നാടോടിക്കഥകളുടെ ഏറ്റവും വലിയ മനോഹാരിത എന്ന് പറയുന്നത്, ഒരു പക്ഷെ എത്ര അവിശ്വസനീയമാണെങ്കിലും, എത്ര പൊലിപ്പിച്ച് പറയുകയാണെങ്കിലും കേൾക്കുന്നവരിലേക്ക് ആ കഥകളെ കയറ്റിവിടുക എന്നത് കൂടെയാണെന്ന് തോന്നുന്നു. കുട്ടികളോട് കഥകൾ പറയുമ്പോഴും അങ്ങനെയാണ്. ഒരിക്കൽ മൂന്നു വയസ്സുള്ളപ്പോഴോ മറ്റോ എന്റെ മകളോട് ഞാൻ ഒരു കഥ പറയാൻ ശ്രമിച്ചു. അവളുടെ മുന്നിൽ ഹൈപ്പ് ഒക്കെ ഉണ്ടാക്കി വലിയ സംഭവമായി അത് ഓവർആക്ട് ചെയ്ത് പറയുകയും ചെയ്തു. പക്ഷെ, അവൾ പറഞ്ഞത്, “പാപ്പാ, യു ആർ ടെല്ലിങ് എ ഫൂളിഷ് സ്റ്റോറി” എന്നായിരുന്നു. അതോടെ അവളോട് കഥ പറയുന്ന പരിപാടി ഞാൻ നിർത്തിയിരുന്നു. പണ്ട് ഞങ്ങളുടെ വീട്ടിൽ രാത്രി കൂട്ട് കിടക്കാൻ വരുന്ന മേരി അമ്മമ്മ എന്നൊരു അമ്മമ്മ ഉണ്ടായിരുന്നു. അവർ കാട് പിടിച്ച വീടിന്റെ ഉമ്മറത്തിരുന്നു രാത്രിയിൽ കഥകൾ പറഞ്ഞു തരും. യക്ഷിക്കഥകൾ. ഏകദേശം നാൽപ്പത് വർഷങ്ങൾക്ക് ശേഷവും മേരി അമ്മമ്മയെ ഞങ്ങൾ ഓർക്കുന്നത് യക്ഷിക്കഥ പറഞ്ഞു ഞങ്ങളെ പീഡിപ്പിച്ച മേരി അമ്മമ്മ എന്ന രീതിയിലായിരുന്നു.
ബാലൻ എന്ന സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കഥപറച്ചിലിലൂടെയാണ്. സ്വന്തം ജീവിതവുമായി ചേർത്തുവെച്ച് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അവർ ഓരോരോ കഥകൾ ഉണ്ടാക്കി അവരുടെ കുട്ടിയായ ബാലന് പറഞ്ഞുകൊടുക്കും. ഈ സിനിമയിലെ ഏറ്റവും ടച്ചിങ് ആയ ഒരു സീൻ, “ഇനി നമ്മുടെ കഥ എന്താണ് അമ്മേ?” എന്ന് ആ കുട്ടി ചോദിക്കുന്നതിലൂടെയാണ്. എല്ലാവരുടെയും ജീവിതം അത്തരം കഥകൾ തന്നെയാണ്. ഓരോ തവണ ഒരു യാത്രയിലും മനുഷ്യർ ചിലപ്പോൾ തങ്ങളുടേതായ കഥകൾ രൂപപ്പെടുത്തുന്നു. ചിലപ്പോൾ അവർ മറ്റുള്ളവരോടല്ലെങ്കിലും അവരവരോടായി കഥകൾ പറഞ്ഞു ജീവിക്കുന്നുണ്ടാകാം. സ്വന്തമായി കഥ പറയുന്ന മനുഷ്യർ തന്നെയായിരിക്കാം മനുഷ്യർ ഭൂരിഭാഗവും. ബാലൻ എന്ന സിനിമയിലെ തുടക്കം തന്നെ ഒരു ചുമരിൽ വരച്ച ചിത്രങ്ങളിലൂടെ സ്വന്തം ഒരു കഥയായി തുടങ്ങുന്ന ഒരു പാനാരോമിക് വിഷനിലൂടെയാണ് ഈ സിനിമ ആരംഭിക്കുന്നത്.
അതോടുകൂടെ കാണികൾ, അല്ലെങ്കിൽ കാണിയായ ഞാൻ, ആ സിനിമയിലേക്ക് കയറുകയാണ്. ഒരു കുട്ടിയെ പോലെ കണ്ണുതുറന്നു വെച്ച് കേൾക്കുന്ന രീതിയിലേക്ക് ഈ സിനിമയിലെ ‘കഥ’ എന്നെ കൊണ്ടുപോകുന്നു. തികച്ചും പുതുമയുള്ള കഥയുടെ സെറ്റിങ്, ജീവിതം, നമ്മൾ സിനിമയിലൊന്നും കണ്ടിട്ടില്ലാത്ത രീതിയിൽ കഥ ഗംഭീരമായി മുന്നോട്ടുപോകുന്നു. നാടോടിക്കഥയിലേക്ക് സിനിമ എന്ന ഒരു മാധ്യമത്തെ ബ്രില്യന്റായി ബ്ലെൻഡ് ചെയ്തുകൊണ്ട് ഈ സിനിമ അതിന്റെ പ്രയാണം അല്ലെങ്കിൽ ട്രാജക്ടറി ആരംഭിക്കുന്നു. അതും ഗംഭീരമായ വിഷ്വൽ ലാംഗ്വേജിൽ തന്നെ. പക്ഷെ ഒരു പ്രശ്നം, കഥയുടെ രസച്ചരട് ഒരു ഘട്ടത്തിൽ എത്തുമ്പോൾ പോകുന്നു. പണ്ടേതോ കുട്ടികൾക്ക് “സിംഹം നടന്നു, നടന്നു, നടന്നു, നടന്നു” എന്ന് പറഞ്ഞുകൊണ്ട് വലിച്ചുനീട്ടി കഥ പറയുന്നതുപോലെ ഈ സിനിമയും കഥയെ വലിച്ചുനീട്ടിക്കൊണ്ടുപോകുന്നു. അവസാനം ഇത്രയും ബ്രില്യന്റായ ഒരു സിനിമ എങ്ങനെയെങ്കിലും അവസാനിച്ചാൽ വീട്ടിൽ പോകാമെന്ന് തോന്നിപ്പോകും.
മലയാളത്തിലെ പുതിയ തലമുറ സംവിധായകരൊക്കെ ബ്രില്യന്റാണ് എന്ന കാര്യത്തിൽ വലിയ സംശയമൊന്നുമില്ല. പക്ഷെ ഇവരെയൊക്കെ എൺപതുകളിലെ ‘അമ്മ പാസം, ചെങ്ങായി പാസം, പ്രണയ പാസം’ എന്നിവ ഒക്കെ ചിലപ്പോൾ പിടികൂടും. അതുപോലെ തന്നെ ഈ സിനിമയിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഗെയിം ഒക്കെ പണ്ട് എൺപതുകളിൽ ഞങ്ങൾ സിനിമ കാണുന്നത് മുതൽ കണ്ടുതുടങ്ങുന്നതാണ്. ആ സിനിമയുടെ സിനിമാറ്റിക് ലാംഗ്വേജിലാണ് ഈ സിനിമയുടെ ‘കഥയും’ മുന്നോട്ടുപോകുന്നത്. അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ വളരെ അരോചകമായി തോന്നിയത്. അതുപോലെ തന്നെ സിനിമക്കഥ എന്ന് പറയുന്നത് എത്ര ലോജിക് ഇല്ലെങ്കിലും നമ്മളെ വിശ്വസിപ്പിച്ച് അതിന്റെ ഉള്ളിൽ തന്നെ നമ്മളെ നിലനിറുത്തുക എന്നതുകൂടെയാണ്. ഒരു ഘട്ടം കഴിഞ്ഞാൽ ഈ സിനിമയുടെ ഉള്ളിലേക്ക് കയറാൻ കഴിയാതെ തിയേറ്ററിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കേണ്ട അവസ്ഥ വരുന്നു. ഒരുപാട് സിനിമകളിലേക്കും വിഷ്വൽ ലാംഗ്വേജിലേക്കും എക്സ്പോസ് ചെയ്യപ്പെട്ട ഒരു തലമുറയുടെ മുന്നിലേക്ക് എന്ത് പുതിയ കാര്യവുമായി ഇവർ വരുന്നു എന്നത് കൂടി വലിയ കാര്യമാണെന്ന് തോന്നുന്നു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമക്ക് പുതുമയുള്ള സിനിമാറ്റിക് ഭാഷയും കൾച്ചറൽ അരീനയും ഒക്കെ നിർമ്മിച്ച് വലിയ രീതിയിലുള്ള ഒരു ഫ്രഷ് ലാംഗ്വേജ് കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. പക്ഷെ ബാലൻ, പഴയ മോഹൻലാൽ സിനിമയിലെ കവിയൂർ പൊന്നമ്മയുടെ ഉണ്ണിവിളിച്ചുള്ള കളിയായി പോലും അവസാനം ബോറടിച്ച് ഫീൽ ചെയ്തു പോയി.
പക്ഷെ മലയാള സിനിമയിലെ ഏറ്റവും മനോഹരമായ, ഗംഭീരമായ ഒരു കഥാപാത്രസൃഷ്ടിയാണ് ഈ സിനിമയിലെ ഫർസാന പാലത്തിങ്കൽ അവതരിപ്പിച്ച ആ അമ്മയുടെ കഥാപാത്രം. ഒരു പക്ഷെ ഇത്രയും ഗംഭീരവും പുതിയതുമായ ഒരു പെർഫോമൻസ് മലയാള സിനിമയിൽ വളരെ അപൂർവമായി മാത്രമേ അടുത്ത് കണ്ടിട്ടുള്ളൂ. മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിൽ ഒരാളാണ് അവർ. ആ കഥാപാത്രം സ്വാതന്ത്ര്യം/വേട്ട എന്നീ രണ്ടു ജീവിതാവസ്ഥകളിലൂടെ പോകുന്ന ഈ സിനിമയിലെ ട്രാജക്ടറി അതിഗംഭീരവുമാണ്. അവരെയും അവർ കണ്ടു മുട്ടുന്ന ആ അമ്മച്ചിയെയും ആണ് ഈ സിനിമയിൽ ആകെ കണ്ടിരിക്കാൻ തോന്നുന്നത്.
ഒരു ജയിലിൽ നിന്ന് പുറത്തിറങ്ങിയ അവർ തന്റെ ഒരു ലോകം സൃഷ്ടിക്കുന്നത്, അവർക്ക് ലോകത്ത് ജീവിക്കാനുള്ള രണ്ടു കോൺടാക്ട് നമ്പറുകൾ ഒരു വെസ്റ്റ് ബാസ്കറ്റിൽ ഇട്ടുകൊണ്ട് തന്റെ മകന്റെ കൂടെ ഒറ്റയ്ക്കുള്ള ഒരു ലോകത്തിലേക്ക് യാത്ര പോകുമ്പോഴാണ്. സമൂഹം, കമ്മ്യൂണിറ്റി, മനുഷ്യർ, ചുറ്റുപാടുകൾ എന്നിവ ഇപ്പോഴും തന്നെ വേട്ടയാടും എന്ന് ഉത്തമബോധ്യമുള്ള ഒരു സ്ത്രീ ജീവിതത്തിലെ യാത്രയിൽ ഓരോ ഘട്ടത്തിലും തന്റെ ഏകാന്തമായ ഒരു ലോകത്തിലേക്ക് വളരുകയാണ്. അല്ലെങ്കിൽ തന്റേതായ ഒരു ലോകം സൃഷ്ടിക്കുകയാണ്. അവിടെ അവർക്ക് അവരുടെ മകൻ പോലും ചിലപ്പോൾ ബാധ്യതയായി തോന്നുന്നു. ആ ബാലൻ ഒരു ഘട്ടത്തിൽ തനിക്ക് സ്കൂളിൽ പോകണം എന്ന് പറയുമ്പോൾ ആ കുട്ടിയുടെ കോളർ പിടിച്ച് അവനോടുപോലും അവൾ സംഘർഷപ്പെടുന്നു. ഈ വേട്ടയിലെ ഓട്ടത്തിൽ ഒട്ടും വിട്ടുകൊടുക്കാതെ പോകുന്ന ആ അമ്മ കഥാപാത്രം ഒരു പക്ഷെ മലയാള സിനിമയിലെ ഐക്കൺ കൂടെയാണ്. അത് അവരുടെ ‘അമ്മ പാസം’ കൊണ്ടല്ല. നിരന്തരം വേട്ടയാടപ്പെടുന്ന ഈ ലോകത്തിൽ അവർ ജീവിക്കാൻ നടത്തുന്ന പോരാട്ടം കൊണ്ടുകൂടെയാണ്. ഒരു മകളായി തന്റെ കൂടെ കൂടിക്കോ എന്ന് പറയുന്ന ആ ചായക്കടക്കാരനായ അച്ഛന്റെ സ്നേഹത്തെയൊക്കെ നല്ല ഭേഷായി വലിപ്പിച്ച് ആ സ്ത്രീ കടന്നുകളയുകയും കൂടെയാണ്. ജീവിതം എന്ന യുദ്ധത്തിൽ സകല കുതന്ത്രവും ഉപയോഗിക്കുന്ന അപാരമായ ഒരു സ്ത്രീയാണ് അവർ. അത് പെർഫോം ചെയ്തിരിക്കുന്ന ഫർസാന എന്ന നടി ഒരു രക്ഷയുമില്ലാത്ത അപാര പെർഫോർമർ കൂടെയാണ്.
ഇതേ അമ്മയുടെ കഥാപാത്രത്തിന് ഏറ്റവും കൂടുതൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്നത് ആ ഒറ്റയ്ക്ക് ജീവിക്കുന്ന ആ അമ്മച്ചിയോടു മാത്രമാണ്. അവർ ഒരു റിയൽ കഥാപാത്രമാണോ, ഒരു മാജിക്കൽ റിയലിസ്റ്റിക് എന്റിറ്റിയാണോ എന്നൊക്കെ ചിലപ്പോൾ ഈ സിനിമയിൽ തോന്നിപ്പോകും. അവർ ലോകത്തോട്, കുടുംബത്തോട്, മക്കളോട് ഒക്കെ വിഘടിച്ചുകൊണ്ട് ഒരു ഒറ്റപ്പെട്ട ജീവിതം കൂടെയാണ് ജീവിക്കുന്നത്. തന്റെ പറമ്പിൽ വരുന്ന കുട്ടികൾ അടക്കം അവരുടെ ശത്രുക്കളാണ്. അവർ താൻ പറഞ്ഞ കഥകൾ മുഴുവൻ കളവാണെന്ന് ഈ അമ്മയുടെ കഥാപാത്രത്തോട് പറയുന്നുമുണ്ട്. ഒറ്റപ്പെട്ട ലോകത്തെ പറ്റിക്കുന്ന ലോകത്തിനോട് ഒരു ആദരവുമില്ലാതെ, ലോകത്തിന് ഒരു തോക്കുകൊണ്ട് അതിർ തിരിച്ച് അപ്പുറത്ത് നിർത്തുന്ന, കളവുപറയുന്ന ആ അമ്മച്ചിയോടാണ് ഈ അമ്മയുടെ കഥാപാത്രം ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യപ്പെടുന്നത്. താൻ മരിച്ചാൽ തന്നെ കുഴിച്ചുമൂടി ഒരു വാഴ വെക്കാൻ പറയുന്നതും ഈ ലോകത്തെ മൈൻഡ് ചെയ്യാത്ത ഒരു മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നത് കൊണ്ടാണ്. ഈ സിനിമ ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ ഒരു സംഗതി, ലോകം എന്നത് ഒരു വേട്ടയുടെ ഇടമാകുമ്പോൾ അവിടെ നീതി, ന്യായം എന്നിവയൊക്കെ അട്ടിമറിച്ച് കൊണ്ട് യുദ്ധം വിജയിക്കാനുള്ള സകല കുതന്ത്രങ്ങളും മെനയുന്ന ഏകാന്തമായ രണ്ടു ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതാണ്. ഈ സിനിമയിലെ അമ്മയും ആ അമ്മച്ചിയും. അവർ ഈ ലോകത്തിൽ ജീവിച്ചിരിക്കേണ്ടവരല്ല. അതുക്കും മേലെയുള്ള രണ്ടു മനുഷ്യരാണ്.
മനുഷ്യരുടെ ബന്ധങ്ങൾ, സ്നേഹം, പാസം എന്നിവയ്ക്കപ്പുറം വേട്ടയാടപ്പെടുന്ന മനുഷ്യർ ജീവിക്കാൻ നടത്തുന്ന സർവൈവൽ, അതിന്റെ യുദ്ധം, അതിൽ അവർ രൂപപ്പെടുത്തുന്ന കുതന്ത്രങ്ങൾ എന്നിവയിലെ പുതുമയാണ് ഈ സിനിമയെ ഒരു തരത്തിൽ രസകരമാക്കുന്നത്. സ്വാതന്ത്ര്യവും വേട്ടയും തമ്മിലുള്ള യുദ്ധവും ഓട്ടവുമാണ് ഈ സിനിമയെ ഒരു പരിധിവരെ കണ്ടിരിക്കാൻ പ്രാപ്തരാക്കുന്നത്.
