August 13 Thursday 2026

മനക്കരുത്തുകൊണ്ട് മഹാത്ഭുതങ്ങൾ സൃഷ്ടിച്ച മനുഷ്യരുടെ ജീവിതമെഴുത്ത്

ചില ജീവിതങ്ങൾ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കും. നമ്മൾ എത്ര ചെറിയ മനുഷ്യരാണെന്ന് പറഞ്ഞു കൊണ്ടിരിക്കും. അവശതകളൊന്നും ഇല്ലാതിരുന്നിട്ടും പോലും സമൂഹത്തിന് എന്ത് ചെയ്തു? എന്ന ചങ്കിൽ കുത്തുന്ന ചില ചോദ്യങ്ങൾ തൊടുത്തുവിടും. അത്തരം ചോദ്യങ്ങളും ബോധ്യങ്ങളും ഉയർത്തുകയാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ “അവശതയെ അതിജീവിച്ച അത്ഭുത ജീവിതങ്ങൾ” എന്ന പുസ്തകം. ഇത് ഏതാനും മനുഷ്യരുടെ ജീവിതചരിത്രങ്ങളുടെ സമാഹാരമല്ല; മനക്കരുത്തുകൊണ്ട് മഹാത്ഭുതങ്ങൾ സൃഷ്ടിച്ച മനുഷ്യരുടെ ജീവിതമെഴുത്താണ്. ശരീരിക അവശതകളോട് ഗുഡ്‌ബൈ പറഞ്ഞ് അത്യുന്നതങ്ങളിലെത്തിയവരുടെ ജീവിതകഥകളാണ്.

കാഴ്ചയും കേൾവിയും സംസാരശേഷിയും നഷ്ടപ്പെട്ടിട്ടും കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഹെലൻ ആദംസ് കെല്ലർ (Helen Adams Kellr), അന്ധതയുടെ ഇരുട്ടിൽ നിന്ന് Paradise Lost എന്ന ഇതിഹാസ കാവ്യം രചിച്ച ജോൺ മിൽട്ടൺ (John Milton), കേൾവി നഷ്ടപ്പെട്ടിട്ടും സംഗീതത്തിന്റെ ലോകത്ത് അനശ്വര നക്ഷത്രമായി ജ്വലിച്ചു നിന്ന ജർമൻ സംഗീത സംവിധായകൻ ലുഡ്‌വിഗ് വാൻ ബീഥോവൻ (Ludwig van Beethoven), വീൽചെയറിലിരുന്ന് പ്രപഞ്ചത്തിന്റെ അതിരുകൾ അളന്ന സ്റ്റീഫൻ ഹോക്കിങ് (Stephen Hawking), ഗുരുതര രോഗങ്ങളെയും ശാരീരിക വേദനകളെയും അതിജീവിച്ച് സ്വപ്നങ്ങൾക്ക് നിറം പകർന്ന മെക്സിക്കൻ ചിത്രകാരി ഫ്രിഡ കാഹ്‌ലോ (Frida Kahlo) മനക്കരുത്തിൻ്റെ മഹാൽഭുതങ്ങളാണ് ഇവരുടെയെല്ലാം ചരിത്രങ്ങൾ.

അർജന്റീനൻ എഴുത്തുകാരൻ ജോർജ് ലൂയിസ് ബോർഹസ് (Jorge Luis Borges) കാഴ്ച നഷ്ടപ്പെട്ട ശേഷമാണ് തന്റെ ഏറ്റവും ആഴമുള്ള രചനകൾ സൃഷ്ടിച്ചത്. ഫ്രഞ്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ജീൻ-ഡൊമിനിക് ബൗബി (Jean-Dominique Bauby)ശരീരം മുഴുവൻ തളർന്ന അവസ്ഥയിൽ ഒരു കണ്ണിമയുടെ ചലനം മാത്രം ഉപയോഗിച്ചാണ് The Diving Bell and the Butterfly എന്ന ലോക പ്രശസ്തമായ ഓർമകുറിപ്പ് എഴുതിയത്. എന്നാൽ, അതിജീവനത്തിന്റെ ചരിത്രം ലോകപ്രശസ്തരുടെ ജീവിതങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഓർമപ്പെടുത്തുകയാണ് ശൈഖ്മുഹമ്മദ് കാരക്കുന്നിന്റെ ഈ പുസ്തകം. കേരളത്തിന്റെ മണ്ണിൽ ജനിച്ച്, അവശതകളുടെ കനൽമുള്ളുകളെ ചവിട്ടുപടികളാക്കിയ സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്.

ഇതിലെ ജീവിതങ്ങൾ ഒരു മെഷറിം ഗേജാണ്. അതിൽ നമ്മൾ നമ്മളെത്തന്നെ അളന്നു തിട്ടപെടുത്തേണ്ട, നമ്മുടെ പരാതികളും നിരാശകളും നിസ്സഹായതകളും എത്ര ചെറുതാണെന്ന് തിരിച്ചറിയേണ്ട ഉരക്കല്ല്. ഇതിലെ മനുഷ്യർ ഉപദേശ പ്രഭാഷണങ്ങൾ ചെയ്യുന്നില്ല. അവരുടെ ജീവിതം തന്നെ അഴകുള്ള പ്രഭാഷണമാകുന്നു. അവർ കരുണ ആവശ്യപ്പെടുന്നില്ല; മറിച്ച് ആദരവ് നേടുന്നു. പൂന്തോട്ടത്തിൽ വിരിഞ്ഞു നില്കുന്ന സൂര്യകാന്തിയെക്കാളും ഭംഗി, പാറക്കെട്ടുകൾക്കിടയിൽ വിരിയുന്ന മുക്കുറ്റി പൂവിനാണ്. ചിറകറ്റ പക്ഷിയാണ്, ആകാശം കീഴടക്കുമ്പോഴാണ് ചരിത്രമാകുന്നത്. ഈ പുസ്തകത്തിലെ മനുഷ്യർ അത്തരം ചരിത്രങ്ങളുടെ ഉടമകളാണ്.

“അവശതയെ അതിജീവിച്ച അത്ഭുത ജീവിതങ്ങൾ” ഒരു പാഠപുസ്തകമാണ്. ജീവിതം നമ്മെ എത്രമാത്രം പരീക്ഷിച്ചാലും മനുഷ്യന്റെ മനസ്സ് അതിനേക്കാൾ ശക്തമാണെന്ന് തെളിയിക്കുന്ന ജീവനുള്ള സാക്ഷ്യങ്ങളാണ്. അതുകൊണ്ടു തന്നെ വായിച്ചു തിർന്നാലും അതിലെ ജീവിതങ്ങൾ നമ്മുടെ ഉള്ളിൽ കനലായി കെടാതെ നിൽക്കും.

ഇരുപത്തിയഞ്ച് ജീവിതങ്ങളാണ് ഈ പുസ്തകത്താലുള്ളത്. ഇതിൽ പലരും എനിക്ക് അടുത്ത ബന്ധമുള്ളവരാണ്. കണ്ണൂരിലെ ഹാറൂൻക്ക സലാലയിൽ ഒന്നിച്ചുണ്ടായിരുന്നു. മുഹമ്മദ് ആസിം ബന്ധുവാണ്…. അങ്ങനെ പലരും. കണ്ണൂർ പാനൂരിലെ ബി.എസ്.എം ട്രസ്റ്റാണ് പുസ്തകത്തിൻ്റെ പ്രസാധകർ. ഈ കൃതി കൂടുതൽ വായിക്കപ്പെടട്ടെ, കൂടുതൽ ചർച്ച ചെയ്യപ്പെടട്ടെ, കൂടുതൽ മനുഷ്യരെ ജീവിതത്തെ സ്നേഹിക്കാൻ പ്രേരിപ്പിക്കട്ടെ.

Related