മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലേക്ക് പതിനായിരക്കണക്കിന് കർഷകർ നടത്തുന്ന കൂറ്റൻ പ്രക്ഷോഭ മാർച്ച് മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന് വൻ രാഷ്ട്രീയ വെല്ലുവിളിയാകുന്നു. സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) ബാനറിൽ 19 കർഷക സംഘടനകൾ ചേർന്നാണ് ഈ സമരം നയിക്കുന്നത്. പൊലീസിന്റെ ശക്തമായ ബാരിക്കേഡുകളും തടസ്സങ്ങളും മറികടന്ന് ജൂലൈ 28 ചൊവ്വാഴ്ച രാത്രിയോടെ രണ്ടായിരത്തോളം കർഷകർ ഭോപ്പാലിന്റെ അതിർത്തി പ്രദേശങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞു. കർഷകരെ തടയാൻ പൊലീസ് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും അത്ര ഫലം കണ്ടില്ല. പലയിടങ്ങളിലായി ബാരിക്കേഡുകൾ സ്ഥാപിച്ച് കർഷകരെ തടയാനായിരുന്നു പദ്ധതി. എന്നാൽ, കർഷകർ ഈ തടസ്സങ്ങളെയെല്ലാം മറികടന്നു. ആഹാരസാധനങ്ങളും കിടക്കവിരിപ്പുകളും ധാന്യച്ചാക്കുകളും പാത്രങ്ങളുമൊക്കെയായി എത്തിയ കർഷകർ ആവശ്യങ്ങൾ അംഗീകരിക്കും വരെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ്.
മൂംഗ് പരിപ്പ് (ചെറുപയർ) പൂർണ്ണമായി സംഭരിക്കുക (നിലവിലുള്ള ‘പ്രൈസ് സപ്പോർട്ട് സ്‌കീം’ പ്രകാരം ആകെ ഉൽപ്പാദനത്തിന്റെ 25% മാത്രമാണ് സർക്കാർ താങ്ങുവിലയിൽ (2026-27 സീസണിൽ ക്വിന്റലിന് 8,768 രൂപ) സംഭരിക്കുന്നത്. ബാക്കി തുക കിട്ടാതെ പൊതുവിപണിയിൽ തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വരുന്നത് കർഷകരെ കടക്കെണിയിലാക്കുന്നു) ചെറുപയർ വിളവെടുപ്പ് 100% താങ്ങുവിലയിൽ സർക്കാർ ഏറ്റെടുക്കുക, വളം വിതരണം കാര്യക്ഷമമാക്കുക, വളം ക്ഷാമത്തിനും വിതരണത്തിലെ ക്രമക്കേടുകൾക്ക് ഉടനടി പരിഹാരം കാണുക എന്നിങ്ങനെയാണ് കർഷകരുടെ ആവശ്യങ്ങൾ.
തുടർച്ചയായ വിളവെടുപ്പ് സമയങ്ങളിൽ ഉണ്ടാകുന്ന സംഭരണ വൈകൽ, വിതരണത്തിലെ പരിധികൾ, രജിസ്‌ട്രേഷൻ പ്രശ്‌നങ്ങൾ, വളം ക്ഷാമം എന്നിവ കർഷകരെ വലയ്ക്കുകയാണ്. ഉൽപ്പാദനച്ചെലവ് ക്രമാതീതമായി ഉയരുകയും വിപണിയിലെ വില അസ്ഥിരമായി തുടരുകയും ചെയ്യുന്നതോടെ, നല്ല വിളവ് ലഭിച്ചിട്ടും കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളപ്പെടുകയാണ്. ഈ പശ്ചാത്തലത്തിലാണ് കർഷകർ സമരവുമായി രംഗത്തുവന്നത്.
നർമ്മദാപുരത്തുനിന്ന് ആരംഭിച്ച റാലി ഒബൈദുള്ളഗഞ്ച്, റൈസെൻ വഴി തലസ്ഥാനത്തേക്ക് നീങ്ങുന്നത് തടയാൻ ടോൾ പ്ലാസകളിലും മാണ്ഡിദീപ് അതിർത്തിയിലും പൊലീസ് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും കർഷകരുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ ബാരിക്കേഡുകൾ നീക്കം ചെയ്യാൻ അധികൃതർ നിർബന്ധിതരായി. കഴിഞ്ഞ 20 ദിവസത്തിലേറെയായി നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ മൗനം പാലിച്ചതിനെതുടർന്നാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തേണ്ടി വന്നതെന്ന് കർഷക നേതാക്കൾ അറിയിച്ചു. സമരത്തിന് പിന്തുണയുമായി യുവജനങ്ങളും മറ്റു സംഘടനകളും എത്തിയിട്ടുണ്ട്. ഹോഷംഗാബാദ് അതിർത്തിയിൽ വെച്ച് കർഷകരുമായി സമാധാനപരമായ ചർച്ചകൾ നടന്നു വരികയാണെന്നും ക്രമസമാധാന പരിപാലനത്തിനായി ആവശ്യത്തിന് സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും അഡീഷണൽ എസ്.പി അനിൽ ശർമ്മ അറിയിച്ചു. അടിയന്തര സഹായങ്ങളും സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉജ്ജയിനിലെ കുംഭമേള ഭൂമി ഏറ്റെടുക്കൽ തീരുമാനത്തിൽ നിന്ന് കർഷക പ്രതിഷേധം മൂലം അടുത്തിടെ സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നിരുന്നു. അതിന് തൊട്ടുപിന്നാലെ എത്തിയ ഈ കൂറ്റൻ പ്രക്ഷോഭം ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
