മാനവീയം രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പ്രമുഖ ഗായിക പുഷ്പവതി പാടേണ്ടിയിരുന്ന പരിപാടിക്ക് തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്ന ബി.ജെ.പി ഫാസിസ്റ്റുകൾ അനുമതി നിഷേധിച്ചിരിക്കുന്നു. സംഘികളുടെ പൊതു സ്വഭാവം തന്നെ ഇങ്ങനെ ജനകീയ ഇച്ഛകളെ വരിഞ്ഞ് മുറുക്കുകയാണല്ലോ? പുഷ്പവതിയോടുള്ള ജാതീയമായ എതിർപ്പും ഈ നിരോധനത്തിൽ പ്രകടമാണ്. മേയർ നേരിട്ട് തന്നെയാണ് ഇതിന് മുതിർന്നിരിക്കുന്നത്.
മോദി ഭീകര വാഴ്ചക്ക് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രകാശ് രാജ് അടക്കം പങ്കെടുത്ത ആ പരിപാടിക്ക് നേരെ പൊലീസിനെ അഴിച്ച് വിടുകയും കേസെടുക്കുകയും ചെയ്യുകയുണ്ടായി. മാത്രവുമല്ല ഇക്വാലിറ്റി ലാബ് എന്ന ബാനറിൽ ഭരണമുന്നണിയായ UDF ൻ്റെ മൂന്ന് MLA മാരടക്കം പങ്കെടുത്ത ജന്തർമന്തർ പ്രതിഷേധത്തേയും കോർപ്പറേഷനും പൊലീസും ചേർന്ന് അക്രമാസക്തമായാണ് നേരിട്ടത്. കേസെടുക്കുക മാത്രമല്ല മൈക്കും അത് കയറ്റിയ വാഹനവും വരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നിട്ടും കോൺഗ്രസ്സ്, ലീഗ് അടക്കമുള്ള ഭരണമുന്നണിയിൽ നിന്ന് കാര്യമായ എതിർപ്പൊന്നും ഉയർന്ന് വന്നിട്ടില്ല. എന്നാൽ, ഏതാനും ദിവസം മുമ്പ് തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന ‘മിഷൻ ഹെൽത്തി കേരള’ (Mission Healthy Kerala) എന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത് സംസാരിച്ചിരുന്നു. അപ്പോൾ കാര്യം വ്യക്തം. മേയർ വി.വി. രാജേഷിനും അദ്ദേഹത്തിൻ്റെ പാർട്ടിക്കും താല്പര്യമില്ലാത്തവർക്ക് മാത്രമാണ് പ്രവേശന വിലക്ക്. പരിപാടിയുടെ ഉള്ളടക്കം നോക്കി മാത്രമെ അനുമതി നൽകൂ എന്ന് മേയർ ധിക്കാരപൂർവ്വം പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ആവിഷ്ക്കാരത്തിൻ്റെ ഉള്ളടക്കം ഇനി മുതൽ മേയർ നിശ്ചയിക്കുമെന്ന് ചുരുക്കം. ഇത് തന്നെ ആണ് ഡെൽഹി ജന്തർമന്തറിലും നടന്നത്.
കലാകാരന്മാർക്കും മറ്റും സാമ്പത്തിക ബാധ്യതയില്ലാതെ ഒത്തുചേരാനും പ്രതിഷേധമടക്കം നാനാ വിധമുള്ള ആവിഷ്ക്കാരങ്ങൾ നടത്താനുമുള്ള ഇടമായ മാനവീയം വീഥി സംരക്ഷിക്കണമെന്നും, അനാവശ്യ നിബന്ധനകൾ ഒഴിവാക്കി അത് സാംസ്കാരിക വകുപ്പ് ഏറ്റെടുക്കണമെന്നും പല വ്യക്തികളും സംഘടനകളുമുൾപ്പെടെയുള്ളവർ ഇപ്പോൾ ആവിശ്യപ്പെടുന്നുണ്ട്. ഈ ആവിശ്യം ന്യായമായിരിക്കുമ്പോൾ തന്നെ സംസ്ഥാനത്തെ സാംസ്ക്കാരിക വകുപ്പിന് പൂർണ്ണ നിയന്ത്രണമുണ്ടായിരുന്ന മാനവീയം വീഥിയുടെ അവകാശം കോർപ്പറേഷനും അവിടെ എന്ത് നടക്കമെന്ന് തീരുമാനിക്കാനുമുള്ള അവകാശം മേയറിലും എങ്ങനെയാണ് വന്നു ചേർന്നത് എന്ന പരിശോധന ഇപ്പോൾ ആവിശ്യമായി വരും.
വെള്ളയമ്പലം റോഡിൽ വയലാർ പ്രതിമ നിൽക്കുന്ന സ്ഥലം മുതൽ ആൽത്തറ ജംഗ്ഷനിലെ ജി. ദേവരാജന്റെ പ്രതിമ വരെയുള്ള 180 മീറ്റർ നീളത്തിലാണ് ഈ വീഥി. പാരീസ്, ബർലിൻ, ആംസ്റ്റർഡാം തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലെ തെരുവുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരു വീഥി പണിയുമെന്നായിരുന്നു അന്നത്തെ വാദം. നൈറ്റ് ലൈഫിനെ പറ്റിയുള്ള ഗംഭീര ചർച്ചകളുമുണ്ടായി. എല്ലാം വാചകമടിയിലൊതുങ്ങി. ദല്ലാളന്മാരുടെ ഫ്യൂഡൽ ആധുനികതാ ബോധത്തിന് ഒരു കോമഡി പീസാവാനല്ലെ മാക്സിമം കഴിയൂ. 2001 ൽ ഔദ്യോഗികമായി ‘മാനവീയം വീഥി’ എന്ന് പേരിടുകയും കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെയും ‘മാനവീയം പദ്ധതിയുടെയും’ ഭാഗമായി അത് ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, പിന്നീട് മോദി സർക്കാരിന്റെ സ്മാർട്ട് സിറ്റി മിഷൻ (Smart Cities Mission) പദ്ധതിക്ക് കീഴിലാണ് മാനവീയം വീഥിയുടെ നവീകരണം നടപ്പിലാക്കിയത്. 50 ശതമാനം കേന്ദ്ര ഫണ്ടിന് വേണ്ടിയാണ് അന്നത്തെ LDF സർക്കാർ വീഥിയുടെ അധികാരം കോർപ്പറേഷന് കൈമാറിയത്.
തിരുവനന്തപുരം കോർപ്പറേഷൻ മാനവീയം വീഥിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (SOP) ഔദ്യോഗികമായി പുറത്തിറക്കിയത് 2023 ലാണ്. ഇതോടെയാണ് മാനവീയം വീഥിക്കുമേൽ പൂർണ്ണ നിയന്ത്രണം മേയർക്ക് ലഭിച്ചത്. അങ്ങനെ പൊലീസിൽ നിന്നോ മറ്റ് അധികാരികളിൽ നിന്നോ യാതൊരു അനുമതിയും വാങ്ങാതെ പലതരം പരിപാടികൾ നടത്തിയ അവിടെ കലാപരിപാടികളോ സാംസ്കാരിക സംഗമങ്ങളോ നടത്തുന്നതിന് മേയറുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി വാങ്ങണം എന്ന നില വന്നു. ഇതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ മുൻകൂട്ടി സമർപ്പിക്കണം. സമയപരിധിയിലും ആഘോഷങ്ങളിലും കർശനമായ സമയനിയന്ത്രണം ഏർപ്പെടുത്തി. രാത്രി10 മണിക്ക് ശേഷം ഉച്ചഭാഷിണികളോ (മൈക്ക്) വലിയ ശബ്ദത്തിലുള്ള സംഗീത പരിപാടികളോ അനുവദിക്കില്ല. രാത്രി12 മണിയോടെ വീഥിയിലെ തിരക്ക് പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ടായി. അന്ന് തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് പിണറായി സർക്കാറിനെതിരെ പലരും വിമർശനമുന്നയിച്ചിരുന്നു. ചുരുക്കത്തിൽ പിണറായി സൃഷ്ടിച്ച ആ ദുരധികാരമാണിപ്പോൾ വി.വി രാജേഷ് ഉപയോഗിക്കുന്നത്. ഒരു പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾ വീണ്ടും കോർപ്പറേഷനിൽ അധികാരത്തിൽ വരുമെന്ന കണക്കു കൂട്ടലാവാം ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ടാവുക.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) രാജ്യത്തെ എല്ലാ പൗരന്മാർക്കും ഉറപ്പ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശങ്ങളിൽ ഒന്നായ ആവിഷ്ക്കാര സ്വാതന്ത്ര്യം (Freedom of Speech and Expression) എന്ന അവകാശത്തെയാണ് തങ്ങളുടെ സങ്കുചിത കക്ഷി താല്പര്യത്തെ മുൻ നിർത്തി പിണറായി സർക്കാർ അട്ടിമറിച്ചത്. ഇന്നത്തെ പ്രതിഷേധക്കാർ മറച്ചുപിടിക്കാൻ ശ്രമിക്കുന്നതും ഈ തെറ്റിനെയാണ്. അത് അവരുടെ സമരത്തെ കുറച്ചൊന്നുമല്ല ദുർബലപ്പെടുത്തുന്നത്. മറ്റൊരു കാര്യവും ഈ സമയത്ത് നിർബന്ധമായും ഓർക്കേണ്ടതാണ്. അത് കേരളത്തിലെ പൊതുയോഗങ്ങൾക്കും ജാഥകൾക്കും മേലുള്ള നിയന്ത്രണങ്ങളെ കുറിച്ചാണ്. ഇപ്പോഴുള്ള വിലക്കുകളും ഇതു പോലെ തന്നെ സംഭവിച്ചതാണ്.
1990 ൾ വരെ ഉച്ചഭാഷിണി (മൈക്ക്) ഉപയോഗിക്കാൻ മാത്രമായിരുന്നു പ്രധാനമായും പൊലീസിന്റെ അനുമതി വേണ്ടിയിരുന്നത്. അതും ഒരു വൈറ്റ് പേപ്പറിൽ ഒരു അപേക്ഷ എഴുതി കൊടുത്താൽ മാത്രം മതി. ഒരു സമയത്ത് ഒരിടത്ത് ഒന്നിൽ കൂടുതൽ പരിപാടികൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ക്രമീകരിക്കുക എന്നതായിരുന്നു അതിൻ്റെ ഉദ്ദേശം. എന്നാൽ, പോകെ പോകെ പലതരം നിയന്ത്രങ്ങൾ കൊണ്ട് വന്നു. ഒടുവിൽ ഇന്നത്തെ അവസ്ഥയിൽ എത്തി. മുൻകൂട്ടി 800 ഓ ആയിരമോ പണമടച്ച് DYSP യുടെ അനുമതി മുൻകൂട്ടി വാങ്ങി മാത്രമെ പൊതു ഇടങ്ങളിലെ യോഗങ്ങൾ നടത്താനാവൂ.
ഇന്നുവരെ പൂരങ്ങളടക്കമുള്ള പരിപാടികൾക്കും മറ്റ് മതപരമായ പരിപാടികൾക്കും തെരഞ്ഞെടുപ്പ് കാലത്തെ ആക്രോശങ്ങൾക്കും ഒരു നിയന്ത്രണവും വരുത്താനായില്ലെങ്കിലും 2000-ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങളും 2010 ലെ കേരള ഹൈക്കോടതി വിധിയും മാത്രമല്ല, ഇതിൻ്റെ എല്ലാം ചുവടു പിടിച്ച് അച്ചുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് സാക്ഷാൽ കൊടിയേരി ബാലകൃഷ്ണൻ കൊണ്ടു വന്ന 2011-ലെ പുതിയ കേരള പൊലീസ് ആക്ട് (Kerala Police Act, 2011) അഭിപ്രായസ്വാതന്ത്രത്തിന് മേൽ വലിയ വിലക്കാണ് ഉറപ്പിച്ചത്. ഇതിലെ സെക്ഷൻ 77, 78, 79: പൊതുസ്ഥലങ്ങളിലെ ഒത്തുകൂടലുകൾ, ജാഥകൾ, ഗതാഗത നിയന്ത്രണം എന്നിവ സംബന്ധിച്ച് പൊലീസിന് വിപുലമായ അധികാരങ്ങളാണ് നൽകിയത്. പൊലീസ് നൽകുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാല്ലാതെ ഒന്നും നടക്കാത്ത അവസ്ഥ അങ്ങനെയാണ് ഒരുങ്ങിയത്. ഭരണവർഗ്ഗ പാർട്ടികൾ പോലീസുമായി ഒത്തു ചേർന്ന് യോഗങ്ങൾ നടത്തും . വല്ലപ്പോഴും മാത്രമെ അതിന് വിപരീതമായി എന്തെങ്കിലും നടക്കാറുള്ളൂ. എന്നാൽ ചെറു പ്രസ്ഥാനങ്ങളുടേയും പലതരം സമിതികൾകളുടേയും ഒരു പതിറ്റാണ്ടിലധികമായ സ്ഥിതി ഇതല്ല. ഒരിക്കലും മൈക്ക് ഉപയോഗിച്ച് നല്ല നിലയിൽ യോഗങ്ങൾ നടത്താൻ അവരെ അനുവദിക്കാറില്ല. ഭരണവർഗ്ഗ പാർട്ടികൾക്ക് വെളിയിൽ എന്ത് ആവിഷ്ക്കാര സ്വാതന്ത്രം? പലപ്പോഴും ജനകീയ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഈ സംഘടനകൾക്ക് എന്ത് അഭിപ്രായ സ്വാതന്ത്രം.
മാനവീയം വീഥിയിലേക്ക് തന്നെ തിരിച്ച് വന്നാൽ, ഇന്ന് കേരളത്തിൽ അധികാരം കയ്യാളുന്ന UDF സർക്കാരിൻ്റെ സമീപനവും അങ്ങേയറ്റം വഞ്ചനാപരമാണ്. ഹൈദരാബാദിൽ കോൺഗ്രസ്സിൻ്റെ നേതൃത്വൽ നടന്ന ഭാരത് ഉച്ചകോടി 2026 എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തേണ്ടിയിരുന്ന നോർവീജിയൻ മാധ്യമ പ്രവർത്തകയടക്കം നിരവധി പേരെ മോദി സർക്കാർ വിലക്കുകയുണ്ടായി. അതിൻ്റെ മറ്റൊരു രൂപമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. എന്നിട്ടും യാതൊരു കൂസലുമില്ല. ഇവിടെ നടക്കുന്ന ജനാധിപത്യ അവകാശ നിഷേധങ്ങളെ ഒന്നിച്ചെതിർക്കാനും മാനവീയം വീഥിയുടെ അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുകയും ചെയ്യാൻ സർക്കാർ തയ്യാറാവണം. അതെങ്ങനെ പറ്റും? പ്രതിപക്ഷത്തിരിക്കുമ്പോൾ ഒന്ന് ഭരിക്കുമ്പോൾ മറ്റൊന്ന് UDF ആയാലും LDF ആയാലും അതാണല്ലോ ശീലം. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ വികസിപ്പിക്കാനല്ലല്ലോ ഇക്കൂട്ടർക്ക് താൽപര്യം.

