November 18 Wednesday 2026

ഈ സന്ദേശം അമിത് ഷായ്ക്കുള്ളതാണ്, നിങ്ങൾ അമിത് ഷാ അല്ലെങ്കിൽ നിങ്ങൾക്ക് ഇത് സ്ക്രോൾ ചെയ്തു പോകാവുന്നതാണ് – ഹെല്ലെ ലിങ്

Helle Lyng

 ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട നോർവീജിയൻ മാധ്യമ പ്രവർത്തക ഹെല്ലെ ലിങ് ഇന്ത്യ ഗവണ്‍മെന്‍റിന്‌റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നു. ഹൈദരാബാദില്‍ നടക്കുന്ന ‘ഭാരത് സമ്മിറ്റില്‍’ പങ്കെടുക്കാനിരിക്കെ അവസാന നിമിഷം വിസ റദ്ദാക്കപ്പെട്ട നടപടിയെയാണ് ഹെല്ലെ ലിങ് എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്.

കഴിഞ്ഞ മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോര്‍വേ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തോട് നേരിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചതാണ്  ഹെല്ലെ ലിങ്ങിന് ഇന്ത്യാ പ്രവേശനം നിഷേധിക്കുന്നതിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹെല്ലെ ലിങ് എക്സില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ രൂപം

ഈ സന്ദേശം അമിത് ഷായ്ക്കുള്ളതാണ്. നിങ്ങൾ അമിത് ഷാ അല്ലെങ്കിൽ നിങ്ങൾക്ക് ഇത് സ്ക്രോൾ ചെയ്തു പോകാവുന്നതാണ്.

നമസ്കാരം.

ജീവിതത്തിൽ ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു ഞാൻ ഇന്ന്. ഞാൻ വളരെ ആവേശത്തിലായിരുന്നു, എന്‍റെ ബാഗുകളെല്ലാം പാക്ക് ചെയ്തു കഴിഞ്ഞിരുന്നു, എന്‍റെ പാസ്‌പോർട്ടിൽ വിസയുമുണ്ട്. ഞാൻ യാത്ര തിരിക്കാൻ പൂർണ്ണ സജ്ജയായിരുന്നു.
എന്നാൽ, എയർപോർട്ടിലേക്ക് പോകാനായി ഇറങ്ങുന്നതിന് കൃത്യം 10 മിനിറ്റ് മുൻപ്, നോർവേയിലെ ഇന്ത്യൻ എംബസി എന്നെ വിളിച്ചു. എന്നിട്ട് അവർ പറഞ്ഞു, നിങ്ങൾക്ക് ഇന്ന് ഇന്ത്യയിലേക്ക് പോകാൻ കഴിയില്ലെന്ന്.

എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല, ആകെ ആശയക്കുഴപ്പത്തിലാണ് ഞാൻ. കാരണം, എനിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് ഉണ്ട്, വിസയുണ്ട്. മാത്രമല്ല തെലങ്കാനയിലെ ഹൈദരാബാദിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാനായി ആളുകൾ എന്‍റെ വരവിനായി കാത്തിരിക്കുകയാണ്.

അവിടെ മാധ്യമങ്ങൾ, മാധ്യമസ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ചും അവയെല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും സംസാരിക്കേണ്ട സ്പീക്കറാണ് ഞാൻ. എന്‍റെ വിസ അനുവദിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല എന്നാണ് അവർ എന്നോട് പറയുന്നത്. അവിടെയാണ് നിങ്ങളുടെ ഇടപെടൽ വരുന്നത്, അമിത് ഷാ.

നിങ്ങളുടെ വകുപ്പായ ആഭ്യന്തര മന്ത്രാലയമാണ് എനിക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പക്ഷേ, ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് എനിക്ക് തോന്നുന്നു.

2026 മെയ് മാസത്തിൽ ഇവിടെ നോർവേയിലെ ഓസ്ലോയിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ എന്‍റെ മാധ്യമസ്വാതന്ത്ര്യം ഉപയോഗിച്ചതുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടാകാമെന്ന് ഞാൻ കരുതുന്നു.

എന്‍റെ നോർവീജിയൻ പത്രത്തിലെ പൊതു അഭിപ്രായ ലേഖനങ്ങളിലൂടെയും, ഇന്ത്യൻ ജനതയ്ക്ക് കാണാനായി ഓൺലൈനിലൂടെയും നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെ ഭരണത്തെയും വിമർശിക്കാൻ ഞാൻ എന്‍റെ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ചതുകൊണ്ടാകാം ഇതെന്നും ഞാൻ ചിന്തിക്കുന്നു.
ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരും ശക്തരുമായ കോടീശ്വരന്മാരും, നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുക്കളെന്ന് ആരോപിക്കപ്പെടുന്നവരുമായ അദാനിയെയും അംബാനിയെയും ഞാൻ വിമർശിച്ചതാണോ ഇതിന് കാരണമെന്നും ഞാൻ സംശയിക്കുന്നു. ഇവരെക്കുറിച്ചുള്ള എന്‍റെ വിമർശനങ്ങൾക്കും ഇതിൽ എന്തെങ്കിലും പങ്കുണ്ടാകുമോ എന്ന് ഞാൻ ആലോചിക്കുകയാണ്.
അതുപോലെ ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രസ്ഥാനത്തെക്കുറിച്ച് ഞാൻ എഴുതിയ അനുകൂലമായ ലേഖനങ്ങളും, ഏകദേശം ഒരു മാസം മുൻപ് അഭിജീത് ദീപ്കെയുമായി ഞാൻ നടത്തിയ അഭിമുഖവുമാണോ എനിക്ക് ഇന്ന് ഇന്ത്യയിലേക്ക് വരാൻ അനുവാദം നിഷേധിക്കപ്പെടാൻ കാരണമെന്നും ഞാൻ സംശയിക്കുന്നു.

ഭാഗ്യവശാൽ നമുക്ക് ഇനിയും സമയമുണ്ട് മിസ്റ്റർ ഷാ, കാരണം ഇനി 48 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ എനിക്ക് വേദിയിൽ സംസാരിക്കേണ്ടതുള്ളൂ. അതിനർഥം ഏഷ്യയിലേക്കുള്ള അടുത്ത ഏതെങ്കിലും വിമാനത്തിൽ കയറി കൃത്യസമയത്ത് ഹൈദരാബാദിൽ എത്താൻ എനിക്ക് ഇനിയും സാധിക്കും എന്നാണ്.

അതുകൊണ്ട് ഇനി തീരുമാനം നിങ്ങളുടെ കൈകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ത് ചെയ്യും? എനിക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുമോ അതോ ഇല്ലയോ? എനിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് ഉണ്ട്, പാസ്‌പോർട്ടിൽ വിസയുണ്ട്, പോകാൻ ഒരു സ്ഥലമുണ്ട്, എല്ലാറ്റിനുമുപരിയായി അന്താരാഷ്ട്ര തലത്തിലുള്ളവരും, അതിലുപരി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യയിലെ ജനങ്ങളും എന്‍റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നമുക്കിത് സാധ്യമാക്കാൻ കഴിയുമോ? നമുക്കിത് സാധ്യമാക്കണം എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

Related