ബാങ്ക് വായ്പയുടെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന നൂറോളം കുടുംബങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്പില് സമരത്തിലാണ്.
2026 ഒക്ടോബർ 12 ന് കിടപ്പാട സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാപ്പകല്‍ സമരം ഇപ്പോള്‍ നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുന്നു. മഴയും വെയിലും മാറിമാറി വന്നിട്ടും സമരത്തിൽനിന്ന് പിന്മാറാതെ കുടുംബങ്ങൾ പ്രതിഷേധം തുടരുകയായിരുന്നു.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങൾക്ക് ദിവസങ്ങളോളം സമരം തുടരുക എന്നത് വലിയ വെല്ലുവിളിയാണ്. സമരത്തിൽ പങ്കെടുക്കുന്നതിനാൽ ജോലിക്ക് പോകാൻ കഴിയാത്തതും കുടുംബങ്ങളുടെ വരുമാനം നിലയ്ക്കുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. എന്നിട്ടും ബാങ്കുകളിൽ പണയപ്പെടുത്തിയ ആധാരങ്ങൾ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി അവർ സമരരംഗത്ത് തുടരുകയാണ്. കിടപ്പാട സംരക്ഷണ പ്രസ്ഥാനം ചെയര്മാന് സേതു സമരം സംസാരിക്കുന്നു.
സമരത്തിന്റെ പശ്ചാത്തലം വിശദീകരിക്കാമോ?
കാലാകാലങ്ങളിൽ മാറിമാറി വന്ന ഭരണകൂടങ്ങൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതത്തിൽ കാര്യമായ സാമ്പത്തിക മാറ്റമുണ്ടാക്കിയിട്ടില്ലെന്നതിന്റെ തെളിവാണ് സമരത്തിലിരിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ. ചെറിയ ആവശ്യങ്ങൾക്കുപോലും സഹകരണ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമാണ് ഇവർക്കുള്ളത്. സ്വാതന്ത്ര്യം ലഭിച്ച് 79 വർഷം പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും വായ്പകളെ ആശ്രയിക്കേണ്ടിവന്നത്. സാമ്പത്തിക പ്രതിസന്ധിയും വരുമാനമില്ലായ്മയുമാണ് പല കുടുംബങ്ങൾക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്. ഈ അവസ്ഥയില്‍ ബാങ്കുകളിൽ പണയത്തിലുള്ള ആധാരങ്ങൾ തിരിച്ചുകിട്ടാനുള്ള നടപടികളുണ്ടാകണം.
ഞങ്ങളുടെ സംഘടനയുടെ പേര് കിടപ്പാട സംരക്ഷണ പ്രസ്ഥാനം എന്നാണ്. സംഘടനയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ മുന്നൂറോളം കുടുംബങ്ങൾ എത്തിയിരുന്നു. ഓരോ കുടുംബത്തിന്റെയും സാഹചര്യം വിശദമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്തു.
സർക്കാരുകൾ മാറിവരുമ്പോൾ എല്ലാവർക്കും വേണ്ടിയുള്ളതെന്ന് പ്രഖ്യാപിച്ച് പദ്ധതികളും നിയമങ്ങളും കൊണ്ടുവരുന്നുണ്ടെങ്കിലും യഥാർഥത്തിൽ അർഹരായ എല്ലാവരിലേക്കും അതിന്റെ ആനുകൂല്യങ്ങൾ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് മുന്നൂറോളം കുടുംബങ്ങളിൽനിന്ന് വിശദമായ പഠനം നടത്തി സമരത്തിന് അർഹരായവരെ കണ്ടെത്തിയത്. നിലവിൽ 36 മുതൽ 38 വരെ കുടുംബങ്ങളാണ് സമരരംഗത്തുള്ളത്. എന്നാൽ, ഇവരിൽ പലരും വീട്ടുജോലിക്ക് പോകുന്ന സ്ത്രീകളാണ്. സമരത്തിൽ പങ്കെടുക്കുന്നതിനാൽ ദിവസവേതനത്തിന് ജോലിക്ക് പോകാൻ കഴിയുന്നില്ല. അതോടെ കുടുംബത്തിന്റെ വരുമാനവും നിലയ്ക്കുന്നു. ജീവിക്കാൻ വരുമാനം ആവശ്യമായതിനാൽ ചില കുടുംബങ്ങൾക്ക് സമരത്തിൽനിന്ന് പിന്മാറേണ്ടിവന്നു. ഇപ്പോൾ ഏറ്റവും ദരിദ്രരായ 26 കുടുംബങ്ങളാണ് സമരത്തിൽ തുടരുന്നത്.
24 ദിവസമായി സമരം തുടരുകയാണ്. ഇതിനിടെ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടുണ്ടോ?
ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരും ഈ കുടുംബങ്ങൾക്ക് നീതി നിഷേധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജനങ്ങൾ മുൻ അവരം മാറ്റിനിർത്തിയത്. അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്നായിരുന്നു അന്ന് സര്‍ക്കാരിന്റെ അവകാശവാദം. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ അതിദരിദ്രരായ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് ഞങ്ങളും സമരവുമായി എത്തിയത്. പ്രതിപക്ഷത്തിരിക്കുമ്പോൾ കേരളത്തിൽ അതിദരിദ്രരുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയും സർക്കാരും അധികാരത്തിലെത്തിയശേഷം ആ ജനങ്ങളെ കേൾക്കാൻ പോലും തയ്യാറാകുന്നില്ല എന്നതാണ് യാഥാർഥ്യം.
മുഖ്യമന്ത്രിയുടെ ഒാഫീസിന് സമീപത്താണ് ഞങ്ങൾ ഇത്രയും ദിവസമായി സമരം ചെയ്യുന്നത്. സമരത്തിന്റെ വിവരങ്ങൾ സർക്കാരിന് അറിയാതിരിക്കില്ല. എന്നിട്ടും ഈ കുടുംബങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും തയ്യാറാകാത്തത് ദുഃഖകരമാണ്. അതിദരിദ്രരായ ഞങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്കും എസ്.എസ്.ടി വകുപ്പ് മന്ത്രിക്കും താല്പര്യമില്ല എന്നുവേണം കരുതാന്‍. മുഖ്യമന്ത്രിയെ കാണാന്‍ പോലും അനുമതി നിഷേധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഡൽഹിയിൽ സമരസ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങൾക്കുമായി ശബ്ദമുയർത്തുന്ന മുഖ്യമന്ത്രി കേരളത്തിൽ നടക്കുന്ന ഈ സമരത്തോട് പുലർത്തുന്ന സമീപനം വൈരുധ്യമാണ്.
ബാങ്കുകളുടെ സമീപനം എത്തരത്തിലുള്ളതാണ്?
ബാങ്കുകളുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദവും ഭീഷണിയും നേരിടേണ്ടിവരുന്നുണ്ട്. സഹകരണ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സമാനമായ രീതിയിലാണ് കുടുംബങ്ങളെ സമീപിക്കുന്നത്. ചില സഹകരണ ബാങ്കുകളുടെ സമീപനം അതിലും മോശമാണ്. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ച് രാത്രി എട്ടും ഒമ്പതും മണിക്ക് വീടുകളിലെത്തി പണം പിരിക്കാൻ ശ്രമിക്കുന്ന സംഭവങ്ങളുണ്ട്. അതുപോലെ, കടം തിരിച്ചടയ്ക്കാത്തവരെ അപമാനിക്കുന്ന രീതിയിൽ വീടുകളിൽ ബോർഡുകൾ സ്ഥാപിക്കുന്ന നടപടികളും ഉണ്ടാകുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരുടെ അഭിമാനത്തിനും സാമൂഹിക അന്തസ്സിനും ക്ഷതമേൽപ്പിക്കുന്ന ഇത്തരം നടപടികൾ വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നത്.
സർക്കാർ പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ അടുത്ത നീക്കം എന്തായിരിക്കും?
ഈ സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടും പാതുജനങ്ങളോടും ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്: അതിദരിദ്രരായ മനുഷ്യരാണ് ഞങ്ങൾ. അഞ്ചോ ആറോ ദിവസം പോലും തുടർച്ചയായി സമരം ചെയ്യാനുള്ള സാമ്പത്തികശേഷി ഈ കുടുംബങ്ങൾക്കില്ല. സമരം ചെയ്യണമെങ്കിൽ പോലും പണം ആവശ്യമാണ്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് ഇവർ. അതുകൊണ്ടുതന്നെ സമരത്തിനായി ജോലിക്ക് പോകാൻ കഴിയാത്തത് കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഇത്രയും ദയനീയമായ അവസ്ഥയിലുള്ള മനുഷ്യരുടെ ആവശ്യങ്ങൾ കേൾക്കാനും പരിഹരിക്കാനും സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. അവകാശങ്ങൾ നിഷേധിക്കപ്പെടുകയും കടുത്ത മാനസിക സമ്മർദം നേരിടുകയും ചെയ്യുന്ന ഈ കുടുംബങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കടുത്ത തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിക്കരുത്. ദുരന്തസാഹചര്യം ഉണ്ടാകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. അത്തരം സാഹചര്യമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.
