അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ, എഐഎംഐഎം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും ആസാദ് സമാജ് പാർട്ടി (ASP) അധ്യക്ഷൻ ചന്ദ്രശേഖറും സഖ്യം പ്രഖ്യാപിച്ചു. ‘സാമാജിക് പരിവർത്തൻ മോർച്ച’ (Samajik Parivartan Morcha) എന്ന പേരിൽ രൂപീകരിച്ച ഈ സഖ്യം, സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് അറിയിച്ചു.
സംസ്ഥാനത്തെ നഗിന മണ്ഡലത്തിൽ നിന്നുള്ള എംപിയായ ചന്ദ്രശേഖർ ആസാദ് ആയിരിക്കും ഈ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.
“ഇതൊരു ‘മൂന്നാം മുന്നണി’യല്ല, മറിച്ച് ‘ഒന്നാം മുന്നണി’യാണ്. നിലവിൽ രണ്ട് പാർട്ടികൾ മാത്രമാണുള്ളതെങ്കിലും, ദരിദ്രരെയും ദുർബല വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന കൂടുതൽ സംഘടനകൾ ചേരുന്നതോടെ ഇതിന് കരുത്തേറും,” ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ബിഎസ്പിയെ (BSP) പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, പല രാഷ്ട്രീയ പാർട്ടികളും ‘ബഹുജൻ സമാജി’നൊപ്പം (ദലിതർ) നിൽക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, മാറിമാറി വന്ന മുഖ്യമന്ത്രിമാര് അവർക്കായി ഒന്നും ചെയ്തില്ല.
“ശബ്ദമുയർത്തുന്നവർക്കെതിരെ കേസെടുക്കുന്നു. ഇപ്പോൾ, ശബ്ദമുയർത്തുന്ന ആർക്കും സർക്കാർ ജോലിക്ക് അർഹതയുണ്ടാവില്ല എന്ന നിയമവും കൊണ്ടുവന്നിരിക്കുന്നു,” അദ്ധേഹം കൂട്ടിച്ചേർത്തു.
ഓരോ പള്ളിയും സംരക്ഷിക്കാൻ തങ്ങളുടെ മുന്നണി പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. “ബിജെപിയെ നേരിടാൻ ആഗ്രഹിക്കുന്നവർ ഞങ്ങളോടൊപ്പം ചേരണം,” ഒവൈസി പറഞ്ഞു.
ഇതേ അഭിപ്രായം പങ്കുവെച്ച ഒവൈസി, സംസ്ഥാനത്ത് ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുന്നത് തടയാൻ തങ്ങളുടെ മുന്നണിക്ക് കഴിയുമെന്നും, അതൊരു ‘വിശ്വസനീയവും ശക്തവുമായ’ ബദലായിരിക്കുമെന്നും പറഞ്ഞു. “സംസ്ഥാനത്ത് സാമൂഹിക മാറ്റം കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം വ്യക്തമാക്കി.
സമാജ്വാദി പാർട്ടിയെ (SP) വിമർശിച്ചുകൊണ്ട്, മുസ്ലീം വോട്ടുകളിൽ 90 ശതമാനവും നേടിയിട്ടും ബിജെപിയെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ലെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. നവംബർ 28-ന് രമാബായി അംബേദ്കർ മൈതാനത്ത് തങ്ങളുടെ ആദ്യ റാലി സംഘടിപ്പിക്കും.
അതേസമയം, തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ ‘സഹായിക്കുക’ എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് ഒവൈസ്-ആസാദ് സഖ്യത്തെക്കുറിച്ച് പ്രതികരിച്ച മുതിർന്ന എസ്.പി. നേതാവ് ശിവ്പാൽ സിംഗ് യാദവ്, പറഞ്ഞു. “ഉത്തർപ്രദേശിൽ ഇവരുടെ സഖ്യം യാതൊരു സ്വാധീനവും ചെലുത്താൻ പോകുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
