തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ദലിത് ഗവേഷകക്ക് ജാതീയ വിവേചനവും അക്കാദമിക അവഗണനയും തൊഴിൽ ചൂഷണവും നേരിടേണ്ടിവന്നതായി സർവകലാശാലാ അധികൃതർക്ക്പ രാതി നൽകിയിട്ട് വർഷം തികയുന്നു. പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷകയായ അനഘ ശശിയാണ് സർവകലാശാലയിലെ അധ്യാപകർക്കും അധികാരികൾക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 2024 മാർച്ചിലാണ് അനഘ ശശി മലയാള സർവകലാശാലയിൽ ഗവേഷകയായി ചേർന്നത്. ഗവേഷകയായി ചേർന്നത് മുതൽ അക്കാദമികമായും ജാതീയമായും വിവേചനം നേരിടുന്നതായാണ് അവരുടെ ആരോപണം.
താൻ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2025 ആഗസ്റ്റ് എട്ടിന് സർവകലാശാല രജിസ്ട്രാർ, വൈസ് ചാൻസലർ, റിസർച്ച് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അനഘയുടെ ആരോപണം. സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടിയില്ലായ്മയാണ് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കിയതെന്നും അവർ ആരോപിക്കുന്നു. സർവകലാശാലാ അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഒടുവിൽ പൊലീസിലും പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുത്തിട്ടില്ലെന്നും അനഘ പറയുന്നു.
ലാബ് ജോലികൾ ചെയ്യിപ്പിക്കുന്നു:
പരിസ്ഥിതി പഠന വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് ഇല്ലാത്ത സാഹചര്യത്തിൽ ലാബിലെ ഗ്ലാസ് വെയറുകളും ഉപകരണങ്ങളും കഴുകി വൃത്തിയാക്കാനും വലിയ പെട്ടികൾ ചുമക്കാനും തന്നെ ഉൾപ്പെടെയുള്ള വനിതാ ഗവേഷകരെ ഉപയോഗിച്ചെന്നാണ് അനഘയുടെ ആരോപണം. രാവിലെ 9.45 മുതൽ വൈകിട്ട് അഞ്ച് മണി വരെ ജോലി ചെയ്യിപ്പിച്ചതായും ശനിയാഴ്ചകളിൽ പോലും പൊടി തുടയ്ക്കുന്നതിനായി എത്തേണ്ടിവന്നതായും അവർ പറയുന്നു. മുൻ വിദ്യാർത്ഥികളുടെ റെക്കോർഡുകളും ഡിസർട്ടേഷനുകളും വൃത്തിയാക്കുന്ന ജോലിയും ചെയ്യിപ്പിച്ചെന്നും ഉച്ചഭക്ഷണത്തിനായി 15 മിനിറ്റ് മാത്രമാണ് അനുവദിച്ചതെന്നും പരാതിയിൽ പറയുന്നു.
ഫെല്ലോഷിപ്പ് ലഭിച്ചതിന് പിന്നാലെ വിവേചനം:
ഗവേഷണത്തിനിടെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ (KSCSTE) റിസർച്ച് ഫെല്ലോഷിപ്പും, UGC-NET യോഗ്യതയും നേടിയതായി അനഘ പറയുന്നു. മലയാള സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും അനഘ അംബിക ശശി 2024-ൽ KSCSTE റിസർച്ച് ഫെല്ലോഷിപ്പ് നേടിയ ഗവേഷകയായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെല്ലോഷിപ്പ് ലഭിച്ചതിന് ശേഷം തനിക്ക് ഇരിക്കാൻ കസേര പോലും നിഷേധിച്ചെന്നും ഇരിക്കാൻ ഇടമില്ലാതെ ലൈബ്രറിയിൽ പോകുമ്പോൾ “ലൈബ്രറിയിൽ അടയിരിക്കുന്നു” എന്ന് അധിക്ഷേപിക്കുകയും ചെയ്തതായി അനഘ പറയുന്നു. കസേരയുടെ പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ “കസേരയില്ലെങ്കിൽ വരാന്തയിൽ നിന്നോളണം” എന്നും അരുൺ ബാബു സാർ പറഞ്ഞതായി അനഘ ആരോപിക്കുന്നു.
ക്ലാസിൽവെച്ച് ജാതി അധിക്ഷേപം:
പരിസ്ഥിതി പഠന വിഭാഗത്തിലെ അധ്യാപകനായ ഡോ. അരുൺ ബാബുവിനെതിരെയാണ് അനഘ ഗുരുതരമായ ജാതീയ അധിക്ഷേപ ആരോപണം ഉന്നയിക്കുന്നത്. ക്ലാസിൽവെച്ച് തന്റെ ജാതി ചോദിക്കുകയും ഫെല്ലോഷിപ്പ് ലഭിച്ചത് ജാതിയുടെ പേരിലാണെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്നാണ് ആരോപണം.
“നിന്നെയൊക്കെ പി.എച്ച്.ഡി ചെയ്യിച്ചോളാം എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ വന്ന് വിളിച്ചിട്ട് വന്നതല്ലല്ലോ. ഇവിടെ പഠിക്കണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്ന പലതും അനുസരിക്കേണ്ടി വരും. അല്ലെന്നുണ്ടെങ്കിൽ നിർത്തി പൊക്കോ, നിന്നെപ്പോലെയുള്ളവര് വല്ല IGNOU-വിലോ ഒക്കെ പഠിച്ചാൽ മതി” എന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും അനഘ പറയുന്നു. അധ്യാപകന്റെ ചില സ്ത്രീ വിരുദ്ധ പരാമർശങ്ങളെക്കുറിച്ചും അവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഗവേഷണത്തിന് തടസ്സം – രണ്ട് വർഷമായിട്ടും ഡോക്ടറൽ കമ്മിറ്റി നടന്നില്ല:
ഗവേഷണത്തിനായി സമർപ്പിച്ച സിനോപ്സിസുകൾ അധ്യാപകർ വായിക്കുകയോ ആവശ്യമായ തിരുത്തലുകൾ നിർദേശിക്കുകയോ ചെയ്തില്ലെന്നും അനഘ ആരോപിക്കുന്നു. പലതവണ സിനോപ്സിസ് മാറ്റി നൽകാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അവ പരിശോധിച്ചില്ലെന്നും അവർ പറയുന്നു.
കോഴ്സ് വർക്കിന്റെ അവസാന ഘട്ടത്തിൽ ‘സമുദ്ര മലിനീകരണം’ എന്ന വിഷയത്തിലേക്ക് ഗവേഷണം മാറ്റിയെങ്കിലും സിനോപ്സിസ് സമർപ്പിച്ചിട്ടില്ലെന്ന വാദം ഉന്നയിച്ച് ഡോക്ടറൽ കമ്മിറ്റി വൈകിപ്പിക്കുകയാണെന്നാണ് പരാതി. സാധാരണയായി ആറുമാസത്തിനുള്ളിൽ നടക്കേണ്ട ഡോക്ടറൽ കമ്മിറ്റി രണ്ട് വർഷം കഴിഞ്ഞിട്ടും നടന്നിട്ടില്ലെന്നും ഇതോടെ ഗവേഷണം അനിശ്ചിതത്വത്തിലായെന്നും അനഘ പറയുന്നു.
ഉപകരണങ്ങൾ ലഭ്യമാക്കിയില്ല:
പൈലറ്റ് സ്റ്റഡി നടത്താൻ നിർദേശം നൽകിയെങ്കിലും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയില്ലെന്നും, ഫെല്ലോഷിപ്പ് ലഭിക്കുന്നതിനാൽ “ഫെല്ലോഷിപ്പ് ഉള്ളതല്ലേ, ലക്ഷങ്ങൾ വിലയുള്ള മെഷീനുകൾ ഒറ്റയ്ക്ക് വാങ്ങി ചെയ്തോളണം” എന്ന നിലപാടാണ് ഡോ. ജൈനി വർഗീസും അരുൺ ബാബുവും സ്വീകരിച്ചതെന്നും അനഘ ആരോപിക്കുന്നു. പിന്നീട് ഇത്തരമൊരു പഠനം നടത്താൻ നിർദേശിച്ചിട്ടില്ലെന്ന് അധ്യാപകൻ നിഷേധിച്ചെങ്കിലും നിർദേശം നൽകിയതിന്റെ തെളിവായി വാട്സ്ആപ്പ് സന്ദേശങ്ങൾ തന്റെ കൈവശമുണ്ടെന്നും അനഘ പറയുന്നു.
ഫെല്ലോഷിപ്പ് തിരിച്ചടപ്പിക്കുമെന്ന് ഭീഷണി:
ഫെല്ലോഷിപ്പ് തടഞ്ഞുവെക്കുമെന്നും ആദ്യ വർഷം ലഭിച്ച തുക തിരിച്ചടപ്പിക്കുമെന്നും അധിക തുക നഷ്ടപരിഹാരമായി നൽകേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായി അനഘ ആരോപിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള തനിക്ക് ഇത്തരം ഭീഷണികൾ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഗുരുതരമായ മാനസിക പ്രതിസന്ധിയിലൂടെ കടന്നുപോയതായും അനഘ വെളിപ്പെടുത്തുന്നു.
ഹോസ്റ്റൽ മുറിയിലും പീഡനം:
സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് പുറമെ റൂംമേറ്റിൽനിന്നും മാനസിക പീഡനം നേരിട്ടതായി അനഘ ആരോപിക്കുന്നു. മേശ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക, ഭീഷണിപ്പെടുത്തുക, വ്യക്തിപരമായ സാധനങ്ങൾ നശിപ്പിക്കുക, ലാപ്ടോപ്പും മൊബൈൽ ചാർജറും ഉൾപ്പെടെയുള്ള വസ്തുക്കൾ കേടുവരുത്തുക തുടങ്ങിയ ആരോപണങ്ങളും അവർ ഉന്നയിച്ചിട്ടുണ്ട്.
വിവേചനത്തിന് കൂട്ട്നില്‍ക്കുന്ന ഇടതുബുദ്ധിജീവികൾ:
അനഘ ശശി ജാതി വിവേചനവും അക്കാദമിക പുറംതള്ളലും നേരിടുന്നത് ഡോ. അരുൺ ബാബുവിൽ നിന്ന് മാത്രമല്ല. അത് SFI ൽ നിന്നും ഇടതുപക്ഷ ബുദ്ധിജീവി അധ്യാപകരിൽ നിന്ന് കൂടിയാണെന്നും അനഘ വെളിപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷക്കാരനായ സിപിഎം നോമിനിയാണ് സർവകലാശാല വി.സി. ഡോ. സി.ആർ പ്രസാദ്. ആ വി.സിക്ക് രേഖമൂലം പരാതി നൽകിയിട്ടും ഒരു നടപടിയുമില്ലെന്ന് മാത്രമല്ല ഇവരെ മുഴുവൻ സംരക്ഷിക്കുന്നത് ഇദ്ദേഹമാണെന്ന് കൂടി അനഘ ആരോപിക്കുന്നു. അക്കാദമിക വിവേചനത്തിന്റെ പേരിൽ അനഘ ആരോപണം ഉന്നയിച്ചിരിക്കുന്ന കെ.എം. അനിൽ, കെ.വി. ശശി, കെ.എം. ഭരതൻ എന്നിവരും ഇടതുപക്ഷക്കാരും ഇടതുപക്ഷ ബുദ്ധിജീവി പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളവരുമാണ്. അതേസമയം, അനഘയുടെ നാട്ടിലെ പ്രാദേശിക SFI നേതാക്കളും പ്രവർത്തകരും തനിക്ക് പിന്തുണനൽകുന്നുണ്ടെന്ന് അനഘ പറയുന്നു.
ഗവേഷണം പൂർത്തിയാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് അനഘയുടെ ആവശ്യം. ഡോക്ടറൽ കമ്മിറ്റി ഉടൻ നടത്തുക, സ്ഥിരം ഗൈഡിനെയും ഗവേഷണ വിഷയത്തെയും ഔദ്യോഗികമായി അംഗീകരിക്കുക, ആവശ്യമായ ലാബ് സൗകര്യങ്ങൾ ലഭ്യമാക്കുക, പുറത്തുള്ള ലാബുകളിൽ ആവശ്യമായ ഉപകരണങ്ങൾ ഉപയോഗിക്കാൻ സർവകലാശാലയുടെ ഔദ്യോഗിക അനുമതി നൽകുക, KSCSTE-യിലേക്ക് ആവശ്യമായ വാർഷിക റിപ്പോർട്ട് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ മുന്നോട്ടുവച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ജാതീയ വിവേചനങ്ങളും അക്കാദമിക നീതിനിഷേധങ്ങളും അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അനഘയുടെ ആവശ്യം. ഒരു ദലിത് ഗവേഷക എന്ന നിലയിൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ മാത്രമാണ് താൻ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കുന്നു.
