ലോകകപ്പ് ആരവങ്ങളുയരുമ്പോഴൊക്കെ ഒറ്റപ്പന്തിലേക്ക് ചുരുങ്ങുന്ന മാനവികതയെ കുറിച്ച് നാം അഭിമാനിക്കാറുണ്ട്. തീർച്ചയായും, നിറത്തിനും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ലോക ജനതയെ ഒന്നിപ്പിക്കുന്ന ഒന്ന് തന്നെയാണ് ഫുട്ബോൾ ലോകകപ്പ്. വിശ്വ പങ്കാളിത്തത്തിന്റെയും സാഹോദര്യത്തിന്റെയും നീണ്ട ദിനരാത്രങ്ങൾ.
2026 ലെ ലോകകപ്പിന്റെ ആദ്യ ദിനങ്ങൾ പിന്നിടുമ്പോൾ, ആഘോഷിക്കപ്പെട്ട മാനവീകതക്ക് വിള്ളലുണ്ടാക്കുന്ന സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വരുന്നുണ്ട്. മാനുഷീകമൂല്യങ്ങളെയും കാറ്റിൽ പറത്തിയാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. യുഎസ്, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലായി, 48 ടീമുകൾ മത്സരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുണ്ട്. മുഖ്യ ആതിഥേയ രാജ്യമായ അമേരിക്ക തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളും, ആധിപത്യവും കാൽപന്തുകളിയിൽ നടപ്പിലാക്കുമ്പോൾ, തകർക്കപ്പെടുന്നത് ഒരുകൂട്ടം മനുഷ്യരുടെ പ്രയത്നങ്ങളും സ്വപ്നങ്ങളുമാണ്.
കടുത്ത വിസ നിയന്ത്രണങ്ങളുള്ള ഒരു രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ, ലോകമെമ്പാടുമുള്ള ആരാധകർക്ക് മത്സരങ്ങൾ നേരിട്ട് കാണാൻ എത്രത്തോളം സാധിക്കുമെന്ന ചോദ്യവും ആശങ്കയും ഉയരുന്നത് സ്വാഭാവികമാണ്, എന്നാൽ, ഇറാൻ എന്ന രാജ്യം ലോകകപ്പ് യോഗ്യത നേടിയിട്ട് കൂടി അമേരിക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. കടുത്ത ഇമിഗ്രേഷൻ പരിശോധനകൾക്ക് വിധേയരായി, അവസാനം തങ്ങളുടെ ബേസ് ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റി കളികൾക്ക് വേണ്ടി മാത്രം അമേരിക്കയിലേക്ക് പ്രവേശിക്കാം എന്ന വ്യവസ്ഥയിലാണ് ഇറാൻ ലോകകപ്പിൽ മത്സരിക്കുന്നത്. ഇറാൻ ഉദ്യോഗസ്ഥർക്കും സപ്പോർട്ടിംഗ് സ്റ്റാഫിലെ ചിലർക്കും യുഎസ് വിസ ലഭിച്ചില്ല എന്ന റിപ്പോർട്ടുകളും ഉണ്ട്. ഈ വിവേചനങ്ങളെല്ലാം അരങ്ങേറുമ്പോഴും ഫിഫ വെറും നോക്കുകുത്തിയായി നിൽ്കകുകയാണ്. ഹെയ്തി, സെനഗൽ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലെ ആരാധകർക്കും യുഎസ് വിസ നിഷേധിക്കപ്പെട്ടതാണ്. സ്വാതന്ത്ര്യവും മനുഷ്യാവകാശവും കൊട്ടിഘോഷിക്കുന്ന അമേരിക്ക നടത്തുന്ന വിവേചനങ്ങൾ ചിലത് മാത്രമാണിത്.
കഴിഞ്ഞവർഷം ആഫ്രിക്കയിലെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട ഒമർ അർതാൻ സാധുവായ അമേരിക്കൻ വിസ ലഭിച്ചിട്ടും, മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് അധികൃതർ അദ്ദേഹത്തിൻറെ പ്രവേശനം വിലക്കി. സോമാലിയൻ ഭീകര സംഘടനയുമായി അദ്ദേഹത്തിന് ബന്ധമുണ്ട് എന്നാണ് യുഎസ് ഉന്നയിച്ച വാദം. ഈ നീക്കത്തിനെതിരെ ഫിഫ മുൻ പ്രസിഡൻറ് സെപ്പ് ബ്ലാറ്റർ വരെ മുന്നോട്ട് വന്നു. ഫിഫ തത്വങ്ങളെ വിട്ടുവീഴ്ച ചെയ്തു, ട്രംപ് എന്ന സ്വേച്ഛാധിപതിയുടെ ഹിതത്തിനനുസരിച്ച്, അമേരിക്കയിലേക്ക് ചുരുങ്ങുകയാണ് ലോകകപ്പ്.
ഇറാഖ് ടീമിലെ പ്രധാന താരമായ അയ്മൻ ഹുസൈനെയും ടീമിന്റെ ഫോട്ടോഗ്രാഫറായ തലാൽ സലാഹിനെയും അധികൃതർ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത തലാൽ സലാഹിന് അവസാനം പ്രവേശനം നിഷേധിച്ചു. ഇതുവരെ ഒരു ലോകകപ്പിലും ഇല്ലാതിരുന്ന വേർതിരിവും വിവേചനവും ഇപ്രാവശ്യം കാണാം. കായിക താരങ്ങളെ ക്രിമിനലുകളെ പോലെ പരിഗണിക്കുന്നത് ഫിഫയുടെ എല്ലാ ചട്ടങ്ങളെയും ലംഘിക്കുന്നതാണ്. ഈ വിഷയങ്ങളിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫന്റീനോയുടെ പ്രതികരണം ശ്രദ്ധിക്കപ്പെടേണ്ടതാണ്; “Chill and Relax” അഥവാ “ഒന്ന് ശാന്തമായി ഇരിക്കൂ” എന്ന്. ഫിഫ ഭരണസമിതി രാജാക്കന്മാർ അല്ലെന്നും, ഭരണസംഘടനയായ ഫിഫക്ക് ആതിഥേയ രാജ്യങ്ങളുടെ കുടിയേറ്റ തീരുമാനങ്ങൾ നിർദേശിക്കാനോ നിയന്ത്രിക്കാനോ ഫുട്ബോളിന്റെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2025 ൽ ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരത്തിന് അർഹനായത് ഡൊണാൾഡ് ട്രംപാണ്. അന്ന്, ഫിഫ പ്രസിഡണ്ട് ഇൻഫന്റീനയുടെ വാദം ട്രംപ് വിവിധ യുദ്ധങ്ങളിൽ മധ്യസ്ഥത വഹിച്ച് സമാധാനം കൊണ്ടുവന്നു എന്നാണ്. എന്നാൽ, ഇന്ന് അമേരിക്ക ലോകകപ്പിന് വേദിയാകുമ്പോൾ, അമേരിക്കയുടെ ബോംബുകൾ ഇറാനിലും ലബനാനിലും ഗസ്സയിലും പതിക്കുന്നുണ്ട്. സൈനിക നടപടിയിലൂടെ മുൻ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മദുറോയെ അമേരിക്കൻ സേന കസ്റ്റഡിയിലെടുത്തു, പല രാജ്യങ്ങലിലും ഇത്തരത്തിലുള്ള കയ്യേറ്റങ്ങൾക്ക് സാഭ്യംവഹിക്കേണ്ടിവരുമെന്ന ഭീഷണിയുമുണ്ട്. ഇതിനോടെല്ലാം മൗനം മാത്രമാണ് ഫിഫയുടെയും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളുടെയും മറുപടി. ഫിഫയുടെ മൗനനാടകം ഇവിടെ അവസാനിക്കുന്നില്ല, ഉക്രൈനെതിരായ റഷ്യയുടെ അധിനിവേശത്തെ തുടർന്ന് 2022 ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ വിലക്കിന്റെ ഭാഗമായി, റഷ്യ ഫിഫയുടെയും യുവേഫയുടെയും എല്ലാ ഔദ്യോഗിക മത്സരങ്ങളിൽ നിന്നും ഇപ്പോഴും അനിശ്ചിതകാല സസ്പെൻഷൻ നേരിടുകയാണ്. എന്നാൽ, അമേരിക്ക വെനിസ്വേലയിലും ഇറാനിലും നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തെ കണ്ണടച്ച് കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോകാൻ ബാധ്യസ്ഥരാവുകയാണ് ലോക ജനത.
2022ലെ ഖത്തർ ലോകകപ്പിൽ, ‘ Onelove ‘ ആം ബാൻഡ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ജർമൻ താരങ്ങൾ വായമൂടിയാണ് ഫോട്ടോക്ക് പോസ് ചെയ്തത്. അന്ന് അത് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉള്ള പ്രതിഷേധമായി ആഘോഷിക്കപ്പെട്ടു. എന്നാൽ, ഇന്ന് ഒരു പാശ്ചാത്യ രാജ്യവും പ്രതിഷേധത്തിന് തയ്യാറാവുന്നില്ല. കുടിയേറ്റ നിയമങ്ങൾ ഇത്ര കർശനമായ രാജ്യം ലോകകപ്പ് ആതിഥേയത്വം വഹിക്കുമ്പോൾ, മറ്റു രാജ്യങ്ങളിലുള്ള കളിക്കാരെയും ഉദ്യോഗസ്ഥരെയും ആരാധകരെയും ആ രാജ്യം സ്വാഗതം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക ഫിഫയുടെ ചുമതലയാണ്. ജനങ്ങളെയും, അവർക്ക് കളിയോടുള്ള അഭിനിവേശത്തിന്റെയും മുകളിൽ സാമ്പത്തിക താല്പര്യങ്ങൾക്കാണ് ഫിഫ മുൻഗണന നൽകുന്നത്. ചരിത്രത്തിലെ ഏറ്റവും വിലകൂടിയ കൂടിയ ടിക്കറ്റുകളാണ് ഈ ലോകകപ്പിൽ വിറ്റഴിഞ്ഞത്, സാധാരണക്കാരായ അമേരിക്കൻ പൗരന്മാർക്ക് പോലും താങ്ങാനാവാത്ത വില.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫുട്ബോൾ ലോകകപ്പ്, നിത്യജീവിതത്തിന്റെ വിരസതയിൽ നിന്ന് മനുഷ്യരെ ആനന്ദത്തിലേക്ക് ഉയർത്തുന്ന ലഹരി. സന്തോഷവും കണ്ണീരും കഠിനാധ്വാനവും ചേർന്ന, മറ്റൊന്നിനും പകരംവെക്കാനാകാത്ത ഒരു അനുഭവം, സാമ്പത്തിക ലാഭത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി കായിക പ്രേമികളിൽ നിന്ന് ഈ അനുഭവം കവർന്നെടുക്കപ്പെടരുത്.
