October 13 Tuesday 2026

ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു – കണ്ണൻ ഗോപിനാഥൻ

default-person (1)

(തിരുവനന്തപുരത്ത് നടന്ന ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്)

2018 ൽ ഭീമ കൊറോഗാവ് സമര വിജയത്തിൻറെ നൂറാം വാർഷികം ആഘോഷിക്കുന്ന, അതിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങിൽ1 അതിൽ പങ്കെടുത്ത ഏകദേശം 16 ഓളം പേരെ പലഘട്ടങ്ങളിലായി അറസ്റ്റ് ചെയ്യുകയുണ്ടായി. ഞാൻ അതിൽ ഭാഗമല്ലായിരുന്നു. അതുപോലുള്ള പരിപാടികൾ പിന്നീട് നടക്കുമ്പോൾ ജനങ്ങൾക്ക് പോകാൻ മടിയായിരുന്നു. ആ മടി, പേടിയുള്ളത് കാരണമായിരുന്നു. ഇതിനുമുമ്പ് പോയപലരെയും പുറത്ത് വിട്ടിട്ടില്ല. അവരെല്ലാം ജയിലിൽ തന്നെയാണ്.

കുറച്ചു കുട്ടികൾ എന്നെ വന്നു കണ്ടിട്ട് എന്നോട് വരാൻ പറ്റുമോ, പേടിയുണ്ടോ എന്നൊക്കെ ചോദിച്ചു.. എന്തിനാണ് പേടിക്കുന്നത്?
വന്നവരൊക്കെ ജയിലിലാണ് അവരൊന്നും തിരിച്ചു വന്നിട്ടില്ല.

സ്റ്റൈറ്റിൻറെ ഭാഗമാകാൻ കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ആളുകളെ സൈലൻറാക്കാൻ അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്താൽ മതി എന്നത്. ഒരു സംശയം ജനങ്ങൾക്കിടയിൽ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ അവർ പറയുന്നതൊക്കെ ആ സംശയത്തിന്റെ പേരിലായിരിക്കും കാണുക. അവർ ആരാണെന്നുള്ള ഒരു പേടി മനസ്സിൽ വരും. ഇത് വളരെ വ്യവസ്ഥാപിതമായി സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യമാണ്. അതിന്റെ വിഷയം എന്താണെന്ന് ചോദിച്ചാൽ ഇപ്പോൾ നിലവിലുള്ള സർക്കാർ മനസ്സിലാക്കേണ്ടത് ഒരു ശക്തമായ രാഷ്ട്രം എന്നുള്ളത് ഒരു ശക്തമായ സർക്കാരാണ്. എത്ര ശക്തമായ സർക്കാർ ആണോ അത്രയും ബലഹീനരായ ജനങ്ങൾ ആർക്കാണ് ശക്തി വേണ്ടത്.

സംസ്ഥാനത്തിന്, ആരുടെ അടുത്ത് എന്നാണ് ശക്തി എടുക്കേണ്ടത് അല്ലെങ്കിൽ ബലം എടുക്കേണ്ടത്?- ജനങ്ങളിൽ നിന്ന്.
കഴിഞ്ഞ ഒരു പത്ത് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ ജനങ്ങളെ ശക്തരാക്കുന്ന ഒരു നിയമമെങ്കിലും ഉണ്ടായിട്ടുണ്ടോ?, അതേസമയം സംസ്ഥാനത്തിന് ശക്തരാക്കുന്ന നിയമങ്ങൾ മാത്രമേ കാണാൻ കഴിയുന്നുള്ളൂ.

ജനങ്ങൾ ബലഹീനരായാൽ മാത്രമേ അവരെ തിരിച്ച് പ്രജകളാക്കാൻ പറ്റൂ. പ്രജകളായാലേ രാജാവായി ഭരിക്കാൻ പറ്റൂ. വളരെ കഷ്ടപ്പെട്ടാണ്. നമ്മൾ പ്രജകളിൽ നിന്ന് പൗരന്മാരായത് എന്നറിയാമല്ലോ. ഇവിടെ നല്ല രാജാക്കന്മാരും മോശം രാജാക്കന്മാരും ഉണ്ടായിരുന്നെങ്കിലും നമ്മൾ നല്ല പ്രജകളായിരുന്നു. രാജാക്കന്മാരോട് ചോദ്യങ്ങൾ ചോദിക്കാം എന്നുള്ളത് തന്നെ സ്വാതന്ത്രസമര കാലത്താണ് നമ്മൾ അറിയുന്നത്. സ്വാതന്ത്ര്യത്തെക്കാളുപരി പ്രജയിൽ നിന്ന് പൗരൻറെ ഒരു യാത്രാടിക്കറ്റ് ആയിരുന്നു സ്വാതന്ത്ര്യ സമരം. അന്നത്തെപോലെ നമ്മൾ തിരിച്ച് യാത്ര ചെയ്യണം എന്ന് പറയുന്ന സർക്കാരാണ് നമുക്ക് ഇപ്പോൾ ഉള്ളത്. പൗരനായി ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. ജനങ്ങൾക്ക് പോരാടേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഗ്യാസ് തരും, കക്കൂസ് തരും, അതൊക്കെ രണ്ട് കൈയും നീട്ടി സ്വീകരിച്ച് അവിടെ വെറുതെ ഇരുന്നാൽമതിഎന്ന് പറയുന്ന സർക്കാർ.

സർക്കാരിനെ രാജ്യമായി കണക്കാക്കിയാൽ സർക്കാരിനെ ചോദ്യം ചെയ്യുന്നവരൊക്കെ ദേശദ്രോഹി അല്ലെങ്കിൽ രാജ്യദ്രോഹികളായി മാറും എന്നതാണ് രീതി. ചോദ്യം ചെയ്യുന്നവരുടെ വിഭാഗം അനുസരിച്ച് അവർക്ക് ഓരോ പേരിടുക. നഗരത്തിലുള്ള വിദ്യാഭ്യാസമുള്ള ഒരാളാണ് ചോദ്യം ചെയ്യുന്നതെങ്കിൽ അവർക്ക് ഒരു പേരുണ്ട് – അർബൻ നക്സൽ. മുസ്ലിമാണ് ചോദ്യം ചെയ്യുന്നതെങ്കിൽ അവർ ജിഹാദികൾ ആയി, സിഖ് മതക്കാരാണ് ചോദ്യം ചെയ്യുന്നതെങ്കിൽ അവർ ഖാലിസ്ഥാനികളായി, ആദിവാസികളാണ് ചോദ്യം ചെയ്യുന്നതെങ്കിൽ അവർ മാവോയിസ്റ്റുകളുമായി. ഈ ചോദ്യം ചെയ്യുന്നവരെയൊക്കെ ഒരു പേരിട്ടിട്ട് അവർ ചെയ്യുന്ന കാര്യങ്ങളൊക്കെ ആ പേരിന്റെ പുറത്ത് ചിത്രീകരിക്കുകയാണ്. ആ വിശ്വാസ്യത നഷ്ടപ്പെട്ടുപോയ ആൾക്കാർ പിന്നെ എന്ത് പറഞ്ഞാലും ‘ ഓ ഇവനൊക്കെ ഇതാണല്ലോ ‘ എന്ന് പറയുന്ന രീതിയാണ്.

സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ ‘ആന്തോളൻ ജീവി’ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്? ” അവർ ഇതൊക്കേ ചെയ്യു, അവർ പറയുന്നതൊന്നും കേൾക്കണ്ട, ഇത് സമൂഹത്തിന് ആവശ്യമില്ല” എന്ന് പറയാൻ വേണ്ടിയിട്ടാണ്.

ശരിക്കും ആരാണ് രാജ്യദ്രോഹി അല്ലെങ്കിൽ ദേശദ്രോഹി?
ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ, അല്ലെങ്കിൽ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് നല്ലതാണെന്ന് മനസ്സിൽ ഉറച്ചു വിശ്വസിച്ചു അതിനെ പിന്തുണയ്ക്കുന്ന, അല്ലെങ്കിൽ അതിനുവേണ്ടി പ്രവർത്തിക്കുന്ന ആൾക്കാരുണ്ട്. അതായത് സർക്കാർ ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ് എന്ന് വിശ്വസിച്ചു പ്രവർത്തിക്കുന്നവർ. അവരെ ഞാൻ രാജ്യസ്നേഹികൾ എന്നുള്ള രീതിയിലേ കാണു. കാരണം, അവരുടെ മനസ്സിൽ എന്താണ് നല്ലത് എന്ന് തോന്നുന്നത് അത് അവർ ചെയ്യുന്നു. ചിലപ്പോൾ സീറ്റ് ആയിരിക്കാം. ചിലപ്പോൾ അത് ശരിയായിരിക്കാം.

സർക്കാർ ചെയ്യുന്നത് ശരിയല്ല, രാജ്യത്തിന് ഗുണമില്ല എന്ന തിരിച്ചറിവ് കൊണ്ട് എന്തൊക്കെയോ നഷ്ടപ്പെടാൻ ഉണ്ടെങ്കിലും രാജ്യത്തിനുവേണ്ടി അതൊക്കെ നഷ്ടപ്പെടുത്താനും ഈ രാജ്യത്തിനുവേണ്ടി ചോദ്യം ചെയ്യണമെന്നും പറഞ്ഞ് പ്രതികരിക്കുന്ന ഒരു വിഭാഗവും ഉണ്ട്. അവരും ദേശസ്നേഹികൾ ആണ്. കാരണം, നേടാൻ എന്തൊക്കെയോ ഉണ്ടായിട്ടോ നഷ്ടപ്പെടാൻ എന്തൊക്കെയോ ഉണ്ടായിട്ടോ എന്നുള്ളത് കാരണമാക്കാതെ രാജ്യത്തിനെതിരെ ജനങ്ങൾക്ക് വേണ്ടി പൊരുതുന്നവരാണ് അവർ.

ഇനി മൂന്നാമതൊരു കൂട്ടരുണ്ട്. ഈ രാജ്യത്ത് നടക്കുന്നത് ശരിയല്ല എന്ന വ്യക്തമായ ധാരണയുണ്ട് അവർക്ക്. ഇത് രാജ്യത്തിന് ശരിയല്ല എന്നും അവർക്കറിയാം. പക്ഷേ, അവർക്ക് എന്തൊക്കെയോ നഷ്ടപ്പെടാൻ ഉണ്ട്. എന്തൊക്കെയോ നേടിയെടുക്കാനും ഉണ്ട്. അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ഇങ്ങനെ നിശബ്ദരാകാൻ തീരുമാനിച്ച ഒരു കൂട്ടം ആളുകളെ മാത്രമേ ഞാൻ രാജ്യദ്രോഹികളായി കണക്കാക്കുകയുള്ളൂ.
തെറ്റാണ് ചെയ്യുന്നത് എന്ന് അറിഞ്ഞിട്ടും സ്വന്തം താല്പര്യത്തിന് വേണ്ടി മിണ്ടാതിരിക്കുന്നവർ. അവരുടെ ശബ്ദത്തെ എങ്ങനെ പുറത്തു കൊണ്ടുവരും.

കശ്മീരിൽ എന്താണ് സംഭവിച്ചത്?
അതു പറയുമ്പോൾ തെളിവ് ഉണ്ടാക്കുന്നതിന്റെ ഒരു രസകരമായ സംഭവമുണ്ട് അതുകൂടി പറയാം. സി എ എൻ-എൻ ആർ സി പ്രക്ഷോഭത്തോടനുബന്ധിച്ച് ഞാൻ ഉത്തർപ്രദേശിൽ പോകുമ്പോഴൊക്കെ എന്നെ ഉത്തർപ്രദേശ് അതിർത്തി എത്തുമ്പോൾ അറസ്റ്റ് ചെയ്തു ഡൽഹിയിൽ കൊണ്ട് വിടും. “എനിക്ക് ഡൽഹിയിൽ പോകണമെങ്കിൽ ഉത്തർപ്രദേശ് അതിർത്തി വരെ പോയാൽ മതി, അവിടുന്ന് അവർ എന്നെ അറസ്റ്റ് ചെയ്ത് ഡൽഹിയിൽ കൊണ്ടാക്കും ” ഇത് ഞാൻ എന്റെ ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകളാണ്.

ഒരിക്കൽ അലിഗഡിൽ ഒരു സ്പീച്ചിനായി ഞാൻ ഓല ടാക്സിയിൽ പോവുകയാണ്. ആഗ്ര അതിർത്തി എത്തിയപ്പോഴേക്കും ഏകദേശം മുന്നൂറ്‌ പോലീസുകാരും ബ്ലാക്ക്‌ ക്യാറ്റ്സും ചേർന്ന് ഞങ്ങളുടെ വണ്ടി തടഞ്ഞു. ഓല ടാക്സിയിലെ ഡ്രൈവറിന് ഞാനാരാണെന്നോ എന്നെപ്പറ്റിയോ ഒന്നുമറിയില്ല. ഇത്രയും പോലീസുകാരും മറ്റുള്ളവരും വരുന്നത് കണ്ടു അയാൾ ഭയന്നോടി. പ്രശ്നങ്ങൾ ഉണ്ടാവാൻ സാഹചര്യം ഉണ്ടായിരുന്നതിനാൽ എന്നോട് വരരുത് എന്ന് അവിടെ നിന്ന് അറിയിച്ചിരുന്നു. വരിക എന്നത് എന്റെ അധികാരമാണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യുക എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ പോലീസുകാരും മറ്റുള്ളവരും ചേർന്ന് വണ്ടി വളഞ്ഞു, എന്റെ ഫോട്ടോ വച്ച് തിരിച്ചറിയൽ നടത്തി. തിരിച്ചറിയിലൊക്കെ നടത്തി അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ അവർ എന്നെ ഒരു ചായക്കടയിലേക്ക് കൊണ്ടുപോയി. ഐ എ എസ് കാരൻ ആയതുകൊണ്ടായിരിക്കും അവർ എന്നോട് ജീപ്പിൽ ഡിവൈഎസ്പി ഒക്കെ ഇരിക്കുന്ന സ്ഥലത്ത് തന്നെ ഇരിക്കാൻ പറഞ്ഞു. ഒരു പൗരൻ എന്നുള്ള അധികാരം തരാൻ പറ്റില്ല എങ്കിൽ ഓഫീസർ എന്നുള്ള ഒരു ബഹുമാനം എനിക്ക് തരണ്ട എന്ന് ഞാൻ പറഞ്ഞു.

അതിനുശേഷം അവർ എന്നോട് സർക്യൂട്ട് ഹൗസിലേക്ക് പോകാം എന്ന് പറഞ്ഞു. അത് അവിടെ എൻകൌണ്ടർ ഒക്കെ നടക്കുന്ന ഒരു പൊളിഞ്ഞ പിഡബ്ല്യുഡി സർക്യൂട്ട് ഹൗസ് ആയിരുന്നു. അപ്പോഴേക്കും ജനങ്ങളിലേക്ക് ഇത് എത്തി. ‘ അവനെ അറസ്റ്റ് ചെയ്തു അവൻ ഒരിക്കലും പുറത്തിറങ്ങില്ല ‘എന്നൊക്കെ. അപ്പോഴേക്കും അവിടെ എസ് പി വന്നു, തഹസിൽദാർ വന്നു, അങ്ങനെ എല്ലാവരും വന്നു. ആ ഒരു സൗഹൃദപരമായ സംഭാഷണം ഒക്കെ കഴിഞ്ഞ ശേഷം ഞാൻ അവരോട് അറസ്റ്റ് രേഖപ്പെടുത്തണം അല്ലെങ്കിൽ അത്, എന്നെ തട്ടിക്കൊണ്ടു പോയതാകും, ഞാൻ കോടതിയിൽ പോകും എന്നൊക്കെ പറഞ്ഞു. അങ്ങനെ അവർ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ, അതിനെ, ഞാൻ ആഗ്രഹയിൽ പോയി അവിടെയുള്ള എല്ലാ ഗ്രാമങ്ങളിലും ജനങ്ങളെ കണ്ടു അവരെ പ്രകോപിപ്പിച്ച് ഒരു വലിയ സമരമാക്കി മാറ്റി. അലിഗഡ്ലേക്ക് ജാഥ നടത്തുകയായിരുന്നു. എന്നെ പിടിക്കാൻ വന്നപ്പോൾ ഞാൻ പോലീസുകാരെയൊക്കെ തള്ളിമാറ്റി വണ്ടിയിൽ നിന്ന് ഓടിയിറങ്ങിപ്പോയി. എന്നെ ബലംപ്രയോഗിച്ച് പിടിച്ചു എന്നിങ്ങനെയൊക്കെ ആക്കി. സർക്കാർ സർവീസിൽ ഇരിക്കുന്ന ഒരാളുടെ അടുത്ത് അവർ പരസ്യമായി ചെയ്ത കാര്യമാണ് ഇത്. എസ് പിയോട് സാർ ഇത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ എന്തു ചെയ്യാനാ എന്നും പറഞ്ഞിട്ട് പുറത്തേക്ക് പോയി.
ഞാൻ അതിൽ ഒപ്പിട്ടില്ല. എന്നെ ജയിലിലേക്ക് കൊണ്ട് പൊയ്ക്കോളൂ എന്ന് ഞാൻ പറഞ്ഞു. ഇതൊക്കെ നേരിട്ട് അനുഭവിച്ചിട്ടാണ് ഞാൻ പറഞ്ഞത് തെളിവ് ഉണ്ടാക്കിയെടുക്കുന്നത് എളുപ്പമായിട്ടുള്ളതാണ്. നമ്മുടെ കൺമുന്നിൽ അരമണിക്കൂർ കൊണ്ടുണ്ടാക്കിയ കഥയാണ് അത്. ആ കഥയാണ് പിന്നെയും പറഞ്ഞുവരുന്നത്. ഈ കഥകൾ വച്ചുകൊണ്ട് തന്നെ ഞാൻ ഇനി എവിടെയെങ്കിലും പോകുമ്പോൾ ഇവൻ ഇങ്ങനെയായിരുന്നു, ഇതൊക്കെ ചെയ്തിട്ടുണ്ട്, ഇനിയും ഇതൊക്കെ അവൻ ചെയ്യും, എന്നൊക്കെ പറഞ്ഞു വരുന്നത്.

സർക്കാരിനെ ചോദ്യം ചെയ്യുന്നവരിൽ സംശയമുണ്ടാക്കുക. ഈ സംശയം ഉണ്ടാക്കി കഴിഞ്ഞാൽ അവരെ നിശബ്ദരാക്കേണ്ട ആവശ്യമില്ല. അവരുടെ ശബ്ദം വേറെ ആരും കേൾക്കില്ല. പത്രങ്ങളോ മാധ്യമങ്ങളോ ആരും ഇവരെ കേൾക്കില്ല, ഇവരെ പറ്റി പറയില്ല. ഫാദർ സ്റ്റാൻസ്വാമി ഒക്കെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി അവരുടെ അധികാരങ്ങൾക്ക് വേണ്ടി പോരാടുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് ഇങ്ങനെ പ്രവർത്തിക്കാൻ പ്രതിഷേധിക്കാനും കഴിയുന്നത്. ഭരണഘടനയിലെ വിശ്വാസം, അത് തെറ്റോ ശരിയോ. ആയിക്കോട്ടെ ഇതിനുമുമ്പ് കണ്ട പല സർക്കാരുകളും ആ ഒരു മനുഷ്യത്വമെങ്കിലും കാണിക്കുമായിരുന്നു. പക്ഷേ, രാജ്യം എന്നാൽ സർക്കാർ ആണ്. ജനങ്ങളെല്ലാം രാജ്യം മുന്നോട്ടു പോകണമെങ്കിൽ സർക്കാർ ശക്തമായിരിക്കണം. അതോടൊപ്പം ജനങ്ങൾ അശക്തരുമായിരിക്കണം. സർക്കാരിനെ ചോദ്യം ചെയ്തു കഴിഞ്ഞാൽ ജനങ്ങൾ ശക്തരാവുകയും സർക്കാർ അശക്തരാവുകയും ചെയ്യും. അതുകൊണ്ട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കില്ല. ചോദ്യം ചോദിക്കുന്നവരെ എന്തെങ്കിലും ഒരു പേരിട്ട് വിളിക്കണം,അവരുടെ വിശ്വാസത ചോദ്യം,ചെയ്യപ്പെടണം.

“നിങ്ങൾ ആക്ടിവിസം ചെയ്തോളൂ, പക്ഷേ, എന്റെ ഒരു ഫോൺ വന്നു കഴിഞ്ഞാൽ നിങ്ങൾ അവിടെ നിൽക്കണം. ആ പരിധിക്ക് അപ്പുറത്തേക്ക് പോകരുത്. ഇത് നിയന്ത്രിക്കാനുള്ള കഴിവ് എനിക്ക് ആണ്, അത് മറക്കണ്ട ” ഇങ്ങനെയുള്ള ആശയമുള്ള രാഷ്ട്രീയമാണ് ഇന്ന് ഭരണത്തിലുള്ളത്.

ഒരു സംസ്ഥാനത്തെ ജനങ്ങൾക്ക് മുഴുവൻ ഇന്റർനെറ്റ് സംവിധാനങ്ങളോ ഗതാഗത സംവിധാനങ്ങളോ ടെലഫോണിക് സംവിധാനങ്ങളോ ഒന്നുമില്ല. ഒരു സംസ്ഥാനം മുഴുവൻ ഒരുതരത്തിലുള്ള ഗതാഗതമില്ല, ഒരുതരത്തിലുമുള്ള സ്വാതന്ത്ര്യവും ഇല്ല. അതും ദിവസങ്ങളോ ആഴ്ചകളോ അല്ല മാസങ്ങളോളം. ഇത് കേരളത്തിൽ നടത്താൻ നമ്മൾ അംഗീകരിക്കുമോ?

അപ്പോൾ മറ്റൊരു സംസ്ഥാനത്ത് ഇത് നടത്താൻ എങ്ങനെ അംഗീകരിച്ചു കൊടുക്കും? പല ന്യായങ്ങൾ ആണ് ഇതിൽ പറയുന്നത്. കുട്ടികൾക്ക് ഒരു അസുഖം വന്നാൽ ഇഞ്ചക്ഷൻ കൊടുക്കണം, കുറച്ചു വേദന എടുത്താലും ശരിയാകും. അംഗീകരിക്കാം എന്ന് വച്ചാൽ തന്നെ ഏതെങ്കിലും കുട്ടിക്ക് ഇഞ്ചക്ഷൻ കൊടുത്തിട്ട് കരയാൻ പാടില്ല എന്ന് പറയാൻ പറ്റുമോ. അല്ലെങ്കിൽ ഇഞ്ചക്ഷൻ കൊടുത്തിട്ട് അതിന്റെ വാ പൊത്തി പിടിക്കാൻ പറ്റുമോ. ആരെങ്കിലും ചെയ്തു കണ്ടിട്ടുണ്ടോ ഇത്. ഇഞ്ചക്ഷൻ കൊടുത്തോളൂ പക്ഷേ കുഞ്ഞിനെ കരയാൻ അനുവദിക്കരുത്. ആ നിയന്ത്രണം ഒന്ന് ആലോചിച്ചു നോക്കിക്കേ. ഇത് ഒരാൾക്ക് അല്ല, ഒരു ജനതയെ മുഴുവനാണ്.

ഇതൊരിക്കലും കാശ്മീരിന്റെ മാത്രം ലംഘനമല്ല. നമ്മുടെ, നമ്മൾ വിശ്വസിച്ചിരുന്ന ഭരണഘടനയുടെ ലംഘനമാണ് ഇവിടെ നടക്കുന്നത്. മൗലികാവകാശങ്ങൾ എന്നത് ഭരണഘടന നമുക്ക് തരുന്നതല്ല, സ്വതസിദ്ധമായ അവകാശങ്ങളാണ്. ആ അവകാശങ്ങൾ വളരെക്കാലം പ്രവർത്തനരഹിതപ്പെടും. അതിനെ ചോദ്യം ചെയ്യുന്നവരെയൊക്കെ ദേശദ്രോഹികൾ ആക്കി പറഞ്ഞാൽ അവർ അതിനെപ്പറ്റി സംസാരിക്കുകയില്ലെന്നും പറഞ്ഞു കഴിഞ്ഞാൽ തന്നെ അവർ പിന്നെ ഒരിക്കലും രാഷ്ട്രീയപരമായി നിലനിൽക്കില്ലെന്നുമുള്ള വിശ്വാസം. ഇത് ജനങ്ങൾക്ക് തോന്നിത്തുടങ്ങിയ നിമിഷം എനിക്കിങ്ങനെയാണ് തോന്നിയത്; ആ നിശബ്ദത ശരിയല്ല, ഒരാളെങ്കിൽ ഒരാൾ, എന്നെ കൊണ്ടാകുന്ന പോലെയെങ്കിൽ അങ്ങനെ. പുറത്തിറങ്ങണം, ഇത് ശരിയല്ല എന്ന് പറയണം, ഇതിനുവേണ്ടി പ്രതിരോധിക്കാൻ പറ്റുന്ന അത്രയും തന്നെ പ്രതിരോധിക്കണം. ഇങ്ങനെയൊക്കെ കരുതിയിട്ടാണ് 2019ൽ ഞാൻ രാജിവെക്കുന്നത്. അതിൽ ഏറ്റവും വലിയ കാര്യം എന്തെന്നാൽ അത് ഭരണഘടനയിലുള്ള വിശ്വാസം തന്നെയാണ്.

ഫാദർ സ്റ്റാൻസ്വാമിയൊക്കെ നമുക്ക് ജീവിച്ചു കാണിച്ചു തരുന്ന മാർഗങ്ങൾ,
ഒരു ജീവിതത്തിലൂടെ കാണിച്ചു തരുന്നത് എന്താണെന്നാൽ വിശ്വസിക്കുന്ന കാര്യത്തിലുള്ള ഒരു സത്യസന്ധതയുള്ള വ്യക്തി സ്വന്തം ജീവിതം മുഴുവൻ ആ വിശ്വാസത്തിനും ആ ഒരു നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുക. പ്രവർത്തിച്ചു ജീവിച്ച് മരിച്ചു നമുക്കെല്ലാവർക്കും ഒരു ഉദാഹരണം ആയിട്ട് കാണിച്ചു തരുന്ന ഒരു വ്യക്തി. ആ വ്യക്തിയെ നമുക്ക് ഒരിക്കലും മറക്കാനാവില്ല.

 

 

———————————————————–

Related