September 16 Wednesday 2026

September 16 Wednesday 2026

ബുൾഡോസർ രാജ്: പരിമിതപ്പെടുന്ന കോടതിവിധികൾ

അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന പേ​രി​ൽ കെ​ട്ടി​ട​ങ്ങ​ളും മ​റ്റും ത​ക​ർ​ക്കു​ന്ന വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ബു​ൾ​ഡോ​സ​ർ രാ​ജിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. രാ​ജ്യ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണങ്ങൾ ക്ര​മ​വ​ത്ക​രി​ക്കു​ന്ന​തി​നും പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​മാ​യി ന​യം രൂ​പ​വ​ത്ക​രി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​
​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും സു​പ്രീം​കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​ന​ത്തി​ലെ വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

ബുൾഡോസർ രാജുമായി ബന്ധപ്പെട്ട് നേരത്തെയും സമാനമായ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. 2024 ൽ ബുൾഡോസർ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജികളിൽ വിധി പറഞ്ഞ സുപ്രീംകോടതി, ബുൾഡോസർരാജ് ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രസ്താവിച്ചത്. Directions in the matter of Demolition of Structures v. and Ors. എന്ന കേസിലാണ് ജുഡീഷ്യറിയുടെ ചുമതല സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വിധി പ്രസതാവിച്ചത്. ആരോപണങ്ങൾ നിലനിൽക്കുന്നു എന്ന പേരിൽ ഒരു പൗരന്റെ വീട് ഏകപക്ഷീയമായി പൊളിക്കുന്നത് ഭരണഘടനനിയമത്തെയും അധികാര വിഭജന തത്വത്തെയും ലംഘിക്കുന്നുവെന്ന സുപ്രധാന നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്.

ഇന്ത്യാ രാജ്യത്ത് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ‘ബുൾഡോസർ’ എന്ന വാക്ക് യന്ത്രത്തിന്റെ പേര് മാത്രമായിരുന്നില്ല, ഭരണകൂടത്തിൻറെ വംശീയ- രാഷ്ട്രീയ ആയുധമായിരുന്നു. കുറ്റകൃത്യത്തിൽ പ്രതിയാകുന്നവരുടെയോ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെയോ വീടുകളും കടകളും സ്ഥാപനങ്ങളും ‘അനധികൃത നിർമാണം’ എന്ന പേരിൽ പൊളിക്കുന്ന നടപടികൾ വിവിധ സംസ്ഥാനങ്ങളിൽ അനസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന ഭരണകൂട നടപടിക്രമങ്ങളായിരുന്നു. വിമർശകർ ഇതിനെ ‘ബുൾഡോസർരാജ്’ എന്ന് വിശേഷിപ്പിച്ചു. 2024 നവംബറിൽ സുപ്രീംകോടതി ഇത്തരം നടപടികൾക്കെതിരെ രാജ്യവ്യാപകമായ നടപടിക്രമ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും, ഒരാൾ കുറ്റാരോപിതനാണെന്ന കാരണത്താൽ മാത്രം അയാളുടെ സ്വത്ത് ഭരണകൂടത്തിന് ശിക്ഷയായി പൊളിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. Directions in the matter of Demolition of Structures v. and Ors. എന്ന കേസിൽ നൽകിയ ഉത്തരവിലൂടെയാണ് (ജഡ്ജിമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ) സുപ്രീംകോടതി ബുൾഡോസർരാജിന് തടയിട്ടത്.

നിയമവാഴ്ചയുടെയും നീതിബോധത്തിന്റെയും ജനാധിപത്യ സാമൂഹ്യജീവിതത്തിന്റെയും സകല ധാരണകളേയും അട്ടിമറിച്ചാണ് സംഘപരിവാർ സർക്കാരുകൾ ഇന്ത്യയിൽ ‘ബുൾഡോസർ രാജ്’ (bulldozer Raj) നടപ്പാക്കാൻ തുടങ്ങിയത്. കുറ്റവാളികളെന്ന് ഭരണകൂടം വിധിക്കുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുകയെന്നത് കേവലമൊരു ആൾക്കൂട്ട നീതിയായിരുന്നില്ല. അത് ഭരണകൂടം നിയമത്തിന്റെ വ്യാജസാധൂകരണവുമായി നടത്തിയ ആക്രമണമായിരുന്നു. നിയമവാഴ്ച, ഭരണകൂടത്തിന് ഏകപക്ഷീയമായി പൗരാവകാശങ്ങൾക്കുമേൽ ആക്രമണം നടത്താനുള്ള അധികാരമില്ലായ്മ, കുറ്റാരോപിതർക്ക് നിയമപ്രക്രിയയിലുള്ള അവകാശം, സ്വന്തം ഭാഗം വിശദീകരിക്കാനും തന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ അത് സ്ഥാപിക്കാനുമുള്ള പൗരരുടെ അവകാശം, നിയമം നിയമാനുസൃതമായ പ്രക്രിയയിലൂടെ മാത്രം നടപ്പാക്കുക എന്നിവയിലൂന്നിയാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കുറ്റാരോപിതർ കുറ്റക്കാരാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ആ ചുമതല കൂടി ഭരണനിർവ്വഹണ സംവിധാനം (Executive) ഏറ്റെടുക്കുന്നതോടെ അത് നിയമവാഴ്ചയുടെയും ഭരണഘടനാനുസൃതമായ അധികാര വിഭജനത്തിന്റെയും അന്ത്യമാകുമെന്നുമാണ് കോടതി ഈ വിധിയിലൂടെ വ്യക്തമാക്കിയത്. അനധികൃത നിർമാണങ്ങൾ തകർക്കുന്നതിനുമുമ്പ് അതിന്റെ ഉടമകൾക്ക് നിയമാനുസൃതം നൽകേണ്ട അറിയിപ്പുകൾ മുതൽ അവസാന നടപടികൾക്ക് വരെയുള്ള, ഇന്ത്യയിലെ എല്ലാ സർക്കാരുകൾക്കും ബാധകമാകുന്ന നിർദ്ദേശങ്ങൾ സുപ്രീംകോടതി ഈ ഉത്തരവിലൂടെ നൽകുന്നു. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർ നിയമപരമായി ശിക്ഷാനടപടികളും നേരിടേണ്ടിവരും. വാസ്തവത്തിൽ ആൾക്കൂട്ട നീതിയുടെയും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലടക്കം പ്രവർത്തിക്കുന്ന ഭരണകൂട ഹിംസയുടെ യുക്തിയുടെയും നിരാകരണം കൂടിയാണ് ഈ വിധി. ആൾക്കൂട്ട ആക്രമണങ്ങളടക്കമുള്ള നിയമവാഴ്ചയുടെ അട്ടിമറികൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിന്റെ കാതൽ, നിയമവാഴ്ചയെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ചുമതലയിലാണ്. അതുകൊണ്ടുതന്നെ നിയമവാഴ്ചയുടെ സംരക്ഷണവും പൗരാവകാശങ്ങളുടേയും പൗരസ്വാതന്ത്ര്യത്തിന്റെയും സുരക്ഷയും ഭരണഘടനാ ജനാധിപത്യം സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്.

ഭരണഘടന നിഷ്‌കർഷിക്കുന്ന അധികാര വിഭജന പ്രമാണം (Doctrine of separation of powers) എത്ര നിർണ്ണായകമായ ഒന്നാണെന്ന് കോടതി പറയുന്നു. ജനാധിപത്യത്തിന്റെ മൂന്ന് ഭാഗങ്ങൾ- ഭരണനിർവഹണ സംവിധാനം (Executive), നിയമനിർമ്മാണസഭ (legislature), നീതിന്യായ സംവിധാനം (Judiciary) എന്നിവയുടെ അധികാരങ്ങൾ, അതിലെ വേർതിരിവുകൾ എന്നിവയെല്ലാം ഭരണഘടന കൃത്യമായി പറയുന്നുണ്ട്. നിയമനിർമാണസഭ ഉണ്ടാക്കുന്ന നിയമങ്ങൾ നടപ്പാക്കുകയാണ് എക്സിക്യൂട്ടീവിന്റെ ചുമതല. അതിന്റെ ഭരണഘടനപരവും നിയമപരവുമായ ശരി- തെറ്റുകൾ തീർപ്പാക്കേണ്ടത് കോടതികളാണ്. ഇതിൽ കോടതികളുടെ നീതിനിർണ്ണയാധികാരം എക്സിക്യൂട്ടീവ് കയ്യേറുന്നതാണ് ബുൾഡോസർ രാജിൽ കണ്ടത്. I.R. Coelho കേസിലെ വിധിയിൽ separation of power എന്നത് ഒരു check and balance സംവിധാനമാണ് എന്ന് ഊന്നിപ്പറഞ്ഞ സുപ്രീംകോടതി, അത് സമഗ്രാധികാരത്തിനെതിരെയുള്ള തടയിടൽ (prevention of tyranny) ആണെന്നും പറയുന്നു. എല്ലാ അധികാരവും ഒരൊറ്റ സംവിധാനത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതിലുള്ള അപകടത്തെക്കുറിച്ചാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒരു ഫാഷിസ്റ്റ് അധികാരപ്രക്രിയയുടെ ഒഴിവാക്കാനാകാത്ത ഘടകമാണ് ഈ ഏകപക്ഷീയമായ സമഗ്രാധികാരം എന്നതുകൊണ്ടാണ് സംഘപരിവാർ / മോദി സർക്കാരുകൾക്കു കീഴിൽ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ അതിക്രമങ്ങൾ ഭരണകൂടം നിരന്തരം നടത്തുന്നത് എന്നതാണ് വാസ്തവം.

പൊതു ഉത്തരവാദിത്തത്തെയും (Public accountability) പൊതു വിശ്വാസത്തെയും (public trust) തകർക്കുന്നതും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതുമായ ഭരണകൂട നടപടികൾക്കെതിരെ കോടതികൾക്ക് ഇടപെടാൻ അധികാരമുണ്ടെന്നും ഇടപെടണമെന്നും ഈ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്. അത്തരം നടപടികളെടുക്കുന്ന ഉദ്യോഗസ്ഥ സംവിധാനവും ഉദ്യോഗസ്ഥരും നിയമപരമായി അതിന്റെ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കുന്നു. ഉത്തമവിശ്വാസത്തിൽ ചെയ്യുന്ന നടപടിക്രമങ്ങളും അല്ലാത്തവയും- fraud on power- തമ്മിലുള്ള വ്യത്യാസം നിർണ്ണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

ഒരാളെ ഭരണകൂടം കുറ്റാരോപിതനായി കണക്കാക്കിയാൽ അയാളെ ശിക്ഷിക്കപ്പെട്ട കുറ്റവാളിയെപ്പോലെ കണക്കാക്കുന്ന പ്രവണത ഭരണഘടനാകോടതികൾ വരെ കൈക്കൊള്ളുന്ന ഇക്കാലത്ത്, എന്താണ് കുറ്റാരോപിതരുടെ അവകാശങ്ങളെന്നും ശിക്ഷയും കുറ്റാരോപണവും രണ്ടാണെന്നും ഭരണകൂടത്തിന്റെ കുറ്റാരോപണമെന്നത് കോടതികളിൽ തെളിയിക്കപ്പെടേണ്ട ഒന്നാണെന്നും സ്വതന്ത്രവും സുതാര്യവും വേഗത്തിലുള്ളതുമായ നീതിന്യായ പ്രക്രിയ കുറ്റാരോപിതരുടെ അവകാശമാണെന്നും സുപ്രീംകോടതിയുടെ ചില വിധികളിലൂടെ വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ തിരുത്താനുള്ള സാധ്യത ഏറ്റവും കൂടുതൽ തെളിയുന്നത് സുപ്രീംകോടതിക്ക് തന്നെയാണ് എന്നതാണ് വൈരുധ്യം.

തടവുപുള്ളികളുടെ അവകാശം സംബന്ധിച്ച ചരിത്രപ്രധാനമായ സുനിൽ ബത്ര (1978) വിധി കോടതി ഇവിടെ ഓർമിപ്പിക്കുന്നുണ്ട്: “ഭരണഘടനയുടെ ഉപഭോക്താക്കൾക്ക്, അതിന്റെ മാനവികത ഏറ്റവും ആവശ്യമുള്ളയിടങ്ങളിൽ അത് മുടന്തുമ്പോൾ സാമൂഹ്യനീതിക്ക് ഉറങ്ങാനാകില്ല” എന്ന് ഈ വിധിയിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പറയുന്നുണ്ട്. കുറ്റാരോപിതരുടെയും എന്തിന്, ശിക്ഷിക്കപ്പെട്ടവരുടെയും ഒരു പൗരാവകാശത്തെയും കോടതികളുടെ നിയമപരമായ തീർപ്പിലൂടെയല്ലാതെ ഹനിക്കാനുള്ള അവകാശം എക്സിക്യൂട്ടീവിനില്ല എന്നത് ഒന്നുകൂടി വ്യക്തമാക്കുകയാണ് ഈ കോടതി വിധി.

കുറ്റവാളിയാണെന്ന് കോടതി വിധിക്കും വരെ ഒരാളെ നിരപരാധിയായി കണക്കാക്കണമെന്ന പ്രമാണം ക്രിമിനൽ നടപടിക്രമങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഇതിനെയാണ് ഏകപക്ഷീയമായ അധികാര ദുർവ്വിനിയോഗത്തിലൂടെ ബുൾഡോസർ രാജിൽ ഭരണകൂടം ലംഘിക്കുന്നത്. കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തിൽ വീടുകൾ തർക്കുന്നതടക്കമുള്ള നടപടികൾ ഭരണകൂടം സ്വീകരിച്ചാൽ അത് നിയമവാഴ്ചയുടെയും സ്വാഭാവിക നീതിയുടെയും (natural justice) ലംഘനമാകുമെന്ന് കോടതി പറയുന്നുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ബുൾഡോസറുകൾ കെട്ടിടങ്ങൾ തകർക്കുന്ന മരവിപ്പിക്കുന്ന കാഴ്ച, നിയമവാഴ്ച തകർന്ന സംവിധാനത്തേയും ‘ബലമാണ് ധർമ്മം’ എന്ന ജനാധിപത്യവിരുദ്ധ യുക്തിയേയുമാണ് കാണിക്കുന്നതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.

വീടുകളടക്കമുള്ളവ ഇങ്ങനെ തകർക്കുന്നത് Right to shelter എന്ന മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണ്. ചമേലി സിങ് (1996) കേസിൽ പാർപ്പിടാവാകാശം ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് പറയുന്നു. ഇത് കോടതി വീണ്ടും എടുത്തുപറയുന്നു. പാർപ്പിടത്തിനുള്ള അവകാശം ആർട്ടിക്കിൾ 21 അനുസരിച്ചുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ അഭേദ്യമായ ഭാഗമാണെന്ന് കോടതി സർക്കാരിനെ ഓർമ്മിപ്പിക്കുന്നു. വ്യക്തികൾക്കെതിരെയുള്ള കുറ്റാരോപണത്തിന്റെ മറവിൽ അത് നിഷേധിക്കാനോ തകർക്കാനോ കഴിയില്ല.

ഇന്ത്യയിൽ ബുൾഡോസറുകൾ തകർത്ത വീടുകളിലധികവും മുസ്ലീങ്ങളുടേതായത് യാദൃച്ഛികമാവാത്തത്, അതൊരു രാഷ്ട്രീയ പദ്ധതിയായതുകൊണ്ടു കൂടിയാണ്. ഈ രാഷ്ട്രീയ പദ്ധതി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വംശീയ രാഷ്ട്രീയ വെറുപ്പ് മാത്രമല്ല, അത് ആത്യന്തികമായി ജനാധിപത്യ സമൂഹത്തിനെതിരെയുള്ള കടന്നാക്രമണമാണ്. ഇത് ഇന്ത്യയെന്ന ജനാധിപത്യ- മതേതര ഭരണഘടനാ റിപ്പബ്ലിക് നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളികൂടിയാണ്.

ഇപ്പോൾ വീണ്ടും സുപ്രീംകോടതിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത് അതുകൊണ്ടാണ്. നിയമം നടപ്പാക്കുന്നതും ശിക്ഷ നടപ്പാക്കുന്നതും ഒന്നല്ല; ഈ വിഷയത്തിൽ ആദ്യം തിരിച്ചറിയേണ്ട വ്യത്യാസം ഇതാണ്.

അനധികൃതമായി നിർമിച്ച കെട്ടിടം പൊളിക്കുന്നത് നിയമപരമായി സാധ്യമാണ്. നഗരനിയമങ്ങളും കെട്ടിടനിർമാണ ചട്ടങ്ങളും ലംഘിക്കുന്ന നിർമാണങ്ങൾക്കെതിരെ ഭരണകൂടത്തിന് നടപടി സ്വീകരിക്കാനുള്ള അധികാരമുണ്ട്. പക്ഷേ, ഒരു വ്യക്തി കുറ്റകൃത്യത്തിൽ പ്രതിയാണെന്ന കാരണത്താൽ അയാളുടെ വീട് പൊളിക്കാൻ അതേ അധികാരം ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. കാരണം കുറ്റം തെളിയിക്കുന്നത് കോടതിയാണ്; ശിക്ഷ വിധിക്കുന്നതും കോടതിയാണ്.

ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ഒരാൾ കുറ്റവാളിയാകുന്നില്ല. വിചാരണ പൂർത്തിയാകുന്നതിന് മുമ്പ് ഭരണകൂടം അയാളുടെ സ്വത്ത് തകർത്താൽ, അത് നിയമപരമായ ശിക്ഷാ സംവിധാനത്തിന് പുറത്തുള്ള ഒരു ശിക്ഷയായി മാറാനുള്ള സാധ്യതയുണ്ട്.

‘ആരോപണം’ ശിക്ഷയായി മാറുന്ന നിമിഷം

ഒരു ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന സങ്കൽപ്പം presumption of innocence ആണ് – കുറ്റം തെളിയുന്നതുവരെ ഒരാൾ കുറ്റവാളിയല്ല.  എന്നാൽ, ഭരണകൂടം ഒരു കുറ്റാരോപണത്തെ അടിസ്ഥാനമാക്കി ഒരാളുടെ വീട് തകർക്കുമ്പോൾ, കോടതിയുടെ വിധിക്ക് മുമ്പുതന്നെ അയാൾക്കും കുടുംബത്തിനും ശിക്ഷ ലഭിക്കുന്നു. ഇത് ഒരാളുടെ വ്യക്തിപരമായ അവകാശത്തെ മാത്രമല്ല ബാധിക്കുന്നത്. ആ കുടുംബത്തിലെ കുട്ടികൾ, സ്ത്രീകൾ, വയോധികർ, കുറ്റാരോപണവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റ് അംഗങ്ങൾ – എല്ലാവരും അതിന്റെ ആഘാതം നേരിടുന്നു.

2024ലെ സുപ്രീംകോടതി വിധിയിൽ, സ്ത്രീകളെയും കുട്ടികളെയും വയോധികരെയും ഒറ്റ രാത്രികൊണ്ട് തെരുവിലിറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന മാനുഷിക വശവും കോടതി ശക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. അതായത് കോടതി ചർച്ച ചെയ്തത് കെട്ടിടത്തിന്റെ നിയമസാധുത മാത്രം ആയിരുന്നില്ല. ഭരണകൂടത്തിന്റെ നടപടിക്ക് മനുഷ്യജീവിതത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതവും ആയിരുന്നു.

‘നോട്ടീസ്’ ഒരു സാങ്കേതിക നടപടി മാത്രമല്ല

ബുൾഡോസർ നടപടികളിൽ ‘നോട്ടീസ് നൽകണം’ എന്ന സുപ്രീംകോടതി നിർദേശം ചിലപ്പോൾ ഒരു ചെറിയ നടപടിക്രമമായി മാത്രം അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാൽ, അതിന് വലിയ ഭരണഘടനാപരമായ പ്രാധാന്യമുണ്ട്. 2024ലെ മാർഗനിർദേശപ്രകാരം, സാധാരണ സാഹചര്യങ്ങളിൽ പൊളിക്കൽ നടപടിക്ക് മുമ്പ് കാരണം വ്യക്തമാക്കുന്ന നോട്ടീസ് നൽകണം. ബന്ധപ്പെട്ട വ്യക്തിക്ക് മറുപടി പറയാനും വ്യക്തിപരമായ വാദം നടത്താനും അവസരം നൽകണം. അന്തിമ ഉത്തരവിന് ശേഷവും നിയമപരമായ പരിഹാരം തേടാനുള്ള അവസരം വേണം. പൊളിക്കൽ നടപടികൾ രേഖപ്പെടുത്തുകയും വേണം.

ഇതിന്റെ അർത്ഥം വളരെ ലളിതമാണ്:
1. ഭരണകൂടം പറയുന്നത് മാത്രം അന്തിമ സത്യമല്ല.
2. പൗരന് മറുപടി പറയാനുള്ള അവകാശമുണ്ട്.
4. അതാണ് സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വം.
5. ബുൾഡോസർ എന്തുകൊണ്ട് രാഷ്ട്രീയ പ്രതീകമായി?
ഇവിടെയാണ് വിഷയത്തിന്റെ രാഷ്ട്രീയ വശം തുടങ്ങുന്നത്.
ഒരു സർക്കാർ അനധികൃത നിർമാണത്തിനെതിരെ നിയമപരമായ നടപടിയെടുക്കുമ്പോൾ അതിന് വിശദമായ ഭരണനടപടിക്രമങ്ങളുണ്ട്. പരിശോധന, നോട്ടീസ്, വാദം, ഉത്തരവ്, അപ്പീൽ, തുടർന്ന് പൊളിക്കൽ — ഇതാണ് സ്വാഭാവിക പ്രക്രിയ. എന്നാൽ, ബുൾഡോസർ രാഷ്ട്രീയ ഭാഷയിലെത്തുമ്പോൾ ഈ നീണ്ട നടപടിക്രമങ്ങളെല്ലാം ഒരു ‘ശക്തമായ സർക്കാർ’ എന്ന ചിത്രത്തിലേക്ക് ചുരുക്കപ്പെടുന്നു.

നോട്ടീസിനേക്കാൾ വേഗത, വാദത്തേക്കാൾ ശക്തിപ്രകടനം, കോടതിവിധിയേക്കാൾ ഉടനടി നടപടി. ഇതാണ് ബുൾഡോസർ രാജിൻറെ ‘നീതി’.

ഇന്ത്യയിൽ ബുൾഡോസർ നടപടികൾ പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങളെ അനുപാതമില്ലാതെ ബാധിച്ചതായി അവകാശങ്ങളും മനുഷ്യാവകാശ സംഘടനകളും വിമർശകർ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ പലപ്പോഴും കെട്ടിടങ്ങൾ നിയമവിരുദ്ധമായിരുന്നുവെന്നും നിയമാനുസൃതമായ നോട്ടീസുകൾ നൽകിയിരുന്നുവെന്നും വാദിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ പ്രക്രിയ രാഷ്ട്രീയ പ്രതികാരമാണെന്ന് സാമാന്യവത്കരിക്കാൻ കഴിയില്ല. പക്ഷേ, നിയമം നടപ്പാക്കുന്നതിൽ തരംതിരിവ് സമീപനം ഉണ്ടോ എന്ന ചോദ്യം പരിശോധിക്കേണ്ടത് അനിവാര്യമാണ്. റോഡിലോ പൊതുസ്ഥലത്തോ നദീതീരത്തോ നടപ്പാതകളിലോ നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യേണ്ടിവരാം. പൊതുതാൽപര്യത്തിനായി അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതുമുണ്ട്. പ്രശ്നം ബുൾഡോസർ ഉപയോഗിക്കുന്നതിന്റെ നിയമപരമായ ലക്ഷ്യവും നടപടിക്രമവുമാണ്. നിയമം ലംഘിച്ച കെട്ടിടം പൊളിക്കുന്ന ബുൾഡോസർ നിയമത്തിന്റെ ഉപകരണമാണ്. ഒരു കുറ്റാരോപിതനെ ശിക്ഷിക്കാൻ ഉപയോഗിക്കുന്ന ബുൾഡോസർ നിയമത്തിന്റെ പകരക്കാരനാകുന്നു. ഈ രണ്ടിനുമിടയിലെ വ്യത്യാസമാണ് സുപ്രീംകോടതി അടിവരയിടുന്നത്.

ഒരു ജില്ലാ ഭരണാധികാരിക്ക് ഒരു കെട്ടിടം പൊളിക്കാൻ അധികാരമുണ്ടാകാം. പക്ഷേ ആ അധികാരം ഒരു വ്യക്തിയുടെ രാഷ്ട്രീയ നിലപാടിനെയോ മതപരമായ തിരിച്ചറിയലിനെയോ പ്രതിഷേധത്തെയോ അടിസ്ഥാനമാക്കി ഉപയോഗിക്കാൻ കഴിയില്ല. അവിടെയാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 14 — സമത്വം, ആർട്ടിക്കിൾ 21 – ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം, സ്വത്തിനെ സംബന്ധിച്ച ആർട്ടിക്കിൾ 300എ എന്നിവയുടെ പ്രാധാന്യം ഉയരുന്നത്.

സുപ്രീംകോടതിയുടെ ഇടപെടൽ വിജയിച്ചോ?

ഒരു കോടതി വിധി പുറപ്പെടുവിച്ചതുകൊണ്ട് മാത്രം ഭരണസംവിധാനം മാറുന്നില്ല. 2024ലെ സുപ്രീംകോടതി നിർദേശങ്ങൾക്കുശേഷവും വിവിധ സംസ്ഥാനങ്ങളിൽ അവ നടപ്പാക്കുന്നതിനെക്കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. 2025ൽ മഹാരാഷ്ട്രയിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിലെ താമസത്തെക്കുറിച്ച് ബോംബെ ഹൈകോടതിയിൽ വിശദീകരണം നൽകേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു. 2026 ജൂലൈയിൽ സുപ്രീംകോടതി, തങ്ങളുടെ 2024ലെ ബുൾഡോസർ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച കണ്ടംപ്റ്റ് ഹർജികൾ നേരിട്ട് പരിഗണിക്കാതെ ബന്ധപ്പെട്ട ഹൈക്കോടതികളെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. പ്രശ്നം ഇനി നിയമമില്ലാത്തതിന്റെ മാത്രം പ്രശ്നമല്ല; നിലവിലുള്ള നിയമനടപടികൾ യഥാർത്ഥത്തിൽ നടപ്പാക്കപ്പെടുന്നുണ്ടോ എന്നതാണ്. കഴിഞ്ഞ ദിവസത്തെ ഉൾപ്പെടെ ബുൾഡോസർ രാജിനെതിരായി വിവിധ ഘട്ടങ്ങളിലുണ്ടായ കോടതി മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾക്കും, അനധികൃതമായി പൊളിച്ച കെട്ടിടത്തിന് നഷ്ടപരിഹാരം നൽകുന്നതിനുമുള്ള സാഹചര്യം ഉണ്ടാവണം.

 

Related