യമായിരുന്നു (സോക്രട്ടീസിന്റെയും സിക്കോയുടെയും ബ്രസീൽ). എന്നാൽ, 1986-ലെ ലോകകപ്പ് കാര്യങ്ങൾ മാറ്റിമറിച്ചു. 1982-ൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഫോക്‌ലാൻഡ് യുദ്ധത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കേരളത്തിലെ ഇടതുപക്ഷ ചിന്താഗതിക്കാർക്കിടയിൽ സജീവമായിരുന്നു. 1986-ലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ രണ്ട് ഗോളുകൾ ലോക ചരിത്രത്തിന്റെ ഭാഗമായി. സാമ്രാജ്യത്വ ഇംഗ്ലണ്ടിനെ, അവരുടെ തന്നെ നിയമങ്ങൾ തെറ്റിച്ച് മറഡോണ തോൽപ്പിച്ചത് മലയാളികൾ ഒരു രാഷ്ട്രീയ വിജയമായി ആഘോഷിച്ചു. രണ്ടാമത്തെ ഗോൾ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായും മാറി. ഡീഗോ മറഡോണയുടെ വ്യക്തിജീവിതത്തിലെ വ്യവസ്ഥാവിരുദ്ധ നിലപാടുകൾ, ഫിഡൽ കാസ്ട്രോയുമായുള്ള സൗഹൃദം, ചെഗുവേരയുടെ ടാറ്റൂ എന്നിവയെല്ലാം അദ്ദേഹത്തെ കേരളത്തിലെ യുവാക്കളുടെയും രാഷ്ട്രീയ ബോധമുള്ളവരുടെയും ഹീറോ ആക്കി മാറ്റി. അങ്ങനെ 1986-ന് ശേഷം കേരളത്തിൽ ശക്തമായ ഒരു അർജന്റീന ഫാൻബേസ് രൂപപ്പെട്ടു.
തൊണ്ണൂറുകള്‍ക്ക് ശേഷം: യൂറോപ്യൻ ഫുട്ബോളും പുതിയ ആരാധകരും
തൊണ്ണൂറുകളുടെ തുടക്കം കേരളത്തിലെ ഫുട്ബോൾ ആസ്വാദനത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവന്നു. ഇതിന് പ്രധാന കാരണം ഉദാരവൽക്കരണവും കേബിൾ ടി.വി ശൃംഖലയുടെ വ്യാപനവുമാണ്. സ്റ്റാർ സ്പോർട്സ്, ഇ.എസ്.പി.എൻ തുടങ്ങിയ ചാനലുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി എ തുടങ്ങിയ യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ കേരളത്തിലെ വീടുകളിൽ എത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, റയൽ മാഡ്രിഡ്, ബാഴ്സലോണ, എ.സി മിലാൻ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബ്ബുകൾക്ക് കേരളത്തിൽ ആരാധകരുണ്ടായി.
ക്ലബ്ബ് ഫുട്ബോളിലെ ഇഷ്ടതാരങ്ങൾ കാരണം യൂറോപ്യൻ ദേശീയ ടീമുകൾക്കും കേരളത്തിൽ വേരോട്ടമുണ്ടായി. റോബർട്ടോ ബാജിയോയിലൂടെ ഇറ്റലിയും, സിനദീൻ സിദാനിലൂടെ ഫ്രാൻസും, ഡേവിഡ് ബെക്കാമിലൂടെ ഇംഗ്ലണ്ടും, മൈക്കൽ ബല്ലാക്കിലൂടെ ജർമ്മനിയും കേരളത്തിൽ പുതിയ ഫാൻബേസുകൾ സൃഷ്ടിച്ചു. പിന്നീട് 2000-കളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉദയത്തോടെ പോർച്ചുഗലിനും വലിയൊരു ആരാധകവൃന്ദം ഇവിടെ രൂപപ്പെട്ടു.
1990-ലെ കാമറൂണും കറുത്ത കുതിരകളും
ലാറ്റിനമേരിക്കൻ ടീമുകളോടുള്ള ആരാധനയ്ക്ക് സമാനമായി കേരളത്തിൽ വലിയൊരു വൈകാരിക തരംഗം സൃഷ്ടിച്ചത് ആഫ്രിക്കൻ ഫുട്ബോളിന്റെ കടന്നുവരവാണ്. ദാരിദ്ര്യത്തോടും വംശീയതയോടും പൊരുതി ലോകവേദിയിൽ എത്തുന്ന ആഫ്രിക്കൻ രാജ്യങ്ങളെ മലയാളി എക്കാലത്തും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന് അടിത്തറയിട്ടത് 1990-ലെ ഇറ്റാലിയൻ ലോകകപ്പാണ്.
1990-ലെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ ഡീഗോ മറഡോണയുടെ അർജന്റീനയെ അട്ടിമറിച്ചുകൊണ്ട് കാമറൂൺ ലോക ഫുട്ബോളിലേക്ക് വരവറിയിച്ചു. റോജർ മില്ല എന്ന 38-കാരനായ ഇതിഹാസ താരത്തിന്റെ മികവിൽ കാമറൂൺ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയത് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ അമ്പരപ്പോടെയും അതിലേറെ ആവേശത്തോടെയുമാണ് കണ്ടത്. ഗോൾ നേടിയ ശേഷം കോർണർ ഫ്ലാഗിനരികിലെ റോജർ മില്ലയുടെ ഐതിഹാസികമായ ഡാൻസ് അന്നത്തെ മലയാളി യുവാക്കളെ ആവേശഭരിതരാക്കി. അർജന്റീനയെ തോൽപ്പിച്ചിട്ടുപോലും, കാമറൂണിന്റെ ആ പോരാട്ടവീര്യം കേരളത്തിലെ അർജന്റീന ആരാധകരുടെ പോലും ഹൃദയം കവർന്നു.
കാമറൂൺ തുറന്നിട്ട വഴിയിലൂടെ പിന്നീട് നിരവധി ആഫ്രിക്കൻ ടീമുകൾ മലയാളികളുടെ പ്രിയപ്പെട്ട ‘കറുത്ത കുതിരകളായി’ 1994, 1998 ലോകകപ്പുകളിൽ ജേ-ജേ ഒക്കോച്ച, തരിബോ വെസ്റ്റ്, എൻവാൻക്വോ കാനു തുടങ്ങിയ താരങ്ങളിലൂടെ നൈജീരിയൻ ടീം കേരളത്തിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചു. 2002-ൽ ഉദ്ഘാടന മത്സരത്തിൽ ഫ്രാൻസിനെ അട്ടിമറിച്ച സെനഗലും, 2010-ൽ ക്വാർട്ടറിലെത്തിയ ഘാനയും ഈ ആഫ്രിക്കൻ സ്നേഹത്തിന്റെ തുടർച്ചകളായി മാറി.
ലാറ്റിനമേരിക്കൻ ടീമുകളോട് തോന്നിയ അതേ രാഷ്ട്രീയ-സാമൂഹിക അടുപ്പം തന്നെയാണ് ആഫ്രിക്കൻ ടീമുകളോടും കേരളീയർക്ക് തോന്നിയത്. സാമ്രാജ്യത്വ ശക്തികളായ യൂറോപ്യൻ ടീമുകളെ, യാതൊരു സൗകര്യങ്ങളുമില്ലാത്ത ആഫ്രിക്കൻ ടീമുകൾ അട്ടിമറിക്കുമ്പോൾ അത് സ്വന്തം വിജയമായി ആഘോഷിക്കാൻ മലയാളിയുടെ സാമ്രാജ്യത്വ വിരുദ്ധ ബോധം കാരണമായി. കായികക്ഷമതയും അതിവേഗതയും ഭയമില്ലായ്മയും നിറഞ്ഞ അവരുടെ സ്വാഭാവിക ശൈലി സെവൻസ് ഫുട്ബോളിന്റെ നാട്ടുകാർക്ക് പെട്ടെന്ന് പ്രിയങ്കരമായി.
ആഫ്രിക്കൻ ഫുട്ബോളിനോടുള്ള ഈ ചരിത്രപരമായ സ്നേഹത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 2022 ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്ക് കേരളത്തിൽ ലഭിച്ച വൻ പിന്തുണ. സ്പെയിനിനെയും പോർച്ചുഗലിനെയും അട്ടിമറിച്ച് സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറിയപ്പോൾ, അവർക്കായി കേരളത്തിലെ കവലകളിൽ പടക്കം പൊട്ടിച്ചുള്ള വലിയ ആഘോഷങ്ങൾ നടന്നു. ഒരു അണ്ടർഡോഗ് വമ്പന്മാരെ വീഴ്ത്തുന്നത് കാണാനുള്ള മലയാളിയുടെ എക്കാലത്തെയും ഇഷ്ടമാണ് ഇവിടെ പ്രതിഫലിച്ചത്. ഇത്തവണത്തെ ലോകകപ്പിൽ കേപ് വെർദയും കോംഗോയും ഈജിപ്തുമെല്ലാം അഫ്രിക്കൻ ശക്തികളെന്ന നിലയിൽ മലയാളികളുടെ മന കവർന്നു.
അർജന്റീന – ബ്രസീൽ ഫാൻ ഫൈറ്റ്: ഒരു സാമൂഹിക മനഃശാസ്ത്രം
തൊണ്ണൂറുകള്‍ക്ക് ശേഷവും, ഇന്നും കേരളത്തിലെ ഫുട്ബോൾ ആരാധനയുടെ കേന്ദ്രബിന്ദു ‘അർജന്റീന വേഴ്സസ് ബ്രസീൽ’ എന്ന വൈര്യമാണ്. ഇതിന് പിന്നിൽ ചില സവിശേഷമായ സാമൂഹിക മനഃശാസ്ത്രങ്ങളുണ്ട്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ ‘നമ്മളും അവരും’ എന്ന ഗോത്രബോധത്തിന്റെ ആധുനിക രൂപമാണ് ഈ ഫാൻ ഫൈറ്റ്. ഒരു സംഘത്തിന്റെ ഭാഗമാകാനും, മറ്റൊരു സംഘവുമായി മത്സരിക്കാനുമുള്ള മനുഷ്യന്റെ ചോദന ഇവിടെ തൃപ്തിപ്പെടുത്തപ്പെടുന്നു. രാഷ്ട്രീയത്തിലോ ജാതിയിലോ മതത്തിലോ അധിഷ്ഠിതമല്ലാത്ത, പൂർണ്ണമായും വിനോദത്തിൽ അധിഷ്ഠിതമായ ഒരു പുതിയ ഐഡന്റിറ്റി ഫുട്ബോൾ നൽകുന്നു. “ഞാൻ ഒരു അർജന്റീനിയൻ ഫാൻ ആണ്” അല്ലെങ്കിൽ ബ്രസീൽ പഫാൻ ആണ് എന്നത് വ്യക്തിക്ക് ഒരു പുതിയ മേൽവിലാസം നൽകുന്നു. ഗ്രാമങ്ങളിലെ ചെറിയ ചായക്കടകളിൽ മുതൽ നവമാധ്യമങ്ങളിൽ വരെ നടക്കുന്ന പോർവിളികൾ ആർക്കും പങ്കെടുക്കാവുന്ന ഒരു പൊതു ഇടം (Public Sphere) സൃഷ്ടിക്കുന്നു. ഫ്ലെക്സ് ബോർഡുകൾ വെക്കുക, വാഹനങ്ങളിൽ പെയിന്റ് അടിക്കുക തുടങ്ങിയവ ഈ ആവേശത്തിന്റെ പ്രകടനങ്ങളാണ്. യഥാർത്ഥ ജീവിതത്തിലെ സമ്മർദ്ദങ്ങളും നിരാശകളും മറക്കാൻ മലയാളികൾ ഉപയോഗിക്കുന്ന ഒരുതരം മാനസിക വിരേചനമാണ് ഇത്തരം ഫാൻ ഫൈറ്റുകൾ. ലോകത്തിന്റെ ഏതോ കോണിൽ കിടക്കുന്ന രണ്ട് രാജ്യങ്ങൾക്കായി കേരളത്തിലെ തെരുവുകളിൽ വാദപ്രതിവാദങ്ങൾ നടക്കുന്നത് ഈ വൈകാരിക ബന്ധം കൊണ്ടാണ്.
കേരളത്തിൽ ഫുട്ബോൾ ഒരിക്കലും ഒരു കളി മാത്രമായിരുന്നില്ല, അതൊരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്. ആഗോള രാഷ്ട്രീയ വിഷയങ്ങൾ ഫുട്ബോൾ മൈതാനങ്ങളിൽ പ്രതിഫലിക്കുന്നത് കേരളത്തിൽ വളരെ സാധാരണമാണ്. ഇസ്രായേൽ-ഫലസ്തീൻ സംഘർഷങ്ങളിൽ, ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ സെവൻസ് മൈതാനങ്ങളിലും ലോകകപ്പ് ഫാൻ സോണുകളിലും ഫലസ്തീൻ പതാകകൾ വീശാറുണ്ട്. ലോകകപ്പിൽ ഫലസ്തീനെ അനുകൂലിക്കുന്ന രാജ്യങ്ങളോട് (ഉദാഹരണത്തിന് അൾജീരിയ, മൊറോക്കോ, സ്പെയിൻ പോലെയുള്ള ടീമുകൾ മികച്ച പ്രകടനം നടത്തുമ്പോൾ) മലയാളി ആരാധകർ ഒരു പ്രത്യേക അടുപ്പം കാണിക്കുന്നു.
താരങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ: മെസ്യൂട്ട് ഓസിൽ ഉയിഗൂർ മുസ്ലീങ്ങൾക്കായി ശബ്ദമുയർത്തിയപ്പോഴും, ഫലസ്തീന് അനുകൂലമായി ക്രിസ്റ്റ്യാനോ റൊണാൾഡോ നിലപാട് എടുത്തു എന്ന രീതിയിലുള്ള വാർത്തകൾ വന്നപ്പോഴും കേരളത്തിലെ ആരാധകർ അത് വൈകാരികമായാണ് സ്വീകരിച്ചത്.
വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടം: വിനീഷ്യസ് ജൂനിയറിനെപ്പോലുള്ള താരങ്ങൾ റേസിസത്തിനെതിരെ പ്രതികരിക്കുമ്പോൾ, അത് കേരളത്തിലെ സ്പോർട്സ് ഗ്രൂപ്പുകളിൽ വലിയ രീതിയിൽ ചർച്ചയാകുകയും അവർക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യാറുണ്ട്. ഫുട്ബോൾ ഇവിടെ മനുഷ്യവകാശങ്ങളുടെയും സമത്വത്തിന്റെയും ഒരു വേദി കൂടിയായി മാറുന്നു.
2026 ലോകകപ്പും കേരളത്തിലെ മാറുന്ന ഫുട്ബോൾ സമവാക്യങ്ങളും
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച 2026 ലോകകപ്പ് കൊടിയിറങ്ങിയപ്പോൾ, കേരളത്തിലെ ഫുട്ബോൾ ആരാധനയിലും പ്രകടമായ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മുൻകാലങ്ങളെപ്പോലെ ബ്രസീലും അർജന്റീനയും തന്നെ ആരാധക പിന്തുണയിൽ ഏറ്റവും മുന്നിൽ നിൽക്കുമ്പോഴും, പുതിയ ലോക ചാമ്പ്യന്മാരായ സ്പെയിൻ കേരളത്തിൽ സൃഷ്ടിച്ച ആരാധനാ തരംഗം (Fan booming) ചരിത്രപരമാണ്.
2022-ലെ കിരീടനേട്ടത്തോടെ കേരളത്തിൽ അർജന്റീന ഫാൻസ് വലിയൊരു ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ, 2026-ലെ ഫൈനലിൽ ശക്തരായ അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക കിരീടം ചൂടിയത് ആരാധനാ സമവാക്യങ്ങളെ മാറ്റിമറിച്ചു. യുവത്വത്തിന്റെ കരുത്തിൽ അർജന്റീനയെ തോൽപ്പിച്ച സ്പാനിഷ് ടീമിന് വലിയൊരു ആരാധകവൃന്ദം കേരളത്തിൽ ഒറ്റരാത്രികൊണ്ട് രൂപപ്പെട്ടു. ബ്രസീൽ ആരാധകർ അടക്കമുള്ള അർജന്റീനയുടെ എതിർചേരിയും ഈ സ്പാനിഷ് വിജയത്തെ വലിയ രീതിയിൽ ആഘോഷമാക്കി.
സ്പെയിനിന് കേരളത്തിൽ പെട്ടെന്ന് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ അവരുടെ ഫുട്ബോൾ മികവ് മാത്രമല്ല കാരണം. ഫലസ്തീൻ ജനതയോട് സ്പെയിൻ ഭരണകൂടവും ജനതയും കാണിച്ച അനുഭാവവും, ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നടപടിയും കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. ഈ രാഷ്ട്രീയ ഐക്യദാർഢ്യം സ്പെയിൻ ടീമിനെ കേരളത്തിലെ സാധാരണക്കാരുടെ സ്വന്തം ടീമാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു. ഫുട്ബോളും ആഗോള രാഷ്ട്രീയവും തമ്മിലുള്ള കേരളത്തിന്റെ ചരിത്രപരമായ ബന്ധത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ഈ വൈകാരിക അടുപ്പം.
ഫ്ലെക്സ് ബോർഡുകളുടെ കാലത്തുനിന്നും നവമാധ്യമങ്ങളിലേക്ക് മാറിയ ലോകകപ്പായിരുന്നു 2026-ലേത്. സ്പെയിനിന്റെ വിജയവും ലാറ്റിനമേരിക്കൻ വമ്പന്മാരുടെ വീഴ്ചയുമെല്ലാം AI ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളിലൂടെയും ട്രോൾ പേജുകളിലൂടെയും വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെയുമാണ് കേരളം പ്രധാനമായും ആഘോഷിച്ചതും ചർച്ച ചെയ്തതും. എംബാപ്പെ, ഹാലാൻഡ് തുടങ്ങിയവർക്കൊപ്പം സ്പെയിനിന്റെ യുവതാരങ്ങളെ കേന്ദ്രീകരിച്ച് കേരളത്തിൽ ശക്തമായ പുതിയ ഫാൻ ഗ്രൂപ്പുകൾ ഈ ലോകകപ്പോടെ സജീവമായിക്കഴിഞ്ഞു. എങ്കിലും ലാറ്റിനമേരിക്കൻ വൈകാരികതക്കൊപ്പം യൂറോപ്യൻ ഫുട്ബോളിന്റെ മാറ്റങ്ങളും രാഷ്ട്രീയവും ചേരുന്ന പുതിയൊരു സങ്കീർണ്ണമായ ആരാധനാ സംസ്കാരത്തിനാണ് 2026 ലോകകപ്പ് കേരളത്തിൽ തുടക്കമിട്ടത്.
കേരളത്തിലെ ഫുട്ബോൾ ആരാധന എന്നത് കേവലം 90 മിനിറ്റ് നീളുന്ന ഒരു കളിയിലെ ആവേശമല്ല. അത് ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരായ പോരാട്ടങ്ങളിൽ നിന്ന് തുടങ്ങി, റേഡിയോയിലൂടെ സ്വപ്നം കണ്ട്, ലാറ്റിനമേരിക്കൻ മാന്ത്രികതയോട് ചേർന്നുനിന്ന്, യൂറോപ്യൻ ലീഗുകളുടെ പ്രൊഫഷണലിസത്തിലൂടെ വളർന്ന് രൂപപ്പെട്ട സവിശേഷമായ ഒരു സാംസ്കാരിക പ്രതിഭാസമാണ്. ലോകത്തെവിടെ ഫുട്ബോൾ ഉരുണ്ടാലും, അതിന്റെ ഏറ്റവും തീവ്രമായ സ്പന്ദനങ്ങളിൽ ഒന്ന് കേരളത്തിന്റെ നെഞ്ചിലുണ്ടാകും. 2026 ലോകകപ്പിലും അതിന് ശേഷവും, ചരിത്രവും രാഷ്ട്രീയവും കായികപ്രേമവും ഇഴചേർന്ന ഈ അസാധാരണ ഫുട്ബോൾ പ്രണയം കേരളത്തിൽ തുടരുക തന്നെ ചെയ്യും.
