October 14 Wednesday 2026

നാം വേരുകളുള്ള മനുഷ്യരോ? വേരുകളുണ്ടെന്ന് വിശ്വസിക്കുന്ന ദേശാടികളോ? | വായന

അടുത്ത കാലത്ത് വായിച്ച മലയാള നോവലുകളിൽ വേരിട്ട അനുഭവമാണ് ഇ. സന്തോഷ് കുമാറിൻ്റെ തപോമയിയുടെ അച്ഛൻ സമ്മാനിച്ചത്. സമകാലിക മലയാള നോവലുകളിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്വനികളുള്ള കൃതികളിലൊന്നാണിത്. പുറം വായനയിൽ ഇതൊരു കുടുംബകഥയോ ഒരു അച്ഛൻ–മകൻ ബന്ധത്തിന്റെ ആഖ്യാനമോ ആയി തോന്നാം. എന്നാൽ, ആഴമാർന്ന വായനയിൽ ദേശം, അഭയാർത്ഥിത്വം, സ്മൃതി, വേരില്ലായ്മ, ചരിത്രം, കുറ്റബോധം, മനുഷ്യന്റെ നിലനിൽപ്പിനായുള്ള തിരച്ചിൽ എന്നിവയെക്കുറിച്ചുള്ള ശക്തമായ രാഷ്ട്രീയ ആഖ്യാനമാണ്. കിഴക്കൻ ബംഗാളിൽ നിന്ന് പലായനം ചെയ്തെത്തിയ ഒരു കുടുംബത്തിന്റെ ചരിത്രത്തിലൂടെ മനുഷ്യജീവിതത്തിന്റെ നിശ്ശബ്ദ ദുരന്തങ്ങളെയാണ് നോവൽ തുറന്നുകാട്ടുന്നത്.

ഈ നോവലിലെ കേന്ദ്ര കഥാപാത്രം ഗോപാൽ ബറുവയാണ്. തപോമയിയുടെ അച്ഛൻ. ബറുവ ഒരു വ്യക്തി മാത്രമല്ല; ചരിത്രം പലവട്ടം ദേശാടനം ചെയ്യിപ്പിച്ച മനുഷ്യസഞ്ചയത്തിൻ്റെ പ്രതിനിധിയാണ്. ഒരു മനുഷ്യന് തന്റെ നാട് നഷ്ടപ്പെടുമ്പോൾ ഇല്ലാതാവുന്നത് ഭൂമിശാസ്ത്രപരമായ സ്ഥലരാശിമാത്രമല്ല, സ്വന്തം ഓർമ്മകളുടെ ഭാഷയും ബന്ധങ്ങളുടെ അർത്ഥവും ആത്മാഭിമാനത്തിന്റെ അടിത്തറയുമാണെന്ന് ഈ നോവൽ അടിവരയിടുന്നു. ഇവിടെ അഭയാർത്ഥി എന്നത് നിയമപരമായ ഒരു പദമല്ല; അതൊരു അസ്തിത്വാവസ്ഥയാണ്.

നോവൽ മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാന രാഷ്ട്രീയ നിലപാട് രാഷ്ട്ര–ദേശ സങ്കൽപ്പത്തിന്റെ വിമർശനമാണ്. ആധുനിക രാഷ്ട്രങ്ങൾ അതിർത്തികൾ വരയ്ക്കുമ്പോൾ മനുഷ്യരുടെ ജീവിതത്തെ എത്ര എളുപ്പത്തിൽ തകർത്തെറിയുന്നു എന്നതാണ് നോവലിലെ നിശ്ശബ്ദമായ ചോദ്യം. ദേശം എന്ന ആശയം പലപ്പോഴും വിജയികളുടെ ഭാഷയിലാണ് എഴുതപ്പെടുന്നത്; പക്ഷേ അതിന്റെ മറുവശത്ത് കുടിയിറക്കപ്പെട്ടവരുടെ ചരിത്രമുണ്ട്. ഗോപാൽ ബറുവയുടെ ജീവിതം അതിന്റെ രൂപകമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരിക്കലും പൂർണമായി അവസാനിക്കാത്തത് യാത്രയാണ്. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കല്ല, ഒരൊറ്റ തിരിച്ചറിവിൽ നിന്ന് മറ്റൊന്നിലേക്കുള്ള അനന്തമായ യാത്ര.

ഇവിടെ രാഷ്ട്രീയം മുദ്രാവാക്യങ്ങളായി ഉയരുന്നില്ല. പകരമത് മനുഷ്യശരീരങ്ങളിലും കുടുംബബന്ധങ്ങളിലും ഓർമ്മകളിലും പ്രവർത്തിക്കുന്നു. ഈ നോവലിന്റെ ഏറ്റവും വലിയ സൗന്ദര്യവും അതുതന്നെയാണ്. അധികാരം എങ്ങനെയാണ് സ്വകാര്യ ജീവിതങ്ങളെ തകർക്കുന്നത് എന്ന് അത് പ്രഖ്യാപനങ്ങളില്ലാതെ വരച്ചു കാണിക്കുന്നു. വലിയ രാഷ്ട്രീയ സംഭവങ്ങളുടെ ചരിത്രത്തിൽ പേര് പോലും രേഖപ്പെടുത്തപ്പെടാത്ത മനുഷ്യരാണ് ഇവിടെ കേന്ദ്രത്സ്ഥലിയിലേക്ക് വരുന്നത്.

നോവലിലെ മറ്റൊരു ശക്തമായ രാഷ്ട്രീയ രേഖ സ്മൃതിയുടെ രാഷ്ട്രീയമാണ്. ആരാണ് ചരിത്രം എഴുതുന്നത്? ആരുടെ ഓർമ്മകളാണ് നിലനിൽക്കുന്നത്? ആരുടെ കഥകളാണ് മറഞ്ഞുപോകുന്നത്? ഈ ചോദ്യങ്ങൾ നോവലിലുടനീളം അലയടിക്കുന്നു. ഗോപാൽ ബറുവയുടെ ജീവിതം വായിക്കുമ്പോൾ നമ്മൾ കാണുന്നത് ചരിത്രപുസ്തകങ്ങളിൽ ഇടം കിട്ടാത്ത ജീവിതങ്ങളുടെ നിശ്ശബ്ദ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ ഈ നോവൽ ഒരു പ്രതിചരിത്രരചനയായി മാറുന്നു.

തപോമയി എന്ന കഥാപാത്രത്തിന്റെ സാന്നിധ്യവും ഇവിടെ പ്രധാനമാണ്. അയാൾ ഒരു വ്യക്തി എന്നതിലുപരി ഭാവിയുടെ പ്രതീകമാണ്. അച്ഛന്റെ തകർന്ന ഓർമ്മകളും മറച്ചുവെച്ച സത്യങ്ങളും ഏറ്റുവാങ്ങുന്ന അടുത്ത തലമുറ. ഈ ബന്ധത്തിലൂടെ നോവൽ ചോദിക്കുന്നത് ചരിത്രത്തിന്റെ മുറിവുകൾ തലമുറകളിലൂടെ എങ്ങനെയാണ് കൈമാറപ്പെടുന്നത് എന്നതാണ്. ഒരു തലമുറ അനുഭവിച്ച നഷ്ടം അടുത്ത തലമുറയുടെ മാനസിക ഭൂപടത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെ വളരെ സൂക്ഷ്മമായി എഴുത്തുകാരൻ ആവിഷ്കരിക്കുന്നു. ഈ നോവലിന്റെ ഭാഷയും അതിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഭാഷ ഇവിടെ വെറും ആശയവിനിമയ ഉപകരണമല്ല; അത് അദൃശ്യലോകങ്ങളെ തിരികെ വിളിക്കുന്ന ഒരു സ്മൃതി ഉപകരണമാണ്.

ജീവിതത്തെ ഒരു “നിഗൂഢലിപി” പോലെ വായിക്കേണ്ടിവരുന്ന അവസ്ഥ നോവലിൽ ആവർത്തിച്ചു വരുന്നു. മനുഷ്യജീവിതം പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത ഒരു എഴുത്താണെന്നും അതിലെ ചില വരികൾ എന്നും മാഞ്ഞുപോകുമെന്നും നോവൽ പറയുന്നുണ്ട്. ഗോപാൽ ബറുവയുടെ അന്തർസംഘർഷങ്ങൾ വ്യക്തിപരമായ കുറ്റബോധത്തെക്കാൾ വലുതാണ്. ചരിത്രം മനുഷ്യനിൽ ഉണ്ടാക്കുന്ന വിള്ളലുകളാണ് അവ. ഒരാൾ ചെയ്തതും ചെയ്യാൻ നിർബന്ധിതനായതും തമ്മിലുള്ള അതിരുകൾ എവിടെയാണ് എന്ന ചോദ്യവും ഇവിടെ ഉയരുന്നു. അതുകൊണ്ടുതന്നെ ഈ നോവൽ ധാർമ്മികതയെ കറുപ്പും വെളുപ്പുമായി വിഭജിക്കുന്നില്ല; മറിച്ച് ചരിത്രത്തിന്റെ ചാരനിറങ്ങളിൽ മനുഷ്യനെ കാണാൻ ശ്രമിക്കുന്നു.

സമകാലിക മലയാള സാഹിത്യത്തിൽ രാഷ്ട്രീയം, ദേശാടനം, അതിർത്തി, അഭയാർത്ഥിത്വം എന്നിവയെ ഇത്ര സങ്കീർണ്ണമായും കലാപരമായും ചേർത്തുവെച്ച കൃതികൾ അപൂർവമാണ്. തപോമയിയുടെ അച്ഛൻ വായനക്കാരനെ ആശ്വസിപ്പിക്കുകയല്ല അസ്വസ്ഥനാക്കുകയാണ് ചെയ്യുന്നത്. അത് നമ്മോട് ചോദിക്കുന്നു: “നാം വേരുകളുള്ള മനുഷ്യരാണോ, അല്ലെങ്കിൽ വേരുകളുണ്ടെന്ന് വിശ്വസിക്കുന്ന ദേശാടികളോ?”

ഈ നോവൽ ഒരു അച്ഛന്റെ കഥയല്ല; നഷ്ടപ്പെട്ട ദേശത്തിന്റെ കഥയാണ്. ഒരു കുടുംബത്തിന്റെ കഥയല്ല; ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ജീവിക്കാൻ പഠിച്ച മനുഷ്യരുടെ കഥയാണ്. രാഷ്ട്രീയ പ്രസ്താവനകളില്ലാതെ രാഷ്ട്രീയം എഴുതാൻ കഴിയുമെന്ന് തെളിയിക്കുന്ന അപൂർവ കൃതികളിലൊന്നായി തപോമയിയുടെ അച്ഛൻ.

 

Related