ഗസ്സ വംശഹത്യക്ക് ആയിരം ദിനങ്ങൾ പിന്നിടുകയാണ്. 70,000 ത്തിലധികം മനുഷ്യർ ക്രൂരമായി കൊലചെയ്തിട്ടും ഗസ്സയിലെ ജനങ്ങളുടെ നിശ്ചയദാർഢ്യത്തെയും പോരാട്ടവീര്യത്തെയും ഇനിയും തോൽപ്പിക്കാൻ ഇസ്രായേലിനെ സാധിച്ചിട്ടില്ല. കൊല്പപ്പെട്ടവരിൽ 21, 500 പേരും കുട്ടികളാണ് എന്നതാണ് ഏറെ വിഷമകരമായ യാഥാർത്ഥ്യം. ഗസ്സയിൽ എമ്പാടും കെട്ടിടാവിഷ്ടങ്ങളുടെ കൂമ്പാരമാണ്. ഗസ്സയുടെ 90 ശതമാനവും തകർക്കപ്പെട്ടിരിക്കുന്നു. 80 ശതമാനം ഭൂപ്രദേശവും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഫലസ്തീൻ വിമോചനം എന്നത് ഇവിടെ വലിയൊരു ചോദ്യചിഹ്നം ആവുകയാണ്.
ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ നടത്തിവരുന്ന നിരന്തരമായ ഉപദ്രവങ്ങൾക്ക് മറുപടിയായി 2023 ഒക്ടോബർ ഏഴിലാണ് ഹമാസിന്റെ നേതൃത്വത്തിൽ തൂഫാനുൽ അഖ്സ എന്നപേരിൽ പ്രത്യാക്രമണം ഉണ്ടാകുന്നത്. ഈ ഓപ്പറേഷനിൽ 373 പട്ടാളക്കാർ ഉൾപ്പെടെ 1139 പേരാണ് കൊല്ലപ്പെട്ടത്. 250 ഓളം പേരെ ബന്ധികളാക്കി. പേര് കേട്ട ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളെ മറികടന്നു കൊണ്ടുള്ള മുന്നേറ്റമായിരുന്നു ഹമാസ് നിർവഹിച്ചത്. ഏറ്റവും അധികം ഭൗതിക നാശനഷ്ടം ഗസ്സയിലാണ് സംഭവിച്ചതെങ്കിലും രാഷ്ട്രീയവും ധാർമികവുമായി കനത്ത തിരിച്ചടിയാണ് ഈ നാളുകളിൽ ഇസ്രായേലിന് നേരിടേണ്ടി വന്നത്.
ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള യൂറോപ്പ്യൻ രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്, അമേരിക്കയിലും യൂറോപ്പിലെയും അടക്കമുള്ള ക്യാമ്പസുകളിലും സർവകലാശാലകളിലും ഉയർന്നുവന്ന ഇസ്രായേൽ വിരുദ്ധ റാലികൾ തുടങ്ങിയ മുന്നേറ്റങ്ങളിലൂടെ ഫലസ്തീൻ അനുകൂല തരംഗം ലോകത്ത് സൃഷ്ടിച്ചെടുക്കാൻ ഫലസ്തീൻ പക്ഷരാഷ്ട്രീയം ഉയർത്തുന്നവർക്ക് സാധിച്ചു. ബഹിഷ്കരണ പ്രസ്ഥാനമായ ബിഡിഎസ് മൂവ്മെന്റ് ആഗോള മാർക്കറ്റിൽ സൃഷ്ടിച്ച ഓളങ്ങളും ഇസ്രായേൽ പക്ഷത്തിന് കനത്ത തിരിച്ചടിയായി. യുദ്ധ പശ്ചാത്തലത്തിൽ അമേരിക്ക-ഇസ്രായേൽ അച്ചുതണ്ട് നടത്തിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി വിനാശങ്ങൾക്കെതിരെയുംശകത്മായ പ്രതിഷേധങ്ങൾ ഉയർന്നു. 2,23,000 ടൺ സ്ഫോടക വസ്തുക്കൾ ആണ് ഇസ്രായേൽ ഈ കാലയളവിൽ ഗസ്സയിൽ നിക്ഷേപിച്ചത്. അതായത് ഹിരോഷിമയിൽ അമേരിക്ക നിക്ഷേപിച്ച അണുബോംബിന്റെ 16 മടങ്ങോളം വരുമിത്. ഗസ്സ കൂട്ടക്കൊലക്ക് ആയിരം ദിനങ്ങൾ തികയുമ്പോൾ ഗസ്സ നിവാസിയുടെ ശരാശരി പ്രായം 40 വയസ്സായി കുറയുകയാണ് ഉണ്ടായത്.
