ജാർഖണ്ഡിലെ ഛാത്ര ജില്ലയിൽ നടന്ന 32 കാരന്റെ കൊലപാതകം വർഗീയവും, ഹേമന്ത് സോറൻ സർക്കാരിന്റെ വർഗീയ സംഘട്ടനം തടയുന്നതിലെ നിലവീഴ്ചയാണെന്നും കണ്ടെത്തിയിരിക്കുകയാണ് വസ്തുതാ അന്വേഷണ സംഘം.
2026 ആഗസ്റ്റ് നാലിന് ആണ് ജാർഖണ്ഡിലെ ഛാത്ര ജില്ലയിലെ എം ഡി ഇമ്രോജ് അൻസാരി കൊല്ലപ്പെടുന്നത്. കൊലപാതകം സംബനധിച്ച വസ്തുതാന്വഏഷണത്തിനായി ജാർഖണ്ഡ് ജനാധികാർ മഹാസഭ,കർവാൻ-ഇ-മൊഹബ്ബത്ത്, സാജാ ഖദം , യുണൈറ്റഡ് മില്ലി ഫോറം എന്നീ സംഘടനകളിൽ നിന്നുള്ള പ്രതിനിധി സംഘം ആഗസ്റ്റ് 12 നാണ് ന് തന്ദ്വാൻ ഗ്രാമം സന്ദർശിച്ചത്. പ്രായ പൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്ന ആരോപണം ചുമത്തിയാണ് ആൾക്കൂട്ടം ഇമ്രോജ് അൻസാരിയെ കൊലപ്പെടുത്തിയത്. വർഗീയധ്രുവീകരണത്തിനായി ബി ജെ പി ഈ സംഭവം ഉപയോഗിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം മുസ്ലീങ്ങൾക്ക് സാമൂഹ്യ വിലക്ക് ഏര്‍പ്പെടുത്തിയതായും ഇതിന്‍റെ ഭാഗമായി ഹിന്ദു പച്ചക്കറി വ്യാപാരികൾ പ്രദേശത്തെ മുസ്ലീങ്ങൾക്ക് പച്ചക്കറി വിൽക്കുന്നത് അവസാനിപ്പിച്ചു എന്നും അന്വേഷണസംഘം റിപ്പോർട്ട് ചെയ്യുന്നു.
ആഗസ്റ്റ് മാസം നാലാം തീയതി പുലർച്ചെ ബിജെപി പ്രാദേശിക നേതാവ് വിജയ് ചൗബെ അൻസാരിയുടെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് അക്രമിസംഘം അൻസാരിയുടെ പിതാവ് എം ഡി സുൽത്താനെ കെട്ടിയിട്ട് മർദ്ദിച്ചു. സംഭവം നടന്ന അരമണിക്കൂറിനുള്ളിൽ പൊലീസ് എത്തിച്ചേർന്നെങ്കിലും പൊലീസിന്റെ മുന്നിലിട്ടാണ് അക്രമിസംഘം പിന്നീട് മർദ്ദനം തുടർന്നത്. കൃത്യനിർവഹണത്തിലെ വീഴ്ചയെ തുടർന്ന് ഛാത്ര ജില്ലാ പൊലീസ് മേധാവി ആനിമേഷ് നതാനി രണ്ട് സബ് ഇൻസ്പെക്ടർമാർ അടക്കം നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ദലിത് പെൺകുട്ടിയുടെ വീട് അൻസാരിയുടെ വീടിനു തൊട്ടു വിപരീത ദിശയിൽ ആണെന്നും പെൺകുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും തങ്ങളുടെ വീട് പൊളിഞ്ഞു പോയതിനെ തുടർന്ന് അൻസാരിയുടെ വീടിന് പുറത്തുള്ള മുറിയിലാണ് താമസമെന്നും വസ്തുത അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ തുറന്നു കിടക്കുന്ന രീതിയും മറ്റും തെളിയിക്കുന്നത് അവിടെ ഒരു തട്ടിക്കൊണ്ടുപോയുള്ള ബലാത്സംഗം നടക്കാൻ സാധ്യതയില്ല എന്നാണ്. തന്ദ്വാ സ്റ്റേഷൻ ഹൗസ് ഓഫീസറെയും, സംഭവത്തെ മുതലെടുത്ത് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കന്മാർക്കെതിരെയും ശക്തമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ആൾക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ പ്രസംഗങ്ങളും സംബന്ധിച്ച സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും വസ്തുതാന്വേഷണസംഘം ആവശ്യപ്പെട്ടു.
