August 14 Friday 2026

മുൻകൂട്ടി നിശ്ചയിക്കാത്ത പത്രസമ്മേളനങ്ങൾക്ക് തയ്യാറാകാത്തതില്‍ പ്രധാനമന്ത്രിയെ വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ്

പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൂട്ടി നിശ്ചയിക്കാത്ത പത്രസമ്മേളനങ്ങൾക്ക് തയ്യാറാകാത്തതിനെ രൂക്ഷമായി വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് രംഗത്ത്. മുൻകൂട്ടി നിശ്ചയിക്കാത്ത ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും തിരഞ്ഞെടുക്കപ്പെട്ടവരോട് ജനങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ചോദ്യം ചോദിക്കുന്നത് മാധ്യമങ്ങളുടെ ചുമതലയാണെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

മധ്യസ്ഥർ വഴി ജനങ്ങളോട് സംവദിക്കുന്നതിന് പകരം ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇഷ്ടമെന്ന് വിദേശകാര്യ സെക്രട്ടറി രുദേന്ദ്ര ടണ്ഠൻ സമീപദിവസം ന്യൂസിലൻഡിൽ പറഞ്ഞിരുന്നു. ടണ്ഠണിന്റെ വാദത്തോട് പ്രതികരിച്ച ഗിൽഡ് രാജ്യത്തെ ബാധിക്കുന്ന എല്ലാ രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളിലും ആ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയാൻ അധികാരികൾ ബാധ്യസ്ഥരാണെന്ന് കൂട്ടിച്ചേർത്തു. പശ്ചിമേഷിയിലെ യുദ്ധത്തിൽ ഉണ്ടായ ഊർജ പ്രതിസന്ധിയെ കുറിച്ച് പോലും പ്രധാനമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാത്തതിനെ ഗിൽഡ് വിമർശിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഏകപക്ഷീയമായ ആശയവിനിമയങ്ങൾ സ്വതന്ത്ര മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിന് പകരമാകില്ലെന്നും ഗിൽഡ് ചൂണ്ടിക്കാട്ടി.

Related