August 13 Thursday 2026

ഔറംഗസീബും ടിപ്പുസുൽത്താനും: ബി എൻ പാണ്ഡെയുടെ നിരീക്ഷണങ്ങൾ

ബിഎൻ പാണ്ഡെ (1906 – 1998) തികഞ്ഞ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയും മതമൈത്രി,ദേശീയോദ്ഗ്രഥനം എന്നീ കാര്യങ്ങൾക്കുവേണ്ടി അത്യധ്വാനം ചെയ്ത പ്രഗൽഭ വ്യക്തിത്വവുമാണ്. ഗാന്ധിയൻ ദർശനത്തെ പറ്റി വിദേശ നാടുകളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.1984-88 കാലയളവിൽ ഒറീസ്സ ഗവർണറായിരുന്നു.19 വർഷത്തോളം രാജ്യസഭാ മെമ്പറുമായിരുന്നു (1976 – 84;1989 – 1998). ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് (1980 – 83) യു.പി നിയമസഭാംഗം, അലഹബാദ് മേയർ എന്നീ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നീണ്ട 18 വർഷം ഗാന്ധി സ്മൃതി ആന്‍റ് ദർശൻ സമിതി (GSDS) എന്ന സംവിധാനത്തിന്റെ ഉപാധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മുഖ്യ രചനകൾ: 
1.Centenary history of Indian National Congress (1885-1985)
2.A Concise history of Indian National Congress (1947-1985)
3.Indira Gandhi
4.Islam and Indian Culture
5.Aurangzeb
1987 കോഴിക്കോട്ടെ പി.പി ഉമ്മർ ഫാറൂഖ് Islam and Indian Culture എന്ന പുസ്തകം പരിഭാഷപ്പെടുത്തി ‘ഇസ്ലാമും ഇന്ത്യൻ സംസ്കാരവും’ എന്നപേരിൽ പ്രസിദ്ധീകരിച്ചിരുന്നു. നല്ലൊരു പുസ്തകമായിരുന്നു. 40 വർഷത്തിനുശേഷം പുതുതലമുറക്ക് അത് തീർത്തും അലഭ്യമായിരിക്കുകയാണ്. പല യുവ കോൺഗ്രസുകാരോടും ബി.എൻ പാണ്ഡെയെ പറ്റി അന്വേഷിക്കുമ്പോൾ അവർക്കാർക്കും കാര്യമായ വിവരമൊന്നുമില്ല.
120 പേജുകളുള്ള ഈ പുസ്തകത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. പറ്റ്നയിലെ ഖുദാബക്ഷ് സ്മാരക വാർഷിക പ്രഭാഷണങ്ങളാണിവ (1985 ഡിസംബർ 19,20,21).
പാണ്ഡെയുടെ വീക്ഷണ നിരീക്ഷണങ്ങളിൽ ന്യായമായും വിയോജിക്കേണ്ട ചില ബിന്ദുക്കളുണ്ട്; എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒട്ടേറെ വസ്തുതകളുമുണ്ട്.

” മധ്യകാല ഇന്ത്യ ചരിത്രത്തിലെ വളച്ചുതിരിക്കൽ ” എന്ന രണ്ടാം ഭാഗത്തിൽ അദ്ദേഹത്തിന്റെ ചില വരികൾ കാണുക: “……… ഇന്ത്യ ചരിത്രത്തെ കുറിച്ചുള്ള വ്യാപകവും അഴമേറിയതുമായ ഒരു നിഷ്പക്ഷമായ പഠനം അടിയന്തരമായും നടത്തേണ്ടതുണ്ട്. ഈ പഠനം മുമ്പത്തേക്കാളും ഇന്ന് വളരെ അത്യാവശ്യമാണ്. പ്രസക്തമായ ഒരു ചോദ്യമിതാണ് – ചരിത്രത്തെ വിഭജിച്ചു കൊണ്ട് ഇത് പൗരാണിക ചരിത്രം ഇത് മധ്യകാല ചരിത്രം എന്നിങ്ങനെ പറയാൻ ആകുമോ? മഹാനായ ഓക്സ്ഫോർഡ് പ്രൊഫസർ ഫ്രീമാൻ പഠിപ്പിക്കുന്നത് ആധുനിക ശാസ്ത്രീയ വീക്ഷണത്തിലൂടെ ചരിത്രം പഠിപ്പിക്കുന്നതിന്റെ അടിസ്ഥാന സിദ്ധാന്തം ചരിത്രത്തിന്റെ തുടർച്ചയും ഐക്യവും നിലനിർത്തുക എന്നതാണ്. ഇതിനെ അനുകൂലിച്ചുകൊണ്ട് ഡോക്ടർ ബി ആർ ബണ്ഡാർകർ പറഞ്ഞതെങ്ങനെയാണ് :

“ഇന്ത്യ ചരിത്രത്തെ മൂന്നായി വിഭജിച്ചുകൊണ്ട് ഹിന്ദു കാലഘട്ടം മുസ്ലിം കാലഘട്ടം ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെ പറയാൻ നമുക്ക് സാധ്യമല്ല. ഇങ്ങനെ പറയുന്നതോളം ബുദ്ധിശൂന്യമായി മറ്റൊന്നുമില്ല. ഒന്നാമതായി ചരിത്രം ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആയിരിക്കുന്നതുപോലെ പൗരാണികവും മധ്യകാലവും ആധുനികവും ആയിരിക്കും. സാമുദായിക അടിസ്ഥാനത്തിലുള്ള ഇന്ത്യ ചരിത്രവിഭജനം എല്ലാ ചരിത്ര പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ട്. രണ്ടാമത് പറഞ്ഞ വിഭജനം പഠനത്തിന് പ്രത്യേകിച്ച് സാംസ്കാരിക വിശകലനത്തിന് സഹായകമായിരിക്കും. എന്നാൽ, ചരിത്രം ഒരു തുടർച്ചയാണെന്ന കാര്യം എപ്പോഴും മനസ്സിൽ വെക്കേണ്ടതുണ്ട്. പ്രത്യേകം പരിഗണന വെച്ച് പഠിക്കുന്നതിനു വേണ്ടി ചരിത്രകാലങ്ങളെ താൽക്കാലികമായി വിഭജിക്കാം എന്നേയുള്ളൂ….
ഇന്ത്യയിലെ വിവിധ സമുദായങ്ങൾ തമ്മിൽ തുടർച്ചയായി അനൈക്യവും അസഹിഷ്ണുതയും ഉൽഗ്രഥനമില്ലായ്മയും നിലനിൽക്കാനുള്ള കാരണങ്ങൾ നാം പരിശോധിക്കേണ്ടതുണ്ട്. ഈ തെറ്റിദ്ധാരണ പല രൂപത്തിലും ഉടലെടുക്കുകയും പല ഭാവത്തിലും പ്രകടിപ്പിക്കുകയും ചെയ്യുന്നു. രണ്ടു വിഭാഗത്തിലും പെട്ട യാഥാസ്ഥിതികർ ഇന്ത്യൻ ചരിത്രയാഥാർത്ഥ്യങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് ചരിത്രസംഭവങ്ങളെ തങ്ങളുടെ വാദഗതിക്ക് അനുയോജ്യമായ നിലയിൽ അവതരിപ്പിക്കാൻ ചിലർ പ്രചോദനം ഉൾക്കൊണ്ടതായി കാണുന്നുണ്ട്”.
ഡോ ബി.എൻ പാണ്ഡെ ഇസ്ലാമും ഇന്ത്യൻ സംസ്കാരവും എന്ന കൃതിയിലെ പ്രസക്തഭാഗം താഴെ ചേർക്കുന്നത്:
“ചരിത്രവസ്തുതകൾ എങ്ങിനെയാണ് വളച്ചൊടിക്കപ്പെട്ടത് എന്നതിലേക്ക് വെളിച്ചം വീശുന്ന ചില ഉദാഹരണങ്ങൾ ഞാൻ അണിനിരത്താം. 1928-ൽ അലഹബാദിൽ ഞാൻ ടിപ്പു സുൽത്താനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ ആംഗ്ലോ-ബങ്കാളി കോളേജ് വിദ്യാർത്ഥി യൂണിയന്റെ ചില ഭാരവാഹികൾ എന്നെ വന്നു കാണുകയും അവരുടെ ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. പാഠപുസ്തകങ്ങൾ കയ്യിലേന്തിക്കൊണ്ട് കോളേജിൽ നിന്നും അവർ നേരിട്ടാണ് വന്നത്. സംഗതിവശാൽ ഞാൻ അവരുടെ ചരിത്രപാഠപുസ്തകങ്ങൾ ഒന്നു കണ്ണോടിച്ചുനോക്കി, എന്നെ ഞെട്ടിച്ച അതിലെ ഒരു വാചകം ഇതായിരുന്നു: “മൂവായിരം ബ്രാഹ്മണന്മാർ, ടിപ്പു അവരെ ബലം പ്രയോഗിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനത്തിന് നിർബന്ധിച്ചപ്പോൾ ആത്മഹത്യ ചെയ്തു.” പുസ്തകത്തിന്റെ കർത്താവ് കൽക്കത്ത സർവ്വകലാശാലയിലെ സംസ്കൃത വകുപ്പുമേധാവി മഹാമഹോപാധ്യായ ഡോ. ഹരിപ്രസാദ് ശാസ്ത്രിയായിരുന്നു. ഞാൻ ഉടനെ എവിടെ നിന്നാണ് ഈ വിവരം കിട്ടിയതെന്ന് അന്വേഷിച്ചുകൊണ്ട് ഡോ.ശാസ്ത്രിക്ക് എഴുതി. പലതവണ എഴുതി ഓർമ്മപ്പെടുത്തിയപ്പോൾ മറുപടി കിട്ടി. മൈസൂർ ഗസറ്റിൽ നിന്നാണ് ഈ വിവരം കിട്ടിയതെന്നായിരുന്നു മറുപടി. മൈസൂർ ഗസറ്റർ അലഹബാദിലോ, കൽക്കത്തയിലെ ഇമ്പീരിയൽ ലൈബ്രറിയിലോ കിട്ടാനുണ്ടായിരുന്നില്ല. അതിനാൽ ഞാൻ ഡോ. ശാസ്ത്രിയുടെ പ്രസ്താവനയുടെ സത്യാവസ്ഥ അന്വേഷിച്ചുകൊണ്ട് മൈസൂർ സർവ്വകലാശാലയുടെ അന്നത്തെ വൈസ് ചാൻസലർ സർ ബ്രജീന്ദ്രനാഥ് സീലിനും ഒരു കത്തെഴുതി. അന്ന് മൈസൂർ ഗസറ്റിന്റെ പുതിയ പതിപ്പ് തയ്യാറാക്കുന്നതിൽ വ്യാപൃതനായിരുന്ന പ്രൊഫ. ശ്രീകണ്ഠയ്യയ്ക്ക് എന്റെ കത്ത് സർ ബ്രജീന്ദ്രനാഥ് സീൽ അയച്ചു കൊടുത്തു. 3000 ബ്രാഹ്മണന്മാർ ആത്മഹത്യ ചെയ്തതായുള്ള കഥ മൈസൂർ ഗസറ്റിൽ എവിടെയുമില്ലെന്നും പ്രൊഫ. ശ്രീകണ്ഠയ്യ എന്നെ അറിയിക്കുകയുണ്ടായി. മൈസൂർ ചരിത്രവിദ്യാർത്ഥി എന്ന നിലയിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും ഉറപ്പായി പറയാൻ സാധിക്കുമെന്നുകൂടി അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം തുടർന്നറിയിച്ചതും ടിപ്പു സുൽത്താന്റെ പ്രധാനമന്ത്രി പൂർണയ്യയും സർവ്വസൈന്യാധിപൻ കൃഷ്ണറാവുവും ബ്രാഹ്മണരായിരുന്നുവെന്നാണ്. ടിപ്പു സുൽത്താൻ വാർഷിക ധനസഹായം നൽകാറുണ്ടായിരുന്ന 156 ക്ഷേത്രങ്ങളുടെ ഒരു ലിസ്റ്റ് അദ്ദേഹം എനിക്ക് അയച്ചുതരികയുണ്ടായി. ടിപ്പു സുൽത്താനുമായി വളരെ സൗഹൃദത്തിലായിരുന്ന ശൃംഗേരിയിലെ ജഗദ് ഗുരു ശങ്കരാചാര്യർക്ക് ടിപ്പു സുൽത്താൻ അയച്ച 30 കത്തുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും അദ്ദേഹം അയച്ചുതരികയുണ്ടായി. മൈസൂർ രാജാക്കന്മാരുടെ പാരമ്പര്യമനുസരിച്ച് ടിപ്പു സുൽത്താൻ ദിവസവും പ്രാതൽ കഴിക്കുന്നതിന് മുമ്പായി ശ്രീരംഗപട്ടണം കോട്ടക്കകത്തുള്ള ശ്രീരംഗനാഥക്ഷേത്രം സന്ദർശിച്ചിരുന്നു. പ്രൊഫ. ശ്രീകണ്ഠയ്യ അഭിപ്രായപ്പെട്ടത് ഡോ. ശാസ്ത്രി കേണൽ മൈൽസിന്റെ സ്വയം വിളിക്കുന്ന “മൈസൂർ ചരിത്രം.” എന്ന പുസ്തകത്തെ ആധാരമാക്കിയിരിക്കാമെന്നാണ്. വിക്ടോറിയാ രാജ്ഞിയുടെ സ്വകാര്യ ലൈബ്രറിയിൽ നിന്നു കിട്ടിയ “ടിപ്പു സുൽത്താൻ” എന്ന പേർഷ്യൻ കയ്യെഴുത്തു പ്രതിയുടെ പരിഭാഷയാണിതെന്ന് അവകാശപ്പെട്ടിരുന്നു. വിശദമായ അന്വേഷണത്തിൽ വിക്ടോറിയാ റാണിയുടെ ലൈബ്രറിയിൽ അങ്ങനെ ഒരു കയ്യെഴുത്തു പ്രതിയേ ഇല്ലെന്നും, കേണൽ മൈൽസിന്റെ ചരിത്രപുസ്തകത്തിൽ മിക്കതും കെട്ടിച്ചമച്ചതും, പച്ചകള്ളവുമാണെന്നും മനസ്സിലാക്കാൻ സാധിച്ചു. ഡോ. ശാസ്ത്രിയുടെ പുസ്തകം ബംഗാൾ, ആസ്സാം, ബീഹാർ, ഒഡീഷ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഹൈസ്കൂൾ ചരിത്രപാഠഗ്രന്ഥമായി അംഗീകരിച്ചിട്ടുള്ളതായിരുന്നു. ഞാൻ അന്നത്തെ കൽക്കത്ത സർവ്വകലാശാല വൈസ് ചാൻസലർ സർ അശുതോഷ് ചൗധരിയെ സമീപിക്കുകയും ഡോ. ശാസ്ത്രി, മൈസൂർ സർവ്വകലാശാല വൈസ് ചാൻസലർ സർ ബ്രജീന്ദ്രനാഥ് സീൽ, പ്രൊഫ. ശ്രീകണ്ഠയ്യ എന്നിവരുമായി നടത്തിയ കത്തിടപാടുകൾ അയച്ചുകൊടുക്കുകയും പാഠപുസ്തകത്തിലെ ആക്ഷേപാർഹമായ പരാമർശത്തിനെതിരെ ആവശ്യമായ നടപടി എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഡോ. എച്ച്. പി ശാസ്ത്രിയുടെ ചരിത്രപുസ്തകം പാഠ്യപദ്ധതിയിൽ നിന്ന് പിൻവലിച്ചതായി ഉടൻ തന്നെ സർ അശുതോഷ് ചൗധരി മറുപടി അയക്കുകയുണ്ടായി. എന്നാൽ, എന്നെ നടുക്കിയ കാര്യം 1972-ലെ ഉത്തർപ്രദേശ് ഹൈസ്കൂളുകളിലെ 6, 7, 8 ക്ലാസ്സുകളിലേക്ക് തയ്യാറാക്കിയ ചരിത്രപാഠപുസ്തകങ്ങളിലും ഈ ആത്മഹത്യയുടെ കഥ പ്രത്യക്ഷപ്പെട്ടുവെന്നതാണ്.
മഹാത്മാ ഗാന്ധിയുടെ “യംഗ് ഇന്ത്യ” 1930 ജനുവരി 23ന് 31-ാം പേജിൽ ഇപ്രകാരം പ്രസിദ്ധീകരിക്കുകയുണ്ടായി. “വിദേശ ചരിത്രകാരന്മാർ മൈസൂരിലെ ടിപ്പു സുൽത്താനെ മതഭ്രാന്തനായും, ഹിന്ദു പ്രജകളെ അടിച്ചമർത്തി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹം അത്തരക്കാരനായിരുന്നില്ല. മറിച്ച് ഹിന്ദു പ്രജകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തികച്ചും സൗഹൃദപരമായിരുന്നു….. മൈസൂർ പുരാവസ്തു വിഭാഗത്തിൽ ടിപ്പു സുൽത്താൻ ശൃംഗേരി മഠത്തിലെ ശങ്കരാചാര്യർക്ക് എഴുതിയ മുപ്പതിലേറെ കത്തുകളുണ്ട്. കന്നഡയിലാണ് ഇവ എഴുതിയത്….. ഈ കത്തുകളിൽ ഒന്ന് 1793-ൽ എഴുതിയതാണ്. ടിപ്പുവിന് ശങ്കരാചാര്യർ അയച്ച കത്ത് കൈപ്പറ്റിയതായി അതിൽ പറയുന്നു. തപസ്സനുഷ്ഠിക്കാനും, ലോകക്ഷേമത്തിനെന്നപോലെ നാട്ടിന്റെ ക്ഷേമത്തിനും, പുരോഗതിക്കുമായി പ്രാർത്ഥിക്കാനും അതിൽ അഭ്യർത്ഥിക്കുന്നുണ്ട്. ശങ്കരാചാര്യരോട് മൈസൂരിലേക്ക് മടങ്ങിവരാൻ അഭ്യർത്ഥിച്ചുകൊണ്ടും, നാട്ടിൽ നല്ല ആളുകളുടെ സാന്നിധ്യം മഴ വർഷിക്കാനും അതുവഴി നല്ല വിളവെടുക്കാനും സഹായകമാകുമെന്നും പറഞ്ഞുകൊണ്ടാണ് കത്തവസാനിപ്പിക്കുന്നത്. ഇന്ത്യാചരിത്രത്തിൽ സ്വർണ്ണലിപികളാൽ അച്ചടിക്കേണ്ട ഒരു കത്താണിത്. ധാരാളം സംസ്കൃത വാക്കുകൾ നിറഞ്ഞ കന്നഡയിലുള്ള ആ കത്തിലെ ചില വാചകങ്ങൾ അതേപടി പകർത്തട്ടെ.
ശ്രീ മത്പരമഹംസ ദിയോർത പരാംഗിതാതന്ത ശൃഖേരി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിഗലംബമിയേ, ടിപ്പുസുൽത്താൻ ബാദുഷാര വരുസലതാള ബരഡികല ഹുസിത പത്രിക ഇൻതസകല അഭിലാഷായ ഉതിളിയലായിതു, താള ജഗദ് ഗുരുവാലു സർവ്വലോക ശക്രക്ഷേമ ആകബേക്രൂ, ജനറുസ്വാസ്ഥഭല്ലി ഇരബേകം ബിദാമി തപരസമാട്ടുതലേ ഇഡേരി, സാർകാരതു് ക്ഷേമവൃ ഉത്ത രോത്തര അഭിവർദ്ധമാൻ ആങ്കവന്തേ ത്രികാല തപസ്സ മാടുവല്ലിയ ഈശ്വര പ്രാത്ഥനേ മാടുത്ത ബരുവതു തമ്മൻ ന്താ തൊടവരു യാവദേശദല്ലി ഇദ്ധാരയേം ആദേശക്ക മളെബളെ സകലവൃ ആകി സുഭിക്ഷ വാഗി ഇരതക്കതാ തരിന്ത്ര പരസ്ഥലഭല്ലി ബഹള ദിവസ താള യാതക്കേ ഇരബേക്രുഹോദ കോലസവനു ക്ഷിപ്രഭല്ലി അനുകൂല പടിസി ക്കൊണ്ടു സ്വലക്കെ സാഗി ബരുബന്തേ മാടി സുവതു, താരിപു 21 മാരഹരാജിസാൽ സഹർസന 1220 മുഹമ്മദ്. പരിന്താവി സംവത്സരത മാഗബഹുള 14 ലുഖത്ത് സുബാഇ മുൻഷി ഹസൂർ.
“ഹിന്ദു ക്ഷേത്രങ്ങൾക്ക് ടിപ്പു വൻതോതിൽ ഭൂസ്വത്തുകൾ ദാനം ചെയ്തു. ശ്രീ വെങ്കട്ടരാമണ്ണ, ശ്രീനിവാസ, ശ്രീ രംഗനാഥ് തുടങ്ങിയ ടിപ്പുവിന്റെ കൊട്ടാരങ്ങൾക്ക് അഭിമുഖമായി നിലനിന്ന ക്ഷേത്രങ്ങൾ ആ മഹാനുഭാവന്റെ സഹിഷ്ണുതയുടെയും വിശാലതയുടെയും അനശ്വര സ്മാരകങ്ങളാണ്. അല്ലാഹുവിന്റെ ഭക്തനായിരുന്ന മഹാനായ ഈ രക്തസാക്ഷി – അദ്ദേഹം സ്വാതന്ത്രത്തിന്റെ രക്തസാക്ഷിയായിരുന്നു -ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നുള്ള മണിനാദങ്ങൾ തന്റെ പ്രാർത്ഥനകൾക്ക് ശല്യമായി കരുതിയിരുന്നില്ല. സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്തുകൊണ്ടാണ് ടിപ്പു മരിച്ചുവീണത്. ശത്രുക്കളുടെ മുന്നിൽ കീഴടങ്ങാനുള്ള നിർദേശം അദ്ദേഹം പുച്ഛത്തോടെ തള്ളിക്കളയുകയാണുണ്ടായത്. നിരവധി അജ്ഞാത ഭടന്മാരോടൊപ്പമാണ് ടിപ്പുവിന്റെ മൃതശരീരം കണ്ടെത്തിയത്; അവരുടെ ദുരവസ്ഥയിൽ അദ്ദേഹം അഭിമാനപൂർവ്വം പങ്കാളിയാവുകയായിരുന്നു. മരണത്തിലും തന്റെ കൈ വാളിന്റെ പിടിയിൽ നിന്നുമദ്ദേഹം വിട്ടിരുന്നില്ല- സ്വാതന്ത്ര്യപ്രഖ്യാപനത്തോടെ ഉയർത്തിപ്പിടിച്ച ഉപകരണമായിരുന്നു അത്. ടിപ്പുവിന്റെ വാക്കുകൾ ഓർക്കുക: “ഇരുനൂറ് കൊല്ലം നായയെപ്പോലെ ജീവിക്കുന്നതിനെക്കാളും രണ്ട് ദിവസം സിംഹമായി ജീവിക്കുന്നതാണ് ഉത്തമം.”
അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം രചിച്ച വിലാപഗാനത്തിലെ പദ്യശകലങ്ങൾ ഓർമ്മിക്കാം:
“അല്ലാഹുവേ! നിന്ദിതനും അപമാനിതനുമായി ജീവിക്കുന്നതിനെക്കാളും നമ്മുടെ തലയിൽ രക്തം ചൊരിഞ്ഞുകൊണ്ട് യുദ്ധഭൂമിയിൽ മരിച്ചു വീഴുന്നതാണ് ഉത്തമം.”
ഇതേ പ്രകാരത്തിൽ ഞാൻ അലഹബാദ് മുൻസിപ്പൽ ചെയർമാനായിരുന്ന കാലത്ത് (1948-ൽ) എന്റെ പരിഗണനയ്ക്ക് ഒരു കേസ് വരികയുണ്ടായി. സോമേശ്വർനാഥ് മഹാദേവ ക്ഷേത്രത്തിന് ദാനം ചെയ്ത ഒരു സ്വത്തെക്കുറിച്ചായിരുന്നു തർക്കം. അവകാശികളിൽ ഒരാൾ കുടുംബത്തിന്റേതായിരുന്ന ചില ആധാരങ്ങൾ സമർപ്പിക്കുകയുണ്ടായി. മുഗൾ ചക്രവർത്തി ഔറംഗസീബ് ഭൂസ്വത്തും പണവും ക്ഷേത്രത്തിന് നൽകിയതായിട്ടാണ് രേഖ. ഞാൻ അത്ഭുതപ്പെട്ടു. ഈ ആധാരങ്ങൾ കൃത്രിമമായിരിക്കുമോ എന്ന് സംശയിച്ചു. ക്ഷേത്രധ്വംസകനായി ചിത്രീകരിക്കപ്പെടുന്ന ഔറംഗസീബ് “ഈ ജാഗീർ പൂജയ്ക്കും ഹോമത്തിനുമുള്ളതാണ്” എന്ന് പറഞ്ഞുകൊണ്ട് എങ്ങനെ ഭൂമി നൽകും? ഔറംഗസീബ് വിഗ്രഹപ്രേമിയായാകുന്നതെങ്ങനെ? ഈ ആധാരങ്ങൾ സത്യമല്ലെന്നും എനിക്ക് ഉറപ്പായിരുന്നു.
എന്നാൽ, ഒരു തീരുമാനമെടുക്കുന്നതിന് മുമ്പായി പേർഷ്യനിലും അറബിയിലും വലിയ പണ്ഡിതനായ ഡോ. സർ തേജ് ബഹദൂർ സപ്രുവിന്റെ അഭിപ്രായം അറിയാമെന്ന് തീരുമാനിച്ചു. രേഖകൾ പരിശോധിച്ച ശേഷം ഡോ. സപ്രു പറഞ്ഞത്, ഔറംഗസീബിന്റെ ഉത്തരവുള്ള ഈ രേഖ സത്യമാണെന്നാണ്. തുടർന്ന് അദ്ദേഹം തന്റെ ഗുമസ്തനോട് വാരാണസിയിലെ ജംഗംബാടി ശിവക്ഷേത്രത്തിന്റെ കേസ് സംബന്ധിച്ച ഫയലുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് ധാരാളം അപ്പീലുകൾ പരിഗണിക്കാതെ കിടക്കുന്നുണ്ട്. ജംഗംബാടി ശിവക്ഷേത്ര മഹന്തിന്റെ കയ്യിലും ക്ഷേത്രത്തിന് ഔറംഗസീബ് ഭൂസ്വത്ത് നൽകിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകളുടെ പല ആധാരങ്ങളും ഉണ്ടായിരുന്നു.
ഇത് എനിക്ക് ഔറംഗസീബിനെക്കുറിച്ചുള്ള ഒരു പുതിയ അറിവായിരുന്നു. ഞാൻ വളരെ അത്ഭുതപ്പെട്ടു. ഡോ. സപ്രു ഉപദേശിച്ചതനുസരിച്ച് ഇന്ത്യയിലെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങൾക്കും ഞാൻ കത്തയച്ചു. അവരുടെ കയ്യിൽ ക്ഷേത്രങ്ങൾക്ക് ഔറംഗസീബ് ഭൂമിദാനം ചെയ്ത ഉത്തരവുകൾ ഉണ്ടെങ്കിൽ അവയുടെ ഫോട്ടോസ്റ്റാറ്റ് അയച്ചുതരണമെന്ന് അഭ്യർത്ഥിച്ചു. ഇവയുടെ ശേഖരം തന്നെ മറ്റൊരു അത്ഭുതമായിരുന്നു. മഹാകാലേശ്വർ, ഉജ്ജയിൻ ബാലാജി ക്ഷേത്രം, ചിത്രകൂട്, ഉമാനന്ദ ക്ഷേത്രം, ഗുവാഹട്ടി തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുമുള്ളതും ശത്രുഞ്ജയ ജൈനക്ഷേത്രത്തിൽ നിന്നുമുള്ളതുമായ ഔറംഗസീബ് പുറപ്പെടുവിച്ച കല്പനകളുടെ പകർപ്പുകൾ ലഭിച്ചു. കൂടാതെ ഉത്തരേന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഗുരുദ്വാരകളിൽ നിന്നും ഇത്തരം പകർപ്പുകൾ ലഭിച്ചു. ഈ ഉത്തരവുകളെല്ലാം ഹിജ്റ 1065 (1659)നും 1091 (1685)നും ഇടയിലുള്ളവയാണ്.
ഹിന്ദുക്കളുടെയും അവരുടെ ക്ഷേത്രങ്ങളുടെയും നേരെയുള്ള ഔറംഗസീബിന്റെ വിശാലമനോഭാവത്തിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് ഇവ. ചരിത്രകാരന്മാർ അദ്ദേഹത്തെക്കുറിച്ച് എഴുതിയ കാര്യങ്ങൾ മുഴുവൻ സത്യമല്ലെന്നും, ചിത്രത്തിന്റെ ഒരു വശം മാത്രമാണെന്നും വ്യക്തമാക്കാൻ ഇനിയും ധാരാളം തെളിവുകളുണ്ട്. ആയിരക്കണക്കിന് ക്ഷേത്രങ്ങൾ പരന്നുകിടക്കുന്ന വലിയ രാജ്യമാണ് ഇന്ത്യ. ശരിയായ ഗവേഷണം നടത്തുകയാണെങ്കിൽ ഔറംഗസീബ് അമുസ്ലിംകൾക്ക് ചെയ്ത നന്മകൾ പുറത്തുകൊണ്ടുവരുന്ന ധാരാളം കാര്യങ്ങൾ കണ്ടെത്താനാകും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഔറംഗസീബിന്റെ ഉത്തരവുകൾ സംബന്ധിച്ച എന്റെ അന്വേഷണത്തിനിടയിൽ പാറ്റ്ന മ്യൂസിയത്തിലെ മുൻ ഉദ്യോഗസ്ഥരായിരുന്ന ശ്രീ ഗയൻചന്ദ്രയും ഡോ പി. എൽ. ഗുപ്തയും എന്നിവരുമായി ബന്ധപ്പെട്ടു. ഇവർ രണ്ടുപേരും ഔറംഗസീബിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവരാണ്. വേറെയും ചില ഗവേഷണ പണ്ഡിതന്മാരും ഔറംഗസീബിന്റെ മലിനപ്പെട്ട ചിത്രം വൃത്തിയാക്കുന്നതിൽ അവരുടെ സംഭാവനകൾ നൽകുന്നതായി കണ്ടത് എന്നെ സംതൃപ്തനാക്കി.”
(ഖുദാ ബഖ്ഷ് വാർഷിക പ്രഭാഷണം. (പാറ്റ്ന ഡിസംബർ 1985) ഇതൊരു പുസ്തകമായി കോഴിക്കോട്ടെ അൽഹുദ ബുക്സ് ഇറക്കിയിരുന്നു. ഇപ്പോൾ ഈ പുസ്തകം അലഭ്യമാണ്. പി പി ഉമ്മർ ഫാറൂഖാണ് ഇത് വിവർത്തനം ചെയ്തത്.)
ചരിത്രസത്യങ്ങൾ മറച്ചുവെക്കപ്പെടുകയും വക്രീകരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ഇത്തരം കൃതികൾ പുനർ പ്രസിദ്ധീകരിച്ച് പുതിയ തലമുറയുടെ പഠനത്തിനും ചർച്ചകൾക്കും വിധേയമാക്കേണ്ടത് അനിവാര്യമാണ്.

Related