മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങൾക്കുമെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷൻ ആർവി ബാബു ഫേസ്ബുക്കിൽ നടത്തിയ വിദ്വേഷ പ്രചാരണത്തിൽ കേസ് എടുത്ത് പെലീസ്. പിഡിപി നേതാവ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ജിഫ്രി തങ്ങളുമായി ആഭ്യന്തരമത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയെ മുൻനിർത്തിയായിരുന്നു ആർവി ബാബുവിന്റെ വിവാദ ഫേസ്ബുക് പോസ്റ്റ്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
“കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണാർത്ഥം സമസ്തയുടെ നേതാവ് ജഫ്രി മുത്തുക്കോയ തങ്ങളെ തന്നെ ആഭ്യന്തര മന്ത്രി കൂട്ട് പിടിച്ചത് നന്നായി . മറ്റ് സമുദായ നേതാക്കളേക്കാൾ ഇക്കാര്യത്തിൽ മുൻ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്. കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തിൽ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്.. മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മൻ്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം”.
അഷ്‌റഫ് വാഴക്കാലയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
