August 11 Tuesday 2026

രാഷ്ട്രീയ എതിരാളികള്‍ക്ക് അധികാര ഭ്രഷ്ട് കല്‍പിക്കുന്ന ഭരണഘടനാ ഭേദഗതി

ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ സമ്പൂര്‍ണ്ണമായും തകര്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ കേവലം അടിമസംസ്ഥാനങ്ങളുടെ കൂട്ടമായി ഇന്ത്യയെ മാറ്റുന്നതിനുമാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുവേണ്ടിയുള്ള ഏറ്റവും പുതിയ ആക്രമണമാണ് 130-ആം ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഏതെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രധാനമന്ത്രിയോ, അഞ്ചുകൊല്ലമോ അതിലേറെയോ ശിക്ഷിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതിയായി ജാമ്യം ലഭിക്കാതെ 30 ദിവസം തടവില്‍ കഴിഞ്ഞാല്‍ അയാളെ പുറത്താക്കാന്‍ യഥാക്രമം രാഷ്ട്രപതി, ഗവര്‍ണര്‍ (കേന്ദ്ര ഭരണപ്രദേശങ്ങളില്‍ Lt. Governor) എന്നിവര്‍ക്ക് അധികാരം നല്‍കുന്നതാണ് ഭരണഘടനയുടെ Article 75-ന്റെ ഭേദഗതി ബില്‍. ശുപാര്‍ശ കിട്ടിയാലും ഇല്ലെങ്കിലും മുപ്പത്തിയൊന്നാം ദിവസം മുതല്‍ തടവിലുള്ള മന്ത്രി/പ്രധാനമന്ത്രി ആ പദവിയില്‍ നിന്നും ഒഴിവാക്കപ്പെടും.
വാസ്തവത്തില്‍ ഇത് പ്രധാനമന്ത്രിയേയോ കേന്ദ്ര മന്ത്രിമാരെയോ ഉദ്ദ്യേശിച്ചുള്ള നീക്കമല്ലെന്ന് ലളിതമായ വസ്തുതയാണ്. അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, അയാളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത് സി.ബി.ഐ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കാതെ മുപ്പതു ദിവസത്തിലേറെ തടവിലിടുന്ന കാലമുണ്ടാകും എന്ന് നിങ്ങള്‍ വിശ്വസിക്കണം. അങ്ങനെയാണെങ്കില്‍ നിലവിലെ ഇന്ത്യയുടെ ജനാധിപത്യാരോഗ്യത്തില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഒരാളായി ഗണഗീതം പാടി പഥസഞ്ചലനത്തില്‍ അണിചേരാം. അങ്ങനെയല്ലാത്ത ജനാധിപത്യ രാഷ്ട്രീയ സന്ദേഹികള്‍ക്കാണ് തുടര്‍ചര്‍ച്ച.

മുഖ്യമന്ത്രിയുടെ ശുപാര്‍ശപ്രകാരം മറ്റ് മന്ത്രിമാരെ നിയമിക്കുന്ന ഗവര്‍ണര്‍ക്ക് ,Article 164(1), മന്തിമാരെ തോന്നുംപടി പുറത്താക്കാനോ സംസ്ഥാന മന്ത്രിസഭയെ ഇഷ്ടാനുസരണം പിരിച്ചുവിടാനോ കഴിയില്ലെന്ന് നിരവധി സുപ്രീം കോടതി വിധികള്‍ ഭരണഘടനാ വ്യാഖ്യാനമായി വന്നിട്ടുണ്ട്. ഗവര്‍ണറുടെ ‘pleasure’ എന്നത് വ്യക്തിപരമോ ഭരണഘടനാബാഹ്യമായ മറ്റ് കാരണങ്ങളാലുള്ള ഇഷ്ടാനിഷ്ടങ്ങളല്ല എന്നും കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതായത് മന്ത്രിമാരെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും ഗവര്‍ണറുടെ യുക്തിക്കനുസരിച്ച് ചെയ്യേണ്ട ഒന്നല്ല. ഇപ്പോള്‍ക്കൊണ്ടുവരുന്ന ഭേദഗതിയാകട്ടെ അത്തരത്തിലൊരു അധികാരം പ്രായോഗികമായി ഗവര്‍ണര്‍ വഴി കേന്ദ്ര സര്‍ക്കാരിന് നല്‍കുകയാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാനഘടനാ ഫെഡറല്‍ പ്രമാണങ്ങള്‍ക്ക് എതിരാണ്.

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെ ജാമ്യം നല്‍കാതെ തടവിലിടുകയും അവരെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്യാനുള്ളൊരു കുറുക്കുവഴിയാണ് ഈ ഭേദഗതി. ഹേമന്ദ് സോറന്‍, അരവിന്ദ് കെജ്രിവാള്‍ എന്നീ മുഖ്യമന്ത്രിമാരെയും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ എതിരാളികളേയും പല കേസുകളിലുമായി കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ തടവിലിട്ടിട്ടുണ്ട്. ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ ഇതൊഴിവായിക്കിട്ടുമെന്നൊരു വാഗ്ദാനവും അവര്‍ വെക്കുന്നു. പ്രഫുല്‍ പട്ടേല്‍ ആ വാഗ്ദാനവും ഭീഷണിയും സ്വീകരിച്ചപ്പോള്‍ ചിദംബരം അതിന് തയ്യാറായില്ല. ചിദംബരത്തിന്റെ ജയില്‍വാസം നീണ്ടത് അങ്ങനെയാണ്. ബി.ജെ.പിയുമായി തെറ്റിയതോടെയാണ് TRS മേധാവി ചന്ദ്രശേഖരറാവുവിന്റെ മകള്‍ക്ക് ജയിലില്‍ പോകേണ്ടിവന്നത്. അതായത് അഴിമതിയല്ല പ്രശ്‌നം, ബി.ജെ.പിക്കൊപ്പം നിന്നാണോ എതിര്‍ചേരിയില്‍ നിന്നാണോ ചെയ്യുന്നതെന്നാണ് വിഷയം.

UAPA , PMLA തുടങ്ങിയ നിയമങ്ങളിലെ മനുഷ്യാവകാശ വിരുദ്ധമായ വകുപ്പുകള്‍ ചുമത്തി തടവിലിട്ടാല്‍ ജാമ്യം അസാധ്യമാകുന്ന ഈ രാജ്യത്ത് രാഷ്ട്രീയ പ്രതിയോഗികളുടെ മുപ്പതു ദിവസത്തെ ജയില്‍വാസം ഉറപ്പുവരുത്തുക എന്നത് മോദി സര്‍ക്കാരിന് നിസ്സാര സംഗതിയാണ്. അതായത്, സംസ്ഥാന സര്‍ക്കാരുകളുടെ മന്ത്രിസഭയില്‍ ആരുണ്ടാകണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണ്ണയിക്കാന്‍ കഴിയുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. സംസ്ഥാനങ്ങളുടെ, അതുവഴി സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെക്കൂടിയാണ് ഇതില്ലാതാക്കുന്നത്. കോടതികളുടെ അധികാരത്തെക്കൂടിയാണ് ഈ ഭേദഗതി വെല്ലുവിളിക്കുന്നത്. ജാമ്യഹര്‍ജിയിലെ നീണ്ടുപോകുന്ന തീരുമാനം മന്ത്രിയെ പുറത്താക്കാനുള്ള ഒരായുധമായി ഉപയോഗിക്കുന്നത് മന്ത്രിമാരെ നിയമിക്കാനുള്ള തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷ കക്ഷിയുടെ/മുന്നണിയുടെ മുഖ്യമന്ത്രിയുടെ അധികാരത്തെ കവര്‍ന്നെടുക്കലും ഒപ്പം കോടതിയെ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയക്കളികളുടെ ഭാഗമാക്കുകയുമാണ്.

സംഘ്പരിവാറിന്റെ ഹിന്ദുത്വ ഹിന്ദി പശുപ്രദേശ ഭൂരിപക്ഷം കൊണ്ട് ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട എല്ലാ സംസ്ഥാനങ്ങളെയും കീഴ്പ്പെടുത്തി ഭരിക്കാനുള്ള, സ്വതവേ ദുര്‍ബ്ബലമായ ഇന്ത്യന്‍ ഫെഡറല്‍ ഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ് പുതിയ ഭേദഗതി നീക്കം. പാര്‍ലമെന്ററി ചട്ടങ്ങളനുസരിച്ച് ബില്‍ അവതരണത്തെക്കുറിച്ചുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കാനോ അംഗങ്ങള്‍ക്ക് ബില്ലിന്റെ ഉള്ളടക്കവും പകര്‍പ്പും ചര്‍ച്ചക്കായി ലഭ്യമാക്കാനോ തയ്യാറാകാതെ എല്ലാവിധ പാര്‍ലമെന്ററി മര്യാദകളും ക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. Jammu and Kashmir Reorganization Bill 2019 ആഗസ്റ്റ് 5-നു Rules of Procedure -ലെ അംഗങ്ങള്‍ക്കുള്ള അധികാരവും പാര്‍ലമെന്ററി നടപടിക്രമങ്ങളും വിശദമായ ചര്‍ച്ചകള്‍ക്കുവേണ്ടി മുന്‍കൂറായി ബില്ലിന്റെ പകര്‍പ്പ് നല്‍കലും എല്ലാം ലംഘിച്ചുകൊണ്ട്, ജമ്മു കാശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും ബന്ദികളാക്കി, ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യക്രമത്തെ നോക്കുകുത്തിയാക്കി അംഗീകരിപ്പിച്ചെടുത്തത് ചരിത്രമാണ്. സവിശേഷാധികാരങ്ങളുള്ള ഒരു സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വെട്ടിമുറിച്ചു തരംതാഴ്ത്തിയത് അത്തരത്തിലാണെങ്കില്‍ തെക്കേ ഇന്ത്യയടക്കമുള്ള ഹിന്ദി ഇതര ജനതയ്ക്ക് സംഭവിക്കാന്‍ പോകുന്നതും നീണ്ടകാല ഭാവിയില്‍ മറ്റൊന്നായിരിക്കില്ല എന്നത് അന്നേ വ്യക്തമായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് 130-ആം ഭേദഗതിയെ വായിക്കേണ്ടത്.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് ഒരു നേതാവ്, ഒരു രാഷ്ട്രീയ കക്ഷി എന്നതിലേക്കുള്ള അതിവേഗപാതയാണ്. ആ അതിവേഗപാതയിലെ കാഴ്ചകളാണ് നമ്മളിപ്പോള്‍ കാണുന്നത്. സംസ്ഥാന സര്‍ക്കാരുകളെ കേവലമായ ഭരണനിര്‍വ്വഹണ വിഭാഗങ്ങളാക്കി ചുരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ ബഹുസ്വരതയേയാണ്. ഇന്ത്യ അതിന്റെ വിവിധ ഭാഷകളില്‍ ഹിന്ദുത്വ, ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം സംസാരിക്കേണ്ടിയിരിക്കുന്നു. ഈ രാജ്യം എങ്ങനെയാണ് നിലനില്‍ക്കേണ്ടതെന്നുള്ള ചോദ്യം അവസാനത്തേക്ക് വെക്കേണ്ട ഒന്നല്ലയിപ്പോള്‍.

(പ്രമോദ് പുഴങ്കരയുടെ ആഗസ്റ്റ് 20 ലെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)

Related