സമാധാന കരാറിനു ശേഷവും സംഘർഷമൊഴിയാതെ നിലനിൽക്കുകയാണ് പശ്ചിമേഷ്യൻ മേഖല.
ഖത്തറിൽ നടക്കുന്ന ചർച്ച ഇറാന്റെ അപേക്ഷ പ്രകാരമാണ് എന്ന ട്രംപിന്റെ വാദം തള്ളിയിരിക്കുകയാണ് ഇറാൻ. ഇസ്മായിൽ ബാഗി എന്ന ഇറാന്റെ വിദേശകാര്യ വക്താവാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അമേരിക്കയുമായി ഒപ്പിട്ട ധാരണാ പത്രം നടപ്പിലാക്കുന്നതിലാണ് നിലവിൽ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോഹയിൽ നടക്കുന്ന ചർച്ചകളിലേക്ക് പ്രതിനിധി സംഘത്തെ അയച്ചത് ഇറാന്റെ മരവിപ്പിച്ച സ്വത്ത് കിട്ടുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ആരംഭിക്കുവാൻ ആണെന്നും ഇസ്മായിൽ ബാഗി പറഞ്ഞു. സുരക്ഷാ സഹകരണ കരാർ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിനായി ഒപ്പിടാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.
എന്നാൽ മേഖലയിലെ സമാധാന സ്ഥിതി തിരികെ എത്തിയിട്ടില്ല. ഇസ്രായേൽ ലബനാനുനേരെയും ഗസ്സക്കുനേരെയും ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ മധ്യസ്ഥയിൽ രൂപപ്പെട്ട ഇസ്രായേൽ ലബനാൻ കരാർ ഇസ്രായേൽ താൽപര്യം മാത്രം സംരക്ഷിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഹിസ്ബുള്ള തള്ളിക്കളഞ്ഞിരുന്നു. ലബനാനു നേരെ ഇസ്രായേൽ ഇനിയും ആക്രമണം അഴിച്ചുവിട്ടാൽ സൈനികപരമായി ഇടപെടുമെന്ന് ഇറാനിന്റെ റവല്യൂഷനറി ഗാർഡ് മുന്നറിയിപ്പു നൽകി.
