September 17 Thursday 2026

അടിയന്തരാവസ്ഥ പ്രഖ്യാപനവും സാമ്പത്തിക താൽപര്യങ്ങളും

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടപ്പിലാക്കപ്പെട്ട അടിയന്തിരാവസ്ഥയെ സംബന്ധിച്ച ചർച്ചകൾ എല്ലായ്‌പ്പോഴും ചെന്നവസാനിക്കുന്നത് ഇന്ദിരാഗാന്ധി അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളുടെ അധികാര പ്രമത്തതയെ സംബന്ധിച്ചുള്ള വാദവിവാദങ്ങളിലേക്കാണ്. പലപ്പോഴും ഈയൊരു നീക്കത്തിന് പിന്നിലെ സാമ്പത്തിക കാരണങ്ങളെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകൾ നടന്നുകാണാറില്ല. ഇന്ദിരാ ഗാന്ധിയുടെ അധികാരമോഹവും സ്വേഛാധിപത്യ പ്രവണതകളും ആണ് അടിയന്തിരാവസ്ഥയിലേക്ക് നയിച്ചത് എന്നുള്ള നിഗമനങ്ങളാണ് പരക്കെ പ്രചാരത്തിലുള്ളത്. വാസ്തവത്തിൽ, 1970കളുടെ ആരംഭത്തിൽ ഉടലെടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് അനുരൂപമായ വിധത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുതുക്കിപ്പണിയുന്ന ഉത്തരവാദിത്വം നിർവ്വഹിക്കുക എന്നതായിരുന്നു ഇന്ദിരഗാന്ധിക്ക് ചെയ്യാനുണ്ടായിരുന്നത്. അലഹബാദ് ഹൈക്കോടതി വിധിയും അഴിമതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളും അതിന്റെ പിന്നിലെ ചെറിയ കാരണങ്ങൾ മാത്രമായിരുന്നു. തീർച്ചയായും ഇന്ദിരാഗാന്ധി എന്ന നേതാവിന്റെ വ്യക്തിത്വവും അതിൽ ഒരു പങ്കുവഹിച്ചിരിക്കാം.

സോവിയറ്റ് മാതൃകകളോട് അടുപ്പം കാണിച്ചിരുന്ന നെഹ്രുവിന്റെ ശൈലിയിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് നാളിതുവരെയുള്ള സാമ്പത്തിക നയങ്ങളുടെ പൊളിച്ചെഴുത്തു കൂടിയായിരുന്നു ഇന്ദിരയ്ക്ക് നിർവ്വഹിക്കാനുണ്ടായിരുന്നത്. ഇന്ത്യൻ കുത്തകകൾ ഇന്ത്യൻ സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ നിർണ്ണായക സ്വാധീനമാകുന്നതും അടിയന്തിരാവസ്ഥാ കാലത്തിന് ശേഷമാണ്. ഇന്ത്യയുടെ സാമ്പത്തിക നയരൂപീകരണത്തിൽ IMF പോലുള്ള ഏജൻസികൾ ഇടപെടുന്നതും ഇക്കാലത്തുതന്നെയായിരുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

1970-കൾ ആഗോള സാമ്പത്തിക നയത്തിൽ മാതൃകാ മാറ്റത്തിന് (paradigm shift) വിധേയമായിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു. യുദ്ധാനന്തര കെയ്നീഷ്യൻ സമവായത്തിൽ നിന്ന് (പൂർണ്ണ തൊഴിൽ, സർക്കാർ ഇടപെടൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുക എന്ന സമവായം) വിപണിയെ നയിക്കുന്ന നവലിബറലിസത്തിലേക്ക് ആഗോള സാമ്പത്തിക ക്രമത്തെ പുതുക്കിപ്പണിയുക എന്നതായിരുന്നു ഇതിന്റെ കാതൽ. ഉയർന്ന പണപ്പെരുപ്പത്തോത് നിലനിന്നിരുന്ന ഈ ദശകം വിവിധ രാജ്യങ്ങളിലെ സർക്കാരുകളെ അവരുടെ മാക്രോ ഇക്കണോമിക് നയരൂപീകരണങ്ങളിൽ വൻതോതിലുള്ള പൊളിച്ചെഴുത്തുകൾ നടത്താൻ നിർബന്ധിതമാക്കി. ബ്രെട്ടൺവുഡ് സ്ഥാപനങ്ങളുടെ തകർച്ച, 1973ലെ എണ്ണ പ്രതിസന്ധി തുടങ്ങി വേറെയും ചില ഘടകങ്ങൾ ഇതോടൊപ്പം പ്രവർത്തിക്കുകയുണ്ടായി.

ആഗോള സാമ്പത്തിക മേഖല സമാനമായ രീതിയിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത്, ഇന്ദിര ഗാന്ധിയേക്കാൾ സ്വേച്ഛാധിപത്യ സ്വഭാവം വ്യക്തിപരമായും പ്രത്യയശാസ്ത്രപരമായും സൂക്ഷിക്കുന്ന ഒരു പ്രസ്ഥാനവും വ്യക്തിയും അധികാരത്തിലിരിക്കുമ്പോൾ മറ്റൊരു അടിയന്തിരാവസ്ഥയ്ക്കുള്ള സാധ്യതകൾ തള്ളിക്കളയാവുന്നതല്ല. (നിശ്ശബ്ദ അടിയന്തിരാവസ്ഥ നിലനിൽക്കുന്നത് കാണാതെയല്ല) ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് നേരെയുള്ള നിന്ദ്യമായ രീതിയിലുള്ള അക്രമണങ്ങൾ, മാധ്യമങ്ങളെ നിയന്ത്രിക്കുവാനുള്ള നീക്കങ്ങൾ, ഭക്ഷണം, വിശ്വാസം എന്നിവ തൊട്ട് മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും കൈകടത്താനുള്ള താൽപര്യം എന്നിവ പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്ന ഒരു സർക്കാരാണ് ഇപ്പോഴുള്ളത്.

ഇന്ത്യൻ സാമ്പത്തിക മേഖല വളരെ ഋജുവായ ഒരു രേഖയിലൂടെയാണ് ഇന്ന് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മോദി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങൾ പല രീതിയിലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇന്ത്യൻ ബാങ്കുകളുടെ നിലനിൽപുതന്നെ അപകടത്തിലാക്കിക്കൊണ്ട് കോർപ്പറേറ്റ് കടങ്ങൾ പെരുകിക്കൊണ്ടിരിക്കുകയും കാർഷിക മേഖലയിലെ പ്രതിസന്ധികൾ വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. മോദി അധികാരത്തിൽ വന്നതിനുശേഷമുള്ള നാളുകളിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുതയും നാം മനസിലാക്കേണ്ടതുണ്ട്. ഇന്ത്യൻ കോർപ്പറേറ്റുകളെ സംരക്ഷിച്ചു നിർത്തുന്നതിന് കൂടുതൽ ശക്തമായ സാമ്പത്തിക നടപടികൾ വരാനിരിക്കുന്നതേയുള്ളൂ.

പുതുതായി ഉയർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ രാജ്യത്ത് അടിയന്തിരാവസ്ഥ ഏർപ്പെടുത്താൻ മോദി സർക്കാരിന് ഒട്ടും വൈമനസ്യമുണ്ടായിരിക്കില്ല. മത-വർഗ്ഗീയ കാർഡുകൾ ഇറക്കിയും ദേശീയതയെക്കുറിച്ചുള്ള വൈകാരികതകൾ കുത്തിനിറച്ചും അടിയന്തിരാവസ്ഥയ്ക്കുള്ള രാഷ്ട്രീയ പരിസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാർ.
സൂചിപ്പിക്കാനാഗ്രഹിക്കുന്നത് ഇത്രമാത്രം, സംഘപരിവാർ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന മത-വർഗ്ഗീയ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുമ്പോഴും, അതിന്റെ രാഷ്ട്രീയ നിലനിൽപ്പിന് കാരണമായിരിക്കുന്ന സാമ്പത്തിക-സാമൂഹിക കാരണങ്ങളെക്കൂടി വ്യക്തമായ രീതിയിൽ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

Related