November 19 Thursday 2026

ഗസ്സയിലെ വെള്ളപ്പൊക്കം: സഹായങ്ങള്‍ തടയുന്ന ഇസ്രായേല്‍ നടപടിക്കെതിരെ ട്രംപിന്‍റെ ‘ബോർഡ് ഓഫ് പീസ്’

Gaza flood

യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ഗസ്സയിൽ ശൈത്യകാലത്തെ നേരിടാൻ ഇസ്രായേൽ അടിയന്തരമായി ഇടപെടണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന മാരകമായ വെള്ളപ്പൊക്കത്തെ നേരിടാൻ സ്വീകരിച്ച നടപടികൾ തീർത്തും അപര്യാപ്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.

“ഇതൊരു ശൈത്യകാല ഭീഷണി മാത്രമല്ല, മറിച്ച് അടിയന്തരമായ ഒരു മാനുഷിക പ്രതിസന്ധിയാണ്,” ‘ബോർഡ് ഓഫ് പീസ്’ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിൽ ഗസ്സയിലെ പതിനായിരക്കണക്കിന് ഷെഡുകള്‍ ഒലിച്ചുപോയി. ജനസംഖ്യയിൽ ഏതാണ്ട് എല്ലാവരും തന്നെ ഇതിനകം ഒരിക്കലെങ്കിലും പലായനം ചെയ്യാൻ നിർബന്ധിതരായ ഈ പ്രദേശത്ത്, വെള്ളപ്പൊക്കത്തിൽ നിരവധിപേര്‍ മരിച്ചതായി ഹമാസ് നിയന്ത്രണത്തിലുള്ള അധികൃതർ അറിയിച്ചു.

ഇസ്രായേലും ഹമാസും തമ്മിൽ, 2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ ചുമതലപ്പെട്ട സമിതിയാണ് ‘ബോർഡ് ഓഫ് പീസ്’. ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും നിയന്ത്രിക്കുന്ന ഇസ്രായേലിന്, ശൈത്യകാലത്തെയും കാലാനുസൃതമായ വെള്ളപ്പൊക്കത്തെയും നേരിടാൻ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതായി സമിതി വ്യക്തമാക്കി.

ഈ പ്രസ്താവന പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, 91,000 കൂടാരങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി 8,200-ലധികം ട്രക്കുകൾ ഗസ്സയിലേക്ക് കടക്കാൻ അനുവദിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. ഇസ്രായേൽ സ്വീകരിച്ച നടപടികളെ ‘ബോർഡ് ഓഫ് പീസ്’ അംഗീകരിച്ചെങ്കിലും, അവ “അപര്യാപ്തമാണെന്ന്” തന്നെ വിലയിരുത്തി.

“ശൈത്യകാലത്തെ നേരിടാനാവശ്യമായ വസ്തുക്കളും മാനുഷിക സഹായങ്ങളും ഗസ്സയിലേക്ക് എത്തിക്കാൻ ആവശ്യമായ അനുമതി നൽകാനും അതിനുള്ള സൗകര്യമൊരുക്കാനും ഇസ്രായേൽ സർക്കാർ അടിയന്തരമായി ഇടപെടണം,” സമിതി ആവശ്യപ്പെട്ടു.

അതേസമയം, വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ രംഗത്തെത്തി. ആയുധങ്ങൾ വാങ്ങുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലാണ് ഹമാസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നതെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. “മഴ പെയ്യുമ്പോഴെല്ലാം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഹമാസിന് കഴിയില്ല,” എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

വെടിനിർത്തൽ കരാർ പ്രകാരമുള്ള ബാധ്യതകൾ പാലിക്കണമെന്ന് ‘ബോർഡ് ഓഫ് പീസ്’ ഹമാസിനോടും ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും, ഗസ്സയിൽ ഇസ്രായേൽ ദിവസേനയെന്നോണം ആക്രമണങ്ങൾ തുടരുകയാണ്.

കഴിഞ്ഞ മാസം കടുത്ത മത്സരം നടന്ന തെരഞ്ഞെടുപ്പിന് ശേഷം തന്റെ രാഷ്ട്രീയ നിലനിൽപ്പിനായി പോരാടുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിൽ (ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തദിനം) പങ്കാളികളായ എല്ലാവരെയും വധിക്കുമെന്ന് പ്രതിജ്ഞയെടുത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. നെതന്യാഹുവിനെ കാവല്‍ പ്രധാനമന്ത്രിയായി തുടരുകയാണ്. സൈനികവും നയതന്ത്രപരവുമായ തീരുമാനങ്ങളെല്ലാം ഇപ്പോഴും നെതന്യാഹു തന്നെ കൈകൊള്ളുന്നത്.

Related