ഏറെ വിവാദം സൃഷ്ടിച്ച എഫ് സി ആർ എ നിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കത്തോലിക്ക പ്രതിനിധി സംഘത്തെയാണ് അമിത് ഷാ ഈ കാര്യം അറിയിച്ചത്. ഭേദഗതി ക്രിസ്ത്യൻ വിഭാഗത്തെ മാത്രം കണ്ടല്ലെന്നും എല്ലാ വിഭാഗങ്ങളും ഇതിൽ ഉൾക്കൊണ്ടിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു. കഴിഞ്ഞവർഷം എഫ് സി ആർ എ വഴി വന്ന 17000 കോടി രൂപയിൽ 3000 കോടി രൂപ മാത്രമാണ് ക്രിസ്ത്യൻ സമുദായത്തിലേക്ക് എത്തിയതെന്നും അമിത് ഷാ പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് ഭരണഘടനയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ അതിന് പ്രശ്നപരിഹാരം കാണുമെന്നും തന്റെ വാതിൽ എന്നും തുറന്നിട്ടിരിക്കുമെന്നും അമിത് ഷാ പ്രതിനിധി സംഘത്തെ അറിയിച്ചു.
നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്നും നിയമം നിലവിൽ വരുന്ന കാലം മുതലുള്ള പ്രാബല്യമേ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സമുദായ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും കാര്യത്തിൽ തന്റെ ഭാഗത്തുനിന്നും അനുകൂല സമീപനമാണ് ഉണ്ടാവുക എന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമ സംഭവങ്ങളിൽ താൻ കൂടെയുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നൽകി. കോൺഗ്രസ് കൊണ്ടുവന്ന നിയമത്തിന്റെ കർശന സ്വഭാവം ബി ജെ പി ലഘുവാക്കുകയാണെന്നും അദ്ദേഹം ക്രിസ്ത്യൻ പ്രതിനിധി സംഘത്തോട പറഞ്ഞു.
