മനുഷ്യവംശം മറ്റു ജീവരാശികളിൽ നിന്നും ഏറെ വ്യത്യസ്ഥനാണ്. ദാഹം വിശപ്പ് മറ്റു ജഢികകാമനകൾ എന്നിവയിൽ ജന്തു സഹസ്രങ്ങളുമായി സമാനത പങ്കുവെയ്ക്കുന്നുവെങ്കിലും മനുഷ്യ ജീവിതം ഇതിൽ മാത്രം സംതൃപ്തമാകുന്ന ഒന്നല്ല. അവനിൽ അനുഭൂതിബോധങ്ങളുടെ മറ്റൊരു വൻകരകൂടിയുണ്ട്. അതിൻ്റെ സമ്പൂർത്തിക്ക് ഭാവനയുടെയും സൗന്ദര്യാന്വേഷണങ്ങളുടെയും സമാന്തര ലോകം കൂടി അനിവാര്യമാണ്. അതുകൊണ്ടാണ് മനുഷ്യർ കാട്ടുഗുഹകളിൽ അന്തിയുറങ്ങിയും കട്ടുമൃഗങ്ങളെ വേട്ടയാടിയും കാട്ടുചോലയിൽ നിന്ന് വെള്ളം മോന്തിയും കഴിഞ്ഞ നാടോടി ജീവിതത്തിൻ്റെ തമോകാലത്ത് പോലും ഗുഹാഭിത്തികളിൽ ചിത്രങ്ങൾ കോറിയത്. കെട്ടിപ്പിടിച്ച് രാക്കഥകൾ പറഞ്ഞതും വേട്ട ജയിച്ചപ്പോൾ പാട്ട് പാടി നൃത്തം ചെയ്തതും.
ഇത്രയും കാലമായിട്ടും നാഗരീകതയും സംസ്കാരങ്ങളും ഇങ്ങനെ മുന്നോട്ട് പോയിട്ടും മനുഷ്യേതര ജന്തുരാശികൾ പഴയത് പോലെ തന്നെ തുടരുകയാണ്. എന്നാൽ മനുഷ്യ വംശം സർവ ജീവിതാവസ്ഥകളേയും നിരന്തരം നവീകരിച്ചു മുന്നോട്ട് പോകുന്നു. ഇതിൽ അവൻ്റെ സർഗാത്മക ലോകവും പ്രധാനമാണ്. അതിലൂടെയാണ് കഥയും ചിത്രങ്ങളും പാട്ടും നൃത്തരൂപങ്ങളും നാനാപ്രകാരങ്ങളിൽ കാലാതിവർത്തിയായി മനുഷ്യവംശത്തിൽ പ്രവർത്തിക്കുന്നതും. യുഗങ്ങൾ നീൾച്ചയായപ്പോൾ മനുഷ്യർ ആരണ്യകങ്ങളിൽ നിന്നും മലമടക്കുകളിലെ കൽപൊത്തുകളിൽ നിന്നും പുറത്തു കടന്ന് നാഗരികതകളും സാംസ്കാരിക പ്രവർത്തനങ്ങളും വികസിപ്പിച്ചപ്പോൾ കഥകളുടെയും പാട്ടിന്റെയും ചിത്രകലകളുടെയും രൂപപരതയിലും ആവിഷ്കാരങ്ങളിലും മൗലികമായ വികാസങ്ങൾ സംഭവിച്ചു. കഥ പറയുന്ന മാതിരിയേ മാറിയുള്ളൂ. കഥ അങ്ങനെ തന്നെ നിലനിന്നു. ചിത്രവും നൃത്തവും പാട്ടും കവിതയും അതിൻ്റെ പ്രകാരങ്ങളിലേ മാറിയുള്ളൂ. അത് സ്വാഭാവികം.
ആധുനിക കാലത്ത് കഥ പറയുന്നതിൽ വന്ന സവിശേഷ മാറ്റമാണ് നോവൽ മുന്നോട്ട് വെയ്ക്കുന്നത്. ജീവിതത്തെ എത്ര സൂക്ഷമത്തിലും സ്ഥൂലത്തിലും എത്രയും വിപുലതയിലും നമുക്ക് നോവലിൽ വ്യവഛേദിക്കാം. അതിൽ കഥാപാഠത്തെ സമകാലിക ജീവിത സന്ദർഭങ്ങളുമായി ചേർത്തുവെച്ചു പരിശോധിക്കുവാനും നമുക്ക് സാധിക്കും. അത് നൽകുന്ന തെളിച്ചത്തിൽ നിന്നുകൊണ്ട് സമൂഹത്തെ നിരന്തരമായി ജാഗ്രത്താക്കാനും സാധിക്കും. ഓരോ കാലവും രൂപപ്പെടുത്തിയ ജീവിത ബോധത്തിൽ നിന്നാണ് നാം അപ്പോൾ കഥാപാഠങ്ങളെ ഉൾക്കൊള്ളുക.
ഓരോ കാലവും രൂപപ്പെടുത്തിയ മനുഷ്യ ബന്ധങ്ങളിൽ നിന്നാണ് നാം അപ്പോൾ നോവലുകളെയും സാധ്യമാക്കുക. ഇങ്ങനെ നാനാതരം പാരായണ സാധ്യതകൾ നൽകുന്ന ഒരു പുതുനോവൽ കൃതിയാണ് ടാഗോർ പ്രബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച സാബിറാ ലത്തീഫിയുടെ “അവൻ നമ്മോടൊപ്പമുണ്ട്” എന്ന സോദ്ദേശ നോവൽ രചന.
കൗമാരക്കാരനായ മകനെയും അവൻറെ ഉമ്മ സുഹ്റയേയും കേന്ദ്രമാക്കി ജീവിതത്തെയും അതിനകത്തെ നിരവധി ഭാവപ്രകാരങ്ങളെയും ആവിഷ്കരിക്കുക വഴി സമൂഹത്തെയും അതിലെ വിക്ഷുബ്ധതകളെയും പ്രതിസന്ധികളെയും അതിൻ്റെയൊക്കെ ധാർമിക പരിഹാരങ്ങളെയും പൊതുവായനക്കെത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരി സാബിറാ ലത്തീഫി. പ്രധാന കഥാപാത്രമായ അബ്ദുവിൻ്റെ ഉമ്മ സുഹ്റ ഒരു അംഗനവാടി ടീച്ചറാണ്. ഭർത്താവ് എത്രയോ കാലമായി പ്രവാസ ലോകത്തെ തടവിൽ കുറ്റാരോപിതനായി കിടക്കുന്നു. ദരിദ്രമാണ് അവരുടെ സാഹചര്യം. അപ്പോഴും അഭിജാതവും സത്യനിഷ്ടവും കുലീനവുമായൊരു ജീവിതമാണ് അവർ ഏറ്റെടുക്കുന്നത്. സ്കൂളിലെ പന്തുകളി സംഘത്തിലെ പ്രതിഭാധനനായ കളിക്കാരനാണ് സുഹറയുടെ മകൻ അബ്ദു . പക്ഷേ അവന് കാലിൽ കെട്ടാനൊരു മികച്ച ബൂട്ടില്ല .സ്കൂളിലെ കളി മാഷ് നിരന്തരം നിർബന്ധിക്കുന്നുണ്ടെങ്കിലും ധനസ്ഥിതി സമ്മതിക്കാത്തത് കൊണ്ടവർക്കത് സാധ്യമാകുന്നില്ല. അതാണ് ആ വീട്ടിലെ ഏറ്റവും പുതിയ ദാർശനിക പ്രതിസന്ധി.
ഒരു ദിവസം മികച്ച കളിക്കിറ്റും ഒത്തൊരു ബൂട്ടും സ്വപ്നം കണ്ട് സ്കൂളിലേക്ക് പോയ അബ്ദുവിന് പാതയോരത്ത് നിന്ന് ഒരു സ്വർണക്കൊലുസ്സ് വീണു കിട്ടുന്നു. അതവൻ്റെ കാമനകൾക്ക് നിറം പകർന്നു. തൻ്റെ സ്വപ്ന സാക്ഷാത്കാരം പ്രയോഗത്തിൽ കണ്ടുനിന്ന നിമിഷത്തെ അബ്ദുവിനെ ഉമ്മ തൻ്റെ സത്യബോധസംസ്കാരം കൊണ്ട് തിരുത്തിയെടുത്തു. ഇത് ഈ നോവലിലെ ഗംഭീരമായൊരു വായനാ മുഹൂർത്തമാണ്. സമകാലിക ജീവിത സന്ദർഭങ്ങളുമായി തൻ്റെ അരുമയാർന്ന വിശ്വാസപ്രമാണങ്ങളെ വിളക്കിനിർത്തി സർഗാത്മകമായി ആവിഷ്കരിക്കാൻ ഇവിടെ എഴുത്തുകാരി നടത്തിയ ശ്രമം നോവലിനെ കൂടുതൽ വായനക്ഷമമാക്കുന്നു. തന്റെ അവിഹിതമായ പ്രതീക്ഷകളെ തന്നിൽ അന്ത:സ്ഥിതമായ മതാത്മക മൂല്യം കൊണ്ടാണ് ഈ ഉമ്മയും മകനും നേരിടുന്നത്.
“മകനേ അന്യരുടെ ധനം കൊണ്ട് നാം നേടുന്ന സ്ഥാവരങ്ങളും ജംഗമങ്ങളും അസ്ഥിരവും ക്ഷണഭംഗുരവുമാണ്” . ഈ പാഠമാണ് സുഹ്റ തൻ്റെ കൗമാരക്കാരനായ മകന് പകർന്നു നൽകുന്നത്. ഇതാ മകനിൽ ശുഭമായി പ്രവർത്തിക്കുന്നു. ഇവിടെയാണ് ഈ നോവൽ വിജയിക്കുന്നതും. അബ്ദുവിന്റെ സഹപാഠിയും കളിക്കൂട്ടുകാരനുമാണ് സിയാദ്. അവനിൽ നിഗൂഢമായൊരു ലഹരി ഉപഭോക്താവ് വളർന്നു വരുന്നത് ഞെട്ടലോടെ അബ്ദു തിരിച്ചറിയുന്നു. തൻ്റെ ആത്മസുഹൃത്തിനെ ജീവിതത്തിൻറെ സ്വാഭാവിക സരളതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ അബ്ദു സോദ്ദേശം അധ്വാനിക്കുന്നത് നോവലിന്റെ പരഭാഗ ശോഭയാണ്. സ്വന്തം ജീവിതാവസ്ഥകളെ പലപ്പോഴും നിരാകരിച്ചുകൊണ്ടാണ് ഈ സാഹസത്തിനു അബ്ദു ഒരുങ്ങിയിറങ്ങുന്നത്. അതിൽ അബ്ദുവിന്റെ ഉമ്മ സുഹ്റ നൽകുന്ന സഹനവും പിന്തുണയും നോവലിൽ പരമമാണ്.
പുതുകാലത്തെ മാതൃപുത്ര ബന്ധങ്ങളുടെ വിഛേദസരണിയിലല്ല സുഹ്റയും മകനുമായുള്ള ബന്ധം സഞ്ചരിക്കുന്നത്. ആ ബന്ധത്തിൻ്റെ ആധാരം മതാത്മകമാണ്. അവിടെ സൃഷ്ടാവും സൃഷ്ടികളും വേദപാഠ സൂക്തങ്ങളും പ്രചോദനമാവുന്നു. അവർ പരസ്പരം സംസാരിക്കുകയും വിനിമയങ്ങൾ സംഭവിക്കുകയും ചെയ്യുന്നു . ഗൃഹാന്തർ ഭാഗത്തെ സ്വാഭാവിക വിനിമയങ്ങൾ പുതുകാല സാമൂഹികതയിൽ പ്രധാനം തന്നെയാണ്. സ്കൂളും അവിടെയുള്ള സുമനസ്സുകളായ അധ്യാപകരും ഈ നോവലിലെ വീര്യമുള്ള കഥാപാത്രങ്ങളാണ് . തൻ്റെ ജോലി കേവലമൊരു ഉപജീവന പ്രശ്നം മാത്രമായി കാണാത്ത അധ്യാപകരാണ് നോവലിൽ വന്നു നിൽക്കുന്നത്. പഴയ ഗുരുസങ്കൽപത്തിൽ നിന്നും തുടർച്ച തേടുന്ന പുതുകാല ഗുരു പുണ്യങ്ങളാണവർ . ഇത്തരം അധ്യാപകർക്കും ഇന്ന് സമൂഹത്തിൽ അനിവാര്യതയുണ്ട്. അവർ സ്വന്തം മക്കളെപ്പോലെ തന്നെയാണ് ശിഷ്യഗണങ്ങളെയും കാണുന്നത്. ശിഷ്യരുടെ സർവ്വതോൻമുഖമായ ജീവിത സൗഖ്യം സാധകമായി ഏറ്റുവാങ്ങുന്ന അധ്യാപകരും പ്രധാനാധ്യാപകനും നോവലിൽ മിഴിവാർന്ന് നിൽകുന്നു . ഇതൊക്കെ ഈ നോവലിലെ ഒരു ശോഭന ചിത്രമാണ്.
നോവൽ ആഖ്യാനത്തിൽ നിരവധി കഥകളും ഉപകഥകളും നിരന്തരം വന്നു നിറയുന്നുണ്ട് . അബ്ദു എന്ന കൗമാരം അനുഭവിക്കുന്ന ഭീതിതമായ അന്തസംഘർഷളുടെ പിരികളും ചുറകളും നോവലിൽ ഏറെ ആദ്രവാൽസല്യത്തോടെയാണ് ഉമ്മയും അധ്യാപകരും ചേർന്ന് മുറിച്ചുകൊടുക്കുന്നത് . അത് പലപ്പോഴും കഥകൾ കൊണ്ടാണ് സംഭവിക്കുന്നത്. കഥകൾ കാര്യമാണെന്നും അതിന് സുമോഹനമായ സാമൂഹിക ക്ഷമതയുണ്ടെന്നും അത് മനുഷ്യജീവിതത്തിൽ ഗുണാത്മകമായി പ്രവർത്തിക്കുമെന്നും ഈ നോവലിലൂടെ വായനക്കാർ തിരിച്ചറിയും. ശുഭ പര്യവസായിയാണ് നോവൽ . പുസ്തകത്തിൻ്റെ ശീർഷകം തന്നെ അവൻ നമ്മോടൊപ്പമുണ്ട് എന്നാണ്. ആ അവൻ ദൈവം തന്നെയാണ്. അവൻ കൂടെ ഉണ്ടെങ്കിൽ പിന്നെന്തിന് വിഷാദം. ഒരാൾ സംഘർഷങ്ങളുടെ ചുഴി മലരികളിൽ പെട്ട് ഉഴലുകയും പരാശക്തിയിലും അവൻ്റെ അപരിമേയമായ കാരുണ്യത്തിലും ആഴത്തിൽ വിശ്വസിക്കുകയും വിശ്വാസം പ്രയോഗത്തിൽ വിജയിക്കുകയും ചെയ്യുന്നതാണ് നോവലിൻറെ രൂപവും ദത്തവും. ആ നിലയിൽ ഇതൊരു സ്വാന്തന സാഹിത്യം തന്നെയാണ്. ഗുണപാഠകഥകൾ കൊണ്ട് ജീവിതം വ്യാഖ്യാനിക്കുന്ന ശുഭാന്ത്യ രചന .
വിരൽതുമ്പ് കൊണ്ട് ക്ഷണനിമിഷത്തിൽ ഈരേഴ് ലോകങ്ങളും അതിലെ അന്തമില്ലാത്ത മാദകാസ്വാദന സ്വപ്നലോകവും വിളമ്പുന്ന യന്ത്രസാമഗ്രികളുടെ തടവറയിൽ ജീവിക്കുമ്പോഴും പുതുതലമുറ ഏകാകിയും വിഷാദിയും അവരവരോട് പോലും രോഷാകുലരുമാണ്. അവർക്ക് ആരോടും ബാധ്യതകളില്ല. അവിടെ അമ്മയച്ഛന്മാരും ഗുരുപരമ്പരകളും സമൂഹവും ഇല്ല. ദൈവവും ആത്മീയ പ്രമാണങ്ങളുമില്ല. കയറ് പൊട്ടിയ പട്ടം കണക്ക് ആകാശത്തിന്റെ അനിശ്ചിതത്വത്തിൽ അവരങ്ങനെ ഒഴുകുകയാണ്. അതുകൊണ്ടവർ അരക്ഷിതരും വിഭ്രാന്തരുമാണ്. അവിടെയാണ് കുടുംബം പ്രധാനമാവുന്നത്. കൂട്ടുകാരും സുഹൃത്തുക്കളും പ്രധാനമാവുന്നത്. പഠന കേന്ദ്രങ്ങളും ഗുരു പുണ്യങ്ങളും അനിവാര്യമാവുന്നത്. കൂടപ്പിറപ്പുകൾ പ്രധാനമാവുന്നത്. അച്ഛനമ്മമാർ പ്രധാനമാവുന്നത്. അത്തരം സുഭദ്രമായൊരു സാമൂഹികതയിൽ നിന്നുകൊണ്ട് വായിക്കുമ്പോൾ ഈ നോവൽ ഏറെ പ്രസാദാത്മകവും അത്യന്തം സമകാലികവുമാവും.
പ്രസാധനം: ടാഗോർ പബ്ലികേഷൻസ്
പേജ് :135 . വില : 160
