August 11 Tuesday 2026

സിജെപി പ്രക്ഷോഭം: ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം പുനർജനിക്കുമ്പോൾ

സമകാലിക ഇന്ത്യൻ രാഷ്ട്രീയം സമാനതകളില്ലാത്ത ഒരു യുവജന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡൽഹിയിൽ സിജെപി (കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ രൂപീകരിക്കപ്പെട്ട മോക്ക് രാഷ്ട്രീയ പാർട്ടി) നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾ കേവലമൊരു പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പ്രതിഷേധം എന്നതിലുപരി, കഴിഞ്ഞ ഒരു ദശാബ്ദമായി രാജ്യത്ത് ഉരുണ്ടുകൂടിയ അസംതൃപ്തികളുടെയും ജനാധിപത്യ ധ്വംസനങ്ങളുടെയും പൊട്ടിത്തെറിയായി വിലയിരുത്താം. നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സൃഷ്ടിച്ച കരിയർ പ്രതിസന്ധിയിൽ നിന്ന് ഉടലെടുത്ത ഈ സമരം, 2014 മുതൽ രാജ്യത്ത് രൂപപ്പെട്ട ഭരണകൂട നയങ്ങൾക്കും ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള വിശാലമായ ഒരു സിവിൽ മൂവ്‌മെന്റായി മാറുന്ന കാഴ്ചയാണ് ഡൽഹിയിലെ തെരുവുകൾ നൽകുന്നത്.

2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാരിന്‍റെ നയങ്ങൾ രാജ്യത്ത് വലിയ തോതിലുള്ള സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിവെച്ചു. നോട്ടുനിരോധനം പോലെയുള്ള തീരുമാനങ്ങൾ സാമ്പത്തിക രംഗത്ത് വലിയ അസ്ഥിരത സൃഷ്ടിച്ചു എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചെറുകിട വ്യവസായങ്ങൾ തകരുകയും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു. നിരവധി സ്വകാര്യ ചെറുകിട സംരഭങ്ങൾ അടച്ചു പൂട്ടി. ലക്ഷക്കണക്കിന് പേർ തൊഴിൽ രഹിതരായി ഇന്ത്യയിൽ മികച്ചൊരു കരിയർ സ്വപ്നം കണ്ടിരുന്ന യുവജനങ്ങൾക്ക് തങ്ങളുടെ പ്രതീക്ഷകൾ നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടായത്.

ഈ സാമ്പത്തിക പരാജയങ്ങളെയും ഭരണപരമായ വീഴ്ചകളെയും മറച്ചുവെക്കാൻ ഭരണകൂടം സ്വീകരിച്ച പ്രധാന തന്ത്രം കടുത്ത വർഗീയ ധ്രുവീകരണമായിരുന്നു. മുസ്ലീം ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കുകയും, അവരെ ചൂണ്ടിക്കാട്ടി ഭൂരിപക്ഷ സമുദായത്തിൽ വംശീയ വിരോധം ഇളക്കിവിടുകയും ചെയ്യുന്നതിലൂടെ രാഷ്ട്രീയ നിയന്ത്രണം നിലനിർത്താനാണ് ഭരണകൂടം ശ്രമിച്ചത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഇത്തരം വിഭജന രാഷ്ട്രീയം വലിയ അളവിൽ വിജയിച്ചു.

2014 മുതൽ രാജ്യത്ത് ഉയർന്നുവന്ന ഓരോ വിയോജിപ്പിന്റെ ശബ്ദങ്ങളെയും ഭരണകൂടം നേരിട്ടത് കടുത്ത അടിച്ചമർത്തലുകളിലൂടെയാണ്. രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റ്യൂഷണൽ മരണം സൃഷ്ടിച്ച പ്രക്ഷോഭങ്ങൾ, ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കാണാതായതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ‘നജീബ് എവിടെ’ സമരം, വിവിധ കാമ്പസുകളിൽ ഉയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങൾ എന്നിവയെല്ലാം രാജ്യദ്രോഹ മുദ്രകുത്തിയും പോലീസ് രാജ് ഉപയോഗിച്ചും അടിച്ചമർത്തി.

2019-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) ഉയർന്നുവന്ന പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സിവിൽ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു (അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ മുന്നേറ്റം). മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നതിനെതിരെ രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും ന്യൂനപക്ഷങ്ങളും തെരുവിലിറങ്ങി. എന്നാൽ, കോവിഡ് മഹാമാരിയുടെ വരവ് ഈ സമരത്തെ ദുർബലപ്പെടുത്തുകയും, ആ സാഹചര്യം മുതലെടുത്ത് സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെയും ആക്ടിവിസ്റ്റുകളെയും യുഎപിഎ ഉൾപ്പെടെയുള്ള ഭീകര നിയമങ്ങൾ ചുമത്തി ജയിലിലടക്കുകയും ചെയ്തു. അവരിൽ പലരും വർഷങ്ങൾക്കിപ്പുറവും വിചാരണ പോലുമില്ലാതെ തടങ്കലിൽ തുടരുകയാണ്.

പൗരത്വ സമരത്തിന് പിന്നാലെ രാജ്യം കണ്ട മറ്റൊരു വലിയ പ്രക്ഷോഭമായിരുന്നു കർഷക സമരം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ തടിച്ചുകൂടിയ കർഷകരെ ‘ഖാലിസ്ഥാനികൾ’ എന്ന് മുദ്രകുത്തി അധിക്ഷേപിക്കാനാണ് ഭരണകൂട അനുകൂലികൾ ശ്രമിച്ചത്. ദേശീയ പാതകളിൽ കോൺക്രീറ്റ് മതിലുകൾ തീർത്തും, കുഴികളെടുത്ത് കിടങ്ങുകൾ നിർമ്മിച്ചും, ഇരുമ്പാണികൾ പാകിയുമാണ് സ്വന്തം രാജ്യത്തെ കർഷകരെ സർക്കാർ നേരിട്ടത്. ഒടുവിൽ കർഷകരുടെ ഇച്ഛാശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് നിയമങ്ങൾ പിൻവലിച്ച് മുട്ടുമടക്കേണ്ടി വന്നു.

കർഷക സമരവും ഭരണവിരുദ്ധ വികാരവും 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ കൃത്യമായി പ്രതിഫലിച്ചു. “ഇസ്ബാർ ചാർ സൗ പാർ” (ഇത്തവണ നാനൂറിന് മുകളിൽ) എന്ന ബിജെപിയുടെ ലക്ഷ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ‘ഭാരത് ജോഡോ യാത്ര’ രാജ്യത്ത് സൃഷ്ടിച്ച ഇംപാക്ട് ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വലിയ ഉണർവ് നൽകി. ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായി മാറി, ബിജെപിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

എന്നാൽ, ഈ ഭൂരിപക്ഷമില്ലായ്മ മറികടക്കാൻ ഭരണഘടനാ വിരുദ്ധമായ മാർഗ്ഗങ്ങളാണ് സർക്കാർ അവലംബിക്കുന്നത്. തൃണമൂൽ കോൺഗ്രസിനെ പിളർത്തിയതും, മഹാരാഷ്ട്ര, ഹരിയാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലെ സുതാര്യമില്ലായ്മയും ഇതിന്‍റെ ഉദാഹരണങ്ങളാണ്. ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് വോട്ടർ പട്ടികയടക്കം അട്ടിമറിക്കുന്നുവെന്നും, കോടതികൾ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്നും ജനാധിപത്യ വിശ്വാസികൾ ആശങ്കപ്പെടുന്നു.

ഈ കലുഷിതമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾ വെളിച്ചത്തുവരുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ഇരുളിലാക്കിയ ഈ അഴിമതി, വലിയൊരു പൊട്ടിത്തെറിക്ക് കാരണമായി. കരിയറിൽ പ്രതീക്ഷ നഷ്ടപ്പെട്ട യുവജനത, പ്രത്യേകിച്ച് ബിജെപിയുടെ അടിസ്ഥാന വോട്ട് ബാങ്കിൽ നിന്നുള്ളവർ പോലും ഈ വ്യവസ്ഥിതിക്കെതിരെ രംഗത്തുവന്നു. ഇവരാണ് സിജെപി (Cockroach Justice Party) എന്ന പേരിൽ ഒരു മോക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഭരണകൂടത്തെ പരിഹസിച്ചും വിമർശിച്ചും പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

എന്നാൽ, തികച്ചും സമാധാനപരമായി തുടങ്ങിയ ഈ സമരത്തെ നേരിടാൻ ക്രൂരമായ അടിച്ചമർത്തൽ രീതികളാണ് പൊലീസ് സ്വീകരിച്ചത്. പൊലീസിനൊപ്പം ആർഎസ്എസ് അനുകൂലികളായ സ്വയംസേവകരും പൊലീസ് വേഷത്തിൽ അതിക്രമത്തിൽ പങ്കുചേർന്നുവെന്ന ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പെൺകുട്ടികളെ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ലാത്തികൊണ്ട് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച മനുഷ്യത്വരഹിതമായ സമീപനം ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖം ഒന്നുകൂടി വെളിപ്പെടുത്തുന്നു.

2014-ന് ശേഷം ആദ്യമായി പ്രതിപക്ഷം ഇത്ര ശക്തമായി ഒരു പ്രക്ഷോഭത്തിന് പിന്തുണയുമായി തെരുവിലിറങ്ങുന്നു എന്നതും സിജെപി സമരത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഛത്രസാൽ സ്റ്റേഡിയത്തിൽ കസ്റ്റഡിയിലായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ സജീവ സാന്നിധ്യം സമരത്തിന് വലിയ രാഷ്ട്രീയ മാനങ്ങൾ നൽകി. പ്രതിപക്ഷ നേതാക്കൾ അറസ്റ്റ് വരിക്കുകയും സമരക്കാരുടെ ശബ്ദമായി മാറുകയും ചെയ്തതോടെ സർക്കാരിന് മേൽ വലിയ സമ്മർദ്ദമുണ്ടായിരിക്കുകയാണ്.

കൂടുതൽ ശ്രദ്ധേയമായ മറ്റൊരു മാറ്റം മാധ്യമങ്ങളുടെ സമീപനത്തിലാണ്. പൗരത്വ സമരത്തെയും വിദ്യാർത്ഥി സമരങ്ങളെയും ഭാരത് ജോഡോ യാത്രയെയും നിശിതമായി വിമർശിക്കുകയും ഭരണകൂടത്തിന്റെ ശബ്ദമായി മാത്രം പ്രവർത്തിക്കുകയും ചെയ്തിരുന്ന മുഖ്യധാരാ മാധ്യമങ്ങൾ (ഗോദി മീഡിയ) ഈ സമരത്തെ കവർ ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു. മുൻകാലങ്ങളിലെപ്പോലെ ഈ സമരത്തെ കണ്ണടച്ച് ആക്ഷേപിക്കാൻ അവർക്ക് കഴിയുന്നില്ല എന്നത്, സിജെപി പ്രക്ഷോഭം സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനത്തിന്റെ തെളിവാണ്.

ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന ഈ യുവജന പ്രക്ഷോഭം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് സുപ്രധാനമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇത് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും തിരിച്ചുപിടിക്കുന്ന വലിയൊരു സിവിൽ മൂവ്‌മെന്റായി മാറുമോ? അതോ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ ഈ സമരവും കീഴടങ്ങുമോ?

എന്തായാലും ഒരു കാര്യം വ്യക്തമാണ്; മതത്തിന്‍റെയും അപരവത്കരണത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രങ്ങൾ എക്കാലത്തും പിടിച്ചു നിൽക്കാൻ പറ്റുന്നവയല്ല. തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ തകർച്ചയും ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയും ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സിജെപി സമരം ഒരു സൂചന മാത്രമാണ്-ഇന്ത്യൻ ജനാധിപത്യം അതിന്‍റെ പൂർണ്ണ രൂപത്തിൽ തിരിച്ചുവരാനുള്ള വലിയൊരു മുന്നേറ്റത്തിന്റെ തുടക്കം. ഭരണകൂട ഭീകരതക്കെതിരെ ഉയർന്നുവരുന്ന ഈ പുതിയ ശബ്ദങ്ങളെ എങ്ങനെ രാജ്യത്തെ ജനത ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വരും നാളുകളിലെ ഇന്ത്യയുടെ ജനാധിപത്യ ഭാവി.

Related