September 16 Wednesday 2026

September 16 Wednesday 2026

നേപ്പാളിലെ സാമുദായിക സംഘര്‍ഷം: ഹിന്ദുത്വ ചക്രവാളം വികസിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയോ?

ഇന്ത്യയുടെ അതിർത്തി രാജ്യമായ നേപ്പാളിൽനിന്ന് അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. തലമുറകളായി നിലനിന്നിരുന്ന സാമുദായിക സൗഹാർധത്തിനും സഹവർത്തിത്തത്തിനും വിള്ളലുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേപ്പാളിൻറെ വിവിധ ജില്ലകളിൽ വർഗീയ സംഘർഷങ്ങൾ ഉടലെടുത്തിരിക്കുന്നു. കഴിഞ്ഞ ജൂലൈ 26 ന് കോശി പ്രവിശ്യയിലെ സുൻസരി ജില്ലയിലെ ആഘോഷവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം.

ശ്രാവണ മാസത്തിലെ വാർഷിക ബോൽ ബാം തീർഥാടനത്തിൻറെ ഭാഗമായി ഒരു കൂട്ടം ഹൈന്ദവ ഭക്തർ കോശി ബാരേജിലേക്ക് പുണ്യ ജലവുമായി ഘോഷയാത്രയായി പോവുകയായിരുന്നു. കാവിക്കൊടികളും ഉച്ചഭാഷിണിയിൽ പാട്ടുകളുമായി ഘോഷയാത്ര നീങ്ങുമ്പോൾ പ്രാദേശിക മുസ്‍ലിം സമൂഹത്തിലെ ചിലർ ഉച്ചത്തിലുള്ള സംഗീതത്തിലും മത പതാകകൾ സ്ഥാപിച്ചതിലും അസ്വസ്ഥത പ്രകടിപ്പിച്ചു. ഇത് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കലാശിച്ചു.

ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിൽ മതപരമായ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രാദേശിക തർക്കം വേഗത്തിൽ അക്രമാസക്തമാവുകയായിരുന്നു. കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും അക്രമത്തിന് അറുതിയായില്ല. സംഘർഷത്തിന് അറുതിവരുത്തുന്നതിൽ സർക്കാരിന്റെ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ പാർട്ടികളും സാംസ്കാരിക കൂട്ടായ്മകളും രാഷ്ട്രീയ നിരീക്ഷകരും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരു വിഭാഗം നേതാക്കളുമായും നേപ്പാൾ ഭരണകൂടം സമാധാന ചർച്ച നടത്തുന്നുണ്ടെങ്കിലും സംഘർഷങ്ങൾക്ക് കാര്യമായ അയവ് വന്നിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കലാപത്തിന് വളരെ മുൻപ് തന്നെ മധേഷിലെ സമുദായിക സംഘർഷങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും നേപ്പാൾ സുരക്ഷാ ഏജൻസികൾ നേരത്തെ തന്നെ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ചെറിയ പ്രാദേശിക തർക്കങ്ങൾ വലിയൊരു കലാപത്തിലേക്ക് നീങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്.

വ്യാജവാർത്തകളും കിംവദന്തികളും ആളിക്കത്തിച്ച് നേപ്പാളിനെ ഓരു സംഘർഷഭൂമിയാക്കാനുള്ള ശ്രമങ്ങൾ കുറച്ചുനളായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. നേപ്പാളിന്റെ ഭൂരിഭാഗവും ദക്ഷിണേഷ്യയുടെ പല ഭാഗങ്ങളെ അപേക്ഷിച്ച് സംഘടിത ഹിന്ദു-മുസ്‍ലിം അക്രമങ്ങൾ താരതമ്യേന കുറവാണ്. മതപരമായ ഘോഷയാത്രകൾ, ആരാധനാലയങ്ങൾ, പ്രാദേശിക പരാതികൾ എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇടയ്ക്കിടെ ഏറ്റുമുട്ടലുകളായി മാറിയിട്ടുണ്ടെങ്കിലും, അവ നിയന്ത്രണാതീതമായിരുന്നു.

സമീപകാലത്തായി വർഗീയ സംഭവങ്ങൾ വ്യാപകമായി വർധിച്ചിട്ടുണ്ടെന്ന് കാഠ്മണ്ഡു ആസ്ഥാനമായുള്ള സെന്റർ ഫോർ സോഷ്യൽ ചേഞ്ച് നടത്തിയ പഠനം പറയുന്നു. 2008-ൽ രാജവാഴ്ച നിർത്തലാക്കപ്പെട്ടതിനുശേഷം, ലോകത്തിലെ ഏക ഔദ്യോഗിക ഹിന്ദു രാജ്യമെന്ന പദവി നേപ്പാൾ അവസാനിപ്പിക്കുകയും മതേതരത്വം സ്വീകരിക്കുകയും ചെയ്തു. എന്നാൽ, രാജവാഴ്ചയെ അനുകൂലിക്കുന്ന സംഘടനകളും നേപ്പാളിനെ വീണ്ടും ഒരു ഹിന്ദു രാഷ്ട്രമാക്കാൻ പ്രക്ഷോഭം നടത്തുന്ന ഗ്രൂപ്പുകളും ഈ മാറ്റത്തെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല.

നേപ്പാളിൻറെ തെക്കൻ സമതല പ്രദേശങ്ങളിൽ സംഘ്പരിവാർ ബന്ധമുള്ള സംഘടനകളുടെ പ്രകടമായ സാന്നിധ്യത്തെക്കുറിച്ച് ഗവേഷകരും നേപ്പാളി മാധ്യമങ്ങളും വിരൽ ചൂണ്ടുന്നുണ്ട്. ആർഎസ്എസിൻറെ അന്താരാഷ്ട്ര അനുബന്ധ സംഘടനയായ ഹിന്ദു സ്വയംസേവക സംഘം 90കൾ മുതൽ നേപ്പാളിൽ പ്രവർത്തിക്കുന്നുണ്ടെന്നും മധേഷിൻറെ ചില ഭാഗങ്ങളിൽ അതിൻറെ പ്രവർത്തനങ്ങൾ പ്രകടമാണെന്നും നേപ്പാളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കലാം വാരിക റിപ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു..

മുസ്‍ലിംകളോട് ‘പാകിസ്താനിലേക്ക് പോകൂ’ എന്ന് മുദ്രാവാക്യം മുഴക്കിയതായും അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്കിടെ മുസ്‍ലിംകളെക്കൊണ്ട് ബലമായി ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റിന്റെ 2024 ലെ റിപ്പോർട്ടിൽ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകൾ നേപ്പാളിലെ തെരായ് ജില്ലകളിൽ തങ്ങളുടെ സാന്നിധ്യം വ്യാപിച്ചതായും പറയുന്നുണ്ട്.

ബിജെപിയുമായി ബന്ധപ്പെട്ട വലതുപക്ഷ മതവിഭാഗങ്ങൾ ഹിന്ദു രാഷ്ട്രം പുനഃസ്ഥാപിക്കണമെന്ന് വാദിക്കുന്ന നേപ്പാളി രാഷ്ട്രീയക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് സിവിൽ സൊസൈറ്റി നേതാക്കൾ അവകാശപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2023-ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

വംശീയതയുടെയും അപരവിദ്വേഷത്തിൻറെയും ഇന്ധനംകൊണ്ട് അധികാരം സ്ഥാപിക്കാനും ഹിന്ദുത്വ ചക്രവാളം വികസിപ്പിക്കാനുമുള്ള ഫാഷിസ്റ്റ് നീക്കങ്ങൾ‌ക്കെതിരെ ലോകം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related