കൊല്ലായ്ക, കക്കായ്ക, കാമത്താല്‍ തെറ്റായ്ക,
കള്ളം ചൊല്ലായ്ക, കുടിച്ചിടായ്ക
എന്നീശീലങ്ങളാല്‍ പാപനിവാരണ-
ധര്‍മ്മമുരച്ച വിനായകനേ ബുദ്ധമുനേ…
– സഹോദരനയ്യപ്പന്‍, ബുദ്ധസ്‌തോത്രം
ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി കേരളത്തേയും ലോകത്തേയും വിഭാവനചെയ്ത ഗുരുവിന്‍ കേരളമിന്ന് ജാതിക്കൊലകളുടേയും മതപ്പോരുകളുടേയും ദൈവത്തിന്‍സ്വന്തരാജ്യമായിമാറുന്നു. മതമേതായാലും മനുഷ്യരാകാനും മനുഷ്യര്‍ നന്നാകാനുമാണ്, ജാതിജന്തുക്കളായി നായനും നമ്പ്യാനും പിള്ളയും നമ്പൂരിയുമാകാനല്ല ഗുരു പഠിപ്പിച്ചത്. പശുവിനു പശുത്തം പോലെ മനുഷ്യരുടെ ജാതിയാണു മനുഷ്യത്തമെന്നദ്ദേഹം പഠിപ്പിച്ചു.
കേരളബുദ്ധനായി കവിശിഷ്യര്‍ മൂലൂരും കറുപ്പനും ആശാനും സഹോദരനും ചമല്‍ക്കാരംചെയ്ത നാരായണഗുരുവിന്‍ ആദ്യ ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ 1918ല്‍ നടത്തിയ പ്രസ്താവത്തിലാണ് നമ്മുടേതും ബുദ്ധമതംതന്നെയെന്ന് സി. ഇ. അഞ്ചാം നൂറ്റാണ്ടിലെ അമരസിംഹരുടെ അമരകോശത്തിലെ ബുദ്ധപര്യായങ്ങളായ അദ്വയവാദി, വിനായക… എന്നിവയുദ്ധരിച്ച് സ്ഥാപിക്കുന്നത്. 1926ല്‍ നടത്തിയ രണ്ടാം ഈഴം യാത്രയുടെ ശതാബ്ദിയാണ് 2026. നാമിനി മലയാളത്തിലേക്കില്ല എന്നായിരുന്നു ജാത്യാഭിമാനമേറിയ മലയാളന്മാരുടെ ജാതിസ്വരാജ്യ നാടിനേക്കുറിച്ചുള്ള ഗുരുവിന്‍ 1926 ലെ രണ്ടാം ശ്രീലങ്കന്‍ പ്രസ്താവന. അംബേദ്കര്‍ക്കും മുമ്പു നടന്ന ആധുനികബുദ്ധവാദമായിരുന്നു ഗുരു നയിച്ചത്.
ഗുരുവിനെ പോലെ അംബേദ്കറും ശ്രീലങ്കയും, പലതവണ ബര്‍മയും സന്ദര്‍ശിച്ചു. 1950 ലായിരുന്നു അത്. ലോകചരിത്രത്തെ ക്രിസ്തുവിനു 600 വര്‍ഷം മുമ്പു മാറ്റിമറിച്ച മനുജാകൃതിപൂണ്ട ധമ്മചിന്തയായ പുത്തരേയാണവര്‍ തിരഞ്ഞത്. പുത്തരുടെ ജനനവും ബോധോദയവും മഹാപരിനിബാണവും ഒന്നിച്ചുവരുന്ന വൈശാഖത്തിലെ പൌര്‍ണമിയാണ് ബുദ്ധപൂര്‍ണിമ. ലങ്കയില്‍നിന്നു തിരിച്ചുവരവേ മന്നര്‍കടലിടുക്ക് ഗുരുവിനെ പോലെ ആവിവന്‍തോണിയില്‍ കടന്ന് ധനുഷ്‌കോടിയില്‍ നിന്നു നേരിട്ടു തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലാണ് കേരളത്തിലേക്കു വന്ന് തിരുക്കൊച്ചി നിയമസഭയില്‍ പുത്തന്‍ ഭരണഘടനാധാര്‍മികതയെ കുറിച്ചു ബാബാസാഹേബ് സംസാരിച്ചത്. 1936ല്‍ മകന്‍ അശ്വന്തിന്റെ ചികില്‍സയ്ക്കായി ഗുരുശിഷ്യനും വൈക്കംപോരാട്ടപ്പാട്ടെഴുതിയ കവിയുമായ പാണാപള്ളി കൃഷ്ണന്‍വൈദ്യരുടെ വൈദ്യശാലയിലെത്തിയിരുന്നു അംബേദ്കര്‍. ഗുരുവിന്‍ വൈക്കത്തെ വല്ലൂര്‍മഠത്തിലെ ഇന്നത്തെ ആശ്രമം പള്ളിക്കൂടത്തിലാണ് ഗാന്ധിവന്ന് 1925ല്‍ ആഹാരംകഴിച്ച് അന്തിയുറങ്ങിയത്. ആദിമ അശോകന്‍ ബുദ്ധവാദമായ തേരവാദത്തെക്കുറിച്ചു പഠിക്കാനും ലോക ബൌദ്ധ മഹാസമ്മേളനങ്ങളില്‍ പങ്കെടുക്കാനുമായിരുന്നു ബാബാസാഹേബിന്റെ സിലോണ്‍ യാത്ര. 1940കളുടെ നടുവില്‍ ഭരണഘടനാസഭയിലേക്കു വന്നപ്പോഴാണ് ഗുരുശിഷ്യനായ സഹോദരന്‍ അംബേദ്കറെന്ന തന്നാമചതുരക്ഷരി മന്ത്രമായ് ജപിക്കും നന്ദിതിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതമെന്ന ജാതിഭാരതമെന്ന കവിതയെഴുതിയത്. ഗുരുവിനെ ആധുനിക കേരളബുദ്ധനായി കണ്ടുകവിതകുറിച്ച സഹോദരന്‍ അംബേദ്കറെ ഇന്ത്യയുടെ പുതുപുത്തനായി കണ്ടു ശരണംവിളിച്ചു.
1956ലെ നാഗപുരയിലെ ദീക്ഷാഭൂമിയില്‍ അശോകവിജയദശമിയെന്ന മഹാനായ മൌര്യധമ്മചക്രവര്‍ത്തി അശോകരുടെ മാനസാന്തരദിവസമായ അശോകവിജയദശമിയില്‍ നടത്തിയ വിഖ്യാതമായ മാനസാന്തര പ്രസംഗത്തിലാണ് ജാതിയുടെ നരകത്തില്‍ നിന്നും താനും ലക്ഷക്കണക്കായ തൊട്ടുകൂടാത്തവരാക്കപ്പെട്ട ജനതയും മോചനം നേടിയതായി പ്രഖ്യാപിച്ചത്. അംബേദ്ക്കര്‍ക്കും ഗുരുവിനും സഹോദരനും മിതവാദിക്കും സി. വി. കുഞ്ഞുരാമാനും മൂലൂരിനുമെല്ലാം മുമ്പ് ഇന്ത്യയിലെ ആദ്യ നവബുദ്ധവാദം തുടങ്ങിയത് 1890കളില്‍ തന്നെ തമിഴക ദലിതജനനേതാവും നൈതികതത്വചിന്തകനും എഴുത്തുകാരനുമായ അയ്യോതിതാസ പണ്ഡിതരവര്‍കളാണ്. 1935 ലെ യോള മഹാസമ്മേളനപ്രഭാഷണത്തില്‍ തന്നെ താനൊരു ഹിന്ദുവായി മരിക്കില്ല എന്ന് ഇന്ത്യയുടെ നവബുദ്ധനായ അംബേദ്കര്‍ പ്രഖ്യാപിച്ചിരുന്നു.
ജാതിഹിന്ദുത്തത്തേയും അതിനാധാരമായ സ്മൃതിശ്രുതിപുരാണങ്ങളേയും വൈദികവര്‍ണാശ്രമവ്യവസ്ഥിതിയേയും ഇല്ലായ്മചെയ്യാനും ബഹുജനമോചനത്തിനും പുത്തരുടെ അനിത്യസമുദയചിന്തയാണ് വഴിയെന്ന് സഹോദരനും അംബേദ്കറുമെല്ലാം ജീവിതസമരത്തിലൂടെയും രചനകളിലൂടെയും വ്യക്തമാക്കി. ഇതൊന്നും വേണ്ടവിധം പഠിക്കാനും അറിയാനും അവസരം കിട്ടാത്ത സാധാരണ ബഹുജനങ്ങള്‍ ജാതിഹിന്ദുദേശീയവാദകാലത്ത് നല്ലവര്‍ണാശ്രമമൃഗങ്ങളായി മാറ്റപ്പെടുന്നു. കൊല്ലുന്നവന്‍ ദൈവംപോയിട്ട് രാജാവും മനുഷ്യനും പോലുമാകുന്നില്ല എന്ന സത്യം ഗുരു 1913ലെ ജീവകാരുണ്യപഞ്ചകത്തില്‍ അസന്നിഗ്ധമായി എഴുതിയിരിക്കുന്നു. ഹിന്ദുവിസത്തിലെ പ്രഹേളികകള്‍ എന്ന രാമകൃഷ്ണന്‍മാരുടെ മാനവികതയെ പ്രശ്‌നവല്‍ക്കരിക്കുന്ന അംബേദ്കറുടെ രചനയും ഈ വിമര്‍ശത്തെ യുക്തിയുക്തമായ ഗദ്യത്തില്‍ അടയാളപ്പെടുത്തുന്നു. മി. ഗാന്ധി താങ്കളുടെ കൃഷ്ണന്‍ ഒരു പരമ്പരക്കൊലയാളിയല്ലേയെന്ന സഹോദരന്റെ വര്‍ക്കല സംവാദത്തിലിടപെട്ടുകൊണ്ടുള്ള ചോദ്യവും ഇതേ ജാതിഹിന്ദുത്തവിമര്‍ശമാണ്. കൊല്ലുന്ന ക്രൂരമതമെന്ന സഹോദരന്റെ കാവ്യപ്രയോഗവും സമകാലികമാണ്. കൊല്ലുന്നവന്‍ രാജാവും നേതാവും ദൈവവുമാകുന്നതാണു നാം കാണുന്നത്.
രോഹിത്, ഫാത്തീമ അങ്ങനെ ജാതിഹിന്ദുത്തഹിംസയുടെ ഇരകളായി സ്ഥാപനവല്‍കൃതഹിംസ കൊന്നുതള്ളിയ നിരവധിപേരുണ്ട് ഇന്ത്യയെമ്പാടും. കേരളത്തിലും ജാതിവര്‍ണവെറിയും കൊലവെറിയും വിളയുകയാണ്. നിതിന്‍രാജിന്റെ രക്തസാക്ഷിത്തം അതാവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ജാതിഹിന്ദുത്തത്തിനെതിരായ ആത്മബലിയും ധീരരക്തസാക്ഷിത്തവുമാണത്. 1804ല്‍ ചേര്‍ത്തല നങ്ങേലിയും 1806ല്‍ വൈക്കം ദളവാക്കുളം പോരാളികളും നടത്തിയപോലുള്ള നിസ്വാര്‍ഥമായ മനുഷ്യമോചനത്തിനും ഭാവിയിലേക്കുള്ളതുമായ ജാതിഹിന്ദുത്തത്തിനെതിരായ ധീരരക്തസാക്ഷിത്തം. ദളവാക്കുളത്തിലെ പൂര്‍വചിന്തകരെക്കുറിച്ചുള്ള ആശാന്‍രെ 1923ലെ വൈക്കം വടയാര്‍ പ്രസംഗം അലയടിക്കുന്നു. മനുഷ്യമോചനചരിത്രത്തേ പ്രചോദിപ്പിപ്പിക്കുന്ന അധീശത്തത്തിനും ജാതിമേന്മാവാദത്തിനും എതിരായ വലിയ രാഷ്ട്രീയപ്പോരാട്ടവും അട്ടിമറിയുമാണത്. രോഹിതിനും നിതിനുമെല്ലാം നീതികിട്ടണം. ജാതിഹിന്ദുക്കളായ പ്രാതിനിധ്യത്തില്‍ മുന്നാക്കമായവര്‍ക്കുമാത്രമുള്ള സാമ്പത്തിക സംവരണമെന്ന ഭരണഘടനാവിരുദ്ധ ജനായത്തയട്ടിമറിയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ നിയമമാകുന്ന ഒളിഗാര്‍ക്കിവാഴുന്ന കേരളനിയമസഭയിലൂടെ ഇതും സാധ്യമാകണം.
തൊട്ടുകൂടാത്തവരാരാണെന്നും അവരെങ്ങനെയങ്ങനെയായി എന്നുമുളള അംബേദ്കറുടെ വിശദീകരണവും ഗുരുവിന്റെയും സഹോദരന്റെയും കറുപ്പന്റെയും മൂലൂരിന്റെയും ജാതിവിരുദ്ധകാവ്യങ്ങളും സാഹിത്യവുമെല്ലാം ബഹുജനങ്ങള്‍ നിരന്തരം പഠിക്കുകയും യുവത ഗവേഷണംചെയ്യുകയും മാധ്യമാക്കാദമികസംവാദങ്ങള്‍ നടത്തുകയും ചെയ്താലേ ഇതു സാധ്യമാകൂ. തൊട്ടുകൂടാത്തവരെല്ലാം ബൌദ്ധരായിരുന്നുവെന്ന ചരിത്രസത്യവും നീതിയും മനസ്സിലാക്കിയാലേ ബഹുജനങ്ങളുണരൂ. കാലടിയിലും കീഴടികളിലും വെട്ടിത്തള്ളി ദളവാക്കുളത്തിലെന്നപോലെ പാതിജീവനോടെ ചവിട്ടിമൂടിയമര്‍ത്തിയ കേരളത്തിന്റെ അശോകന്‍ പ്രബുദ്ധചരിത്രം അടിസ്ഥാനതലം മുതല്‍ പഠിപ്പിക്കപ്പെടണം. സഹോദരന്റെ ഓണപ്പാട്ടുപോലെ വാമനാദര്‍ശം വെടിഞ്ഞ് നാം മാബലിവാഴ്ച്ചവരുത്തിടേണം.
കേരളത്തിലെ ആധുനികബുദ്ധവാദം ഗുരുവും ശിഷ്യഗണങ്ങളും കൂടി 1910കളിലാരംഭിച്ചതും ഗുരുവിന്‍ 1918ലെ ലങ്കന്‍ പ്രഖ്യാപനവും മൂലൂരിന്‍ 1925ലെ ധമ്മപദവിവര്‍ത്തനവും സഹോദരന്‍രെ 1934 ലെ പദ്യകൃതികളിലെ ബുദ്ധകാണ്ഡവുമെല്ലാം പാഠപുത്തകങ്ങളും ബഹുജനപുത്തകാലയങ്ങളിലെ ചര്‍ച്ചകളിലും മാധ്യമാക്കാദമികസംവാദസദസ്സുകളിലും നിറയണം. വൈദികവര്‍ണാശ്രമധര്‍മമെന്ന ചാതുര്‍വര്‍ണ്യ ബ്രാഹ്മണപ്രത്യയശാസ്ത്രവും ജാതിഹിന്ദുത്തവും അതിന്‍ ക്ഷുദ്രരൂപങ്ങളായ നായനിസവും നമ്പ്യാനിസവും പിളളയിസവും വര്‍മനിസവും, ഇതിനെല്ലാം തന്തവൈബായ നമ്പൂരിസവുമെല്ലാം കൂടി വിശ്വസി, തീണ്ടാരി, നാമജപഘോഷയാത്രകളും ശൂദ്രലഹളകളും നടത്തി കേരളത്തെ ജാതിക്കൊലകളുടെ ഇരുട്ടിലെക്കു ചവിട്ടിത്താഴ്ത്തിയിരിക്കുന്നു. പുണ്യപുരാണപട്ടത്താനങ്ങളായ രാമായണ, മാവാരത, ഗീതാഗിരിശിബിരങ്ങളും സാഹിത്യസംസ്‌കാരനായകലീലകളുമാണീ ശൂദ്രലഹളകളുടെ സവര്‍ണപൊതുബോധവും ജാതിഹിന്ദുസമവായവും നിര്‍മിച്ചത്. മാവാരതപട്ടത്താനങ്ങളും ഗീതാഗിരിയും അവസാനിപ്പിച്ചേ മാനവികതയേയും സത്യനീതികളേയും ചരിത്രത്തേയും വീണ്ടെടുക്കാനാവൂ. ദലിതബഹുജന സാഹിത്യത്തിനും സംസ്‌കാരരാഷ്ട്രീയത്തിനും കൂടുതല്‍ ദൃശ്യതകൈവരുകയും അതു ഒളിഗാര്‍ക്കിയുടെ സവര്‍ണസിറിയന്‍ സാഹിത്യകോവിദരേയും ഭൈമീകാമുകരേയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു. ദലിതസംഘടനകളുടെ ഹര്‍ത്താലുകളും മലയാളികുലീനതയുടെ ഉള്‍ക്കിടിലമായി മാറുന്നു.
മാറ്റമാണ് ലോകത്തിന്റെ കാതലെന്ന പുത്തരുടെ അനിത്യവാദമാണ് അലയടിക്കുന്നത്. പ്രതീത്യസമുദ്പാദമെന്ന പരസ്പരബന്ധിതമായ കാരുണികമായ കാര്യകാരണചിന്തയാണ് യുക്തിപരമായ നൈതികചിന്തയുടെ ആധാരമായി തമിഴകത്ത് കോതയെന്നറിയപ്പെടുന്ന പാലിയിലെ ഗോതമ(ന്‍) വിശദീകരിച്ചത്. സമുദയമെന്ന ഒന്നിച്ചുള്ള ഉയിര്‍പ്പാണ് ബുദ്ധരുടെ തത്വചിന്തയുടെ സാമൂഹ്യരാഷ്ട്രീയ തലം. ഗുരുവിന്‍ സമുദായസങ്കല്‍പ്പനം സമുദയചിന്തയില്‍ നിന്നുവരുന്നു. ജനായത്തപരമായ പ്രാതിനിധ്യചിന്തയും പങ്കാളിത്ത രാഷ്ട്രീയവുമാണത്. അംബേദ്കര്‍ അതു ഭരണഘടനയുടെ ആധാരമാക്കി. അതിനേയാണ് ജാതിഹിന്ദുത്തം കേരളത്തിലൂടെ പ്രാതിനിധ്യത്തില്‍ ഏറെ മുന്നാക്കമായ സവര്‍ണ-സിറിയരുടെ മാത്രമായ സാമ്പത്തികബലഹീനതാതന്ത്രവാദത്തിലൂടെ അട്ടിമറിച്ചത്. അതു തിരുത്തിയേ ജനായത്ത ഇന്ത്യന്‍ ഭരണഘടനയെ വീണ്ടെടുക്കാനാവൂ. ദേശീയവിദ്യാഭ്യാസനയമെന്ന ജാതിഹിന്ദുവാഭാസത്തേയും റദ്ദാക്കിയേ പുതുതലമുറയും വിദ്യാഭ്യാസവ്യവസ്ഥയും രക്ഷപ്പെടൂ. വിമര്‍ശവിജ്ഞാനം നിര്‍മിക്കുന്ന സര്‍വകലാശാലകളേയും ബിരുദാനന്തരഗവേഷണങ്ങളേയും ഇല്ലാതാക്കുന്നതാണ് നാലുവര്‍ഷബിരുദമെന്ന എന്‍. ഇ. പി. പദ്ധതി. ഇതെല്ലാം കേരളത്തില്‍ ഇടതിലൂടെത്തന്നെ നടത്തിയെടുത്ത ഒളിഗാര്‍ക്കി ശക്തികളെ ബഹുജനസമക്ഷം തുറന്നുകാട്ടേണ്ടതുണ്ട്.
സഹോദരന്‍ വൈശാഖപൌര്‍ണമി എന്ന കവിതയില്‍ പാടിയ പോലെ വേനലിന്‍ മൂര്‍ച്ഛയില്‍ സര്‍വസന്താപങ്ങളും പ്രകാശത്തോടും കുളിര്‍മയോടും മാറ്റുന്ന അരുളാര്‍ന്ന വൈശാഖത്തിന്‍ പൌര്‍ണമിച്ചന്ദ്രന്‍ ഉദിച്ചുയരട്ടേ. ബഹുജനസുഖവും ബഹുജനഹിതവും നിറയട്ടേ. സങ്കടദുരിതങ്ങളും ജാതിമതഹിംസകളും യുദ്ധങ്ങളും വംശഹത്യകളും അതിജീവിച്ച് മാനവരാശിയും ലോകവും സുഖമായി വാഴട്ടെ. സബ്ബേസത്താസുഖീഹോന്തു, എല്ലാ ജീവാജീവങ്ങള്‍ക്കും സൌഖ്യമാകട്ടെ. ആയിരം പൂക്കള്‍ വിരിയട്ടേ.. ഏവര്‍ക്കും ബുദ്ധപൂര്‍ണിമാമംഗളങ്ങള്‍..
(ഡോ. അജയ് എസ്. ശേഖര്‍: അസോഷ്യേറ്റ് പ്രൊഫസര്‍ ഓഫ് ഇംഗ്ലീഷ്, ഫൌണ്ടര്‍ കോഡിനേറ്റര്‍ ഓഫ് സെന്റര്‍ ഫോര്‍ ബുദ്ധിസ്‌ററ് സ്റ്റഡീസ്, കാലടി സര്‍വകലാശാല)
