September 16 Wednesday 2026

September 16 Wednesday 2026

ചീഫ് ജസ്റ്റിസിനെ ബഹിഷ്കരിക്കല്‍: വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുമോ സര്‍വകലാശാലകള്‍

ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ഹൈദരാബാദിലെ പ്രശസ്തമായ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (NALSAR) യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ബിരുദം പൂർത്തിയാക്കുന്ന 2026 ബാച്ചിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ കോഴ്സുകളിൽ നിന്നായി 450-ലധികം വിദ്യാർത്ഥികളാണ് ചീഫ് ജസ്റ്റിസിന്റെ പങ്കാളിത്തത്തിനെതിരെ സർവകലാശാല അധികൃതർക്ക് സംയുക്ത നിവേദനം നൽകിയത്.

​ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള തീരുമാനം സർവകലാശാല പുനഃപരിശോധിക്കണമെന്നും, അല്ലെങ്കിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും വിദ്യാർത്ഥികൾ കത്തിൽ വ്യക്തമാക്കുന്നു.

​പ്രതിഷേധത്തിന് പിന്നിൽ പൊലീസിന്റെ അതിക്രമത്തോടുള്ള സമീപനവും പരാമർശങ്ങളും :

​ഡൽഹിയിലെ ജന്തർ മന്തറിൽ കഴിഞ്ഞമാസം നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും വിദ്യാർത്ഥികൾ നടത്തിയ ‘ചലോ പാർലമെന്റ്’ മാർച്ചിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങളാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. ​പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമങ്ങളുടെ വീഡിയോ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ അഭിഭാഷകൻ ശ്രമിച്ചപ്പോൾ, “ഞങ്ങൾക്ക് വീഡിയോകൾ കാണാൻ താല്പര്യമില്ല, സമയം കളയരുത്” എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നു. പൗരാവകാശങ്ങൾ സംരക്ഷിക്കേണ്ട പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള അവഗണനയാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.

​മുൻപ് ഒരു വാദത്തിനിടെ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന രീതിയിൽ നടത്തിയ ‘കോക്രോച്ച്’ (പാറ്റ) പരാമർശവും വിദ്യാർത്ഥികൾ കത്തിൽ ഉന്നയിക്കുന്നുണ്ട്. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും സമർപ്പിച്ച കത്തിൽ സർവകലാശാല മുന്നോട്ടുവെക്കുന്ന ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചാണ് വിദ്യാർത്ഥികൾ ഓർമ്മിപ്പിക്കുന്നത്.

​”നീതിന്യായ വ്യവസ്ഥയോടും ഭരണഘടനാ മൂല്യങ്ങളോടും ഉള്ള പ്രതിബദ്ധത പ്രതിഫലിക്കേണ്ട അപൂർവ്വ നിമിഷമാണ് ബിരുദദാനച്ചടങ്ങ്. എന്നാൽ, പൗരന്മാരുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങളെ നിസ്സാരവത്കരിക്കുന്ന രീതിയിൽ പെരുമാറിയ ഒരു വ്യക്തിയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നത് നൽസർ ( നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് ) ഞങ്ങളെ പഠിപ്പിച്ച മൂല്യങ്ങൾക്ക് നിരക്കുന്നതല്ല,” എന്ന് വിദ്യാർത്ഥികൾ കത്തിൽ കുറിച്ചു.

​ആദ്യം ബിരുദം പൂർത്തിയാക്കുന്ന ബാച്ചിലെ 70 വിദ്യാർത്ഥികൾ നൽകിയ കത്തിന് പിന്നാലെ, സർവകലാശാലയിലെ മറ്റ് ബാച്ചുകളിലെ 380-ഓളം വിദ്യാർത്ഥികളും പിന്തുണ പ്രഖ്യാപിച്ച് നിവേദനത്തിൽ ഒപ്പുവെക്കുകയായിരുന്നു.

​മറ്റു സർവകലാശാലകളിലും പ്രതിഷേധം:

​ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെയുള്ള വിദ്യാർത്ഥി പ്രതിഷേധം മറ്റ് മുൻനിര സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ദിവസങ്ങൾക്ക് മുൻപ് മുംബൈയിലെ പ്രശസ്തമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) തങ്ങളുടെ 86-ാമത് ബിരുദദാനച്ചടങ്ങ് അവസാന നിമിഷം മാറ്റിവെച്ചിരുന്നു. ഇവിടെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തന്നെയായിരുന്നു മുഖ്യാതിഥിയായി എത്തേണ്ടിയിരുന്നത്. വിദ്യാർത്ഥികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന.

അധികൃതരുടെ നിലപാട് ഉറ്റുനോക്കി നിയമ ലോകം
​വിദ്യാർത്ഥികളുടെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ നൽസാർ (നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് ) സർവകലാശാല ഭരണകൂടം വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് നീതിന്യായ-വിദ്യാഭ്യാസ മേഖലകളിൽ ഉറ്റുനോക്കപ്പെടുകയാണ്. സംഭവത്തിൽ സർവകലാശാല ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിനായി ചടങ്ങ് മാറ്റിവെക്കാനോ മുഖ്യാതിഥിയെ മാറ്റാനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related