ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് നിർത്തലാക്കി ബിജെപി സർക്കാർ ഉത്തരവിറക്കി. ഒരൊറ്റ അതോറിറ്റിക്ക് കീഴിൽ ആറ് ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ. ഈ രീതിയിൽ നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാവുകയാണ് ഉത്തരാഖണ്ഡ്. ന്യൂനപക്ഷ വിദ്യാഭ്യാസ നിയമം കഴിഞ്ഞ ബുധനാഴ്ച്ചയാണ് പ്രാബല്യത്തിൽ വന്നത്. 2016 ലെ ഉത്തരാഖണ്ഡ് മദ്രസ ബോർഡ് നിയമവും, 2019ലെ ഉത്തരാഖണ്ഡ് നോൺ-ഗവൺമെന്റ് അറബിക് ആന്റ് പേർഷ്യൻ മദ്രസ അംഗീകാര ചട്ടങ്ങളും റദ്ദ് ചെയ്യപ്പെട്ടു. ഉത്തരാഖണ്ഡ് സ്റ്റേറ്റ് അതൊറിറ്റി ഫോർ മൈനോരിറ്റി എഡ്യൂക്കേഷൻ പുതിയതായി രൂപീകരിച്ചു. മുസ്ലിം സിഖ് ക്രിസ്ത്യൻ ബുദ്ധ വിഭാഗങ്ങൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഇനി മുതൽ ഈ അതൊറിറ്റിയുടെ കീഴിലാണ് വരിക.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമി അതോരിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഏതെങ്കിലും ഒരു മതത്തിന്റെ ഐഡന്റിറ്റിയെ ബാധിക്കുക അല്ല സർക്കാരിന്റെ ലക്ഷ്യമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ഉദ്ദേശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്രസ ബോർഡിലോ വിദ്യാഭ്യാസ വകുപ്പിലൊ രജിസ്റ്റർ ചെയ്യാത്ത 136 മദ്രസകൾ 2025 ൽ ഉത്തരാഖണ്ഡ് സർക്കാർ പൂട്ടിയിരുന്നു. സ്വാതന്ത്ര ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സർക്കാർ ആയിരുന്നു ഉത്തരാഖണ്ഡിലേത്.
