August 9 Sunday 2026

പാറ്റക്കലാപം: സിസ്റ്റത്തെ മുട്ടുകുത്തിച്ച നവയുഗ അതിജീവന വിപ്ലവം

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെയോ ട്രേഡ് യൂണിയനുകളുടെയോ ലേബലുകളില്ലാതെ രൂപപ്പെടുകയും വിജയം കാണുകയും ചെയ്ത ‘ക്രോക്രോച്ച് ജനതാ പാർട്ടി’യുടെ 35 ദിവസം നീണ്ട സമരം രാജ്യത്തിന് നൽകുന്നത് പുതിയൊരു പ്രതീക്ഷയും മുന്നറിയിപ്പുമാണ്. സാമ്പത്തിക പിൻബലമോ വൻകിട സംഘടനാ സംവിധാനങ്ങളോ ഇല്ലാതെ, സോഷ്യൽ മീഡിയ കൂട്ടായ്മയുടെ കരുത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ ഈ പ്രതിരോധം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരമ്പരാഗത ശൈലികളെ പാടെ പൊളിച്ചെഴുതിയിരിക്കുന്നു.

സമൂഹത്തിലെ വിഡ്ഢിത്തങ്ങൾക്കും നീതികേടുകൾക്കും നേരെ തിരിച്ചുപിടിച്ച ഒരു ‘സറ്റയർ എങ്ങനെ രാജ്യത്തെ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന വിപ്ലവമായി മാറും എന്നതിന്റെ ചരിത്രപരമായ ഉദാഹരണമായിരിക്കുകയാണ് ക്രോക്രോച്ച് ജനതാ പാർട്ടി’ (CJP)സമരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച വാർത്ത പുറത്തുവരുമ്പോൾ, അത് കേവലം ഒരു മന്ത്രിയുടെ രാജിയല്ല; മറിച്ച് അടിച്ചമർത്തപ്പെട്ട യുവത തങ്ങളുടെ അതിജീവന തന്ത്രം കൊണ്ട് രാജ്യത്തെ ഏറ്റവും ശക്തമായ ഭരണസംവിധാനത്തെപ്പോലും മുട്ടുകുത്തിച്ചതിന്റെ തെളിവാണ്. ന്യായാധിപന്റെ ഭാഗത്തുനിന്നും “പാറ്റകൾ” എന്ന തരത്തിലുള്ള അധിക്ഷേപ വാക്കുയർന്നപ്പോൾ, അതിൽ തളർന്നുപോകാതെ അതേ പേര് തന്നെ തങ്ങളുടെ പോരാട്ട ചിഹ്നമാക്കി മാറ്റി ഇവിടത്തെ യുവത. തങ്ങൾ സൃഷ്ടിച്ച ഈ ‘പാറ്റകൾ’ തങ്ങളുടെ നിയന്ത്രണവും കടന്ന് സ്വയം അതിജീവിച്ച് വളരുകയാണെന്ന് മനസ്സിലാക്കിയപ്പോഴാണ്, “ഞാൻ ഉദ്ദേശിച്ചത് വ്യാജ അഭിഭാഷകരെയാണ്, യുവാക്കളെയല്ല” എന്ന വിശദീകരണവുമായി ആ ജഡ്ജിക്കും വ്യവസ്ഥിതിക്കും ഒടുവിൽ നിലപാട് മാറ്റേണ്ടി വന്നത്!

ഐ.ടി ആക്ടും പ്രൊട്ടക്റ്റീവ് വാളുകളും ഉപയോഗിച്ച് അക്കൗണ്ടുകൾ പൂട്ടിച്ചിട്ടും പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ആക്രമിച്ചു സമരം തകർക്കാൻ സർക്കാർ ശ്രമിച്ചപ്പോഴും യുവാക്കൾ സോഷ്യൽ മീഡിയയിലും തെരുവുകളിലും പടർന്നു പന്തലിച്ചു. സാമ്പത്തിക ശക്തിയോ കോടികളുടെ ഫണ്ടോ ഇല്ലാതെ, കേവലം ട്രോളുകളിലൂടെയും സറ്റയറുകളിലൂടെയും ഈ ഡിജിറ്റൽ ജനത മുന്നേറി. കർഷക സമരത്തിന്റെ സമയത്ത് മാസങ്ങളോളം കാത്തിരുന്ന കേന്ദ്രസർക്കാർ, ഈ സമരത്തിന് മുന്നിൽ വളരെ പെട്ടെന്ന് വഴങ്ങിയതിന് പിന്നിൽ കൃത്യമായ ഇലക്ടറൽ കണക്കുകൂട്ടലുകളുണ്ട്.

അജയ്യതയെന്ന പൊതുബോധത്തിന്റെ തകർച്ച
“ശക്തമായ ഭൂരിപക്ഷമുള്ള ഒരു ഭരണകൂടത്തെ തിരുത്താൻ മറ്റാർക്കും കഴിയില്ല” എന്ന പൊതുബോധത്തെയാണ് ഈ സമരവിജയം ബ്രേക്ക് ചെയ്തത്. സമരത്തെ അവഗണിക്കാനും നീട്ടിക്കൊണ്ടുപോകാനും ശ്രമിച്ച കേന്ദ്ര ഗവൺമെന്റിന്, ജനരോഷത്തിന്റെ വേലിയേറ്റത്തിന് മുന്നിൽ ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും അടിയറവ് പറയേണ്ടി വന്നു. കേവലം പാർട്ടി രാഷ്ട്രീയത്തിനപ്പുറം നീതിക്ക് വേണ്ടിയുള്ള ജനങ്ങളുടെ ജൈവപരമായ കൂടിച്ചേരലുകൾക്ക് ഭരണകൂടങ്ങളെ സമ്മർദ്ദത്തിലാക്കാൻ കഴിയുമെന്ന് ഇത് തെളിയിച്ചു.

യുവത്വത്തിന്റെ സാമൂഹിക പ്രതിബദ്ധത
ഇന്നത്തെ വിദ്യാർത്ഥി-യുവജന വിഭാഗങ്ങൾ കേവലം തൊഴിൽ നേടി സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ മാത്രം ശ്രമിക്കുന്ന സ്വാർത്ഥരാണെന്ന ധാരണകളെ ഈ സമരം പൂർണ്ണമായും തിരുത്തി. കരിയറും ഭാവിയും അപകടത്തിലാകുമെന്ന ഭയമില്ലാതെ, രാജ്യതാൽപ്പര്യത്തിനും പൊതുനീതിക്കും വേണ്ടി 35 ദിവസത്തോളം തെരുവിൽ ഉറച്ചുനിൽക്കാൻ അവർ കാണിച്ച ദൃഢനിശ്ചയം, വളർന്നുവരുന്ന പുതിയ തലമുറയുടെ ഉയർന്ന രാഷ്ട്രീയ ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഡിജിറ്റൽ ജനാധിപത്യവും നെറ്റ്‌വർക്ക് മാതൃകയും

സോഷ്യൽ മീഡിയ കേവലം വിനോദോപാധി മാത്രമല്ല, ഭരണകൂടങ്ങളെ വിറപ്പിക്കുന്ന രാഷ്ട്രീയ ആയുധമാണെന്ന് ഈ മുന്നേറ്റം തെളിയിച്ചു. വൻകിട ഫണ്ടുകളോ സ്പോൺസർമാരോ ഇല്ലാതെ സാധാരണക്കാരുടെ ചെറിയ പിന്തുണകളിലൂടെ സമരം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു. കേന്ദ്രീകൃതമായ ഒരു നേതാവില്ലാത്ത ‘ലീഡർലെസ് നെറ്റ്‌വർക്ക്’ ആയതിനാൽ തന്നെ സമരത്തെ അടിച്ചമർത്താനോ നേതാക്കളെ ഭയപ്പെടുത്തി ഒത്തുതീർപ്പാക്കാനോ ഭരണകൂടത്തിന് സാധിച്ചതുമില്ല.

പ്രതിപക്ഷത്തിന്റെ പക്വതയുള്ള ഇടപെടൽ
ഈ ജനകീയ സമരത്തിന്റെ വിജയത്തിൽ പ്രതിപക്ഷം വഹിച്ച പങ്കും ശ്രദ്ധേയമാണ്. വിഷയം പാർലമെന്റിൽ ഉന്നയിച്ചതും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധവും, ബാധിതരായ കുട്ടികൾക്കൊപ്പമുള്ള ഇടപെടലുകളും സമരത്തിന് വലിയ പ്രചാരവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയും നേടിക്കൊടുത്തു. എന്നാൽ സമരം വിജയിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിൽ എഴുതിച്ചേർക്കാൻ ധൃതി കാണിക്കാതെ, സമരത്തിന്റെ ‘ജൈവ സ്വഭാവം’ നിലനിർത്താൻ പ്രതിപക്ഷം കാണിച്ച പക്വത വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ അവർക്ക് വലിയ ജനപ്രീതി നൽകാൻ സാധ്യതയുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ നിഴലുകൾ
വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ സമരം ഉണ്ടാക്കിയ തരംഗം വലിയ സ്വാധീനം ചെലുത്തും. ഭരണകക്ഷിയുടെ അജയ്യത ചോദ്യം ചെയ്യപ്പെട്ടത് പ്രതിപക്ഷത്തിന് ആത്മവിശ്വാസം നൽകുമ്പോൾ, പരമ്പരാഗത വോട്ട് ബാങ്കുകൾക്കപ്പുറം ചിന്തിക്കുന്ന വലിയൊരു യുവ വോട്ടർമാരെ തങ്ങളിലേക്ക് ആകർഷിക്കാൻ ഈ ജനകീയ വിഷയം സഹായിക്കും.

ഇന്ത്യൻ ജനാധിപത്യം കൂടുതൽ ജാഗരൂകവും പങ്കാളിത്തമുള്ളതുമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും, യുവജനങ്ങളുടെ പങ്കാളിത്തമുള്ളതുമായ മുന്നേറ്റങ്ങൾക്ക് മുന്നിൽ ഏതൊരു ഭരണകൂടത്തിനും തലകുനിക്കേണ്ടി വരും എന്ന വലിയ പാഠമാണ് ഈ സമരം മുന്നോട്ടുവെക്കുന്നത്.

……………………..

ജൂലൈ 25, ചരിത്രം ആവർത്തിക്കപ്പെടുകയല്ല, അടിച്ചമർത്തപ്പെട്ടവർ അതിനെ മാറ്റിയെഴുതുന്നതാണ്. ചരിത്രത്തിന്റെ താളുകളിൽ ചില തീയതികൾ അങ്ങനെയാണ്; അധികാരത്തിന്റെ അഹങ്കാരങ്ങൾക്ക് മുകളിൽ ജനങ്ങളുടെ അതിജീവന ശക്തി അടയാളപ്പെടുത്തുന്ന ദിനങ്ങൾ!
1943 ജൂലൈ 25
ജനരോഷത്തിനും അതിജീവന പോരാട്ടങ്ങൾക്കും മുന്നിൽ ഇറ്റലിയിലെ ഫാസിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസ്സോളിനി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ദിനം
2026 ജൂലൈ 25
തൊഴിലില്ലായ്മയ്ക്കും നീതികേടുകൾക്കുമെതിരെ തെരുവിൽ പടർന്ന ‘പാറ്റകളുടെ’ (ക്രോക്രോച്ച് ജനതാ പാർട്ടി – CJP ജനകീയ വിപ്ലവത്തിന് മുന്നിൽ മുട്ടുകുത്തി ഇന്ത്യൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച ദിനം.

അധിക്ഷേപങ്ങളിൽ നിന്ന് തുടങ്ങിയ അതിജീവന വിപ്ലവം
“സമൂഹത്തിലെ പാറ്റകൾ” എന്ന് വിളിച്ച് നിസ്സാരവത്കരിക്കാൻ നോക്കിയവർക്ക് മുന്നിൽ, അതേ ‘പാറ്റ’ എന്ന വാക്ക് തങ്ങളുടെ പോരാട്ട ചിഹ്നമാക്കി മാറ്റി ഈ രാജ്യത്തെ യുവതലമുറ. ന്യായാധിപന്മാർ മുതൽ ഭരണകൂടം വരെ തിരുത്തലുകൾ നടത്താൻ നിർബന്ധിതരായി. പ്രതിഷേധക്കാർക്കെതിരായ എല്ലാ FIR കളും റദ്ദാക്കും, ഭാവിയിൽ നിയമനടപടി ഉണ്ടാകില്ല എന്ന ഉറപ്പോടെ ക്രോക്രോച്ച് പാർട്ടിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്ര സർക്കാരിന് സമരം അവസാനിപ്പിക്കേണ്ടി വന്നു!

ഡൈനോസറുകൾ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടപ്പോഴും അതിജീവിച്ച ജീവിവർഗ്ഗമാണ് പാറ്റകൾ! അടിച്ചമർത്താനും ഭയപ്പെടുത്താനും നോക്കുന്ന ഏത് ആധിപത്യ ശക്തികൾക്ക് മുന്നിലും, ഇന്ത്യയിലെ ജനങ്ങൾ ഇനി ഈ ‘ക്രോക്രോച്ച്’ അതിജീവന ശേഷിയോടെ പോരാടും. ഈ സമരം ഇവിടെ അവസാനിക്കുകയായിരിക്കാം, എന്നാൽ, അത് ഭാവിയിലേക്ക് പകർന്നു നൽകിയ പോരാട്ടവീര്യം ഇന്ത്യയിൽ ഇനി ഉണ്ടാകാനിരിക്കുന്ന ഓരോ ജനകീയ മുന്നേറ്റങ്ങൾക്കും ഇന്ധനമാകും

ഈ വിജയം കേവലം ചില ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടിയതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; മറിച്ച്, ജനാധിപത്യ ഇന്ത്യയിൽ ജനങ്ങളുടെ ശബ്ദത്തിന് ഇപ്പോഴും ശക്തിയുണ്ടെന്ന് ഉറപ്പിച്ചുപറയുന്ന വലിയൊരു പാഠമാണ്.

ഇന്ത്യക്കാർക്ക് ഈ സമരം നൽകിയ പുതിയ പ്രതീക്ഷകളും ഊർജ്ജവും
അടിച്ചമർത്തലുകൾ ശാശ്വതമല്ല: ഭരണകൂടം എത്ര ശക്തമായിരുന്നാലും, വിയോജിക്കുന്നവരുടെ ശബ്ദങ്ങളെ എന്നേക്കുമായി അടിച്ചമർത്താൻ കഴിയില്ലെന്ന് ഈ സമരം തെളിയിച്ചു. കേസുകളും FIR-കളും കാണിച്ച് ഭയപ്പെടുത്താൻ നോക്കിയവർക്ക് ഒടുവിൽ അവയെല്ലാം റദ്ദാക്കേണ്ടി വന്നു.

നവയുഗ സമര മാതൃക: വലിയ നേതാക്കളോ പണമോ ഇല്ലാതെ, ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും അതിരുകളില്ലാത്ത ശക്തിയും സറ്റയറും ആയുധമാക്കി ജനങ്ങൾക്ക് സംഘടിക്കാമെന്ന് യുവത കാണിച്ചുതന്നു. ഭാവിയിൽ ഏതൊരു ജനകീയ പ്രസ്ഥാനത്തിനും മാതൃകയാക്കാവുന്ന ഒരു പുതിയ ‘ടെംപ്ലേറ്റ്’ ആണിത്.

സാധാരണക്കാരന്റെ രാഷ്ട്രീയ ബോധം:
അധിക്ഷേപങ്ങളെയും പരിഹാസങ്ങളെയും എങ്ങനെ പ്രതിരോധ ചിഹ്നങ്ങളാക്കി മാറ്റാമെന്ന് ഈ ‘പാറ്റാ സമരം’ പഠിപ്പിച്ചു. ചവിട്ടിമെതിക്കപ്പെടാൻ വിട്ടുകൊടുക്കാതെ ഏത് പ്രതികൂല സാഹചര്യത്തിലും അതിജീവിക്കാനുള്ള ശേഷി ഇന്ത്യൻ ജനതയ്ക്കുണ്ടെന്ന ആത്മവിശ്വാസം ഇത് നൽകുന്നു.

ജനാധിപത്യത്തിലെ യഥാർത്ഥ ‘മാസ്റ്റർ’
ഭരണാധികാരികളല്ല, മറിച്ച് ജനങ്ങളാണ് ജനാധിപത്യത്തിലെ യഥാർത്ഥ ശക്തി എന്ന് സിസ്റ്റത്തെ വീണ്ടും ഓർമ്മിപ്പിക്കാൻ ഈ സമരത്തിന് സാധിച്ചു. ക്രോക്രോച്ച് പാർട്ടി’യുടെ ഈ സമരം ഇവിടെ അവസാനിക്കുകയായിരിക്കാം, എന്നാൽ അത് വരാനിരിക്കുന്ന തലമുറകൾക്ക് പകർന്നു നൽകിയ അതിജീവനത്തിന്റെ വെളിച്ചവും ആത്മവിശ്വാസവും ഇനി ഉണ്ടാകാനിരിക്കുന്ന ഓരോ ജനകീയ പോരാട്ടങ്ങളിലും എരിയുന്ന കനലായി തുടരുക തന്നെ ചെയ്യും.

 

 

 

Related