പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സർക്കാർ ജോലികളിലേക്കുള്ള നിയമനത്തിലെ സുതാര്യതയില്ലായ്മയും ആരോപിച്ച് ജാർഖണ്ഡിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. ജൂലൈ 25ന് ആരംഭിച്ച സമരം ആഗസ്റ്റ് 10ന് നിയമസഭാ മാർച്ചിലും പൊലീസ് നടപടിയിലും എത്തിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ പി എസ് സി) ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെ എസ് എസ് സി ) എന്നിവയുടെ വിവിധ പരീക്ഷകളിലെ ക്രമക്കേടുകളാണ് സമരത്തിന്റെ കേന്ദ്രവിഷയം. പ്രത്യേകിച്ച് 14-ാം ജെ പി എസ് സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾ റദ്ദാക്കണമെന്നും മുഴുവൻ വിഷയത്തിലും കേന്ദ്ര അന്വേഷണ ബ്യൂറോയായ സി ബി ഐ അന്വേഷണം നടത്തണമെന്നും പരീക്ഷാ നടത്തിപ്പിൽ സമ്പൂർണ സുതാര്യത ഉറപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
ജൂലൈ 25നാണ് റാഞ്ചിയിൽ ജെ പി എസ് സി – ജെ എസ് എസ് സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളും പ്രതിഷേധം ആരംഭിച്ചത്. തുടക്കത്തിൽ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം, പരീക്ഷകൾ റദ്ദാക്കൽ, കുറ്റക്കാർക്കെതിരെ നടപടി എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. എന്നാൽ, സർക്കാർ നടപടികൾ തൃപ്തികരമല്ലെന്നാരോപിച്ച് സമരം കൂടുതൽ ശക്തമാവുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ പ്രതിഷേധം ധർണയിലേക്കും നിരാഹാര സമരത്തിലേക്കും പിന്നീട് നിയമസഭാ മാർച്ചിലേക്കും മാറി.
നിരാഹാര സമരം:
സമരത്തിന്റെ മറ്റൊരു പ്രധാന ഘട്ടമായിരുന്നു വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹതോയുടെ നിരാഹാര സമരം. ആഗസ്റ്റ് ആദ്യവാരത്തിൽ ആരംഭിച്ച നിരാഹാര സമരം ദിവസങ്ങൾ പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഒടുവിൽ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും വിദ്യാർഥികളുടെ പ്രക്ഷോഭം അവസാനിച്ചില്ല. ഇത് സമരത്തിന് കൂടുതൽ രാഷ്ട്രീയവും പൊതുജനശ്രദ്ധയും നേടിക്കൊടുത്തു. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധം വെറും പരീക്ഷാർത്ഥികളുടെ പ്രശ്നമല്ലെന്നും യുവാക്കളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണെന്നുമുള്ള വാദം ശക്തമായി.
പ്രതിഷേധം ശക്തമായതോടെ ജാർഖണ്ഡ് സർക്കാർ സമരക്കാരുമായി ചർച്ചകൾ നടത്തി. ഒന്നിലധികം ഘട്ടങ്ങളിലായി നടന്ന ചർച്ചകളിൽ ചില ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു. മൂന്ന് പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തയ്യാറായതായും പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംവിധാനം പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. മൂന്ന് ജെ പി എസ് സി അംഗങ്ങൾ രാജിവയ്ക്കുകയും ചെയ്തു.
എന്നാൽ, പ്രധാന തർക്കം അന്വേഷണത്തിന്റെ സ്വഭാവത്തിലും ജെ എസ് എസ് സി – സി ജി എൽ ഉൾപ്പെടെയുള്ള പരീക്ഷകൾ റദ്ദാക്കുന്നതിലുമാണ്. സർക്കാർ ആഭ്യന്തര അന്വേഷണം, സി ഐ ഡി അന്വേഷണം തുടങ്ങിയ നടപടികളിലേക്ക് നീങ്ങിയപ്പോൾ സമരക്കാർ കൂടുതൽ ശക്തമായതും സ്വതന്ത്രവുമായ സി ബി ഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്. അതാണ് ചർച്ചകൾ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. സമരം ശക്തമാകുന്നതിനിടെയാണ് ജെ പി എസ് സി മുൻ ചെയർമാൻ എൽ. ഖിയാങ്തെയെ ജാർഖണ്ഡ് സി ഐ ഡി അറസ്റ്റ് ചെയ്തത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
പരീക്ഷ നടത്തിപ്പിന് മുമ്പ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഒരു സ്വകാര്യ കമ്പനിക്ക് ചട്ടങ്ങൾ മറികടന്ന് ചുമതല നൽകിയെന്നതടക്കമുള്ള ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. ഖിയാങ്തെയുടെ അറസ്റ്റിന് പുറമെ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, അറസ്റ്റും അന്വേഷണവും ഉണ്ടായിട്ടും സമരം അവസാനിച്ചില്ല. കാരണം വിദ്യാർഥികളുടെ ആവശ്യം വ്യക്തികളെ മാത്രം ശിക്ഷിക്കുക എന്നതിലൊതുങ്ങുന്നില്ല. പരീക്ഷാ സംവിധാനത്തിൽ തന്നെ വിശ്വാസം പുനഃസ്ഥാപിക്കണമെന്നാണ് അവർ പറയുന്നത്.
ആഗസ്റ്റ് 10ന് സമരം നിർണായക ഘട്ടത്തിലെത്തി. സർക്കാർ നടത്തിയ മൂന്നാംഘട്ട ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ നിയമസഭയിലേക്ക് ‘വിദാൻസഭ ഘെറാവോ’ മാർച്ച് പ്രഖ്യാപിച്ചു. വിദ്യാർഥികളെ തടയുന്നതിനായി റാഞ്ചിയിൽ വലിയ പൊലീസ് സന്നാഹം ഒരുക്കി. ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ചു. എന്നാൽ നിരവധി ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ നിയമസഭയ്ക്ക് സമീപമെത്തി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും കണ്ണീർവാതകം ഉപയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായി പ്രതിഷേധക്കാർ ആരോപിച്ചു. പൊലീസ് നടപടിക്കിടയിലും ചില പ്രതിഷേധക്കാർ ബാരിക്കേഡുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പ്രതിഷേധക്കാർ ദേശീയപതാകയുമായാണ് മാർച്ചിൽ പങ്കെടുത്തത്. അതുകൊണ്ടുതന്നെ പ്രക്ഷോഭത്തിന്റെ ദൃശ്യഭാഷയും ശ്രദ്ധേയമായി. പഠനം, ജോലി, പരീക്ഷയിലെ നീതി എന്നീ ആവശ്യങ്ങളുമായി യുവാക്കൾ സംസ്ഥാന അധികാരകേന്ദ്രത്തിലേക്ക് നേരിട്ട് എത്തുന്ന കാഴ്ച.
ജാർഖണ്ഡ് സമരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്നാണ് ഡൽഹിയിൽ നടന്ന കോക്ക്രോച് ജൻതാ പാർട്ടി (സി ജെ പി) നേതൃത്വത്തിലുള്ള യുവജന പ്രക്ഷോഭവുമായി കാണുന്ന സാമ്യം. ദേശീയ തലത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കുമെതിരെ നടന്ന സി ജെ പി നേതൃത്വത്തിലുള്ള പ്രക്ഷോഭം വലിയ ജനശ്രദ്ധ നേടിയിരുന്നു. ആ സമരത്തിന്റെ പ്രധാന സന്ദേശം ഒരു പരീക്ഷയെയോ ഒരു സ്ഥാപനത്തെയോ മാത്രം കേന്ദ്രീകരിച്ചിരുന്നില്ല. ‘പരീക്ഷയിലെ അനീതി യുവാക്കളുടെ ഭാവിയോടുള്ള അനീതിയാണ്’ എന്ന വിശാലമായ രാഷ്ട്രീയ സന്ദേശത്തിലേക്കാണ് പ്രക്ഷോഭം വളർന്നത്.
ആദ്യഘട്ടത്തിൽ ഒരു പരീക്ഷയിലെ ക്രമക്കേടിനെതിരെ ആരംഭിച്ച പ്രതിഷേധം പിന്നീട്-പരീക്ഷ റദ്ദാക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക, കുറ്റക്കാരെ ശിക്ഷിക്കുക, പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുക എന്ന വിശാലമായ ആവശ്യങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഡൽഹിയിലെ സി ജെ പി പ്രക്ഷോഭത്തിന്റെ നേരിട്ടുള്ള സംഘടനാപരമായ ഭാഗമാണെന്ന് പറയാനാകില്ലെങ്കിലും, അതിന്റെ രാഷ്ട്രീയ-പ്രതിഷേധ മാതൃക ജാർഖണ്ഡിലെ യുവാക്കളെ സ്വാധീനിച്ചിട്ടുണ്ടെന്നതിന് റിപ്പോർട്ടുകളിൽ സൂചനകളുണ്ട്. ഡി ഡബ്ല്യൂ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ജാർഖണ്ഡ് പ്രക്ഷോഭത്തെ ‘കോക്ക്രോച് മൂവ്മെന്റ് ’ന്റെ സ്വാധീനവുമായി ബന്ധപ്പെടുത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിന് നേരത്തെ തന്നെ സിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിൽക്കുന്നത് പ്രമുഖ യുവ നേതാവും ‘ഝാർഖണ്ഡ് ലോകതാന്ത്രിക് ക്രാന്തികാരി മോർച്ച’ ഭാരവാഹിയുമായ ദേവേന്ദ്ര നാഥ് മഹ്തോയാണ്. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും നിരാഹാര സമരവുമാണ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ഈ സമരത്തിന് കൂടുതൽ രാഷ്ട്രീയ മാനവും ജനശ്രദ്ധയും പകർന്നുനൽകിയത്. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും (JPSC) ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷനും (JSSC) നടത്തുന്ന നിയമന പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കണമെന്നും, കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നിഷ്പക്ഷമായ അന്വേഷണവും കർശന നടപടിയും വേണമെന്നും ദേവേന്ദ്ര നാഥ് മഹ്തോ ആവശ്യപ്പെട്ടിരിക്കുകയാണ്.
ജാർഖണ്ഡിൽ സർക്കാർ ജോലികൾക്കായി വലിയ തോതിൽ യുവാക്കൾ പരീക്ഷ എഴുതുന്നു. വർഷങ്ങളോളം പഠിച്ച് തയ്യാറെടുക്കുന്ന ഒരു ഉദ്യോഗാർഥിയുടെ അവസരം പരീക്ഷാ ക്രമക്കേടോ ചോദ്യപേപ്പർ ചോർച്ചയോ മൂലം നഷ്ടപ്പെടുമ്പോൾ അതിന്റെ ആഘാതം ഒരു പരീക്ഷാഫലത്തിൽ അവസാനിക്കുന്നില്ല. വർഷങ്ങളുടെ പഠനം, കുടുംബത്തിന്റെ സാമ്പത്തിക നിക്ഷേപം, തൊഴിൽ പ്രതീക്ഷ, പ്രായപരിധി എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ജാർഖണ്ഡിലെ സമരം ‘പരീക്ഷാ അഴിമതിക്കെതിരായ പ്രതിഷേധം’ എന്നതിലുപരി ‘യുവാക്കളുടെ അവസരത്തിനായുള്ള പോരാട്ടം’ എന്ന നിലയിലേക്ക് മാറുകയാണ്.
സമരം നേരിടുന്നതിൽ ജാർഖണ്ഡ് സർക്കാരിന് പലതരത്തിലുള്ള സമ്മർദ്ദങ്ങളുണ്ട്. ഒരുവശത്ത്, പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം പ്രഖ്യാപിക്കുകയും പരീക്ഷകൾ റദ്ദാക്കാൻ തയ്യാറാവുകയും ജെ പി എസ് സി അംഗങ്ങളുടെ രാജി സ്വീകരിക്കുകയും മുൻ ചെയർമാനെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മറുവശത്ത്, വിദ്യാർഥികളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ ഇതൊന്നും മതിയായിട്ടില്ല. സർക്കാർ പറയുന്നത് സി ഐ ഡി അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം, അതിവേഗ കോടതി, കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കൽ, പരീക്ഷാ നടത്തിപ്പിൽ പരിഷ്കാരം തുടങ്ങിയ ഉറപ്പുകളും സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ, വിദ്യാർഥികൾ ചോദിക്കുന്നത് “അന്വേഷിക്കുന്നത് അതേ സംവിധാനത്തിനുള്ളിൽ നിന്നാണെങ്കിൽ അതിൽ എത്രത്തോളം വിശ്വാസമുണ്ടാകും?” എന്നാണ്. ഇതാണ് സി ബി ഐ അന്വേഷണത്തിനായുള്ള അവരുടെ ആവശ്യം ശക്തമാക്കുന്നത്.
ആഗസ്റ്റ് 10ലെ പൊലീസ് നടപടിയോടെ സമരം അവസാനിക്കുന്നതിന് പകരം കൂടുതൽ രാഷ്ട്രീയ സ്വഭാവം നേടാനുള്ള സാധ്യതയാണ് ഇപ്പോൾ ഉയരുന്നത്. പൊലീസ് നടപടിയെ തുടർന്ന് പ്രതിപക്ഷമായ ബി ജെ പി സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ വിദ്യാർഥികളുടെ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളും കൂടുതൽ സജീവമാകുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഈ സമരത്തെ പൂർണമായും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രക്ഷോഭമായി കാണുന്നത് അതിന്റെ അടിസ്ഥാന സ്വഭാവം മറച്ചുവയ്ക്കും. പരീക്ഷാ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയുടെ അസ്വസ്ഥതയാണ് സമരത്തിന്റെ അടിത്തറ.
ഡൽഹിയിലെ സി ജെ പി പ്രക്ഷോഭം ദേശീയതലത്തിൽ പരീക്ഷാ ക്രമക്കേടുകളെ രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതുപോലെ, ജാർഖണ്ഡിലെ സമരം അതേ ചോദ്യത്തെ സംസ്ഥാനതലത്തിൽ കൂടുതൽ ശക്തമായി ഉയർത്തുകയാണ്. പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കപ്പെടും. ചില പരീക്ഷകൾ റദ്ദാക്കപ്പെടും. ഉദ്യോഗസ്ഥർക്കെതിരെ കേസുകളുണ്ടാകും. ചിലർ അറസ്റ്റിലാകും. പക്ഷേ..
“സർക്കാർ ജോലി നേടാൻ വർഷങ്ങളോളം പഠിച്ച ഒരു യുവാവിന്, പരീക്ഷാ സംവിധാനത്തെ വിശ്വസിക്കാൻ കഴിയുമോ?” ജാർഖണ്ഡിലെ തെരുവുകളിൽ ഇപ്പോൾ ഉയരുന്ന പ്രതിഷേധത്തിന്റെ യഥാർഥ രാഷ്ട്രീയ പ്രസക്തി ഈ ചോദ്യത്തിലാണ്. കാരണം, ഇത് ജെ പി എസ് സി യുടെയോ ജെ എസ് എസ് സി യുടെയോ മാത്രം പ്രശ്നമല്ല. ഇത് ഭരണകൂടത്തോടുള്ള ഒരു തലമുറയുടെ വിശ്വാസത്തിന്റെ പ്രശ്നമാണ്.
