ഫുട്‌ബോൾ ലോകകപ്പ് മറ്റേതൊരു ടൂർണമെന്റിൽ നിന്നും വ്യത്യസ്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ഇവിടെ ഒത്തുചേരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അതിനാൽ തന്നെ ഇത് ദേശ, ഭാഷ, വംശ, വർഗ ചിന്തക്കപ്പുറത്തുളള ആഘോഷമാകുന്നു. ലോകകപ്പിനെത്തുന്ന ടീമുകളിൽ ചിലർ കിരീടം സ്വപ്നം കണ്ട് ഫേവറിറ്റുകളായി വരുന്നു, ചിലർ മുൻകാല പരാജയങ്ങൾക്ക് പകരം വീട്ടാൻ വരുന്നു, മറ്റ് ചിലർ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മാത്രം വരുന്നു. ഇതാണ് ലോകകപ്പിനെ ഒരു യഥാർത്ഥ ആഗോള ആഘോഷമാക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളും സംസ്‌കാരങ്ങളും ഒത്തുചേരുമ്പോൾ, ശൈലികളുടെയും തത്വശാസ്ത്രങ്ങളുടെയും ഒരു കൂട്ടിയിടി കൂടിയാണ് അവിടെ സംഭവിക്കുന്നത്.
ഈ ലോകകപ്പിൽ പൊസഷൻ-ഹെവി ശൈലികൾ (പന്ത് കൂടുതൽ സമയം കൈവശം വെക്കുന്ന) ആധിപത്യം പുലർത്തുമെന്നാണ് തോന്നുന്നത്, പ്രത്യേകിച്ച് യൂറോപ്യൻ ടീമുകൾക്കിടയിൽ. കാരണം, ചൂടുള്ള കാലാവസ്ഥയിൽ പന്തില്ലാതെ ഓടിനടക്കുന്നതിനേക്കാൾ, പന്ത് കൈവശം വെച്ച് കളിക്കുന്നത് താരങ്ങൾക്ക് കുറച്ചുകൂടി ഊർജ്ജം ലാഭിക്കാൻ സഹായിക്കും. മാത്രമല്ല, നിലവിൽ മിക്ക ക്ലബ്ബ് ടീമുകളും ഈ ശൈലിയാണ് പിന്തുടരുന്നത്.
സ്‌പെയിൻ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. പണ്ട് ഉണ്ടായിരുന്നത്ര വേഗത ഇപ്പോൾ അവരുടെ കളിക്കില്ലെങ്കിലും, പന്ത് കൈവശം വെക്കുക എന്നത് തന്നെയാണ് ഇപ്പോഴും അവരുടെ രീതി. ചരിത്രപരമായി മികച്ച സാങ്കേതിക തികവുള്ള കളിക്കാരെ ഉൽപ്പാദിപ്പിച്ചിട്ടുള്ള നെതർലൻഡ്സും പന്ത് നിയന്ത്രിച്ചു കളിക്കുന്ന ടീമാണ്. എന്നാൽ, സ്‌പെയിനിനെ അപേക്ഷിച്ച് അവർ അൽപ്പം കൂടെ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നവരാണ്.
ഫ്രാൻസും പോർച്ചുഗലും ഈ ശൈലികൾക്ക് ഇടയിലുള്ളവരാണ്. ഇവർക്കും പന്ത് കൈവശം വെക്കാൻ ഇഷ്ടമാണ്, ഒപ്പം തങ്ങളുടെ ക്രിയേറ്റീവ് താരങ്ങൾക്ക് സ്വാതന്ത്ര്യം നൽകാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ, ആവശ്യമെങ്കിൽ പ്രതിരോധത്തിലൂന്നാനും അവർക്ക് മടിയില്ല. 2018-ൽ ഫ്രാൻസ് ഈ രീതിയിൽ വിജയിച്ചിട്ടുണ്ട്.
ജൂലിയൻ നാഗൽസ്മാന്റെ കീഴിലുള്ള ജർമ്മനിയെ ഒരു ‘വൈൽഡ് കാർഡ്’ ആയി കാണാം. മികച്ച ഫോമിലാണെങ്കിൽ അവർ ഹൈ-പ്രസ്സിങ് ശൈലിയിലൂടെ എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ ഇഷ്ടപ്പെടുന്നു. ജർമ്മൻ പരിശീലകന്റെ കീഴിലുള്ള ഇംഗ്ലണ്ട്, അൽപ്പം കൂടി ശാരീരികക്ഷമതയ്ക്കും ട്രാൻസിഷൻ ഗെയിമിനും (പന്ത് ലഭിച്ചാലുടൻ അതിവേഗം ആക്രമിക്കുക) പ്രാധാന്യം നൽകുന്നു. കോൾ പാമർ, ഫിൽ ഫോഡൻ തുടങ്ങിയ ഫ്‌ലെയർ താരങ്ങളെ ഒഴിവാക്കി, എതിരാളികളുടെ പൊസഷൻ ഗെയിമിനെ തകർക്കാൻ ഓട്ടം കൊണ്ടും ശാരീരികമായ ഇടപെടലുകൾ കൊണ്ടും ഇംഗ്ലണ്ട് ശ്രമിക്കുന്നു.
കാലാവസ്ഥയും പിച്ചും നിർണ്ണായകമായേക്കാം
ലോകകപ്പിൽ ചൂട് ഒരു പ്രധാന ഘടകമായിരിക്കും. കൂടാതെ, സ്റ്റേഡിയങ്ങളിലെ പിച്ചുകളുടെ നിലവാരത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. പല സ്റ്റേഡിയങ്ങളും ഫുട്‌ബോളിനായി മാത്രം നിർമ്മിച്ചതല്ല, അതിനാൽ പന്ത് തട്ടിത്തെറിക്കാനും മറ്റും സാധ്യതയുണ്ട്. ഇത് കൃത്യമായ പാസിംഗ് ദുഷ്‌കരമാക്കുകയും ടീമുകളെ കൂടുതൽ ശാരീരികമായ കളികളിലേക്ക് നിർബന്ധിതരാക്കുകയും ചെയ്യും.
ചൂടുള്ള കാലാവസ്ഥയിൽ ഇത്തരത്തിലുള്ള തീവ്രമായ ശൈലിയിൽ കളിക്കാൻ ശീലമുള്ളതുകൊണ്ടും, സ്വന്തം നാട്ടിലെ പരുക്കൻ പിച്ചുകളിൽ കളിച്ചു ശീലമുള്ളതുകൊണ്ടും തെക്കേ അമേരിക്കൻ ടീമുകൾക്ക് ഇവിടെ മുൻതൂക്കം ലഭിച്ചേക്കാം. വടക്കേ അമേരിക്കയിൽ നടന്ന മുൻ ലോകകപ്പുകളെല്ലാം തെക്കേ അമേരിക്കൻ ടീമുകളാണ് വിജയിച്ചത് എന്നത് യാദൃശ്ചികമല്ല.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ തന്ത്രങ്ങൾ ലയണൽ മെസ്സിയെ ചുറ്റിപ്പറ്റിയാകും മെനയുക. അദ്ദേഹത്തിന് ഇപ്പോൾ 38 വയസ്സായി. അതിനാൽ മെസ്സിക്ക് കളിയിൽ തിളങ്ങാനുള്ള സമയവും സ്ഥലവും നൽകാൻ, ടീം കൂടുതൽ വ്യക്തമായ ഒരു ഘടനയിലും പ്രതിരോധത്തിലും ഊന്നൽ നൽകാൻ സാധ്യതയുണ്ട്.
ബ്രസീലും സമാനമായ രീതി പിന്തുടരാം. പ്രതിരോധത്തിൽ ഗബ്രിയേൽ മഗൽഹായെസും മാർക്കിഞ്ഞോസും, മുന്നേറ്റത്തിൽ വിനീഷ്യസ് ജൂനിയറും റാഫിഞ്ഞയും. കൂടാതെ കാർലോ ആഞ്ചലോട്ടി എന്ന പരിശീലകന്റെ മികവും അവർക്ക് കരുത്താണ്.
ഏഷ്യ, ആഫ്രിക്ക, നോർത്ത്-സെൻട്രൽ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ എതിരാളികളുടെ സമ്മർദ്ദത്തെ പ്രതിരോധിച്ചുകൊണ്ട് കൗണ്ടർ അറ്റാക്കുകളിൽ ഗോൾ കണ്ടെത്താൻ ശ്രമിക്കും.
പൊസഷൻ ഗെയിമിന് ആധിപത്യം പുലർത്താനാകുമോ?
ഏതുവിധത്തിൽ നോക്കിയാലും, ഈ ലോകകപ്പ് വളരെ കൗതുകകരമായിരിക്കും. സമീപകാലത്തൊന്നും ഇത്രയധികം തന്ത്രപരമായ പ്രത്യേകതകൾ നിറഞ്ഞ ഒരു ലോകകപ്പ് ഉണ്ടായിട്ടില്ല. ഫേവറിറ്റുകൾക്ക് ‘പൊസഷൻ’ ആയിരിക്കും രാജാവ് എന്ന് ഇപ്പോൾ തോന്നുന്നുണ്ടെങ്കിലും, ഒരു മികച്ച കൗണ്ടർ അറ്റാക്കിംഗ് പ്രകടനം കൊണ്ട് ആ ധാരണകൾ തിരുത്തപ്പെടാം. വിവിധ ശൈലികളും ആശയങ്ങളും തത്വശാസ്ത്രങ്ങളും നിറഞ്ഞ ഈ ലോകകപ്പിൽ ഇത് തന്നെയാണ് സംഭവിക്കേണ്ടതും. അല്ലാത്തപക്ഷം ഇതൊരു ലോകകപ്പായി തോന്നില്ലല്ലോ.
