October 14 Wednesday 2026

ഡോ. ഖലീൽ അൽ ഹയ്യ: നയതന്ത്രജ്ഞനായ ഹമാസിൻറെ പുതിയ തലവൻ

ഹമാസിനെ ഇനി ഖലീൽ അൽ ഹയ്യ നയിക്കും. 2024 ഒക്ടോബറിൽ കൊല്ലപ്പെട്ട ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മുൻ മേധാവി യഹ്‌യ സിൻവാറിന്റെ പിൻഗാമിയായി ഖലീൽ അൽ-ഹയ്യയെ തിരഞ്ഞെടുത്തതായി ഫലസ്തീനിലെ ഇസ്ലാമിക പ്രതിരോധ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. ജനറൽ ശൂറ കൗൺസിൽ തലവൻ മുഹമ്മദ് ദർവീഷ് നേതൃത്വം നൽകിയ അഞ്ചംഗ നേതൃത്വ കൗൺസിലിന്റെ മേൽനോട്ടത്തിൽ, വിവിധ ഘട്ടങ്ങളിലായി നടന്ന ആഭ്യന്തര തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയാണ് ഖലീൽ ഹയ്യയെ ഹമാസിൻറെ രാഷ്ട്രീയ നിർവാഹകസമിതി തലവനായി (Political Bureau Chief) തിരഞ്ഞെടുത്തത്.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ കൊലപ്പെടുത്തിയ ഇസ്മായിൽ ഹനിയെയുടെ പിൻഗാമിയായി 2024 ആഗസ്റ്റിലാണ് യഹ്‌യ സിൻവാർ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മേധാവിയാകുന്നത്. അതേവർഷം ഒക്ടോബറിൽ തെക്കൻ ഗസ്സയിലെ റഫയിൽ വെച്ച് ഇസ്രായേൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ സിൻവാർ കൊല്ലപ്പെടുകയായിരുന്നു. തുടർന്ന്, മെയ് പകുതിയോടെ പുതിയ രാഷ്ട്രീയ ബ്യൂറോ തലവനെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുകയും വിവിധ റൗണ്ടുകൾക്ക് ശേഷം ഖലീൽ അൽ-ഹയ്യയെ പുതിയ മേധാവിയായി പ്രഖ്യാപിക്കുകയുമായിരുന്നു

ഖലീൽ അൽ ഹയ്യ : ജീവിതവും സ്വാധീനവും

1960 നവംബർ 5-ന് ഗസ്സയിലാണ് ഖലീൽ ഇസ്മായിൽ ഇബ്രാഹിം അൽ-ഹയ്യ ജനിച്ചത്. 1983-ൽ ഗസ്സയിലെ ഇസ്ലാമിക് സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ഫണ്ടമെന്റൽസിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, 1989-ൽ ജോർദാൻ സർവകലാശാലയിൽ നിന്ന് ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് 1997-ൽ സുഡാനിലെ ഹോളി ഖുർആൻ ആൻഡ് ഇസ്ലാമിക് സയൻസസ് സർവകലാശാലയിൽ നിന്ന് സുന്നത്ത്, ഹദീസ് നിദാന ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

2006-ൽ ഗസ്സ നഗരത്തെ പ്രതിനിധീകരിച്ച് അദ്ദേഹം ഫലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംഘടനയ്ക്കുള്ളിൽ നിരവധി സുപ്രധാന പദവികൾ വഹിച്ചു. ഷഹീദ് സാലിഹ് അൽ-അരൂരിയുടെ മരണശേഷം, 2024 ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയകാര്യ നിർവാഹക സമിതിയുടെ ഉപമേധാവിയായി പ്രവർത്തിച്ചു. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ചുകൊണ്ട് അൽ ഹയ്യ സംഘടനയിലെ പ്രമുഖ നേതാക്കളിലൊരാളായി വളർന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇസ്രായേൽ സൈന്യം അദ്ദേഹത്തെ മൂന്ന് വർഷത്തേക്ക് തടവിലിട്ടിരുന്നു. അൽ-ഹയ്യയ്‌ക്കെതിരെ നിരവധി ഇസ്രായേലി വധശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. 2007-ൽ അദ്ദേഹത്തിന്റെ കുടുംബവീട് ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗസ്സ യുദ്ധത്തിനിടെ, ഗസ്സ സിറ്റിയുടെ കിഴക്കുള്ള ഷുജൈയയിലെ മകൻ ഒസാമ അൽ-ഹയ്യയുടെ വീട് ഇസ്രായേൽ ബോംബിട്ട് തകർത്തു. ഈ ആക്രമണത്തിൽ ഒസാമയും ഭാര്യ ഹാല സഖർ അബു ഹെയ്നും മക്കളും കൊല്ലപ്പെട്ടു. ഏഴ് മക്കളുള്ള അൽ ഹയ്യയുടെ നാല് ആൺമക്കൾ വിവിധ ഘട്ടങ്ങളിലായി രക്തസാക്ഷികളായിട്ടുണ്ട്. 2025 സെപ്റ്റംബറിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് അൽ ഹയ്യയെ ലക്ഷ്യമിട്ട് ഇസ്രായേൽ വധശ്രമം നടത്തിയെങ്കിലും അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ഖത്തറിലെ അദ്ദേഹത്തിന്റെ ഓഫീസ് മേധാവി ജിഹാദ് ലബാദും ചില കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.

ഹമാസിന്റെ ആറാമത്തെ തലവനായാണ് ഇന്ന് ഏറെ സ്വാധീനമുള്ള ഖലീൽ അൽ ഹയ്യ നേതൃത്വം ഏറ്റെടുക്കുന്നത്. രണ്ട് വർഷത്തിലേറെയായി പ്രസ്ഥാനത്തിന്റെ ചർച്ചാ പ്രതിനിധി സംഘത്തെ മുന്നിൽ നിന്ന് നയിച്ച ശേഷമാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. ഫലസ്തീനിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുന്നണിപ്പോരാളിയുമായ ഖലീൽ അൽ-ഹയ്യ, തത്വാധിഷ്ഠിതവും അചഞ്ചലവുമായ നിലപാടുകൾ കാരണം എന്നും ഇസ്രായേലിന്റെ കണ്ണിലെ കരടാണ്. ഗസ്സയ്ക്കകത്തും പുറത്തുമുള്ള ഹമാസ് നേതൃത്വങ്ങൾക്കിടയിലെ സുപ്രധാന കണ്ണിയായ അദ്ദേഹം, ഉഭയകക്ഷി ചർച്ചകളിൽ നിർണായക തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാണ്. സംഘടനയുടെ സൈനിക, രാഷ്ട്രീയ ഘടനകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഖലീൽ അൽ-ഹയ്യയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നു.

വെല്ലുവിളികളുടെ പദവി

പുതിയ നേതൃത്വം ഏറ്റെടുക്കുമ്പോൾ സങ്കീർണ്ണമായ ഒട്ടേറെ വെല്ലുവിളികളാണ് ഖലീൽ അൽ-ഹയ്യയെ കാത്തിരിക്കുന്നത്. ഇസ്രായേലുമായുണ്ടായ രൂക്ഷമായ യുദ്ധത്തിൽ ഗസ്സയ്ക്കും പ്രസ്ഥാനത്തിനും സംഭവിച്ച വലിയ മാനുഷിക, ഭൗതിക നഷ്ടങ്ങളെ മറികടന്ന് അധിനിവേശത്തിനെതിരെയുള്ള പ്രതിരോധം തുടരുക എന്നത് തന്നെയാണ് ആദ്യത്തെ പ്രധാന വെല്ലുവിളി. വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുക, ഗസ്സയുടെ ഭാവി ഭരണനിർവ്വഹണ ക്രമീകരണങ്ങൾ സാധ്യമാക്കുക. ഹമാസിൻറെ മുൻ മേധാവികളായ ഹനിയയും സിൻവാറും കൊല്ലപ്പെട്ട സാഹചര്യത്തിൽ, സ്വന്തം ജീവനുനേരെയുള്ള ഇസ്രായേലിന്റെ കടുത്ത ഭീഷണിയെ അതിജീവിച്ച് കൊണ്ട് സംഘടനയെ നയിക്കുകയെന്ന സുപ്രധാനമായ കടമ്പ മറികടക്കണം. തകർന്ന ഗസ്സയുടെ പുനർനിർമ്മാണത്തിനും ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ പുനരധിവാസത്തിനും അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്തുക. ഗസ്സയ്ക്കകത്തുള്ള സൈനിക കമാൻഡർമാരും വിദേശത്തുള്ള രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ഏകോപനം ശക്തമായി നിലനിർത്തുക. ഖത്തർ, ഈജിപ്ത്, ഇറാൻ, തുർക്കി തുടങ്ങിയ പ്രാദേശിക ശക്തികളുമായുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക. സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഹമാസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നിർണായക ഘട്ടത്തിൽ തങ്ങളുടെ പ്രഥമവും പ്രധാനവുമായ മുൻഗണന ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണം തടയുന്നതിലും, അവരുടെ അനിഷേധ്യമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിലുമാണെന്ന് പത്രക്കുറിപ്പിൽ ഹമാസ് നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.

മുന്നിൽ കടമ്പകൾ ഏറെയുണ്ടെങ്കിലും, തന്റെ ദീർഘകാല രാഷ്ട്രീയ അനുഭവ സമ്പത്തും സ്വതസിദ്ധമായ നയതന്ത്ര കഴിവുകളും കൊണ്ട് ഫലസ്തീൻ രാഷ്ട്രത്തിനു വേണ്ടി പുതിയൊരു ഭാവി പടുത്തുയർത്താൻ കെൽപ്പുള്ള നേതാവാണ് ഖലീൽ അൽ ഹയ്യ. കടുത്ത യുദ്ധ സാഹചര്യങ്ങളിലും ചർച്ചകളുടെ മേശപ്പുറത്ത് തങ്ങളുടെ നിലപാടുകൾ ഉറപ്പിച്ചുപറയാൻ അദ്ദേഹത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. ഗസ്സയുടെ പുനർനിർമ്മാണത്തിലും, ചിതറിപ്പോയ ഫലസ്തീനി വിഭാഗങ്ങളെ ഒന്നിപ്പിച്ച് ആഭ്യന്തര ഐക്യം ശക്തമാക്കുന്നതിലും അദ്ദേഹത്തിൻറെ നേതൃത്വം നിർണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കാം. രക്തരൂഷിതമായ പോരാട്ടങ്ങൾക്കൊടുവിൽ, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കാനും സ്വതന്ത്ര ഫലസ്തീൻ എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാനും ഈ പുതിയ നേതൃത്വത്തിന് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.

Related