August 9 Sunday 2026

“പൗരന്മാരെ ഇന്ത്യൻ സർക്കാരിന്റെ അടിമയാക്കുകയാണോ?” -മുംബൈ ഹൈക്കോടതി

പൗരന്മാരെ ഇന്ത്യൻ സർക്കാരിന്റെ അടിമയാക്കുകയാണോ? എന്ന് മുംബൈ ഹൈക്കോടതി. ബിജെപി മൂർദാബാദ് അമിത് ഷാ മൂർദാബാദ് എന്ന മുദ്രാവാക്യം ഉയർത്തിയതിന്റെ പേരിൽ എസ്ഡിപിഐ ജനറൽ സെക്രട്ടറിയെ നാടുകടത്താനുള്ള മുംബൈ പോലീസ് ഉത്തരവ് അസാധുവാക്കുന്ന വേളയിലായിരുന്നു കോടതിയുടെ ചോദ്യം. എസ്ഡിപിഐ ജനറൽ സെക്രട്ടറി അഹമ്മദ് ചൗധരിക്ക് എതിരെയാണ് മുംബൈ പോലീസ് നാട് കടത്തൽ ഉത്തരവ് പുറത്തിറക്കിയത്. ഒരു വർഷം മുംബൈയിൽ നിന്നും നാടുകടത്താൻ ആയിരുന്നു പൊലീസിന്റെ ഉത്തരവ്. ഗ്യാൻവാപി മസ്ജിദ്, പൗരത്വ ഭേദഗതി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ചു എന്നതാണ് ഇയാൾക്കെതിരെ മുംബൈ പൊലീസ് ചുമത്തിയ കുറ്റം.

എന്നാൽ, കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ഒരാളെ നാടുകടത്താൻ മാത്രം കുറ്റകരമല്ലെന്ന് ജസ്റ്റിസ് മാധവ് ജാംധർ നിരീക്ഷിച്ചു. ഭരണഘടനയുടെ 19, 20 വകുപ്പുകൾ പ്രകാരം പൗരന് അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്ന് കോടതി വ്യക്തമാക്കി. പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഇവിടെയില്ലേ? – കോടതി ചോദിച്ചു. ചോദ്യപേപ്പർ ചോർന്നതിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെയും കേസെടുക്കുമോ? പൗരന്മാരെ ഇന്ത്യൻ സർക്കാരിന്റെ അടിമയാക്കുകയാണോ? എന്നും കോടതി ചോദിച്ചു. പൊലീസ് ജനങ്ങളുടെ സേവകരാണ് അല്ലാതെ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയോ സേവകർ അല്ല എന്നും കോടതി ഓർമിപ്പിച്ചു.

Related